വേണ്ട രീതിയിൽ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത നിർമാണ വസ്തുവാണ് മുള. കെട്ടിട നിർമാണത്തിൽ വിവിധ ആവശ്യങ്ങൾക്ക് മുള ഉപയോഗിക്കാം. വീടുകൾക്കും പൊതും ഇടങ്ങൾക്കും മുള കൊണ്ട് മോടി കൂട്ടാവുന്നതാണ്.

മുള കൊണ്ട് മേൽക്കൂര മെനഞ്ഞെടുത്ത മനോഹരമായ നടപ്പാതയാണ് ഇത്. പാലക്കാട് കഞ്ചിക്കോടുള്ള കേരളത്തിലെ ആദ്യത്തെ ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യിലെ നടപ്പാതയുടെ റൂഫിങ് ചെയ്തിരിക്കുന്നത് കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷന്റെ കോഴിക്കോട് നല്ലളം യൂണിറ്റാണ്. നടപ്പാതയ്ക്ക് മുകളിലായി 390 സ്ക്വയർ മീറ്ററിൽ മുള കൊണ്ടുള്ള പന്തൽ നിർമിക്കാനാവശ്യമുള്ള പനമ്പ് അങ്കമാലി ഹെഡ് ഓഫിസിൽ നിന്ന് കൊണ്ടുവന്നു. ഇത് നല്ലളം ഫാക്ടറിയിൽ വച്ച് ട്രീറ്റ് ചെയ്ത്, അതേ പോലെ കല്ലൻ മുളകൾ അലക്കുകളാക്കി ട്രീറ്റ് ചെയ്ത് ഐ ഐടിയിൽ എത്തിച്ചു. അത് നടപ്പാതയുടെ മേൽക്കൂരയിൽ അതി മനോഹരമായി മേഞ്ഞ് മുകളിൽ വള്ളിച്ചെടികൾ പടർത്തി.

ആറ് മാസത്തിനകം ഇവിടം ഹരിതാഭമാക്കാനുള്ള തയാറെടുപ്പിലാണ് അവർ. കോവിഡ് പ്രതിസന്ധിക്കിടയിലും പണി പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ബാംബൂ കോർപറേഷൻ.