Wednesday 05 January 2022 04:04 PM IST

എറണാകുളം നഗരഹൃദയത്തിലാണെങ്കിലും ചൂടിന്റെ പ്രശ്നം ഈ വീട്ടിൽ അനുഭവപ്പെട്ടിട്ടില്ല

Sreedevi

Sr. Subeditor, Vanitha veedu

kochi 1

വെറുമൊരു കെട്ടിടത്തിനുള്ളിലെ ജീവിതവും കാറ്റും വെളിച്ചവും കയറുന്ന വീട്ടിലെ താമസവും. രണ്ടും രണ്ടാണ്, പരസ്പരം താരതമ്യം ചെയ്യാൻ പോലുമാകാത്ത വിധത്തിൽ വ്യത്യസ്തം– പഴയ വീട് പൊളിച്ചുപണിത് സ്വന്തമായി അകത്തളക്രമീകരണം നടത്തിയ അനുഭവം പങ്കുവയ്ക്കുന്നു കൊച്ചി കലൂരിലെ നിമിത ജോൺ

kochi 8 ലിവിങ് സ്പേസ്

പഴയ വീട് പുതുക്കിപ്പണിയണോ പൊളിച്ചു മറ്റൊന്ന് പണിയണോ എന്നു സംശയിച്ച് ഞങ്ങൾ പാഴാക്കിയത് ഏകദേശം എട്ട് വർഷമാണ്. പുതുക്കിപ്പണിയാമെന്നു വച്ചാലും വെളിച്ചക്കുറിവ് പ്രശ്നമായതിനാൽ മിക്കവാറും എല്ലാ ഭിത്തികളും പൊളിക്കേണ്ടിവരുമായിരുന്നു. ചെലവിന്റെ കാര്യത്തിലും കാര്യമായ വ്യത്യാസമുണ്ടാകില്ല. ആ വീട് പുതുക്കിപ്പണിയുന്നതിലും എന്തുകൊണ്ടും മെച്ചം പുതിയതു പണിയുകയാണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തിയത് ഞങ്ങളുടെ കസിനായ ആർക്കിടെക്ട് ഉണ്ണി മാത്യു വാക്കപ്പറമ്പിൽ ആണ്.

kochi 3 ഡൈനിങ്ങും സ്റ്റെയർ ഏരിയയും

പഴയ വീട് പുതുക്കാൻ ഉണ്ണി ഒരു പ്ലാൻ വരച്ചിരുന്നു. അതിന് ചെറിയ മാറ്റങ്ങളോടെ പുതിയ വീടിന് പ്ലാൻ തയാറാക്കി. വളരെ കുറച്ചു നിബന്ധനകൾ മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ. മുറികളില്ലെല്ലാം വെളിച്ചവും വായുസഞ്ചാരവും ധാരാളം വേണം എന്നതായിരുന്നു ഏറ്റവും പ്രധാന ആവശ്യം. പഴയ വീട്ടിൽ രാവും പകലും കൃത്രിമവെളിച്ചം ഇടാതിരിക്കാനാവില്ലായിരുന്നു.

ഓപൻ പ്ലാൻ ആയിരുന്നു ഞങ്ങൾക്കിഷ്ടം. എന്നാൽ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് നേരിട്ട് കാണാൻ കഴിയരുത്. ഗോവണിയും ഷെൽഫുകളും മുറികളുടെ സ്ഥാനവുമെല്ലാം കാഴ്ച മറയ്ക്കുന്ന വിധത്തിൽ ക്രമീകരിച്ച് ഈ ആവശ്യം ഉണ്ണി ഭംഗിയായി നിറവേറ്റിത്തന്നു.

kochi 2 ഫാമിലി ലിവിങ്

ഓപൻ ടെറസ് വേണമെന്ന ആഗ്രഹം അപ്പന്റേതായിരുന്നു. കുടുംബാംഗങ്ങൾ ഒത്തുകൂടുമ്പോഴും ചെറിയ വിശേഷദിവസങ്ങളിലുമൊക്കെ ചെറിയ പാർട്ടികൾ നടത്താൻ ഇത്തരം ഓപൻ ടെറസ് പ്രയോജനപ്പെടും. മുറികളിൽ വിശാലത വേണം എന്നതായിരുന്നു മറ്റൊരു ആവശ്യം.

kochi 6 മുകളിലെ ലിവിങ് സ്പേസ്

3200 ചതുരശ്രയടിയുള്ള വീട്ടിൽ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, അടുക്കള, വർക്ഏരിയ, അഞ്ച് കിടപ്പുമുറികൾ എന്നീ സൗകര്യങ്ങളുണ്ട്. മൂന്ന് കുട്ടികളും അച്ഛനമ്മമാരും ഉൾപ്പെടെ അൽപം വലിയ കുടുംബമായതിനാൽ 3200 ചതുരശ്രയടി ഞങ്ങൾക്ക് ആവശ്യമായിരുന്നു.

എക്സ്റ്റീരിയറിന് കന്റെംപ്രറി ശൈലിയാണ് ഉണ്ണി തിരഞ്ഞെടുത്തത്. എറണാകുളം നഗരത്തിലാണെങ്കിലും ചൂടിന്റെ പ്രശ്നം പുതിയ വീട്ടിൽ അനുഭവപ്പെട്ടിട്ടില്ല. കോമൺ മുറികൾ ഡബിൾ ഹൈറ്റിൽ ക്രമീകരിച്ചതാകാം അതിനു കാരണം. ഡബിൾഹൈറ്റിൽ നിർമിച്ച ഭാഗത്തെ മേൽക്കൂരയിലെ സൺലിറ്റുകൾക്ക് യുവി പ്രൊടക്ട്ഡ് ഗ്ലാസ് ഇട്ടതിനാൽ വെളിച്ചം മാത്രമേ അകത്തു വരൂ, ചൂടില്ല.

kochi 7 കിടപ്പുമുറി

മുറികളിൽ വേണ്ട പ്രകാശവും കാറ്റുമെത്തിക്കുന്നതിൽ യുപിവിസി ജനാലകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഗ്രിൽ ഇല്ലാത്തവയാണ് ഈ ജനലുകൾ എന്നതാണ് പ്രത്യേകത. കുറച്ചധികം തുറന്നതുപോലെ തോന്നലുണ്ടാകുന്നതിനാൽ ആദ്യം ഇത്തരം ജനലുകളെ അംഗീകരിക്കാൻ പ്രയാസമുണ്ടായിരുന്നു. പക്ഷേ, ഇത്തരം ഓപൺ ജനലുകളുടെ സൗന്ദര്യം ഇപ്പോഴാണ് തിരിച്ചറിയുന്നത്.

kochi 5 കുട്ടികളുടെ കിടപ്പുമുറി

വാതിലുകളും റെഡിമെയ്ഡ് ആണ്. ഗോവണിയുടെ ഹാൻഡ്റെയിൽ പോലെ കുറച്ചു ഭാഗങ്ങൾ തേക്ക് കൊണ്ടു നിർമിച്ചു. മൾട്ടിവുഡ് കൊണ്ടുള്ള കബോർഡുകളാണ്. പഴയ അലമാരകൾ കയ്യിലുണ്ടായിരുന്നതിനാൽ പലയിടത്തും അതു പ്രയോജനപ്പെടുത്തി.

kochi 4

ഇവിടെ വരുന്നവർക്കെല്ലാം ഏറ്റവും ഇഷ്ടപ്പെടുന്നത് അടുക്കളയാണ്. വീടിന്റെ മുൻവശത്തുതന്നെയാണ് ഈ ഓപൻ കിച്ചൻ. അടുക്കളയിൽ നിന്നാൽ ഗെയ്റ്റ് മുതൽ കാണാം എന്നതാണ് പ്രത്യേകത.

മിനിമലിസമാണ് അകത്തളത്തിനു നൽകിയ തീം. ഇന്റീരിയർ ഡിസൈനറെ വച്ച് അകത്തള ക്രമീകരണം ചെയ്താൽ ആ ശൈലി ഇടയ്ക്കിടെ മാറ്റാൻ പറ്റില്ല. അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഡിസൈൻ തിരഞ്ഞെടുക്കാതെ വെളുപ്പ് നിറത്തിന് പ്രാധാന്യം നൽകി സജ്ജീകരിച്ചു. പെയിന്റും ടൈലും കർട്ടനുമെല്ലാം വെള്ളയോടു ചേർന്ന നിറത്തിലുള്ളതു തന്നെയാണ് തിരഞ്ഞെടുത്തത്. ഫർണിഷിങ്ങിലൂടെയും മറ്റ് അലങ്കാരങ്ങളിലൂടെയും മുറിക്കു നിറം നൽകാനാണ് ശ്രമിച്ചത്. വിശേഷാവസരങ്ങളിലും ഒരേ നിറം ബോറടിക്കുമ്പോഴും പുതിയ ശൈലി പരീക്ഷിക്കാമല്ലോ! ബാക്ഗ്രൗണ്ട് മിനിമൽ ആക്കിയാൽ ഇന്റീരിയറിൽ വയ്ക്കുന്ന സാധനങ്ങൾ ഹൈലൈറ്റ് ചെയ്യാൻ സാധിക്കും എന്നും തോന്നിയിട്ടുണ്ട്. പല എക്സിബിഷനുകളും കണ്ട് വീട്ടിലേക്കു വേണ്ട ഒട്ടുമിക്ക സാധനങ്ങളും നേരത്തേ വാങ്ങിവയ്ക്കുകയും ചെയ്തിരുന്നു.

kochi 9 കുടുംബചിത്രം

കാറ്റും വെളിച്ചവും നന്നായി കയറിയിറങ്ങുന്ന വീട്ടിലെ താമസം സ്വർഗീയ അനുഭൂതി തരുന്നുണ്ട്. അത് ഞങ്ങളെ മനസ്സിലാക്കിച്ച ആർക്കിടെക്ടിനോട് പ്രത്യേക സ്നേഹം.

ചിത്രങ്ങൾ: ഹരികൃഷ്ണൻ