ഇരുവഴിഞ്ഞിപ്പുഴയില്‍ ബി.പി. മൊയ്തീന്‍ എന്ന ഒരു നാടിന്റെ കലാസാംസ്കാരിക നായകൻ മറഞ്ഞിട്ട് 35 വർഷം. 1982 ജൂലായ് 15-ന് ഇരുവഴിഞ്ഞിപ്പുഴയിലെ കൊടിയത്തൂര്‍ തെയ്യത്തും കടവില്‍ കടത്തുതോണി മറിഞ്ഞുണ്ടായ അപകടത്തിലാണ് സഹയാത്രികരെ രക്ഷിക്കുന്നതിനിടയിൽ ബി.പി. മൊയ്തീന്‍ മരണമടഞ്ഞത്. അഭ്രപാളികളിൽ പിന്നീട് തെളിഞ്ഞ മൊയ്തീന്റെയും പ്രണയിനിയായിരുന്ന കാഞ്ചനമാലയുടെയും സ്വപ്നങ്ങൾ മാത്രമല്ല ആ കാലവര്‍ഷത്തിന്റെ കുത്തൊഴുക്കിൽ പൊലിഞ്ഞത്. നാടിന്റെ, സുഹൃത്തുക്കളുടെ, കുടുംബത്തിന്റെ കരുത്തുറ്റ വ്യക്തിത്വവുമായിരുന്നു. മുക്കത്തെ മണ്ണിൽ ഇന്നും മൊയ്തീൻ അവശേഷിപ്പിച്ച ജീവൻ തുളുമ്പുന്ന ഓർമകളുണ്ട്.
35 വർഷം പിന്നിടുമ്പോൾ മൊയ്തീൻ ജീവിതത്തോട് ചേർത്ത് വച്ചവയെല്ലാം മുക്കത്തെ മണ്ണിലൂടെ നടന്ന് വായിച്ചെടുക്കാം. 2015 ഒക്ടോബറിൽ വനിത മാസിക പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

സാമൂഹികസേവനം, പത്രപ്രവര്‍ത്തനം, സ്‌പോര്‍ട്‌സ്, സിനിമ, പരിസ്ഥിതി പ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങളിലെല്ലാം നിറഞ്ഞു നിന്നിരുന്ന മൊയ്തീനെ അന്ന് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചിരുന്നു.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന പേരില്‍ സിനിമയായപ്പോഴാണ് മലയാളികള്‍ക്കിടയിൽ കേരളത്തിലെ ഈ നായക കഥാപാത്രം സുപരിചിതനായത്.

മൊയ്തീന്റെ മരണശേഷം കാഞ്ചന മാലയുടെയും മൊയ്തീന്റെ മാതാവ് എ.എം.ഫാത്തിമയുടെയും നേതൃത്വത്തില്‍ സാമൂഹിക സേവനങ്ങള്‍ക്കും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ബി.പി. മൊയ്തീന്‍ സേവാ മന്ദിര്‍ ആരംഭിച്ചു.

