Saturday 27 July 2024 03:08 PM IST : By സ്വന്തം ലേഖകൻ

കെട്ടിടനിർമാണ പെർമിറ്റ് ഫീസ്: പണം തിരികെ ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കണം

building 2

കുത്തനെ വർധിപ്പിച്ച കെട്ടിടനിർമാണ പെർമിറ്റ് ഫീസ് പകുതിയിലേറെ കുറച്ചതോടെ അധിക തുക അടച്ചവർക്ക് ഓഗസ്റ്റ് പകുതിയോടെ പണം തിരികെ ലഭിച്ചു തുടങ്ങും. വർധനവ് നിലവിൽ വന്ന 2023 ഏപ്രിൽ 10 മുതൽ പെർമിറ്റ് എടുത്തവർക്കാണ് തുക മടക്കി ലഭിക്കുക.

പണം തിരികെ ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. നഗരസഭകളിൽ കെസ്മാർട് വഴിയും പഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വഴിയുമാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ സംവിധാനം തയാറാകുന്നതനുസരിച്ച് തുക തിരിച്ചു നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകും. പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. പണം ഓൺലൈൻ ആയി തന്നെ അക്കൗണ്ടിൽ ലഭ്യമാക്കാനാണ് ആലോചന എന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കെട്ടിട നിർമാണ പെർമിറ്റ് ഫീസ് പുതുക്കിയതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ വർഷം 177.9 കോടിയുടെ അധിക വരുമാനം ലഭിച്ചു എന്നും മന്ത്രി അറിയിച്ചു.

building 1

കെട്ടിടനിർമാണ പെർമിറ്റ് ഫീസ് 20 ഇരട്ടിയോളമാണ് വർധിപ്പിച്ചിരുന്നത്. കെട്ടിടനിർമാണത്തിനുള്ള അപേക്ഷ, ലേഔട്ട് അപ്രൂവലിനുള്ള പരിശോധനാ ഫീസ് എന്നിവയും വർധിപ്പിച്ചിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഇളവ് അനുവദിച്ചത്. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റിൽ നിലവിൽ വരും. പെർമിറ്റ് ഫീസ് ഇളവുകൾക്ക് മുൻകാല പ്രാബല്യം ഉണ്ടായിരിക്കും. ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ വർഷം തോറും അടയ്ക്കേണ്ട വസ്തു നികുതി ഏപ്രിൽ 30 ന് മുൻപ് അടച്ചാൽ അഞ്ച് ശതമാനം റിബേറ്റ് ലഭിക്കും.

Tags:
  • Architecture