Wednesday 10 June 2020 03:48 PM IST

എണ്ണ മുതൽ ഷാംപൂ വരെ കുപ്പിയില്‍, അരിയും പഞ്ചസാരയും തവിയിൽ കോരി അളന്നെടുക്കാം; ഈ കടയിൽ പ്ലാസ്റ്റിക്കിന് നോ എൻട്രി

Sreedevi

Sr. Subeditor, Vanitha veedu

bittu

കുപ്പിയും സഞ്ചിയും കൊണ്ട് പലചരക്കു കടകളുടെ മുന്നിൽ കാത്തുനിന്നിരുന്ന ആ കാലത്തേക്കാണ് മടക്കം. പഴയ പലചരക്കു കടകളുടെ ന്യൂജനറേഷൻ രൂപമാണ് കോലഞ്ചേരിയിലെ സെവൻ ടു നയൻ ഗ്രീൻ സ്റ്റോർ. പക്ഷേ, പഴയ പലചരക്കുകടകളിൽനിന്ന് മോഡേൺ പലചരക്ക് കടയ്ക്ക് ചില വ്യത്യാസങ്ങളുണ്ട്. പലചരക്കു സാധനങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെ ആവശ്യമുള്ള അളവ് കസ്റ്റമർക്കുതന്നെ തൂക്കിയെടുക്കാം എന്നതാണ് അതിൽ പ്രധാനം.

പ്ലാസ്റ്റിക് ഫ്രീ പലചരക്കു കട എന്നു വിശേഷിപ്പിക്കാം സെവൻ ടു നയൻ ഗ്രീൻ സ്റ്റോറിനെ. സാധനങ്ങൾ എന്നും നേരത്തേ പാക്ക് ചെയ്തു വയ്ക്കാത്തതിനാൽ പ്ലാസ്റ്റിക് കവറുകളുടെ ആവശ്യമില്ല. ആവശ്യമുള്ള അളവു മാത്രമെടുക്കാം എന്നതും പ്രത്യേകതയാണ്. ലൂസ് ആയി വാങ്ങുന്ന സാധനങ്ങൾക്ക് വില വളരെ കുറവാണ് എന്നതോർക്കണം. വീട്ടിൽനിന്ന് പാത്രങ്ങൾ കൊണ്ടുവന്ന് അതിൽ സാധനങ്ങൾ നിറച്ചു കൊണ്ടുപോവുന്നതിനെയാണ് ഈ കടയിൽ പ്രോത്സാഹിപ്പിക്കുന്നത്. നേരത്തേ കരുതിക്കൂട്ടിയല്ല കടയിൽ എത്തിയതെങ്കിൽ സാധനങ്ങൾ കൊണ്ടുപോകാൻ പേപ്പർ കവറുകളുമുണ്ട്.

bittu-4

വിദേശത്തുനിന്നാണ് സെവൻ ടു നയർ ഗ്രീൻ സ്റ്റോറിന്റെ ആശയം ലഭിച്ചതെന്ന് ഉടമ ബിട്ടു ജോൺ പറയുന്നു. സാധനങ്ങൾ സൂക്ഷിക്കാനുള്ള പാത്രങ്ങൾ എല്ലാം വിദേശത്തുനിന്നു വരുത്തിയാണ് ബിട്ടു കട തുടങ്ങിയത്. പ്ലാസ്റ്റിക് സഞ്ചികൾ ബഹിഷ്കരിക്കുന്നതിലൂടെ നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 6.1 ശതമാനം മാത്രമാണ് കുറവു വരുന്നത്. അതേസമയം പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കിയാലും ധാന്യങ്ങളും ഭക്ഷണപദാർഥങ്ങളുമെല്ലാം പൊതിഞ്ഞുവരുന്ന പ്ലാസ്റ്റിക് കവറുകളുടെ എണ്ണം കുറയുന്നില്ല. അത് ഒഴിവാക്കാതെ എങ്ങനെ വീട് പ്ലാസ്റ്റിക് വിമുക്തമാകുമെന്നാണ് ബിട്ടു ചോദിക്കുന്നത്.

ഓരോരുത്തരും ആവശ്യമായ സാധനം സ്വയം എടുക്കുന്ന രീതിയിലാണ് ഇവിടത്തെ ക്രമീകരണങ്ങൾ. എല്ലാ പാത്രത്തിലും ഓരോ തവി ഇട്ടിട്ടുണ്ട്. ഒരു തവിയിൽ ഏകദേശം എത്ര അളവു കൊള്ളുമെന്നും ഓരോ ഉൽപന്നത്തിനും ഓരോ കോഡും പാത്രത്തിനു പുറത്തുണ്ട്. അതനുസരിച്ച് സാധനം എടുത്ത് തൂക്കി നോക്കാം. അളവും കോ‍ഡും കൊടുത്താൽ ബിൽ ഓട്ടമാറ്റിക് ആയി വരാവുന്ന രീതിയിലാണ് ബില്ലിങ് മെഷീൻ.

bittu-1

ദ്രാവകരൂപത്തിലുള്ള പാൽ, വെള്ളം, എണ്ണ, ക്ലീനിങ് ലോഷൻ, ഷാംപൂ തുടങ്ങിയവയെല്ലാം കുപ്പികളിൽ നൽകും. ഓരോയിനം കുപ്പിക്കും തുക ഈടാക്കുന്നുണ്ട്. അടുത്ത തവണ വരുമ്പോൾ ഈ കുപ്പി തിരിച്ചു നൽകിയാൽ ഈടാക്കിയ പണം തിരിച്ചുനൽകും. ദൂരസ്ഥലങ്ങളിൽ നിന്നുപോലും പലചരക്കു വാങ്ങാൻ ഇവിടെയെത്തുന്നവരുണ്ട്. ഇരുപതോ ഇരുപത്തഞ്ചോ കിലോമീറ്റർ വണ്ടിയോടിച്ചു വന്ന് ഒരു മാസത്തേക്കുള്ള സാധനം വാങ്ങിപ്പോകുന്നതുപോലും സാമ്പത്തികലാഭമാണെന്ന് പലരും കരുതുന്നു. പൊടികൾ എല്ലാം സ്ന്തമായി പൊടിപ്പിക്കുന്നതിനാൽ പ്രിസർവേറ്റീവ്സ് ചേർത്തിട്ടുണ്ടോ എന്ന ഭയവും വേണ്ട. ഇനിയുള്ള ലോകം ഗ്രീൻ സ്റ്റോറുകളുടേതായിരിക്കുമെന്ന് ഇവിടത്തെ തിരക്ക് ചൂണ്ടിക്കാട്ടുന്നു.

bittu-3
bittu-2