ഒളിംപിക്സ് പടിയിറങ്ങിയപ്പോൾ പതിവിലുമധികം മെഡലുകളുമായാണ് ഇന്ത്യൻ ടീം തിരിച്ചെത്തിയത്. നേട്ടങ്ങളെ നമുക്ക് ആഘോഷിക്കാം. അതേ സമയം ടോക്കിയോ ഒളിംപിക്സ് നൽകിയ ചില സന്ദേശങ്ങൾ മറക്കാതിരിക്കാനും ജീവിതത്തിൽ പകർത്താനും കൂടി ശ്രമിക്കണം. കോവിഡ് മഹാമാരിക്കിടയിലും ഏറ്റവും മികച്ച രീതിയിലാണ് ജപ്പാൻ ഇത്തവണത്തെ ഒളിംപിക്സ് നടത്തിയതെന്നതിൽ ആർക്കും തർക്കമില്ല. കൂടാതെ, പ്രകൃതിയോടു ചേർന്ന രീതിയിൽ നടത്തിയ 'ഗ്രീൻ ഒളിംപിക്സ്' എന്ന ഖ്യാതിയും ടോക്കിയോ ഒളിംപിക്സ് സ്വന്തമാക്കി.
വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള 18000 ത്തിലധികം കായികതാരങ്ങളും പരിശീലകരും സംഘടകരുമെല്ലാം കോവിഡ് 19 നെ അതിജീവിക്കുന്ന സൗകര്യങ്ങളോടെ ജീവിച്ച ഒളിംപിക് വില്ലേജ് പൂർണമായും സുസ്ഥിര ഊർജം ഉപയോഗിച്ചാണ് പ്രവർത്തിച്ചത്. ഒളിംപിക് വില്ലേജിൽ കായികതാരങ്ങൾക്കുള്ള താമസസ്ഥലത്തെ കട്ടിലുകൾ ഒരിക്കൽ ഉപയോഗിച്ച കാർഡ്ബോർഡുകൊണ്ടു നിർമിച്ചവയായിരുന്നു. 200കിലോ വരെ ഭാരം താങ്ങാൻ ശേഷിയുള്ള ഈ കട്ടിലുകൾ ഉപയോഗശേഷം മറ്റു പേപ്പർ ആവശ്യങ്ങൾക്കായി പുനരുപയോഗിക്കാം. കിടക്കകളും പുനരുപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ളതു തന്നെ.

ടോക്കിയോയിൽ നേരത്തേ ഉണ്ടായിരുന്ന സ്റ്റേഡിയങ്ങളും ഈ ഒളിംപിക്സിനു വേണ്ടി നിർമിച്ച എട്ട് പുതിയ സ്റ്റേഡിയങ്ങളും ഉൾപെടെ എല്ലാ കെട്ടിടങ്ങളും പൂർണമായും സൗരോർജമുപയോഗിച്ചാണ് പ്രവർത്തിച്ചത്. മഴവെള്ളവും ശുദ്ധീകരിച്ച കടൽജലവുമാണ് ഇത്രയുമധികം ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രയോജനപ്പെടുത്തിയത്. ബയോഗ്യാസിന്റെ ഉപയോഗത്തിലൂടെയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളുടെ പ്രിയവിഭവങ്ങൾ തീൻമേശയിലെത്തിച്ചത്. ഇതെല്ലാം പ്രകൃതിയെ അമിതമായി ബാധിക്കാതെ വലിയൊരു പരിപാടി സംഘടിപ്പിച്ചതിന് ജപ്പാന് കയ്യടി നേടിക്കൊടുത്തു.
ഇലക്ട്രോണിക് വേസ്റ്റിൽ നിന്നാണ് ഓരോ മെഡലും പിറവികൊണ്ടതെന്നതാണ് മറ്റൊരു പ്രത്യേകത. 78,985 ടൺ ഇലക്ട്രോണിക് വേസ്റ്റിൽ നിന്ന് (അതിൽ മൊബൈൽ ഫോണും ലോപ്ടോപ്പും ഡിജിറ്റൽ കാമറയുമെല്ലാം ഉൾപെടും) എടുത്ത ലോഹഭാഗങ്ങളാണ് മെഡലുകളായി രൂപാന്തരം പ്രാപിച്ചത്. 32 കിലോ സ്വർണ്ണം, 4100 കിലോ വെള്ളി, 2700 കിലോ വെങ്കലം എന്നിങ്ങനെയാണ് മെഡലിനായി ഇലക്ട്രോണിക് മാലിന്യത്തിൽ നിന്നു വേർതിരിച്ച ലോഹത്തിന്റെ അളവ്. കടലിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും പൊതുജനങ്ങളിൽ നിന്നു സംഭരിച്ച ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കും കൊണ്ടു നിർമിച്ച പോഡിയങ്ങൾ ഉപയോഗശേഷം സ്കൂളുകളുടെ ആവശ്യങ്ങൾക്കു കൈമാറും. ഇതെല്ലാം കൂടാത, ഒളിംപിക്സ് ദീപശിഖാവാഹകരുടെ യൂണിഫോം പോലും പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്ത് നിർമിച്ചതാണ്.

കായികതാരങ്ങൾക്ക് സ്റ്റേഡിയങ്ങളിലേക്കും തിരിച്ചു താമസസ്ഥലത്തേക്കുമെല്ലാം സഞ്ചരിക്കാൻ ഷട്ടിലടിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ടോക്കിയോ ഒളിംപിക്സിന്റെ മാറ്റുകൂട്ടി. പ്ലാന്റേഷൻ മരങ്ങൾ കൊണ്ടു പുതിയതായി നിർമ്മിച്ച സ്റ്റേഡിയങ്ങളെല്ലാം പുനരുപയോഗിച്ച് പൊതു ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളാക്കി മാറ്റാനാണ് പ്ലാൻ. കാർബൺ എമിഷൻ ഏറ്റവും കുറയ്ക്കണം എന്ന ലക്ഷ്യത്തോടെ അരങ്ങേറിയെന്ന് അവകാശപ്പെടുന്ന ടോക്കിയോ ഒളിംപിക്സ് പ്രതീക്ഷ കാത്തില്ല എന്ന് പരാതി പറഞ്ഞവരുമുണ്ട്. എങ്കിലും നമുക്ക് പഠിക്കാനും പിൻതുടരാനും ഒരുപാട് കാര്യങ്ങൾ തന്നാണ് ഈ ഒളിംപിക്സ് കഴിഞ്ഞുപോയത് എന്നതിൽ തർക്കമില്ല.