Saturday 10 April 2021 03:06 PM IST

‘പഴയ തടി കൊണ്ട് പ്രിയപ്പെട്ട കിണറിന് തുടി, കരിങ്കല്ല് കൊണ്ട് മാവിന് തറ’: പഴയ ഓർമ്മകളെ പുതിയ വീടിന്റെ ഭാഗമാക്കിയ ബുദ്ധി

Sreedevi

Sr. Subeditor, Vanitha veedu

maav 1

പഴയ വീട് പൊളിച്ചപ്പോൾ കൊല്ലം ചടയമംഗലത്തുള്ള ജാബിറിന് ഏറ്റവും മിസ്സ് ചെയ്തത് നല്ല ശുദ്ധജലം കിട്ടിയിരുന്ന കിണറായിരുന്നു. ഈ കിണർ നശിപ്പിക്കാതെ, പുതിയ വീടിനോട് കൂട്ടിച്ചേർക്കണം എന്ന് ജാബിറിന്റെ മനസ്സ് പറഞ്ഞു. അത്തരമൊരു പ്ലാനുമായി വരുന്ന ഡിസൈനറെ മാത്രമേ പണിയേൽപ്പിക്കൂ എന്ന് ജാബിർ ശാഠ്യം പിടിച്ചു. ഒടുവിൽ ജാബിറിന്റെ വിദ്യാർഥി കൂടിയായ എൻജിനീയർ വിഷ്ണുവാണ് അത്തരമൊരു പ്ലാൻ വരച്ചത്. പഴയ കിണർ നശിപ്പിച്ചില്ല എന്നു മാത്രമല്ല, പുതിയ വീടിന്റെ അടുക്കളക്കിണറാക്കി പ്രമോഷൻ നൽകുകയും ചെയ്തു. പഴയ തടി കൊണ്ട് നല്ലൊരു തുടിയും നിർമിച്ചപ്പോൾ പരമ്പരാഗത ശൈലിയിലുള്ള പുതിയ വീടിന്റെ മുഖശ്രീയായി കിണർ. പഴയ വീടിന്റെ ഭാഗമായിരുന്ന മറ്റൊരു കിണറും ഭംഗിയായി സംരക്ഷിച്ച് മാതൃകയായി ജാബിർ.

maav 2\

പഴയ വീട്ടുമുറ്റത്തു നിന്നിരുന്ന ഇല്ലിക്കൂട്ടങ്ങളും മാവും കളയുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല ജാബിറിന്. ഇല്ലി പടർന്ന് മുറ്റം മുഴുവൻ വ്യാപിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി ഒട്ടും ആശങ്കപ്പെടാനില്ലാത്ത ഒരു വഴി ഒടുവിൽ കണ്ടെത്തി. പഴയ വീടിന്റെ തറ പൊളിച്ചപ്പോൾ കിട്ടിയ കരിങ്കല്ല് ഉപയോഗിച്ച് ഇല്ലിക്കും മാവിനും തറ കെട്ടി. ഇപ്പോൾ വൈകുന്നേരം കുട്ടികളോടൊപ്പം ഇരുന്നു രസിക്കാനും കാറ്റുകൊള്ളാനും പറ്റിയ ഇടമായി ഇല്ലിത്തണലിലെ ഇരിപ്പിടം. ഇതു കൂടാതെ നല്ലൊരു ഫലവൃക്ഷത്തോട്ടവും ജാബിന്റെ മുറ്റത്തുണ്ട്. മാവ്, പ്ലാവ്, പേര, പ്ലം, പീച്ച്, ഓറഞ്ച് തുടങ്ങിയ മിക്ക ഫലവൃക്ഷങ്ങളും നട്ടുവളർത്തിയിട്ടുണ്ട്. ഏലം പോലുള്ള ഹൈറേഞ്ചിന്റെ കൃഷികളും ഇവിടെ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.  

maav
Tags:
  • Vanitha Veedu