തെങ്ങു ചതിക്കില്ല എന്ന പ്രമാണം നൂറു ശതമാനം ശരിയാണെന്നാണ് തൃശൂരുകാരി മരിയ കുര്യാക്കോസിന്റെ അനുഭവം. സ്വന്തമായ ഒരു സ്റ്റാർട്ടപ് എന്ന മരിയയുടെ സ്വപ്നത്തിന് തണലു നൽകിയത് വെറുതെ എറിഞ്ഞു കളയുന്ന ചിരട്ടയാണ്. പഠനസമയത്തും ജോലി ചെയ്യുമ്പോഴും സ്വന്തമായ സ്റ്റാർട്ടപ് എന്ന ലക്ഷ്യമായിരുന്നു മനസ്സിൽ.

സസ്റ്റൈനബിൾ ജീവിതശൈലിയോട് താൽപര്യമുണ്ടായിരുന്നതിനാൽ തേങ്ങയുമായി ബന്ധപ്പെട്ട എന്തെങ്കിലും സ്റ്റാർട്ടപ് എന്നായിരുന്നു ആദ്യമൊക്കെ മനസ്സിൽ. തേങ്ങയുടെ പല ഭാഗങ്ങൾ കൊണ്ടും പരീക്ഷണങ്ങൾ നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ ചിരട്ട കൊണ്ടുള്ള പാത്രങ്ങൾ എന്ന തീരുമാനത്തിലെത്തിയത് ഒട്ടേറെ ഗവേഷണങ്ങൾക്കും തിരിച്ചടികൾക്കും ശേഷമാണ്.

‘‘പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കണം എന്നു പ്രസംഗിക്കുമ്പോൾ പകരം എന്ത് ഉപയോഗിക്കണം എന്നു പറയാൻ കൂടി നാം ബാധ്യസ്ഥരാണ്. ഉപയോഗശേഷം വെറുതെ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്ന ചിരട്ട കൊണ്ടുണ്ടാക്കുന്ന പാത്രങ്ങൾ സസ്റ്റൈനബിൾ ആണ്. ദീർഘനാൾ ഉപയോഗിക്കുകയും ചെയ്യാം,’’ മരിയ പറയുന്നു.

മരിയ തന്നെ ആദ്യം കുറച്ചു സാംപിൾ നിർമിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി. ഓർഡറുകൾ വന്നുതുടങ്ങിയപ്പോൾ ചിരട്ട കൊണ്ട് കരകൗശലവസ്തുക്കൾ നിർമിക്കുന്ന കുറച്ചു കലാകാരൻമാരുടെ സഹായം തേടി. ഇപ്പോൾ 12 കലാകാരൻമാരും അവരെ സഹായിക്കുന്ന ഒരു കൂട്ടം ആളുകളും ചേർന്ന് വലിയൊരു സംരംഭമാണ് ‘തേങ്ങ’.
ചിരട്ട മുറിക്കാനും വൃത്തിയാക്കാനുമെല്ലാം മെഷീൻ ഉപയോഗിക്കുന്നു. വെളിച്ചെണ്ണ കൊണ്ടാണ് പാത്രങ്ങൾ പോളിഷ് ചെയ്യുന്നത്. ഉപയോഗിച്ച് തിളക്കം കുറഞ്ഞ പാത്രങ്ങൾ ഭംഗിയാക്കാനും വെളിച്ചെണ്ണ ഉപയോഗിക്കാം.

ബൗളുകൾ, പിടിയുള്ളതും ഇല്ലാത്തതുമായ കപ്പുകൾ, സ്പൂൺ, തവി, മെഴുകുതിരി, പ്ലാന്റർ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ചിരട്ട ടൈൽ എന്നിവയെല്ലാം തേങ്ങ ബ്രാൻഡിൽ ലഭിക്കും. കമ്പനികളുടെയും വ്യക്തികളുടെയുമെല്ലാം പേര് എൻഗ്രേവ് ചെയ്തു കൊടുക്കുകയും ചെയ്യും.
150-700 എംഎൽ കൊള്ളുന്നവയാണ് പാത്രങ്ങൾ മിക്കതും. 250–600 രൂപയാണ് ഉൽപന്നങ്ങളുടെ വില. സോഷ്യൽ മീഡിയ വഴി, പ്രധാനമായും Thenga-coco എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിൽപന.