Thursday 24 June 2021 02:14 PM IST : By സ്വന്തം ലേഖകൻ

വീതി കുറഞ്ഞ പ്ലോട്ടിലെ വീടിന് ഇതിലും നല്ല മാതൃക വേറെയില്ല, 4500 ചതുരശ്രയടിയിൽ അഞ്ച് കിടപ്പുമുറി വീട്

kochi1

ദേവിയുടെ നാമങ്ങളിലൊന്നാണ് ‘ഏക’. കൊച്ചി വൈറ്റിലയിൽ സുരേഷ് കമ്മത്തിന്റെയും അനിതയുടെയും പുതിയ വീടിനു ഏക എന്ന പേരു ലഭിച്ചത് അങ്ങനെയാണ്. പതിമൂന്നര സെന്റിൽ 4500 ചതുരശ്രയടിയുള്ള ഏക പണിയുമ്പോൾ ആർക്കിടെക്ട് സുജിത്തിനോട് ഏതാനും ആവശ്യങ്ങൾ മാത്രമാണ് സുരേഷ് പറഞ്ഞത്. വീടിനകത്ത് നിറയെ വെളിച്ചവും കാറ്റും, കന്റെംപ്രറി ശൈലി, കിടപ്പുമുറികളിൽ ഡ്രസിങ് ഏരിയ, കിട്ടാവുന്നിടത്തെല്ലാം ബാൽക്കണി എന്നിങ്ങനെ ചിലത്. അവയെല്ലാം ഉൾക്കൊള്ളിച്ചാണ് ഏക പൂർത്തിയായത്. വീട്ടിലേക്ക് എത്തുമ്പോൾ തന്നെ കാണാം, മുറ്റംനിറയെ പൂവിട്ടു നിൽക്കുന്ന ഓർക്കിഡ്. വീട്ടുകാരി അനിതയുടെ രണ്ടായിരത്തോളം വരുന്ന ഓർക്കിഡ് ശേഖരം മുറ്റത്തും മതിലിലും ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു.

kochi 2

നീളത്തിലുള്ള പ്ലോട്ട് ആയതിനാൽ വീടും നീളത്തിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. താഴത്തെ നിലയിൽ നീളത്തിലൊരു കോറിഡോർ രൂപപ്പെട്ടത് അങ്ങനെയാണ്. അകത്തേക്കു കയറിയാൽ ആദ്യം കാണുന്നത് പൂജാമുറിയാണ്. കിഴക്കോട്ട് അഭിമുഖമായ പൂജാമുറിയുടെ ചുമരിൽ ചെങ്കല്ല് ക്ലാഡിങ് ചെയ്തു. അതിൽ തേക്കിൽ ബ്രാസ് ഇൻലേ ചെയ്ത ഡിസൈൻ വർക്കുമുണ്ട്. ലിവിങ്ങും ഡൈനിങ്ങും തമ്മിൽ വേർതിരിക്കുന്നതും പൂജാമുറിയാണ്. സ്റ്റെയർകെയ്സിനു താഴെ ഡ്രൈ കോർട്‌യാർഡിൽ ചെടികൾ ഹരിതാഭയേകി നിൽക്കുന്നു. മുകളില്‍ പർഗോള. ഡൈനിങ് റൂമിൽനിന്ന് പുറത്തേക്കിറങ്ങിയാൽ വരാന്തയുണ്ട്. ഇവിടിരുന്നാൽ ഓർക്കിഡുകളുടെ ഭംഗി ആസ്വദിക്കാം.

kochi 3

താഴെ രണ്ട് കിടപ്പുമുറിയാണുള്ളത്. അടുക്കള, വർക്ഏരിയ, സ്റ്റോർ റൂം എന്നിവയുമുണ്ട്. വാഡ്രോബുകളും കിച്ചൻ കാബിനറ്റും വെനീർ ഒട്ടിച്ച പ്ലൈവുഡ് കൊണ്ടാണ് നിർമിച്ചത്. മാസ്റ്റർ ബെഡ്റൂമിൽനിന്നും വരാന്തയിലേക്കിറങ്ങാം. ഈ വരാന്തയുടെ ചുമരിൽ വെർട്ടിക്കൽ ഗാർഡൻ ഇടംപിടിച്ചിട്ടുണ്ട്. തടിപ്പണിയെല്ലാം തേക്കുകൊണ്ടാണ്. സീലിങ്ങിലും തേക്കുകൊണ്ടുള്ള പാറ്റേൺ വർക് കാണാം. സ്റ്റെയർകെയ്സിലും തേക്കിന്റെ മായാജാലം ദർശിക്കാം. താഴത്തെ നിലയിലെ പൊതുഇടങ്ങളിൽ ടർക്കിഷ് മാർബിൾ ആണ്. മുകൾനിലയിലെ കോമൺ ഏരിയയിൽ ടൈൽ ആണ് വിരിച്ചത്. രണ്ടു നിലകളിലെയും കിടപ്പുമുറികളിൽ തടി ഫിനിഷുള്ള ടൈലാണ് നൽകിയിട്ടുള്ളത്.

kochi 5

മുകളിലെ നിലയിലാണ് ‘ട്വിസ്റ്റ്’ കാത്തിരിക്കുന്നത്. താഴത്തെ ലിവിങ്ങിനു മുകളിൽ ഫാമിലി ലിവിങ് ഏരിയ വരുമെന്ന് പ്രതീക്ഷിച്ചാൽ തെറ്റി. രണ്ടു മീറ്ററുള്ള കാന്റിലിവർ നൽകി അവിടെയാണ് ഫാമിലി ലിവിങ് ഒരുക്കിയത്. ദീർഘചതുരാകൃതിയിലുള്ള കാന്റിലിവർ ബോക്സ് എക്സ്റ്റീരിയറിനും ഭംഗിയേകുന്നു. മുകളിലും കോർട്‍‍യാർഡുണ്ട്. അതിനു മുകളിൽവരുന്ന, 2.08 മീറ്റർ വീതിയും 7.68 മീറ്റർ നീളവുമുള്ള പർഗോളയാണ് വീടിന്റെ പോസിറ്റീവ് എനർജിക്കു പിന്നിലെ രഹസ്യം. വീടിനുള്ളിൽ നിറയെ വെളിച്ചം എത്താൻ കാരണക്കാർ ഈ പർഗോളയും വലിയ ജനാലകളുമാണ്.

kochi 4

മുകളിൽ മൂന്നു കിടപ്പുമുറികളാണ്. ഈ കിടപ്പുമുറികളോടു ചേർന്നും ബാൽക്കണിയുണ്ട്. തുണി അലക്കാനും വിരിക്കാനുമെല്ലാമായി യൂട്ടിലിറ്റി ഏരിയയ്ക്കും മുകളിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.കന്റെംപ്രറി ശൈലിയിലാണ് എക്സ്റ്റീരിയർ എങ്കിലും ഇന്റീരിയറിന് ചെറിയ ട്രെഡീഷനൽ ഛായയേകാൻ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് ടെറാക്കോട്ട ക്ലാഡിങ്ങും ബാൽക്കണി പോലെ ചിലയിടങ്ങളിലെ സിമന്റ് ടെക്സ്ചർ ചുമരുകളും. 

kochi 6

കടപ്പാട്: സുജിത് കെ. നടേശ്

സാൻസ്‌കൃതി ആർക്കിടെക്‌ട്‌സ്, തൃപ്പുണിത്തുറ

info@sanskritarchitects.in

Tags:
  • Vanitha Veedu