ആഗ്രഹിക്കുന്നതെല്ലാം ഞൊടിയിടയിൽ കിട്ടണം എന്നാണ് പുതിയ തലമുറയുടെ പോളിസി. ത്രീഡി വീടുകൾ വൈറലായതിനു പിറകെ ലോകത്തെ ആദ്യത്തെ ത്രീഡി പാലം ആംസ്റ്റർഡാമിൽ കഴിഞ്ഞ ആഴ്ച ക്യൂൻ മാക്സിമ ഓഫ് നെതർലാൻഡ് ഉദ്ഘാടനം ചെയ്തു.

സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള, 12 മീറ്റർ നീളമുള്ള ഈ പാലം കാൽനടക്കാർക്ക് മാത്രമുള്ളതാണ്. നാല് വർഷത്തെ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് ഡച്ച് റോബോട്ടിക് കമ്പനിയായ MX3D ഈ പാലം നിർമ്മിച്ചത്. ഡിജിറ്റൽ ട്വിൻ ടെക്‌നോളജി ഉപയോഗിച്ചാണ് നിർമാണം.


ലിവിങ് ലബോറട്ടറി എന്നാണ് ഈ പാലത്തെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. പാലത്തിൽ ഘടിപ്പിച്ച സെൻസറുകൾ കാലം കഴിയുമ്പോൾ പാലത്തിനു വരുന്ന പലതരം മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിർമ്മാതാക്കളെ അറിയിച്ചു കൊണ്ടിരിക്കും. അത് പ്രയോജനപ്പെടുത്തി സാങ്കേതിക വിദ്യ കൂടുതൽ വികസിപ്പിക്കുവാനാണ് ശ്രമം. കൂടുതൽ പരിസ്ഥിതി സൗഹൃദവും പെട്ടെന്ന് നടക്കുന്നതും വാസ്തുവിദ്യാപരമായി ഗുണമേന്മ യുള്ളതുമായ ഇത്തരം നിർമ്മിതികൾ ഈ നൂറ്റാണ്ടിൽ ലോകമെങ്ങും പ്രചാരത്തിലാകുമെന്ന് ഉറപ്പാണ്. അതിന്റെ ആരംഭമായാണ് ലോകം ആംസ്റ്റർഡാമിലെ ഈ പാലത്തെ കാണുന്നത്.
