Friday 29 January 2021 05:00 PM IST

ജിപ്സം പ്ലാസ്റ്ററിങ്ങിന് ചെലവു കുറവാണോ, ഈടും ഉറപ്പും ഉണ്ടാവുമോ? സംശയങ്ങൾക്കിതാ മറുപടി

Sreedevi

Sr. Subeditor, Vanitha veedu

gipsom2

എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും ചെലവു കുറഞ്ഞതും മികച്ച ഫിനിഷ് ഉള്ളതുമായ നിർമാണവസ്തുക്കളാണ് ഇന്നത്തെ കാലത്തിനും ജീവിതരീതികൾക്കും യോജിച്ചത്. പരമ്പരാഗതമായ നിർമാണവസ്തുക്കൾ അടക്കിവാഴുന്ന നമ്മുടെ നിർമാണ രംഗത്ത് ജിപ്സം പ്ലാസ്റ്ററിങ്ങിന് സ്ഥാനം ഉറപ്പിക്കാൻ സാധിച്ചതും  ഈ ഗുണങ്ങൾ ഉള്ളതുകൊണ്ടാണ്. പ്രത്യേകം പുട്ടി ഇടേണ്ട, അകത്തളത്തിൽ ചൂട് കുറയ്ക്കും എന്നിങ്ങനെ  ജിപ്സത്തിന് ഗുണങ്ങൾ ഉണ്ട്. ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികൾ ഈർപ്പം സഹിക്കുന്നവയല്ലെന്നും അരികുകൾ പെട്ടെന്ന് പൊട്ടുന്നവയാണെന്നും ആരോപണമുണ്ട്. ജിപ്സം പ്ലാസ്റ്ററിങ്ങിന് തുനിയുമ്പോൾ അതെക്കുറിച്ചെല്ലാം വിശദമായി പഠിച്ചശേഷം വേണം ചെയ്യാൻ. സിമന്റും മണലും ചേർന്ന മിശ്രിതം കൊണ്ടുള്ള തേപ്പിനു പകരം ഭിത്തി തേക്കാൻ ജിപ്സം പൗഡർ ഉപയോഗിക്കാം.

gipsom

ഏത് ജിപ്സവും ഭിത്തി പ്ലാസ്റ്റർ ചെയ്യാൻ അനുയോജ്യമാണോ? അല്ല എന്നാണ് വിദഗ്ധർ പറയുന്നത്. താൽക്കാലികമായ ചെലവു കുറവ് എന്ന ഘടകം മാത്രം കണക്കിലെടുത്ത് ഗുണമേന്മ കുറഞ്ഞ ജിപ്സം വാങ്ങുന്നതാണ് ജിപ്സം പ്ലാസ്റ്ററിങ് നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം. രണ്ട് തരം ജിപ്സം നമുക്കിവിടെ ലഭിക്കും. പ്രകൃതിദത്ത ജിപ്സവും മറ്റൊരു നിർമാണത്തിന്റെ ഉപോത്പന്നമായ ജിപ്സവും. വലിയ പാറകൾ പൊട്ടിച്ചാണ് പ്രകൃതിദത്തമായ ജിപ്സം ശേഖരിക്കുന്നത്. നമ്മുടെ നാട്ടിൽ കൂടുതൽ ലഭിക്കുന്ന പ്രകൃതിദത്ത ജിപ്സം ഇറക്കുമതി ചെയ്യുന്നതാണ്. മറൈൻ ജിപ്സവും ഫോസ്ഫോ ജിപ്സവും ഉപോൽപന്നങ്ങളാണ്. അതുകൊണ്ടുതന്നെ  ഇവ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. എന്നാൽ ഇതു രണ്ടിലും ചില രാസഘടകങ്ങളുടെ സാന്നിധ്യം ഉണ്ടായിരിക്കും. ഈ രാസഘടകങ്ങൾ ഭിത്തിയിൽ സ്ഥാപിക്കുന്ന ലോഹങ്ങളോട് പ്രതിപ്രവർത്തിക്കാനും തുരുമ്പുണ്ടാക്കാനും സാധ്യതയുണ്ട്. കോൺക്രീറ്റിങ്ങിനും പ്ലാസ്റ്ററിങ്ങിനുമെല്ലാം വ്യത്യസ്ത തരിവലുപ്പമുള്ള മണൽ ഉപയോഗിക്കുന്നതുപോലെ പ്ലാസ്റ്ററിങ്ങിനുള്ള ജിപ്സത്തിനും പ്രത്യേക തരിവലുപ്പം ആഗോളതലത്തിൽ തന്നെ നിഷ്കർഷിച്ചിട്ടുണ്ട്. 150 മൈക്രാൺ അല്ലെങ്കിൽ 100 മെഷ് എന്ന തരിവലുപ്പമാണ് പ്ലാസ്റ്ററിങ്ങിനുപയോഗിക്കുന്ന ജിപ്സത്തിന് ഉണ്ടാകേണ്ടത്. പ്രകൃതിദത്തമായി കിട്ടുന്നത് പ്ലാസ്റ്ററിങ്ങിന് ഉപയോഗിക്കുന്ന ജിപ്സത്തിന്റെ അടിസ്ഥാന ഘടകം മാത്രമാണ്. സെറ്റിങ് സമയം നിയന്തിക്കാനും ബലം കൂട്ടാനുമെല്ലാമുള്ള ചില ഘടകങ്ങൾ കൂടി ചേർക്കുമ്പോഴാണ് പ്ലാസ്റ്ററിങ്ങിനുള്ള ജിപ്സം പൗഡർ ആയി മാറുന്നത്. വെർമിക്കുലൈറ്റ് (vermiculite), പെർലൈറ്റ്(perlite) തുടങ്ങിയ മൂലകങ്ങളാണ് (aggregates) ഇത്തരത്തിൽ  കൂട്ടിച്ചേർക്കുന്നത്.

gipsom 1

പുറം ഭിത്തി തേച്ചശേഷം വേണം അകം ഭിത്തികൾ  ജിപ്സം പ്ലാസ്റ്റർ ചെയ്യാൻ. 25 കിലോയുടെ ബാഗ് ആയാണ് ജിപ്സം പൊടി വിപണിയിൽ ലഭിക്കുന്നത്. മൂലകങ്ങൾ ഒന്നും കൂട്ടിച്ചേർക്കാത്ത ജിപ്സം പൊടി അഞ്ച് മുതൽ ഏഴ് മിനിറ്റിനുള്ളിൽ സെറ്റ് ആകും. എത്രയും പെട്ടെന്ന് തേച്ച് പിടിപ്പിക്കുക എന്നതാണ് ഇതിലെ വെല്ലുവിളി. സെറ്റിങ് ടൈം ദീർഘിപ്പിക്കാനുള്ള ഏതെങ്കിലും കോംപൗണ്ട് ചേർത്ത ജിപ്സമാണെങ്കിൽ മാത്രം കൂടുതൽ സമയം കിട്ടും. 25 കിലോയുടെ ഒരു ബാഗ് കൊണ്ട് 13 എംഎം കനത്തിൽ 18 സ്ക്വയർഫീറ്റ് തേക്കാം. 8–12 എംഎം ആണ് തേപ്പിന്റെ സ്റ്റാന്റേർഡ് കനം. ജിപ്സം വാങ്ങാൻ പോകുമ്പോൾ പാക്കിങ് ഡേറ്റ്, എക്സ്പയറി ഡേറ്റ് എന്നിവ ശ്രദ്ധിക്കണം. മൂന്ന് –നാല് മാസത്തിലധികം പഴക്കമുള്ള ജിപ്സം ഉപയോഗിക്കരുത്. വീടിന്റെ അകം ഭിത്തികൾക്കു മാത്രമാണ് ജിപ്സം പ്ലാസ്റ്ററിങ് അനുയോജ്യം. പുറം ഭിത്തികൾ പ്ലാസ്റ്റർ ചെയ്ത വീടുകളിലേക്കു മാത്രമേ ജിപ്സം പ്ലാസ്റ്റർ യോജിക്കൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജിപ്സം സെറ്റ് ആയിക്കഴിഞ്ഞാൽ സിമന്റ് പ്ലാസ്റ്റർപോലെത്തന്നെ ഉറപ്പോടെ വളരെക്കാലം നിലനിൽക്കും. ചുരുക്കത്തിൽ ഗുണമേന്മയുള്ള ജിപ്സത്തിന് ചെലവ് കുറവല്ല.പക്ഷേ, ഈടും ഉറപ്പും വീടിനുള്ളിൽ കുളിർമയും ആഗ്രഹിക്കുന്നവർക്ക് ജിപ്സം ധൈര്യമായി തിരഞ്ഞെടുക്കാം.

Tags:
  • Vanitha Veedu