Wednesday 05 July 2023 02:32 PM IST : By ജയകുമാർ നായർ മാനേജിങ് ഡയറക്ടർ സസ്റ്റെനർജി ഫൗണ്ടേഷൻ കോട്ടയം

വീട്ടിലെ വൈദ്യുതി കണക്‌ഷൻ സുരക്ഷിതമാണോ? ഈ ഏഴ് കാര്യങ്ങൾ പരിശോധിക്കൂ...

ele1

വൈദ്യുതി മൂലമുള്ള അപകടങ്ങൾ ഈയടുത്തായി വർധിച്ചു വരുന്നതായി കാണുന്നുണ്ട്. പലപ്പോഴും തീപിടുത്തത്തിനു കാരണമാകുന്നത് ഷോർട് സർക്യൂട്ടാണ്. ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ കഴിയുന്നതാണ് ഇവയിൽ മിക്കതും. മഴക്കാലമെത്തിക്കഴിഞ്ഞു. ഒപ്പം ഇടിയും മിന്നലും. വൈദ്യുതാപകടങ്ങൾ കൂടുന്ന സമയമാണ് ഇതെന്ന് അറിയാമല്ലോ. വൈദ്യുതി സുരക്ഷ ഉറപ്പാക്കുക എന്നതാണ് നമുക്കു ചെയ്യാവുന്ന കാര്യം.

നിങ്ങളുടെ വീട് എത്ര മാത്രം സുരക്ഷിതമാണെന്ന് അറിയാൻ താഴെപ്പറയുന്ന ചെക്ക്‌ലിസ്റ്റ് പരിശോധിച്ചു നോക്കൂ. ഇവിടെയുള്ള ചോദ്യത്തിന് ‘ഇല്ല’ എന്നാണ് ഉത്തരമെങ്കിൽ ഉടൻ തന്നെ അവ നടപ്പിലാക്കുക.

1. ആർസിസിബി ഉണ്ടോ?

എല്ലാ വീട്ടിലും ഒരു ഡിബി (ഡിസ്ട്രിബ്യൂഷൻ ബോർഡ്) ഉണ്ടാവും. ആ ഡിബിയിൽ റസിഡ്യുവൽ കണക്ട് സർക്യൂട്ട് ബ്രേക്കർ ഉണ്ടോ എന്നു പരിശോധിക്കുക. ഇഎൽസിബി (എർത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ) എന്നാണ് ഇത് പൊതുവേ അറിയപ്പെട്ടിരുന്നത്. നേരത്തെ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ അതാണ്. ഇപ്പോൾ ഇത് ലഭ്യമല്ല. 30 മില്ലി ആംപ്സിൽ കൂടുതൽ കറന്റ് മനുഷ്യശരീരത്തിൽ പ്രവഹിച്ചാൽ മരണകാരണമാകാം. ആർസിസിബി ഉണ്ടെങ്കിൽ വൈദ്യുതി നിശ്ചിത അളവിൽ കൂടുതൽ ആയാൽ ട്രിപ് ആവുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്നു. അതിനാൽ ആർസിസിബി നിർബന്ധമായും വേണം.

30, 100, 300 മില്ലി ആംപ്സ് ആർസിസിബി ആണ് ലഭ്യമായിട്ടുള്ളത്. ഇതിൽ വീടുകളിലേക്ക് വേണ്ടത് 30 മില്ലി ആംപ്സ് ആണ്. ഇത് വച്ചു കഴിഞ്ഞാൽ കാര്യം കഴിഞ്ഞു എന്നു കരുതരുത്. കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്. 30 മില്ലി ആംപ്സിൽ കൂടുതൽ വൈദ്യുതി കടന്നു പോകുമ്പോൾ 40 മില്ലി സെക്കൻഡിനുള്ളിൽ ട്രിപ് ആവുന്നുണ്ടോ എന്നു പരിശോധിക്കുക. അതിനുള്ള ഉപകരണങ്ങൾ ലഭ്യമാണ്. വിദഗ്ധ സഹായത്താൽ ചെയ്യുക.

2. ഹോട്ട് സ്പോട് ഉണ്ടോ?

തീപിടുത്തങ്ങൾ പലപ്പോഴും ഒരു നിമിഷം കൊണ്ട് സംഭവിക്കുന്നതല്ല. മറിച്ച് കാലപ്പഴക്കം കൊണ്ടുണ്ടാകുന്നതാണ്. തീപിടുത്തമുണ്ടാകുന്നതിനു മുൻപു തന്നെ അതിന്റെ ലക്ഷണങ്ങൾ ഇലക്ട്രിക് ഇൻസുലേഷൻ കാണിച്ചു തരും. ചിലപ്പോൾ ഉപകരണങ്ങൾ കുത്തുമ്പോഴും മറ്റും സ്വിച്ചോ ഡിബിയോ ചൂടാകുന്നതും പിന്നീട് ചെറിയ പുക വരുന്നതും കറുത്ത നിറമാകുന്നതുമെല്ലാം അതിന്റെ ലക്ഷണങ്ങളാണ്. ഇവയാണ് വലിയ തീപിടുത്തത്തിലേക്കു നയിക്കുന്നത്. ഒറ്റയടിക്കു തീപിടുത്തത്തിലേക്കു നയിക്കുന്ന സംഭവങ്ങൾ വിരളമാണ്. ഇത്തരത്തില്‍ പ്രശ്നബാധിതമാണോ നമ്മുടെ ഇൻസുലേഷൻ എന്നു പരിശോധിക്കുക. അതിനുള്ള ഉപകരണമാണ് തെർമൽ ഇമേജർ. വിദഗ്ധ സഹായത്തോടെ പരിശോധന നടത്തി ഹോട്ട് സ്പോട്ടുകൾ കണ്ടെത്താം. കാലപ്പഴക്കം, പരിചരണക്കുറവ്, സാമഗ്രികളുടെ ഗുണനിലവാരക്കുറവ് എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് ഹോട്ട് സ്പോട്ടുകൾ ഉണ്ടാകാം. വലിയ അപകടങ്ങൾ ഇത്തരം പരിശോധനയിലൂടെ ഒഴിവാക്കാം.

3. എർത്തിങ് കാര്യക്ഷമമാണോ?

സിംഗിൾ ഫേസ് ആണെങ്കിൽ ഒരു ഫേസും ന്യൂട്രലും, ത്രീ ഫേസ് ആണെങ്കിൽ മൂന്ന് ഫേസും ന്യൂട്രലും ആണ് കെഎസ്ഇബി നമുക്കു തരുന്നത്. ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടായാൽ അതായത് ഫേസും ന്യൂട്രലും തമ്മിൽ ടച്ച് ആകുക, ഫേസും എർത്തും തമ്മിൽ ടച്ച് ആകുക തുടങ്ങിയവ സംഭവിച്ചാൽ അപകടമുണ്ടാകാം. ഗൃഹോപകരണത്തിന്റെ കേടുപാടു കൊണ്ടോ ഇൻസുലേഷൻ തകരാർ മൂലമോ എർത്തും ഫേസും തമ്മിൽ ടച്ച് വരാം. ഇങ്ങനെ ‘ഫോൾട്ട് കറന്റ്’ ഉണ്ടാകുമ്പോൾ എർത്തിലൂടെ ട്രാൻസ്ഫോർമറിലേക്കു പ്രവഹിക്കണം. അതിനുള്ള മാർഗമാണ് എർത്തിങ്.

വീടുകളിൽ സാധാരണയായി കട്ട്ഔട്ടിന്റെ അടുത്തായി പൈപ്പ് എർത്തിങ് ചെയ്യുന്നു. അപാർട്മെന്റുകളിൽ അതിനായി പ്ലേറ്റ് എർത്തിങ്, പൈപ്പ് എർത്തിങ് ഉണ്ടാവും. ഈ എർത്തിങ് ടെർമിനലിലേക്ക് എല്ലാ പ്ലഗ് പോയിന്റുകളുടെയും എർത്ത് പോയിന്റ്, മെറ്റാലിക് ഡിസ്ട്രിബ്യൂഷൻ ബോർഡ്/ സ്വിച്ച് ബോർഡ് എന്നിവയുടെ ബോഡി, ഉപയോഗിക്കുന്ന മോട്ടറിന്റെ ബോഡി എന്നിവയെല്ലാം കണക്ട് ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിൽ ഫോൾട്ട് കറന്റ് ഉണ്ടായാൽ എർത്തിലേക്കു പ്രവഹിക്കാൻ വേണ്ടിയാണ് ഇത്.

എർത്തിങ്ങിന്റെ കാര്യക്ഷമത പരിശോധിക്കാനാണ് ലൂപ് ഇംപഡെൻസ് എന്ന മാർഗം ഉപയോഗിക്കുന്നത്. ലൂപ് ഇംപഡെൻസ് എത്രയും കുറഞ്ഞിരിക്കാമോ അത്രയും നല്ലത്. ഡ്രിപ്പിങ് ഉപകരണങ്ങൾ അതിനു പര്യാപ്തമാണോ എന്നും ലൂപ് ഇംപഡെൻസ് പരിശോധനയിലൂടെ അറിയാൻ പറ്റും. അതിനൊപ്പം ന്യൂട്രലും എർത്തും തമ്മിലുള്ള വോൾട്ടേജ് കൂടി അളന്നു കഴിഞ്ഞാൽ എർത്തിങ്ങിന്റെ കാര്യക്ഷമത കൃത്യമായി മനസ്സിലാക്കാനാവും.

4. കൃത്യമായ മെയിന്റനൻസ് നടത്താറുണ്ടോ?

കൃത്യമായ ഇടവേളകളിൽ വയറിങ്, ഇൻസുലേഷൻ എന്നിവ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുന്നത് നല്ലതാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ഇത്തരം പരിശോധന നടത്തണം. ഇലക്ട്രീഷനെ കൊണ്ട് സ്വിച്ച് ബോർഡ്, ഡിബി, ഇൻസുലേഷൻ എന്നിവയെല്ലാം പരിശോധിപ്പിക്കാം. അതിനൊപ്പം നമ്മൾ ശ്രദ്ധിക്കാതെയോ നന്നാക്കാതെയോ ഒക്കെയുള്ള ഇലക്ട്രിക് പ്രശ്നങ്ങൾ കൂടി ശരിയാക്കിക്കണം.

5. യോഗ്യരായവരെയാണോ പണി  ഏൽപിക്കുന്നത്?

പലപ്പോഴും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് ശരിയായ യോഗ്യതയില്ലാത്തവരെക്കൊണ്ട് വയറിങ് ചെയ്യിക്കുക എന്നത്. കേരളത്തിൽ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ആണ് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശങ്ങൾ പ്രകാരം ഗുണനിലവാരവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. കേരളത്തിലെ ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിന്റെ ലൈസൻസ് നേടിയിട്ടുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർ, ഇലക്ട്രീഷൻ, സൂപ്പർവൈസർ എന്നിവരെ വേണം തിരഞ്ഞെടുക്കാൻ. അപാർട്മെന്റ് ആണെങ്കിൽ അതിന്റെ വലുപ്പത്തിനനുസരിച്ച് എ, ബി തുടങ്ങിയ ക്ലാസ്സുകളിലുള്ള കോൺട്രാക്ടറെ കൊണ്ടാണ് ഇത്തരം ജോലികൾ ചെയ്യിക്കുക. നിയമത്തിൽ പല മാറ്റങ്ങൾ അതതു സമയത്തു വരാറുണ്ട്. അതനുസരിച്ച് വേണം വീട് വൈദ്യുതീകരിക്കാൻ. ‘നാഷനൽ ഇലക്ട്രിക് കോഡ് ഓഫ് ഇന്ത്യ 23’ ആണ് വീട് വൈദ്യുതീകരിക്കാനുള്ള ഏറ്റവും പുതിയ സ്റ്റാൻഡേർഡ്. ശരിയായ യോഗ്യതയുള്ളവർക്ക് ഇതേക്കുറിച്ചെല്ലാം അറിവുണ്ടാകും.

6. െഎഎസ്െഎ മുദ്രയുണ്ടോ?

നമ്മൾ ഉപയോഗിക്കുന്ന ഗൃഹോപകരണങ്ങളും സ്വിച്ചുകളും ലൈറ്റ് ഫിറ്റിങ്ങുകളും െഎഎസ്െഎ മുദ്രയുള്ളതാണോ എന്ന് ഉറപ്പാക്കാം. ഇവയ്ക്ക് തകരാർ സംഭവിച്ചാൽ അപകടം ഉണ്ടാകാം. അതുകൊണ്ട് ഗുണമേന്മയുള്ള ഉൽപന്നങ്ങൾ തിരഞ്ഞെടുക്കണം. ചെറിയ കാലയളവേ ഉള്ളൂ എങ്കിലും (ഉദാഹരണത്തിന് ക്രിസ്മസ് ലൈറ്റിങ് പോലെയുള്ളവ) ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുക.

7. ഇലക്ട്രിക് ഇൻസ്പെക്‌ഷൻ ചെയ്യാറുണ്ടോ?

കൃത്യമായ ഇടവേളകളിൽ ഇലക്ട്രിക് ഇൻസ്പെക്‌ഷൻ നടത്തുക. അതിനായി ഏജൻസികളുണ്ട്. ഇലക്ട്രീഷനെ അപേക്ഷിച്ച്, ലൂപ് ഇംപെഡൻസ് ടെസ്റ്റ്, ആർസിസിബി ടെസ്റ്റ്, തീപിടുത്ത സാധ്യതയ്ക്കുള്ള തെർമോഗ്രാഫിക് ടെസ്റ്റ് എന്നിവയ്ക്കെല്ലാമുള്ള ഉപകരണങ്ങൾ ഏജൻസിയുടെ പക്കലുണ്ടാവും. കൃത്യമായി ഇലക്ട്രിക് മെയിന്റനൻസ് നടത്തുന്ന വീടാണെങ്കിൽ രണ്ട് വർഷത്തിലൊരിക്കൽ ഇത്തരത്തിൽ വിശദമായ ഇലക്ട്രിക് ഇൻസ്പെക്‌ഷൻ നടത്തിയാൽ മതിയാകും.