Thursday 06 May 2021 06:39 PM IST

പണമാകുന്നത് പരിസ്ഥിതിദ്രോഹിയായ കുളവാഴ, ആർക്കും വേണ്ടാത്ത ഇലകൾ; കുട്ടിക്കളിയല്ല കുട്ടികളുടെ ഈ സ്റ്റാർട്ടപ്പ് ...

Sreedevi

Sr. Subeditor, Vanitha veedu

sree new

ഓരോ പരിസ്ഥിതി ദിനമെത്തുമ്പോഴും വൃക്ഷത്തൈകൾ വിതരണം ചെയ്യാൻ സംഘടനകൾ തമ്മിൽ മത്സരമാണ്. എന്നാൽ തുടർ പരിചരണം ഇല്ലാത്തതുകൊണ്ട് അവയിൽ വലിയൊരു പങ്കും നശിച്ചുപോകുന്നു എന്നതു മാത്രമല്ല സങ്കടം. ഈ തൈകൾ മുളപ്പിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പ്രകൃതിയുടെ അന്തകനായി അവശേഷിക്കുകയും ചെയ്യുന്നു.തൈകൾ നടാൻ പ്ലാസ്റ്റിക്കിനു പകരമെന്ത് എന്ന ചോദ്യം ഒരു സ്റ്റാർട്ടപ്പ് സംരംഭത്തിനുതന്നെ തുടക്കമായി. ഗവേഷണങ്ങൾ പേപ്പറിൽ ഒതുങ്ങാതെ സമൂഹത്തിന്റെ ഉന്നമനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന, നമ്മുടെ നാട്ടുകാർ ചിന്തിക്കാത്ത കാര്യമാണ് ആലപ്പുഴ എസ് ഡി കോളേജിലെ ഒരു സംഘം വിദ്യാർത്ഥികൾ നടപ്പിലാക്കിയത്.

sree 2

ആലപ്പുഴ എസ് ഡി കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറും ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യഗവേഷകനുമായ ജി.നാഗേന്ദ്രപ്രഭുവിനെ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് 'ഐക്കോടെക്ക്' എന്ന സ്റ്റുഡന്റ് സ്റ്റാർട്ടപ്പിന് തുടക്കമാകുന്നത്. നമ്മുടെ ജലാശയങ്ങളെ ഏറ്റവുമധികം മലിനപ്പെടുത്തുന്ന കുളവാഴയുടെ ശാസ്ത്രീയ നാമത്തിൽ നിന്നാണ് ഐക്കോടെക്ക് എന്ന പേരു വന്നത്. അതായത്, കുളവാഴയാണ് ഈ സ്റ്റാർട്ടപ്പിന്റെ പ്രധാന അസംസ്‌കൃത വസ്തു. കുളവാഴ സംസ്കരിച്ചുണ്ടാക്കുന്ന സീഡ്ലിങ് പോട്ടുകൾ( വൃക്ഷതൈകൾ ഉണ്ടാക്കാനുള്ള ചെറിയ ചട്ടികൾ) നിർമിക്കലാണ് ഐക്കോടെക്കിന്റെ പ്രധാന പ്രവർത്തനം. സീഡ്ലിങ് പോട്ട് മാത്രമല്ല, കുളവാഴ കൊണ്ടുള്ള ഹാൻഡ്മെയ്ഡ് പേപ്പർ ഉപയോഗിച്ച് കലണ്ടർ, കാൻവാസ്‌ബോർഡ്, പെയിന്റിങ്ങ് ചെയ്യാനുള്ള പേപ്പർ, ഫ്രിജ് മാഗനറ്റ്, കോസ്റ്റർ, ഗിഫ്റ്റ് ഐറ്റംസ് എന്നിങ്ങനെ ഒട്ടേറെ മൂല്യവർധിത വസ്തുക്കളും ഇവർ നിർമിക്കുന്നുണ്ട്. മുകളിൽ പ്രിന്റ്‌ചെയ്യാവുന്ന ഇത്തരം ഹാൻഡ് മെയ്ഡ് പേപ്പർ വെഡ്ഡിങ് കാർഡും വിസിറ്റിങ് കാർഡും അടിക്കാനും സഞ്ചി നിർമ്മാണത്തിനുമൊക്കെ ഉപയോഗിക്കുന്നു.

sree 1

ഗവേഷണ വിദ്യാർത്ഥിയായ വി. അനൂപ് കുമാറിന്റെ നേതൃത്വത്തിൽ ഹരികൃഷ്ണ, എസ്. ആര്യ, ലക്ഷ്മി കെ.ബാബു, നിവേദിത പ്രഭു എന്നീ വിദ്യാർഥികളാണ് ഐക്കോടെക്കിന്റെ പിന്നിൽ പ്രവർത്തിച്ചത്. 

"നമ്മുടെ ജലാശയങ്ങളെ മലിനമാക്കുന്ന കുളവാഴ ജലസസ്യങ്ങളെയും മത്സ്യ സമ്പത്തിനെയും കാര്യമായ രീതിയിൽ ബാധിക്കുന്നുണ്ട്. കുളവാഴയും അതുപോലുള്ള സസ്യങ്ങളും ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്ത് കരയിൽ ഇടുന്നതു വഴി അതു ചീഞ്ഞുണ്ടാകുന്ന മറ്റു പ്രശ്നങ്ങളുമുണ്ട്. ജലവിഭവ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആർക്കും കുളവാഴ കൊണ്ട് മൂല്യവർധിത വസ്തുക്കൾ നിർമിക്കാം. ജലവിഭവ ഗവേഷണ കേന്ദ്രവും ഐക്കോടെക്കും സംയുക്തമായി വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും ഇതിനുള്ള പരിശീലനം നൽകാനുള്ള തയാറെടുപ്പിലാണ്. അതുവഴി ആത്മനിർഭർ ഭാരത്, വോക്കൽ ഫോർ ലോക്കൽ,സെർക്കുലാർ ഇക്കണോമി തുടങ്ങിയ ആശയങ്ങളും പ്രാവർത്തികമാകുന്നു ", അനൂപ് കുമാർ പറയുന്നു. പ്രകൃതിയുടെ നാശത്തിനും പരിസര മലിനീകരണത്തിനും കാരണമാകുന്ന വസ്തുക്കൾ സാധാരണക്കാരന് സാമ്പത്തിക സ്രോതസ് ആക്കുന്ന എന്ന ചിന്തയും ഈ സ്റ്റാർട്ടപ്പിന് പിന്നിലുണ്ട്. 

sree 4

കുളവാഴ കൂടാതെ, നാട്ടിൽ സുലഭമായ പുന്നയില, ആഞ്ഞിലയില, പ്ലാവില, തെങ്ങോല, കവുങ്ങിൻ പാള എന്നിവയുമെല്ലാം തൈകൾ നടാൻ ആകർഷകമായ രൂപത്തിൽ ഇവർ തയാറാക്കുന്നു. കുറഞ്ഞത് ആറ് മാസത്തേക്ക് കവറിന്റെ ആവശ്യത്തിൽ പ്രവർത്തിച്ച് അതിനു ശേഷം മണ്ണിൽ ലയിച്ചു ചേരുന്ന രീതിയിൽ ആണ് നിർമ്മാണം. കേരള ഡവലപ്‌മെന്റ്, ഇന്നവേഷൻ ആൻഡ് സ്ട്രാറ്റജിക് കൗൺസിലിന്റെ യുവ സംരംഭക വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഐക്കോടെക്കിന് കേരള ഗവൺമെന്റിന്റെ ധനസഹായവും ലഭിക്കുന്നുണ്ട്. വൻതോതിൽ ഉൽപാദനം തുടങ്ങിയിട്ടില്ലാത്തതിനാൽ  മേളകൾ വഴിയും പരിചയക്കാർ മുഖേനെയുമാണ് ഇപ്പോൾ പ്രധാനമായും വിൽപ്പന നടക്കുന്നത്.കോവിഡ് കാലത്തിനു ശേഷം കൂടുതൽ ആളുകൾക്ക് പരിശീലനം നൽകി, കൂടുതൽ ഉൽപ്പന്നങ്ങളുമായി വിപണനശൃംഖല മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

sree 3
Tags:
  • Vanitha Veedu