വീടുകൾക്കും ജീവനോ?
തീർച്ചയായും. വാസ്തുശാസ്ത്രപരമായി ഗൃഹങ്ങൾക്കും ജീവത്വമുണ്ട്. കേവലമൊരു കെട്ടിടം ഗൃഹമായി മാറുന്നത് ജീവനുള്ള മനുഷ്യനും ജീവനില്ല എന്ന് നാം കരുതുന്ന ഗൃഹവും തമ്മിൽ താളപ്പെടുമ്പോൾ മാത്രമാണ്. ഇൗ ഇഴുകിച്ചേരൽ ആണ് വാസ്തുശാസ്ത്രം നൽകുന്നത്. കണക്കുകൾ എന്ന മാധ്യമത്തിലൂടെ പ്രതിഫലിക്കുന്ന വിവിധ അവസ്ഥകൾ ഗൃഹത്തിന് വിവിധങ്ങളായ ഭാവങ്ങൾ നൽകുന്നുണ്ട് എന്ന് വാസ്തു അനുശാസിക്കുന്നു.
സ്ഥൂല ശരീരമായ ഗൃഹത്തിന് സൂക്ഷ്മതലത്തിൽ കണക്കുകളും ആത്മാവായി ആദ്ധ്യാത്മിക സങ്കൽപങ്ങളും അനിവാര്യമാണ്. ജീവശരീരത്തിലെ ആത്മാവിനോട് തുലനം ചെയ്യുവാൻ കഴിയുന്ന ഒന്നാണ് ഗൃഹത്തിൽ നാം സങ്കൽപിച്ച് ആചരിക്കുന്ന ആദ്ധ്യാത്മിക ഭാവം. ഇൗ ഭാവം ഏറ്റവും അധികം പ്രതിഫലിക്കുന്നത് ഇൗശ്വരസങ്കൽപത്തിൽ നാം നൽകുന്ന പൂജാമുറി, പ്രാർഥനാ മുറി, അഥവാ നിസ്കാരസ്ഥലം എന്നിവയുടെ പ്രാധാന്യം, പവിത്രത, സ്ഥാനം എന്നിവയിലാണ്.
ഗൃഹത്തിൽ അദ്ധ്യാത്മിക ഭാവം ഉണർത്താനും ശാന്തിയും സമാധാനവും സൃഷ്ടിക്കാനും പുതിയ തലമുറയ്ക്ക് പാരമ്പര്യാർജ്ജിത ആദ്ധ്യാത്മിക പാഠങ്ങൾ പഠിപ്പിക്കാനും പൂജാമുറി /പ്രാർഥനാ സ്ഥാനങ്ങൾ അനിവാര്യമാണ്.
വാസ്തുശാസ്ത്രാനുസരണമായി ഇവ ഗൃഹത്തിന്റെ വടക്കുകിഴക്ക് കോണിലോ കിഴക്കോ പടിഞ്ഞാറോ തെക്കുപടിഞ്ഞാറോ ആയിട്ടാണ് നൽകുക. ഇവയ്ക്ക് പ്രാധാന്യം കൂടുമെങ്കിലും നിവർത്തിയില്ലെങ്കിൽ വൃത്തിയും വെടിപ്പുമുള്ള ഏത് സ്ഥാനവും ഇതിനായി ഉപയോഗിക്കാം. നല്ല വെന്റിലേഷൻ ഉള്ള ചെറിയ മുറിയാണിതിന് ഏറ്റവും അനുയോജ്യം.
പൂജാമുറിയുടെ കട്ടിളയുടെ ഉയരം കുറച്ച് പണിയുന്ന ഒരു പ്രവണത കാണുന്നുണ്ട്, എന്നാൽ ഇത് ആവശ്യമില്ല. ഗൃഹത്തിലെ മറ്റേതൊരു മുറിക്കും നൽകുന്ന ഉയരത്തിൽ തന്നെ ഇതിന്റെയും കതക് പണിതാൽ മതി, കാരണം നമ്മുടെ പൂജാമുറിയെ ക്ഷേത്ര ശ്രീകോവിലായിട്ടല്ല പണിയുന്നത്.
വടക്കുകിഴക്ക്, കിഴക്ക് സ്ഥാനങ്ങളിൽ പടിഞ്ഞാറ് ദർശനമായും തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ് സ്ഥാനങ്ങളിൽ കിഴക്ക് ദർശനമായുമാണ് ദേവൻമാരുടെ ഫോട്ടോകൾ സ്ഥാപിക്കേണ്ടത്. ഭൂമിയിൽ ഒരു താമ്പാളത്തിൽ നിലവിളക്ക് വച്ച് രണ്ട് തിരിയിട്ട് (കിഴക്കും പടിഞ്ഞാറും) കത്തിക്കേണ്ടതാണ്. ചില തറവാടുകളിൽ കുടുംബക്ഷേത്രം ഗൃഹത്തിന് വെളിയിൽ ഉണ്ടെങ്കിൽ, പൂജാമുറി പ്രത്യേകമായി നിർമിക്കേണ്ടതില്ല.