Wednesday 26 June 2024 11:49 AM IST

കൊച്ചി ഫ്ലാറ്റിലെ കുടിവെള്ളപ്രശ്നം ഒറ്റപ്പെട്ടതോ? കുടിവെള്ളം ഉപയോഗിക്കുംമുൻപ് ഇതെല്ലാം ശ്രദ്ധിക്കണം

Sunitha Nair

Sr. Subeditor, Vanitha veedu

online Master page

പൈപ്പ് വെള്ളം ശുദ്ധീകരിച്ചാണ് ലഭിക്കുന്നതെങ്കിലും വീടുകളിൽ ഒന്നുകൂടി ശുദ്ധീകരിക്കണം. അടുക്കളയിൽ വാട്ടർ പ്യൂരിഫയർ വച്ചാൽ കുടിവെള്ളവും പാച കത്തിനുള്ള വെള്ളവും ശുദ്ധീകരിച്ചെടുക്കാം. അൾട്രാവയലറ്റ്, അൾട്രാഫിൽറ്ററേഷൻ ഇതുവഴി സാധ്യമാകുന്നു. വെള്ളത്തിലെ ബാക്ടീരിയ, ഇ കോളി, ക്ലോറിൻ തുടങ്ങിയവയുടെ സാന്നിധ്യം ഒഴിവാക്കാം.

ഇതു കൂടാതെ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചാൽ പാചകത്തിനും മറ്റാവശ്യങ്ങൾക്കും ഉൾപ്പെടെ വീട്ടിലേക്കുള്ള മുഴുവൻ വെള്ളവും ശുദ്ധീകരിക്കാം. പൊതുവേ രണ്ട് വലിയ ഫിൽറ്ററുകളാണ് ഇതിന് നൽകുന്നത്. പൈപ്പ് വെള്ളം വന്നു വീഴുന്ന, താഴെയുള്ള, ടാങ്കിന്റെ ഒൗട്ട്‌ലെറ്റ് ഫിൽറ്ററുകളുമായി ബന്ധിപ്പിക്കുന്നു. ശുദ്ധീകരിച്ച വെള്ളമാണ് മുകളിലെ ടാങ്കിലേക്കെത്തുന്നത്. കിണർ ആണെങ്കിൽ പമ്പിൽ നിന്നുള്ള ഔട്ട്‍‌ലെറ്റ് ഫിൽറ്ററുമായി ബന്ധിക്കുന്നു. തൽഫലമായി വീട്ടിലേക്കുള്ള മുഴുവൻ വെള്ളവും ശുദ്ധീകരിച്ചു കിട്ടുന്നു.

വീട്ടിലേക്കുള്ള മുഴുവൻ വെള്ളവും ഇത്തരത്തിൽ ശുദ്ധീകരിച്ചു കിട്ടിയാൽ പിന്നെ അടുക്കളയിൽ വാട്ടർ പ്യൂരിഫയർ നൽകേണ്ട കാര്യമുണ്ടോ എന്നു സംശയം തോന്നാം. നൽകിയില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ, നൽകുന്നതാണ് നല്ലത്. ഈയിടെ ചെന്നൈയിൽ നടത്തിയ പഠനത്തിൽ ഒരു ലീറ്റർ കടൽവെള്ളത്തിൽ മൂന്ന്-നാല് മൈക്രോൺ വലുപ്പമുള്ള ആറ്-ഏഴ് മൈക്രോപ്ലാസ്റ്റിക് കഷണങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇത്രയും ചെറിയ കഷണങ്ങൾ ഫിൽറ്റർ ചെയ്യാൻ വാട്ടർ പ്യൂരിഫയർ വേണം. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ 10 മൈക്രോണിൽ ചെറുത് ഫിൽറ്റർ ചെയ്യാൻ സാധിക്കില്ല.

ഇനി വാട്ടർ പ്യൂരിഫയർ ഉണ്ടെങ്കിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ആവശ്യമുണ്ടോ എന്നും തോന്നാം. മറ്റാവശ്യങ്ങൾക്ക് പൈപ്പിലെയോ കിണറിലെയോ വെള്ളം നേരിട്ട് ഉപയോഗിച്ചാൽ പോരെ? ഒരുവട്ടം ശുദ്ധീകരിച്ച വെള്ളമായതിനാൽ വാട്ടർ പ്യൂരിഫയറിന്റെ ഈട് കൂടും. പൈപ്പ് വെള്ളത്തിൽ അടങ്ങിയ ക്ലോറിൻ ശുദ്ധീകരിക്കാൻ സാധിക്കും. അങ്ങനെ കുളിക്കാനും മറ്റും ശുദ്ധമായ വെള്ളം ലഭിക്കുന്നു. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ചെളിയോ മറ്റോ കലർന്നിട്ടുണ്ടെങ്കിൽ അതും ശുദ്ധീകരിക്കാം.

ജലവിഭവ വകുപ്പിന്റെ നിർ‍ദേശങ്ങൾ

സംസ്ഥാനത്തെ ഭൂജല വകുപ്പിന്റെ കീഴിൽ നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ മൂന്ന് ലാബുകളിലാണ് ജലപരിശോധന നടത്തുന്നത്. വീട്ടാവശ്യത്തിനുള്ള വെള്ളം പരിശോധിക്കുന്നതിന് 670 രൂപയോളം ചെലവാകും. സ്വകാര്യ ലാബുകളിൽ 750–1,200 രൂപ ചെലവു വരും. ഭൂജല വകുപ്പിന്റെ പഠനപ്രകാരം കേരളത്തിൽ സാധാരണയായി കണ്ടു വരുന്ന ജലത്തിലെ പ്രധാന പ്രശ്നങ്ങൾ കുറഞ്ഞ പിഎച്ച് (<6.5), ഇരുമ്പിന്റെ അംശം (>1.0ppm), നൈട്രേറ്റ് (>10ppm), ബാക്ടീരിയയുടെ സാന്നിധ്യം എന്നിവയാണ്.

വെള്ളം നന്നായി തിളപ്പിച്ച് (10 മിനിറ്റ് വെട്ടി തിളപ്പിക്കുക) ബാക്ടീരിയ വിമുക്തമാക്കാം. 4000 ലീറ്ററിന് 10 ഗ്രാം എന്ന തോതിൽ നല്ല ബ്ലീച്ചിങ് പൗഡർ ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി അതിന്റെ തെളിയൂറ്റി ബ്ലീച്ചിങ് പൗഡറിന്റെ മണം അല്പം നിലനിൽക്കുന്ന വിധത്തിൽ തുറന്ന കിണറുകളിൽ 15 ദിവസത്തിലൊരിക്കൽ ഒഴിച്ച് ബാക്ടീരിയകളെ നശിപ്പിക്കാവുന്നതാണ്.

വെള്ളത്തിൽ നൈട്രേറ്റിന്റെ അളവ് 10ppmൽ കൂടുതലാണെങ്കിൽ സ്ഥലത്തെ മനുഷ്യജന്യമായ മലിനീകരണത്തെ സൂചിപ്പിക്കുന്നു. (പശുതൊഴുത്ത്, രാസവളങ്ങൾ, കക്കൂസ് മാലിന്യം തുടങ്ങിയവ വെള്ളത്തിൽ കലരുന്നതിന്റെ സൂചനയാണിത്.) ഇതിനു കാരണമായ ഉറവിടം കണ്ടെത്തി ഇല്ലാതാക്കാൻ ശ്രമിക്കണം.

വെള്ളം തിളപ്പിക്കുമ്പോൾ പിഎച്ച് ഒരു യൂണിറ്റ് വരെ കൂടുന്നതായി കാണുന്നു. ചില ഫിൽറ്ററുകൾ പിഎച്ച് കൂട്ടി നൽകുന്നതായും കണ്ടുവരുന്നു.

ഇരുമ്പ് മാറ്റാൻ വെള്ളം വായു നിറച്ച് (aeration) ഒരു ടാങ്കിൽ സൂക്ഷിക്കുക. ഇരുമ്പ് ഊറിയതിനു (precipitate) ശേഷം തെളിയൂറ്റി മറ്റൊരു ടാങ്കിലേക്ക് കൊടുത്ത് അത് ജലവിതരണ സംവിധാനത്തിലേക്ക് കൊടുക്കുക. മണ്ണ്/കാർബൺ‍ ഫിൽറ്ററുകൾ ഇരുമ്പിന്റെ അളവ് കുറയ്ക്കാൻ സഹായകമാണ്.

കടപ്പാട്:

ജലവിഭവ വകുപ്പ്, തിരുവനന്തപുരം

അക്വാപെന്റാ, കലൂർ, കൊച്ചി