Thursday 11 April 2019 04:27 PM IST : By സിനു കെ ചെറിയാൻ

ഓരോ ചുമരുകളും ഹൃദയങ്ങളോട് സംവദിക്കട്ടെ; ആർക്കിടെക്ട് റിച്ചാർഡ് ഹോ മനസു തുറക്കുന്നു

richard-

റിച്ചാർഡ് ഹോയുടെ സിംഗപ്പൂരിലെ ഓഫിസിന് ആഴ്ചയിൽ നാല് പ്രവൃത്തിദിനങ്ങളേയുള്ളൂ! ചൊവ്വ മുതൽ വെള്ളി വരെ. ബാക്കി മൂന്ന് ദിവസങ്ങളിലും ഓഫിസ് അവധിയായിരിക്കും.

‘‘ഒരു കെട്ടിടം രൂപകൽപന ചെയ്യുകയെന്നത് അങ്ങേയറ്റം ശ്രദ്ധയും സമർപ്പണവും വേണ്ട ജോലിയാണ്. തിരക്കുകളും ക്ഷീണവുമൊന്നുമില്ലാതെ തെളിഞ്ഞ മനസ്സോടെ വേണം അതു ചെയ്യാൻ. ജോലി ചെയ്യാനുള്ള തയാറെടുപ്പുവേളയാണ് പരോക്ഷമായി അവധിദിനങ്ങൾ.’’ ഇതാണ് ഹോയുടെ നയം. വനിത വീട് ആർക്കിടെക്ചർ അവാർഡ്സിന്റെ വിധിനിർണയത്തിനെത്തിയപ്പോഴും ഹോ പതിവു തെറ്റിച്ചില്ല. ചുരുക്കപ്പട്ടികയിലെത്തിയ എല്ലാ പ്രോജക്ടുകളും സമഗ്രമായി വിലയിരുത്തിയ ശേഷമായിരുന്നു ഹോയുടെ വരവ്. ചോദ്യോത്തരവേളയിലെ ആദ്യത്തെ ഒന്നോ രണ്ടോ ചോദ്യങ്ങളിലൂടെത്തന്നെ അതു ബോധ്യമായി. ഹോയുടെ വാക്കുകൾക്കായി സദസ് കാതോർക്കുന്ന കാഴ്ചയായിരുന്നു പിന്നീട്.

2017 ൽ കേരളത്തിലുണ്ടായ ഏറ്റവും മികച്ച നിർമിതികളാണ് അവാർഡിനെത്തിയത്. അവയുടെ നിലവാരം എങ്ങനെ വിലയിരുത്തുന്നു?

ചില പ്രോജക്ടുകൾ, പ്രത്യേകിച്ച് യങ് ആർക്കിടെക്ട് വിഭാഗത്തിൽ മത്സരത്തിനെത്തിയവ എന്നെ അതിശയിപ്പിക്കുകതന്നെ ചെയ്തു. ആർക്കിടെക്ചറിന്റെ കാര്യത്തിലും കേരളത്തിന് രാജ്യാന്തര നിലവാരമുണ്ടെന്ന് ധൈര്യമായി പറയാം. ‘രാ മരം’, ‘ലാറ്റിസ്’ എന്നീ പ്രോജക്ടുകൾ വ്യക്തിപരമായി ഏറെ ഇഷ്ടം തോന്നിയവയാണ്. പ്രതിഭയുടെ കയ്യൊപ്പു പതിഞ്ഞ കെട്ടിടങ്ങളാണവ.

പരമ്പരാഗത നിർമാണശൈലിയെ കാലാനുസൃതമായ മാറ്റങ്ങളോടെ പുനരവതരിപ്പിച്ചിരിക്കുകയാണ് ഈ രണ്ടു കെട്ടിടങ്ങളിലും. ഇത്തരത്തിലുള്ള സമീപനമാണ് അഭികാമ്യം എന്നാണോ...?

r4

അങ്ങനെ പറയാൻ കഴിയില്ല. ഒരു കെട്ടിടത്തിന്റെ ഡിസൈൻ രൂപപ്പെടുന്നത് നാല് ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എന്നാണ് എന്റെ പ ക്ഷം. ചുറ്റുപാടുകൾ, കാലാവസ്ഥ, സംസ്കാരം, വീട്ടുടമ എന്നിവയാണീ നാല് ഘടകങ്ങൾ. നാല് ‘സി’ (context, climate, culture, client) കൾ പിന്തുടരുക എന്നു പറയാം. അപ്പോഴാണ് കെട്ടിടം മികച്ചതാകുക. അല്ലെങ്കിൽ അതുപയോഗിക്കുന്നവർ സംതൃപ്തരാകുക. കെട്ടിടങ്ങൾ വെറും കോൺക്രീറ്റ് രൂപങ്ങൾ മാത്രമല്ല എന്ന തിരിച്ചറിവ് പ്രധാനമാണ്. മറ്റു പലതിന്റെയും അടയാളപ്പെടുത്തൽ കൂടിയാണ് ഓരോ കെട്ടിടങ്ങളും. അങ്ങനെയൊരു തലത്തിൽ രൂപകൽപനയെ സമീപിക്കുന്നു എന്നതാണ് രാ മരത്തിന്റെയും ലാറ്റിസിന്റെയുമൊക്കെ സവിശേഷത.

ഈ പറഞ്ഞ മാനദണ്ഡങ്ങളിൽനിന്നു വ്യത്യസ്തമായി, കാണാനുള്ള ഭംഗിക്ക് മുൻഗണന നൽകി കെട്ടിടങ്ങൾ രൂപകൽപന ചെയ്യുന്ന പ്രവണത കൂടി വരികയാണ്...

കേരളത്തിലെന്നല്ല, ലോകത്തെല്ലായിടത്തും അതുതന്നെയാണ് സ്ഥിതി. വാസ്തുകലയിൽ മാത്രമല്ല, കലയിലും സാഹിത്യത്തിലുമൊക്കെ ഈ പ്രവണത ദൃശ്യമാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളുടെ പ്രതിഫലനമായിരിക്കാം അത്. ഒരു കെട്ടിടം കാണാൻ എങ്ങനെയിരിക്കും എന്നോർത്തു വിഷമിക്കേണ്ടതില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്. കെട്ടിടത്തിനുള്ളിലെ ഓരോ ഇടവും അതിന്റെ ഉപയോക്താവിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. ഓരോ മുറികൾക്കും എന്തിന് ഒരു തുണ്ടു സ്ഥലത്തിനുപോലും അർഥമുണ്ടാകണം. അവയെ സംസാരിക്കാൻ അനുവദിക്കണം.

r3

താങ്കളെ സംബന്ധിച്ചിടത്തോളം കെട്ടിടത്തിന്റെ ‘ഭംഗി’ അഥവാ ‘സ്റ്റൈൽ’ ഒരു പരിഗണനാവിഷയമേ അല്ല. പക്ഷേ, തുടക്കക്കാരെ സംബന്ധിച്ചിടത്തോളം അത് പ്രായോഗികമാണോ?

ശരിയാണ്. തുടക്കത്തിൽ ആശയക്കുഴപ്പവും പാളിച്ചകളുമൊക്കെ ഉണ്ടാകാം. ഞാനുമത് നേരിട്ടിട്ടുണ്ട്. ഒൻപത് വർഷം പല ആർക്കിടെക്ടുമാരുടെ കീഴിൽ ജോലി ചെയ്ത ശേഷമാണ് സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചത്. അപ്പോഴേക്ക് നമ്മൾ നമ്മുടേതായ ശൈലി രൂപപ്പെടുത്തിയിരിക്കും. സ്വയം കണ്ടെത്തുന്നതുപോലെയുള്ള ഒരു അനുഭവമാണത്. രചനാഭാഷയിൽ കയ്യടക്കം നേടുന്നതിനൊപ്പം ഒരുതരം ‘പക്വത’ കൂടി ശീലിച്ചെടുക്കണമെന്നാണ് എന്റെ അനുഭവപാഠം.

അതിന് മുഖ്യമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

നമ്മുടെ കഴിവിൽ വിശ്വസിക്കുക എന്നതുതന്നെ മുഖ്യം. നല്ല വീട്ടുകാരാണ് നല്ല ആർക്കിടെക്ടിനെ സൃഷ്ടിക്കുന്നത് എന്ന കാര്യം എപ്പോഴും ഒാർമയിൽ വേണം. അതുകൊണ്ടുതന്നെ ചില വീടുകളുടെ കാര്യത്തിൽ ‘നോ’ പറഞ്ഞേ തീരൂ.

വാസ്തുകലയിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമായിരിക്കും?

r2

സാങ്കേതികവിദ്യയും നിർമാണസാമഗ്രികളും രൂപകൽപനയെക്കാൾ പ്രാമുഖ്യം നേടുന്നു എന്നതാണ് ശ്രദ്ധേയം. വളരെ വേഗം കെട്ടിടം പൂർത്തിയാക്കുക, ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിൽ അണിയിച്ചൊരുക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കും. അടിസ്ഥാന ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും രൂപകൽപനയിലൂടെയാണ് ഉത്തരം കാണേണ്ടത് എന്ന യാഥാർഥ്യം വിസ്മരിക്കപ്പെടുന്നു എന്നതാണ് ദുഃഖകരം. ■

r1

റിച്ചാർഡ് ഹോ

വിഖ്യാത ആർക്കിടെക്ട്. നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ ആർക്കിടെക്ചർ അധ്യാപകൻ. പ്രസിഡ‍‍ന്റ്സ് ഡിസൈൻ അവാർഡ് 2013, ആർക്ക് ഏഷ്യ അവാർഡ് 2000 ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. രൂപകൽപനാ രംഗത്ത് 30 വർഷത്തെ അനുഭവസമ്പത്തിനുടമ. വനിത വീട് ആർക്കിടെക്ചർ അവാർഡ്സ് 2018 ന്റെ ജൂറി അംഗമായിരുന്നു.

സിനു കെ. ചെറിയാൻ