Saturday 24 September 2022 05:02 PM IST : By സ്വന്തം ലേഖകൻ

ആരും വാ പൊളിക്കും ഡിസൈൻ... ഈ പശുത്തൊഴുത്ത് വേറെ ലെവൽ

cow shed 1

വീടുകളുടെയും ഓഫിസിന്റെയുമൊക്കെ ഡിസൈനിൽ പരീക്ഷണം നടക്കുന്നത് പുതുമയല്ല. എന്നാൽ പശുത്തൊഴുത്തിന്റെ കാര്യത്തിൽ ഇങ്ങനൊരു പരീക്ഷണം ആദ്യമായിരിക്കും. ജോർജ് മനുവിന്റെ പീരുമേട്ടിലെ അവധിക്കാല വസതി പോലെ അവിടെ നിർമിച്ചിരിക്കുന്ന പശുത്തൊഴുത്തും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ്. വീട് നിർമിച്ച ആർക്കിടെക്ട് വിനു ദാനിയേലിന്റെ ശിഷ്യനായ പേച്ചിമുത്തു കെന്നഡിയാണ് വേറിട്ട ഡിസൈനിനു പിന്നിൽ. പേച്ചിമുത്തുവിന്റെ ആദ്യ പ്രോജക്ട് ആണിത്.

cow shed 2

‘ടിംബ്രേൽ വോൾട്ട്’ (Timbrel Vault) രീതിയിൽ നിർമിച്ചിരിക്കുന്ന ഈ കെട്ടിടത്തിന് പ്രത്യേകം ഭിത്തിയും മേൽക്കൂരയുമൊന്നുമില്ല. ഭിത്തി തന്നെ മേൽക്കൂര, മേൽക്കൂര തന്നെ ഭിത്തി എന്ന രീതിയിലാണ് ഡിസൈൻ. തമിഴ്നാട്ടിൽ ഉപയോഗിക്കുന്ന ‘സിഡു കൽ’ (Situ Kal) എന്നു പേരുള്ള ചെറിയതരം ഓട് ഉപയോഗിച്ചാണ് നിർമാണം കോൺക്രീറ്റും സിമന്റും കാര്യമായി ഉപയോഗിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത.

cow shed 3

ആകൃതിയുടെ സവിശേഷതയും അടുക്കുന്നതിലെ പ്രത്യേകതയും കൊണ്ട് കെട്ടിടത്തിന് ഉറപ്പും ബലവും കിട്ടുന്ന ടിംബ്രേൽ വോൾട്ട് ടെക്നിക് ആണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ചെലവ് കുറവാണെന്നതാണ് ഈ രീതിയുടെ പ്രധാന മെച്ചം. നിർമാണവസ്തുക്കൾ വളരെക്കുറഞ്ഞ അളവിലേ ആവശ്യമായി വരുന്നുമുള്ളൂ.

cow shed 4

ഈ രീതിയിൽ നിർമിക്കുന്ന കെട്ടിടത്തിന് ഉറപ്പിനോ ബലത്തിനോ കുറവൊന്നുമില്ലെന്ന് ആർക്കിടെക്ട് പേച്ചിമുത്തു പറയുന്നു. ഒരേ സമയം എട്ടോ പത്തോ ആൾക്കാർ മേൽക്കൂരയിൽ കയറി നിന്നാലും കുഴപ്പമില്ല.

കുന്നിൻചെരിവിലാണ് ജോർജിന്റെ വീട്. ആണ്ടിൽ ഒൻപത് മാസവും നല്ല മഴയും തണുപ്പുമുള്ള കാലാവസ്ഥയാണിവിടെ. മഴവെള്ളം ഒരു തടസ്സവും കൂടാതെ ഒലിച്ചുപോകാനുളള സൗകര്യം കണക്കാക്കിയാണ് തൊഴുത്ത് ഈ രീതിയിൽ ഡിസൈൻ ചെയ്തത്. ഇതിനായി ഭൂമി നിരപ്പാക്കുകയോ നികത്തുകയോ ഒന്നും ചെയ്തില്ല. സാധാരണ രീതിയിലുള്ള പശുത്തൊഴുത്താണെങ്കിൽ പശുക്കൾക്ക് തണുപ്പടിക്കാനുള്ള സാധ്യത കൂടും. കമാനാകൃതിയിലുള്ള ഡിസൈൻ നൽകിയതിനാൽ ഇതൊഴിവാക്കാനുമായി.

cow shed 9 ആർക്കിടെക്ട് പേച്ചിമുത്തു

ചുറ്റുപാടുകളുടെ പ്രത്യേകതയനുസരിച്ച് സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ് കെട്ടിടത്തിന്റെ ആകൃതിയെന്ന് പേച്ചിമുത്തു കൂട്ടിച്ചേർക്കുന്നു.

cow shed 5 ജോൽജ് മനുവിന്റെ വീടിനെ കുറിച്ച് വനിത വീടിൽ പ്രസിദ്ധീകരിച്ച ലേഖനം

600 ചതുരശ്രയടിയാണ് തൊഴുത്തിന്റെ വലുപ്പം. മൂന്ന് മീറ്ററാണ് പൊക്കം. നാല് പശുക്കൾക്ക് സുഖമായി കഴിയാം. വെള്ളം നിറച്ചിടാനുള്ള ടാങ്ക്, പുല്ലും തീറ്റയും ഇടാനുള്ള അറകൾ, കഴുകുമ്പോഴുള്ള വെള്ളം ഒലിച്ചു പോകാനുള്ള സൗകര്യം എന്നിവയെല്ലാം തൊഴുത്തിലുണ്ട്. മൂന്നു മാസം വേണ്ടിവന്നു നിർമാണം പൂർത്തിയാകാൻ.

Fact File: Name of the firm : RnD Earth (Research and Design), Bangalore, Principal Architect: Petchimuthu Kennedy, Design Team: Petchimuthu Kennedy, Rigesh Niganth, Jeffril J Kumar, Shivani Saran S K, Photography: Studio IKSHA

Tags:
  • Architecture