Thursday 15 November 2018 03:57 PM IST : By സ്വന്തം ലേഖകൻ

വാസ്തു വെറും ചടങ്ങല്ല, വീട്ടുകാരുടെ നന്മയ്ക്ക്; ഹാനികരമായ കാര്യങ്ങളിൽ നിന്നും സംരക്ഷിക്കും ഈ വാസ്തുനിയമങ്ങൾ

vasthu-home

പേര് സൂചിപ്പിക്കുന്നതുപോലെ, വാസ്തുശാസ്ത്രവും ഒരു ശാസ്ത്രം തന്നെ. നിരീക്ഷണങ്ങളും വസ്തുതകളും പ്രകൃതിയുടെ നിയമങ്ങളുമെല്ലാം ചില നിശ്ചിത വ്യവസ്ഥകളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ശാസ്ത്രം. ഉദ്ദേശം നാലായിരം വർഷം മുൻപ് നമ്മുടെ പൂർവികരാൽ മെനഞ്ഞെടുക്കപ്പെട്ട ഇൗ ശാസ്ത്രശാഖ തലമുറകളിലൂടെയും നൂറ്റാണ്ടുകളിലൂടെയും ഉരുത്തിരിഞ്ഞു വന്നതാണ്.

കാലത്തിന്റെ പരീക്ഷണകാലം അതിജീവിച്ചതിനാൽതന്നെ, വാസ്തു പ്രായോഗികമാണെന്നും അന്ധവിശ്വാസങ്ങൾക്കപ്പുറമുള്ള ശാസ്ത്രശാഖയാണെന്നും മനസ്സിലാക്കാം. കാലാവസ്ഥ അടിസ്ഥാനമാക്കിയാണ് വാസ്തുശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. മനുഷ്യരെയും കെട്ടിടങ്ങളെയും ബാധിക്കുന്ന അഞ്ച് പ്രകൃതി ഘടകങ്ങളാണ് വാസ്തുശാസ്ത്രം കണക്കിലെടുത്തിരിക്കുന്നത്. അവ ആ ധാരമാക്കിയാണ് കെട്ടിടനിർമിതിക്കുള്ള മാർഗനിർദേശങ്ങൾ പടുത്തുയർത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇൗ പ്രകൃതിഘടകങ്ങളുടെ പ്രയോജനവും ഹാനികരമായ കാര്യങ്ങളിൽനിന്നുള്ള സംരക്ഷണവും ലഭിക്കാൻ വാസ്തുശാസ്ത്രം സഹായിക്കുന്നു.

അഞ്ച് പ്രകൃതിഘടകങ്ങൾ ഇവയാണ്:

∙ പഞ്ചഭൂതങ്ങൾ

∙ സൂര്യനും അതിന്റെ സ്വാധീനവും

∙ ഭൂമിയുടെ കാന്തികവലയം

∙ എട്ട് പ്രധാന ദിശകൾ

∙ ഭൂമിയുടെ ഉൗർജമേഖലകൾ

ജീവനുള്ള ഒന്നാണ് ഭൂമിയെന്നും അതിൽനിന്ന് മറ്റു ജീവജാലങ്ങളും ജൈവ പ്രതിഭാസങ്ങളും ഉത്‌ഭവിക്കുന്നു എന്നതുമാണ് വാസ്തുവിന് ആധാരം. അതുകൊണ്ട് ഭൂമിയിലെ ഒാരോ കണികയ്ക്കും ‘ജീവന്റെ ഉൗർജം’ ഉണ്ട്. ഭൂമിയിൽ ജീവിതം സാധ്യമാകുന്നത് ആകാശം (സ്പേസ്), വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങൾ കാരണമാണ്. ഭൂമിയിലുള്ളതെല്ലാം, കെട്ടിടങ്ങൾ ഉൾപ്പെടെ, പഞ്ചഭൂതങ്ങളാൽ നിർമിതമാണ്. പഞ്ചഭൂതങ്ങളെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി, ജീവിക്കാനും ജോലി ചെയ്യാനും സഹായിക്കുന്ന സുഖകരവും പൊരുത്തവുമുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് വാസ്തു സഹായിക്കുന്നത്. അത് സ്വാഭാവികമായും ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്ന ഇടങ്ങൾ സമ്മാനിക്കും. കെട്ടിടത്തിന്റെ സ്ഥലം, ദിശ, പ്രകൃതം എന്നിവ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ ദിവസം മുഴുവൻ പഞ്ചഭൂതങ്ങളുടെ സുഖകരമായ സാന്നിധ്യം ജീവിതത്തിലുണ്ടാക്കും.

വാസ്തുവിൽ സൂര്യനുള്ള പ്രാധാന്യം വളരെ വലുതാണ്. ഒാരോ സ്ഥലത്തും സൂര്യോദയം മുതൽ അസ്തമനം വരെയുള്ളതും ഒാരോ ഋതുവിലുമുള്ള സൂര്യപ്രകാശത്തിന്റെ തോത് കെട്ടിടനിർമിതിയിൽ വളരെ പ്രധാനമാണ്.

വടക്ക്: ഇന്ത്യ ഭൂമധ്യരേഖയ്ക്കടുത്ത് ഉത്തരാർദ്ധഗോളത്തിലായതിനാൽ വ ർഷം മുഴുവനും വടക്കു വശത്തുനിന്ന് സ്ഥിരമായി സൂര്യപ്രകാശം ലഭിക്കും.

കിഴക്കു നിന്നുള്ള സൂര്യപ്രകാശം: പ്രഭാതത്തിലെ സൂര്യരശ്മികൾക്ക് തീവ്രത കുറവായിരിക്കുമെന്നതിനാൽ, സൂര്യപ്രകാശം ഏൽക്കാൻ പറ്റിയ സമയമാണിത്. അതുപോലെ, പ്രഭാത സൂര്യരശ്മികളിലെ അൾട്രാവയലറ്റ് രശ്മികൾക്ക് രോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.

പടിഞ്ഞാറും തെക്കും നിന്നുമുള്ള ഇൻഫ്രാറെഡ് രശ്മികൾ: അസ്തമനസൂര്യന്റെ രശ്മികൾക്ക് തീവ്രത കുറവാണെങ്കിലും സൂര്യനിൽ നിന്നുള്ള ഇൻഫ്രാറെഡ് രശ്മികൾ തെക്കും പടിഞ്ഞാറും ഭാഗ ത്ത് കൂടുതൽ ഏൽക്കാൻ ഇടവരുന്നു. ഇൻഫ്രാറെഡ് രശ്മികൾ ഭൂമിയിൽ പതിച്ച് വീണ്ടും വീണ്ടും പ്രതിഫലിക്കാൻ ഇടയുള്ളതിനാൽ വൈകുന്നേരങ്ങളിലും രാത്രിയിലും ഇൗ ഭാഗങ്ങളിൽ ചൂട് കൂടുതലായിരിക്കും.

ഭൂമിയുടെ കാന്തികമണ്ഡലവും വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഒരു അഗ്രം ഉത്തരധ്രുവത്തിലേക്കും മറ്റേ അഗ്രം ദക്ഷിണധ്രുവത്തിലേക്കും തിരിഞ്ഞിരിക്കുന്ന ബാർ മാഗ്നറ്റിന്റെ കാന്തികവലയത്തിനു സമാനമാണിത്. ഭൂമിയുടെ കാന്തികവലയം അടിസ്ഥാനമാക്കി മനുഷ്യർക്ക് ഏറ്റവും ഗുണകരമായ വാസ്തുനിയമങ്ങളിലൊന്ന് വടക്കോട്ട് തല വച്ച് ഒരിക്കലും ഉറങ്ങരുത് എന്നുള്ളതാണ്. തല ഉത്തരധ്രുവവും പാദം ദക്ഷിണധ്രുവവും ആയുള്ള ഒരു കാന്തമായാണ് മനുഷ്യശരീരത്തെ വാസ്തുശാസ്ത്രം കാണുന്നത്. അതുകൊണ്ട്, തല ഭൂമിയുടെ ഉത്തരധ്രുവത്തിലേക്ക് തിരിഞ്ഞിരിക്കുമ്പോൾ, രണ്ട് ഉത്തരധ്രുവങ്ങൾ തമ്മിൽ വികർഷിക്കുകയും മാനസിക പിരിമുറുക്കം, അസ്വസ്ഥമായ ഉറക്കം, മറ്റ് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം ഉണ്ടാകും. അതുകൊണ്ട് ദീർഘനേരത്തേക്ക് ഉറങ്ങുകയോ ഇരിക്കുകയോ ചെയ്യുമ്പോൾ തല വടക്കോട്ട് വയ്ക്കരുത് എന്ന് വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നു. ശാസ്ത്രീയമായ വിശദീകരണം – തീവ്രത കൂടുതലുള്ള ഭൂമിയുടെ കാന്തിക ഉത്തരധ്രുവത്തിന് (ഭൂമിശാസ്ത്രപരമായി തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു) മനുഷ്യരിൽ, പ്രത്യേകിച്ച് തലച്ചോറിൽ ഒരു പോസിറ്റീവ് സ്വാധീനം ഉള്ളതിനാൽ ഉറങ്ങുകയോ ഇരിക്കുകയോ ചെയ്യുന്നത് തല തെക്കുഭാഗത്ത് വച്ചായിരിക്കണം. അതുപോലെ കാന്തിക ദക്ഷിണധ്രുവ (ഭൂമിശാസ്ത്രപരമായി വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു) ത്തിന് നെഗറ്റീവ് സ്വാധീനം ഉള്ളതിനാൽ വടക്ക് ഭാഗത്ത് തല വച്ച് ഉറങ്ങുന്നത് വേെണ്ടന്നുവയ്ക്കണം.

vasthu-1

വാസ്തുശാസ്ത്രമനുസരിച്ച്, പ്രപഞ്ചം സ്ഥിതിചെയ്യുന്നത് അനന്തമായ ശൂന്യതയിലാണ്. അതിന് പ്രത്യേകിച്ച് ദിക്കുകളൊന്നുമില്ല. എന്നാൽ, ഭൂമിയിൽ നിയതമായ എട്ട് പ്രധാന ദിക്കുകളുണ്ട്, അതെല്ലാം സൂര്യനെ അപേക്ഷിച്ചുള്ളതുമാണ്. കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിവയാണവ. രണ്ടു ദിക്കുകൾ തമ്മിൽ ചേർന്നിരിക്കുന്ന മൂലകൾക്കും പ്രാധാന്യമുണ്ട്. കാരണം, രണ്ടു ദിക്കുകളിൽ നിന്നുമുള്ള ഉൗർജം അവിടെ ഒന്നിക്കുന്നുണ്ട്. വടക്കു കിഴക്ക് (ഇൗശാന), വടക്കു പടിഞ്ഞാറ് (വായവ്യ), തെക്കു പടിഞ്ഞാറ് (നൈരുധ്യ), തെക്കു കിഴക്ക് (ആഗ്നേയ) എന്നിവയാണവ.

വടക്കു നിന്ന് തെക്കു വരെയും കിഴക്കു നിന്ന് പടിഞ്ഞാറുവരെയും ഭൂമിയുടെ ഉപരിതലത്തിലൂടെ ഒരു ഗ്രിഡ് പോലെ കടന്നുപോകുന്ന അദൃശ്യമായ ഉൗർജ രേഖ കളെക്കുറിച്ചും വാസ്തുശാസ്ത്രത്തിന് കൃത്യമായ ധാരണകളുണ്ട്. ഇൗ രേഖകൾ സൃഷ്ടിക്കുന്ന വൈദ്യുതകാന്തിക മണ്ഡലം മനുഷ്യശരീരത്തെ ബാധിക്കുകയും ശരീരത്തിലെ അവയവങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.

ഭൗമോപരിതലത്തിൽ ഒരു കെട്ടിടം നിർമിക്കുമ്പോൾ ഇൗ സംതുലനാവസ്ഥ ഭേദിക്കപ്പെടുന്നുണ്ട് എന്നാണ് വിശ്വാസം. കാരണം, ഭൗതിക നിർമിതി വൈദ്യുത കാന്തിക മണ്ഡലത്തിൽ ഒരു വിടവ് സൃഷ്ടിക്കുന്നു. അതുകൊണ്ട്, കോസ്മിക് ഉൗർജം അഥവാ പ്രാണ, കെട്ടിടത്തിലും അതിനു ചുറ്റും സുഖകരമായി വിന്യസിക്കപ്പെടേണ്ടതിന് ഇൗ സംതുലനാവസ്ഥ പുനഃസൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

ഒരു നിർമിതിക്കൊരുങ്ങുമ്പോൾ ഇൗ കാര്യങ്ങളെല്ലാം കണക്കിലെടുക്കുകയും അവിടത്തെ നിവാസികൾക്ക് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുകയും ചെയ്യേണ്ടതിന് ഒാരോ മുറിയും ‘വാസ്തു പുരുഷമണ്ഡല’ത്തിന്റെ അനുയോജ്യമായ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ സൂര്യപ്രകാശത്തിന്റെ ക്രമീകരണം, ശരിയായ വായുസഞ്ചാരം, പ്രകാശക്രമീകരണം എന്നിവ കെട്ടിടത്തിനുള്ളിൽ ശരിയായി വിന്യസിക്കപ്പെടും. വാസ്തുമണ്ഡലം എന്നത് സ മചതുരാകൃതിയിലുള്ള, വീട്ടിലെ മുറികളുടെ സ്ഥാനം കാണിക്കുന്ന ‘മെറ്റാഫിസിക്കൽ’ പ്ലാൻ ആണ്. വാസ്തുമണ്ഡലത്തിൽ, നേരത്തേ പ്രതിപാദിച്ച അഞ്ച് കാര്യങ്ങളുടെ പ്രയോജനകരമായ കാര്യങ്ങൾ അനുഭവിക്കത്തക്ക വിധത്തിലാണ് വാസ്തു ശാസ്ത്രത്തിൽ മുറികൾ ക്രമീകരിച്ചിരിക്കുന്നത്. ■

വിവരങ്ങൾക്ക് കടപ്പാട്;

ആർക്കിടെക്ട് ഇന്ദു സനോഷ്

സെയ്ൻ ആർക്കിടെക്ട്സ് & ഇന്റീരിയേഴ്സ്, കോഴിക്കോട്.