Thursday 02 July 2020 01:01 PM IST : By സ്വന്തം ലേഖകൻ

സിസേറിയൻ ചെയ്താൽ നടുവേദന വരുമോ?; അമ്മമാരുടെ പരാതിയും ഡോക്ടറുടെ മറുപടിയും; കുറിപ്പ്

anasthe

അനസ്തേഷ്യയെ കുറിച്ചുള്ള അബദ്ധധാരണകളെ കുറിച്ച് സംസാരിക്കുകയാണ് ഡോ. സുനിൽ ടി.എസ്. പ്രത്യേകിച്ച് നടുവിന് കുത്തിവച്ചാൽ നടുവേദന കൂടെപ്പോരുമെന്ന അനുഭവകഥകളെ മുൻനിർത്തിയാണ് ഡോക്ടറുടെ കുറിപ്പ്. അനസ്തേഷ്യയിലെ വിവിധ രീതികളെക്കുറിച്ചും അനന്തര ഫലങ്ങളെക്കുറിച്ചും ഡോക്ടർ വിശദമായി കുറിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

എന്റെ നട്ടെല്ലിൽ കുത്തണ്ട..ബോധം കെടുത്തിയാ മതി....!

"ഡോക്ടറെ എന്റെ ആന്റിയ്ക്ക് ഗർഭപാത്രം എടുത്തു മാറ്റുന്ന ഓപ്പറേഷൻ ഉണ്ടായിരുന്നു. അതിനു മയക്കിയില്ല, പകരം നടുവിന് കുത്തിവച്ചു. അന്നു തുടങ്ങിയ നടുവേദന പിന്നെ ഇതുവരെ മാറിയിട്ടില്ല. അതിനുശേഷം പിന്നെ കാലിന്റെ എല്ലു പൊട്ടിയതിനു ഓപ്പറേഷൻ വേണ്ടിവന്നപ്പോൾ നട്ടെല്ലിൽ കുത്താൻ ആന്റി സമ്മതിച്ചില്ല, ബോധം കെടുത്തിയാ മതിയെന്ന് അവർ തീർത്തു പറഞ്ഞു."

"നട്ടെല്ലിൽ കുത്തി വെച്ചതു കൊണ്ടാണ് നടുവേദന വന്നതെന്ന് ആരാ പറഞ്ഞത്?"

പക്ഷെ അതിനു ശേഷമാണ് നടുവേദന തുടങ്ങിയത്."

"ഉറപ്പാണോ?"

"എന്നാണ് അവർ പറഞ്ഞത്"

"വീട്ടിൽ വേറെ ആർക്കെങ്കിലും നടുവേദന ഉണ്ടോ?"

"ഉണ്ട് അങ്കിളിനും അമ്മക്കും ഇടക്കിടെ വരാറുണ്ട്. അതിനവർ തൈലം പുരട്ടി ചൂടുവെക്കും"

"അവർക്ക് നടുവിന് കുത്തിയിട്ടുണ്ടോ ?"

"അതില്ല."

"അപ്പോൾ അവർക്കെങ്ങിനെ നടുവേദന വന്നു?

"അറിയില്ല ഡോക്ടർ. എന്നാലും ഈ നട്ടെല്ലിലൊക്കെ കുത്തുക എന്നു വെച്ചാൽ...ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു."

"സത്യത്തിൽ അങ്ങിനെ പേടിക്കാൻ ഒന്നുമില്ല, എന്നു മാത്രമല്ല പലപ്പോഴും

ജനറൽ അനസ്‌തേഷ്യയേക്കാൾ സുരക്ഷിതവുമാണ്. നടുവേദനയും ഈ അനസ്‌തേഷ്യയുമായി ബന്ധമൊന്നുമില്ല."

"ഈ നട്ടെല്ലിൽ കുത്തിയുള്ള ഈ അനസ്‌തേഷ്യ യെപ്പറ്റി ഒന്നു പറഞ്ഞു തരാമോ? ഒരാവശ്യം വന്നാൽ കുത്തണോ കുത്തണ്ടേ എന്നു തീരുമാനിക്കാമല്ലോ."

"ശരി , ഇവിടെ രോഗിയുടെ ആവശ്യങ്ങൾ വീണ്ടും ഒന്നുകൂടെ നോക്കാം

1. ഓപ്പറേഷന് ശേഷം രോഗാവസ്ഥ നിശ്ശേഷം മാറുകയോ, അല്ലെങ്കിൽ കുറയുകയോ വേണം.

2. സർജെറിക്കിടയിലും സർജറിക്ക് ശേഷവും വേദന അറിയരുത്

3. ഒന്നും അറിയരുത്. അതായത് ഓപ്പറേഷൻ തീരും വരെ ഉറങ്ങണം.

4. ഓപ്പറേഷന് ഇടയിലുള്ള കാര്യങ്ങൾ ഒന്നും ഓർക്കരുത്.

ഇവിടെ രോഗിയുടെ ആവശ്യങ്ങൾ വേദന അറിയാതിരിക്കുക, ഒന്നും അറിയാതെ ഉറങ്ങണം എന്നിവയാണ്‌. 'അബോധാവസ്‌ഥ' എന്നത് സത്യത്തിൽ രോഗിയുടെ ഒരു ആവശ്യമേയല്ല.

ഇനി സർജന്റെ ആവശ്യങ്ങളും ഒന്നുകൂടെ നോക്കാം.

1. ഓപ്പറേഷന് ശേഷം രോഗാവസ്ഥ നിശ്ശേഷം മാറുകയോ, കുറയുകയോ വേണം.

2. ഓപ്പറേഷൻ കഴിയും വരെ രോഗി ചലിക്കാതെ സ്വസ്ഥമായി കിടന്നു തരണം.

3. മാംസപേശികൾ അയഞ്ഞു കിടക്കണം, സർജറി എന്ന കർമ്മം സുഗമമായി മുന്നോട്ടുപോകണം.

4. ഓപ്പറേഷൻ ചെയ്യുന്ന ഭാഗത്ത് വ്യക്തമായ കാഴ്ചക്ക് കഴിയുമെങ്കിൽ മുറിവുകളിൽ നിന്നുള്ള രക്തപ്രവാഹം കുറഞ്ഞിരിക്കണം.

ഇവിടെയും ബോധം കെടുത്തുക എന്നത് ഒരു അവശ്യ ഘടകം അല്ല.

അങ്ങിനെ എങ്കിൽ ബോധം കെടുത്താതെതന്നെ ഈ ആവശ്യങ്ങളെല്ലാം നടക്കുമെങ്കിൽ പിന്നെന്തിനു പാർശ്വഫലങ്ങളുള്ള ഡസൻ കണക്കിന് മരുന്നുകൾ ( poly-pharmacy ) രോഗി സ്വീകരിക്കണം?"

"ഓ...അങ്ങിനെ ഈ മരുന്നുകൾ എല്ലാം ഒഴിവാക്കി അനസ്‌തേഷ്യ സാധ്യമാണോ? എങ്കിൽ എന്തുകൊണ്ട് ആ രീതികൾ രോഗികൾക്കു നല്കിക്കൂടാ...?"

"നല്കുന്നുണ്ടല്ലോ..ജനറൽ അനസ്തേഷ്യ കൂടാതെ കുറെ അധികം രീതികൾ ഇന്ന് നിലവിലുണ്ട്."

"എന്തൊക്കെയാണ് ആ രീതികൾ ?"

"പറയാം.

ഉദാഹരണത്തിന് നിങ്ങളുടെ കാലിന്റെ തള്ള വിരലിൽ ഒരു ചെറിയ സർജറി വേണം എന്ന് കരുതുക.

ആ സർജറിക്ക് കുറെ അധികം അനസ്തേഷ്യ മരുന്നുകൾ നൽകി മയക്കേണ്ട ആവശ്യമുണ്ടോ? അതോ സർജറി ചെയ്യുന്ന ഭാഗം മാത്രം മരവിപ്പിച്ചാൽ മതിയോ?"

"വേദനയൊന്നും അറിയില്ലെങ്കിൽ ആ ഭാഗം മാത്രം മരവിപ്പിച്ചാലും മതി."

"വേദന അറിയില്ലെന്ന് മാത്രമല്ല ഓപ്പറേഷന് ശേഷം കുറെ നേരത്തേക്ക് വേദന അകറ്റി നിർത്താനും (post-op pain) സാധിക്കുമെങ്കിലോ?"

"എങ്കിൽ അത് വളരെ നല്ലത് തന്നെ..കുറെ അധികം മരുന്നുകൾ ഒഴിവാക്കുകയും ചെയ്യാമല്ലോ?"

"ഇനി മറ്റൊരു ഉദാഹരണം നിങ്ങളുടെ ഒരു കാലിന്റെ എല്ലു പൊട്ടി, സർജറി ചെയ്തു കമ്പി ഇടാൻ തീരുമാനിക്കുന്നു. കാലുമാത്രം മരവിപ്പിച്ചാൽ മതിയോ അതോ ജനറൽ അനസ്‌തേഷ്യ നൽകി മയക്കണോ?"

"കാലു മാത്രം പോരെ...പക്ഷെ ഡോക്ടർ ഇതെല്ലാം എങ്ങിനെ നടപ്പിലാക്കും?"

"ഇതിനെല്ലാം വഴികളുണ്ട്. വിശദമായി പറയാം. നമുക്കാദ്യം എന്തൊക്കെ തരം അനസ്‌തേഷ്യകൾ ഉണ്ടെന്നു നോക്കാം.

1. ജനറൽ അനസ്‌തേഷ്യ : രോഗിയെ മുഴുവനായും ബോധം കെടുത്തുന്ന തരം.

2. റീജിയണൽ അനസ്‌തേഷ്യ: ഏതു ഭാഗത്തേക്കാണോ അനസ്‌തേഷ്യ വേണ്ടത് അവിടേക്ക് മാത്രം കൊടുക്കുന്ന തരം.

ഈ രണ്ടാമത് പറഞ്ഞതു വീണ്ടും പല തരത്തിലുണ്ട്.

2A. നട്ടെല്ലിനുള്ളിലുള്ള സുഷുമ്ന നാഡിക്കു ചുറ്റും കൊടുക്കുന്ന തരം.

2B. ഏതു ഭാഗത്താണോ അനസ്‌തേഷ്യ വേണ്ടത് അവിടേക്ക് പോകുന്ന നാഡീ ഞരമ്പുകളിലോ, ഞരമ്പുകളുടെ ഒരു കൂട്ടത്തിനോ കൊടുക്കുന്ന തരം

2C. ഏതു ഭാഗത്താണോ അനസ്‌തേഷ്യ വേണ്ടതു അവിടുത്തെ ചർമത്തിൽ മാത്രം നേരിട്ടു കൊടുക്കുന്ന തരം.

2D. തൊലിയിൽ പുരട്ടുന്നതോ, സ്പ്രേ ചെയ്യുന്നതോ അല്ലെങ്കിൽ തുള്ളികളായി ഒറ്റിക്കുന്നതോ ആയി."

"ഓ ഇതു വളരെ ഇന്ററസ്റ്റിംഗ് ആയി തോന്നുന്നു. ഇത്രയധികം തരം അനസ്‌തേഷ്യ രീതികൾ ഉണ്ടെന്നത് എനിക്ക് പുതിയ ഒരു അറിവാണ്. അതിരിക്കട്ടെ,അപ്പോൾ ഈ സുഷുമ്ന നാഡിയിലാണോ മരുന്നു കൊടുക്കുന്നത്, നട്ടെല്ലിലല്ലേ?"

അതു മനസ്സിലാക്കണമെങ്കിൽ അല്പം ശരീര ശാസ്ത്രം (anatomy)അറിഞ്ഞിരിക്കണം, കേൾക്കാൻ റെഡി ആണല്ലോ?

"തീർച്ചയായും, പക്ഷെ അൽപ്പം ലളിതമായി പറയണം."

"ശരി, നട്ടെല്ലിന്റെ ഉള്ളിലൂടെയാണല്ലോ സുഷുമ്ന നാഡി (spinal cord) കടന്നു പോകുന്നത്,

ഈ സുഷുമ്ന നാഡിക്ക് ചുറ്റുമാണ് യഥാർത്ഥത്തിൽ മരുന്നു നൽകുന്നത്. ഈ സുഷുമ്നാ നാഡിക്ക് മൂന്നു ആവരണങ്ങൾ ഉണ്ട്. ഏറ്റവും പുറത്തുള്ള അല്പം കട്ടിയുള്ള ആവരണത്തെ ഡ്യൂറ മാറ്റർ (dura mater)എന്നാണ് വിളിക്കുന്നത്. ഏറ്റവും ഉള്ളിൽ നാഡിയോട് ചേർന്നു ഒട്ടിപ്പിടിച്ചിരിക്കുന്ന ആവരണത്തെ പയ മാറ്റർ ( pia mater)എന്നും, രണ്ടിനും ഇടയിലുള്ള ആവരണത്തെ അരക്നോയ്ഡ് മാറ്റർ (arachnoid mater) എന്നും വിളിക്കുന്നു. ഈ അരക്നോയ്ഡിനും പയക്കും ഇടയിലുള്ള സ്ഥലത്തു ഒരു ദ്രാവകം (cerebro spinal fluid) ഉണ്ട്. ഇതു സുഷുമ്ന യുടെ സംരക്ഷണത്തിനും കൂടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ഈ ദ്രാവകം തലച്ചോറിന് ചുറ്റുമുള്ള ദ്രാവകവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സുഷുമ്ന നാഡിയിൽ നിന്നാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള മിക്കവാറും എല്ലാ നാഡീഞരമ്പുകളും (spinal nerves) പോകുന്നത്.

ഈ നാഡീ ഞരമ്പുകളിലാണ് അനസ്‌തേഷ്യ ഡോക്ടർ കൊടുക്കുന്ന മരുന്ന് പ്രവർത്തിക്കുന്നത്. അതോടെ ഈ നാഡീ ഞരമ്പുകൾ പ്രതിനിധീകരിക്കുന്ന ശരീരത്തിന്റെ ഭാഗങ്ങൾ എല്ലാം വേദനാ രഹിതമാകുന്നു. കൂടാതെ ആ ഭാഗങ്ങളിലെ പേശികളും ചലിക്കാതാകുന്നു. കാരണം ഈ നാഡികളിലൂടെയാണ് സംവേദനത്തിനും പേശികളുടെ ചലനത്തിനുമുള്ള സിഗ്നലുകൾ സഞ്ചരിക്കുന്നത്. കൂടാതെ വേദനയോടൊപ്പം സ്പർശനക്ഷമതയും ( touch) പേശികളുടെ ബലവും (power and tone) നഷ്ടപ്പെടുന്നു. അതോടെ സർജറി ചെയ്യേണ്ട ശരീരഭാഗങ്ങൾ തീരെ നിശ്ചലമാകുകയും പേശികൾ അയഞ്ഞുകിടക്കുകയും ചെയ്യുന്നു.

ഇതിനു പുറമെ ആവശ്യമെങ്കിൽ ഉറങ്ങാനുള്ള ഒരു മരുന്നുകൂടെ സിരകളിലേക്കു (sedation) നൽകുന്നതോടെ രോഗി സർജറിക്ക് തയ്യാറായിക്കഴിഞ്ഞു."

"പക്ഷെ ഡോക്ടർ ഈ മരുന്ന് നട്ടെല്ലിന്റെ ഏതു ഭാഗത്താണ് കൊടുക്കുന്നത്?"

"നട്ടെല്ലിൽ കൊടുക്കുന്ന അനസ്‌തേഷ്യ തന്നെ രണ്ടു തരമുണ്ട്.

1. എപ്പിഡ്യൂറൽ അനസ്‌തേഷ്യ.( epidural anaesthesia)

2. സ്പൈനൽ അനസ്‌തേഷ്യ" (spinal/ sub-arachnoid block)

"എപ്പിഡ്യൂറൽ അനസ്‌തേഷ്യ യിൽ മരുന്നു കൊടുക്കുന്നത് നേരത്തെ പറഞ്ഞ ഡ്യൂറ മാറ്റർ നു തൊട്ടു പുറത്തായാണ്. അതേസമയം സ്പൈനൽ അനസ്‌തേഷ്യ യിൽ മരുന്നു കൊടുക്കുന്നത് നേരത്തെ പറഞ്ഞ അരക്നോയ്ഡ് മാറ്ററിന് ഉള്ളിലായി സെറീബ്രോ സ്പൈനൽ ഫ്ലൂയിഡിലാണ്."

"എപ്പിഡ്യൂറൽ അനസ്‌തേഷ്യ കഴുത്തുമുതൽ ത്രികാസ്ഥി( നട്ടെല്ലിന്റെ അവസാന ഭാഗം, sacrum) ഭാഗം വരെയുള്ള എവിടെയും കൊടുക്കുവാൻ കഴിയും. ഏതു ഭാഗമാണോ വേദനരഹിതമാകേണ്ടത് എന്നതിനനുസരിച്ചാണ് അതു തീരുമാനിക്കുന്നത്.

എന്നാൽ സ്പൈനൽ , സുഷുമ്നാ നാഡി അവസാനിക്കുന്ന, നടുഭാഗത്തു (lumbar) ഭാഗത്തു മാത്രമേ നൽകാൻ കഴിയുകയുള്ളൂ.'

"എന്തൊക്ക സർജറികൾ ഈ തരം അനസ്‌തേഷ്യ ഉപയോഗിച്ചു ചെയ്യാനാകും?"

"നെഞ്ചിനു താഴയുള്ള കുറെയേറെ സർജറികൾ ഈ അനസ്‌തേഷ്യ ഉപയോഗിച്ചു ചെയ്യാനാകും. അടിവയറിൽ( lower abdominal) ചെയ്യുന്ന സർജറികൾ, സ്ത്രീ രോഗ സംബന്ധമായ (obstetrics and gynec) സർജറികൾ കൂടാതെ കാലുകളിൽ ചെയ്യുന്ന എല്ലാ വിധ സർജറികളും ചെയ്യാൻ ഈ തരം അനസ്‌തേഷ്യ ഉപയോഗിക്കാം."

"പക്ഷെ ഡോക്ടർ ഇതിൽ ഏതാണ് നല്ലത്? എപ്പിഡ്യൂറലോ, സ്പൈനലോ ? നമ്മൾ ഏതു തിരഞ്ഞെടുക്കും?"

"രണ്ടിനും അതിന്റെതായ ഗുണങ്ങളും പരിമിതികളും ഉണ്ട്.

ഗുണപരമായി സ്പൈനൽ ആണ് നല്ലത്, വളരെ എളുപ്പത്തിലും വേഗത്തിലും അനസ്‌തേഷ്യക്കു വിധേയനാകാൻ കഴിയും. പക്ഷെ ഒറ്റ ഡോസ്‌ (single dose) മാത്രമേ കൊടുക്കാൻ കഴിയൂ എന്ന പരിമിതി ഇതിനുണ്ട്, അതുകൊണ്ടുതന്നെ നിശ്ചിത സമയം വരെയെ മരുന്നുകൾ പ്രവർത്തിക്കുകയുമുള്ളൂ. അതിനാൽ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ തീരുന്ന സർജറികൾക്കു മാത്രമേ സ്പൈനൽ അനസ്‌തേഷ്യ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.

നേരെമറിച്ച് എപ്പിഡ്യൂറൽ വളരെയേറെ നേരം നീണ്ടുപോകുന്ന സർജറികൾക്കു ഉപയോഗിക്കാം. വളെരെ നേർത്ത ഒരു കുഴൽ (epidural catheter) ഡ്യൂറക്കു തൊട്ടുമുകളിലായി ഇട്ടു വെച്ച് അതിലൂടെ മരുന്ന് ഇടവിട്ടുള്ള നേരങ്ങളിലോ തുടർച്ചയായോ നൽകാൻ കഴിയുന്നത് കൊണ്ടാണ് ഇത് സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ ഓപ്പറേഷന് ശേഷവും വേദനയില്ലാതിരിക്കുവാൻ ഇതു സഹായിക്കും.

ഗുണപരമായി സ്പൈനൽ അനസ്‌തേഷ്യയേക്കാൾ താഴെയാണ് എന്നതാണ് ഇതിന്റെ ന്യൂനത. ചെയ്യുവാൻ കൂടുതൽ സമയമെടുക്കുന്നതും കൂടുതൽ വൈദഗ്ധ്യം ആവശ്യമുണ്ടെന്നതും ഇതിന്റെ മറ്റു ന്യൂനതകൾ ആണ്."

"കേട്ടിട്ടു വളരെയേറെ സുരക്ഷിതം ആണെന്ന് തോന്നുന്നു. ഇതിനു പാർശ്വഫലങ്ങൾ ഒന്നും ഇല്ലല്ലോ.?"

"എന്നു തീർത്തു പറയാൻ കഴിയില്ല.

രക്തസമ്മർദ്ദം താഴുക, ഹൃദയമിടിപ്പ് കുറയുക തുടങ്ങി അപൂർവമായി തലവേദനയുമുണ്ടാകാം (post dural puncture head ache) പിന്നെ വളരെ വളരെ അപൂർവമായി, മരുന്ന് സുഷുമ്നയുടെ മുകൾ ഭാഗത്തെക്കു കയറുകയും അവിടെ പ്രവർത്തിച്ചു ( high spinal) ശ്വാസസ്തംഭനം (respiratory arrest) തുടങ്ങി ഹൃദയസ്തംഭനം വരെ ഉണ്ടാകാം.

പക്ഷെ മരുന്നു കൊടുത്തതിനു ശേഷം നിരന്തരമായി രോഗിയെ നിരീക്ഷിച്ചു പ്രതിവിധികൾ ചെയ്യുകയും ആവശ്യമെങ്കിൽ അതിനുവേണ്ട മരുന്നുകൾ നൽകുകയും ചെയ്താൽ എല്ലാ പാർശ്വഫലങ്ങളും നിയന്ത്രണത്തിലാക്കാൻ കഴിയും. നേരത്തെ പറഞ്ഞ നിരീക്ഷണ ഉപകരണങ്ങൾ ( ECG, pulse oxymetry, BP )എല്ലാം ഉപയോഗിക്കേണ്ടത് അത്യാവശ്യവുമാണ്."

"വലിയ സൂചിയാണ് കുത്താൻ ഉപയോഗിക്കുന്നത് എന്നു കേൾക്കുന്നത് ശരിയാണോ?"

"അല്ല. സ്പൈനലിനു സാധാരണ ഇഞ്ചക്ഷൻ സൂചിയേക്കാൾ കനം കുറഞ്ഞ, വളരെ നേർത്ത (25g, 26g, 27g) സൂചികളാണ് ഉപയോഗിക്കുന്നത്. പണ്ടുകാലത്ത് കനം കൂടിയ സൂചികളാണ് ഉപയോഗിച്ചിരുന്നത്, അതാകാം തെറ്റിധാരണക്കു കാരണം. എപ്പിഡ്യൂറലിനു പക്ഷെ കുറച്ചുകൂടി കനമുള്ള സൂചിയാണ് ഉപയോഗിക്കുന്നത്."

"അവസാനമായി ഒരു സംശയം കൂടി.. എല്ലാ രോഗികൾക്കും ഈ അനസ്‌തേഷ്യ ഉപയോഗിക്കാൻ കഴിയുമോ?"

"ഇല്ല. മേൽപറഞ്ഞ മരുന്നുകളോട് അലർജിയുള്ളവർ, സൂചി കുത്തുന്ന സ്‌ഥലത്തു ഇൻഫെക്ഷനോ മറ്റോ ഉള്ളവർ പിന്നെ ഈ അനസ്‌തേഷ്യ സ്വീകരിക്കാൻ കൂട്ടാക്കാത്തവർ എന്നിവർക്കൊന്നും ഇതു നല്കുകയില്ല. കൂടാതെ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട അസുഖമുള്ളവർ ( coagulopathy) ഹൃദയ വാൽവ് തകരാർ ഉള്ളവർ എന്നിവർക്കും ഈ അനസ്‌തേഷ്യ അത്ര സുരക്ഷിതമല്ല."

"ഇപ്പോൾ ആകെ സംശയമായി ഇതിൽ ഏതു അനസ്തേഷ്യയാണ് നമ്മൾ സ്വീകരിക്കേണ്ടത്?"

"അതു അത്ര വിഷമം പിടിച്ച കാര്യമൊന്നുമല്ല. രോഗി തന്റെ രോഗവിവരങ്ങളും സംശയങ്ങളും ആശങ്കകളും അനസ്‌തേഷ്യ ഡോക്ടറു മായി ചർച്ച ചെയ്യുക, ഏറ്റവും അനുയോജ്യവും അഭികാമ്യവുമായ അനസ്‌തേഷ്യ രീതി വിദഗ്ധനായ ഒരു അനസ്‌തേഷ്യ ഡോക്ടർ നിങ്ങൾക്ക് നിർദ്ദേശിക്കും."