Friday 27 July 2018 05:40 PM IST

തലമുടിയില്ലെന്ന് പറഞ്ഞ് പരിഭവപ്പെടേണ്ട; ഇതാ തലമുടിക്ക് കനം തോന്നിപ്പിക്കും സൂപ്പര്‍ ടിപ്സ്

Rakhy Raz

Sub Editor

hair_volume1

ഏറ്റവും സ്റ്റൈലിഷ് ആയ അനാർക്കലി സൽവാർ, ഹൈ ഹീൽഡ് ചെരുപ്പ്, വളകൾ, സ്റ്റേറ്റ്മെന്റ് കമ്മൽ.. ഒക്കെ അസ്സലായി. പക്ഷേ കല്യാണത്തിനു പോകാൻ ഒരുങ്ങിയ ശേഷം കണ്ണാടി നോക്കിയ രേഷ്മയ്ക്ക് ദേഷ്യം വന്നു. ഒടുവിൽ ജീൻസും ടോപ്പുമിട്ട് അവൾ കല്യാണത്തിനു പോകാൻ തീരുമാനിച്ചു. സ്വന്തം മുടിയുടെ ലുക്ക് ആയിരുന്നു രേഷ്മയെ വിഷമിപ്പിച്ചത്. തലേന്ന് ഷാംപൂ ചെയ്തിട്ടിട്ടും നേർത്ത പഞ്ഞിത്തുണ്ട് പോലെയായിരുന്നു മുടി.

സാധാരണ രീതിയിൽ ഷാംപൂ ചെയ്തതു കൊണ്ടു മാത്രം മുടിയുടെ ഉള്ള് കട്ടിത്തോന്നിപ്പിക്കാൻ കഴിയില്ല. ഒരൽപം സൂത്രപ്പണികൾ കൈയിലുണ്ടെങ്കിൽ കാര്യം നടക്കും. ഇതാ മുടി കുറവുള്ളവർക്കായി ചില സൂപ്പർ ടിപ്സ്.

തലമുടി വകഞ്ഞെടുക്കുമ്പോൾ : സ്ഥിരമായുള്ള രീതിയിൽ വകഞ്ഞെടുക്കുമ്പോൾ മുടി സ്വാഭാവികമായി ഒതുങ്ങിയിരിക്കും. വകയുന്നത് അൽപം മാറ്റിയെടുത്താൽ മുടിക്ക് സാധാരണയുണ്ടാകുന്ന ഒതുക്കം കിട്ടാതെ വരികയും പൊങ്ങി നിൽക്കുകയും തലയുടെ മുകൾ ഭാഗത്തെ മുടിക്ക് (ക്രൗൺ) ഉള്ളുള്ളതായി തോന്നിപ്പിക്കുകയും ചെയ്യും.

ഷോർട്ട് ഹെയർ കട്ട് : മുടി കുറവാണെങ്കിലും ചേരുന്ന രീതിയിലുള്ള ഷോർട്ട് ഹെയർ കട്ട് മുടി കുറവ് മറയ്ക്കും. മുടിക്ക് ഉള്ള് കുറവുള്ളവർ മുടി നീട്ടി വളർത്തിയാൽ തീരെ കട്ടികുറവ് തോന്നിപ്പിക്കും. ഇത് മുടി വലിയാനും പൊട്ടാനും സാധ്യത കൂട്ടുകയും ചെയ്യും.

വോള്യൂമൈസിങ് ഷാംപൂ ഉപയോഗിക്കാം : പാർട്ടികൾക്കോ ആഘോഷങ്ങൾക്കോ പങ്കെടുക്കേണ്ടി വരുമ്പോൾ മുടി കട്ടിയുള്ളതായി തോന്നിപ്പിക്കാൻ സാധാരണ ഷാംപൂവിനു പകരം വോള്യൂമൈസിങ് ഷാംപൂ ഉപയോഗിക്കാം. ബ്യൂട്ടി എക്സ്പർട്ടിന്റെ നിർദേശപ്രകാരം ചേരുന്ന വോള്യൂമൈസിങ് ഷാംപൂ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. വോള്യൂമൈസിങ് ഷാംപൂ ഉപയോഗിക്കുമ്പോൾ മുടിയുടെ വേരുഭാഗം അൽപം ഉയർന്നു നിൽക്കും. ഇത് മുടിക്ക് ഉള്ളു ള്ളതായി തോന്നിപ്പിക്കും.

ബാക്ക് ബ്രഷിങ് : ഏറ്റവും അടിയിലെ ലെയർ മുടി നേർമയായി പിന്നോട്ട് ചീകുന്നത് മുടിയുടെ ഉള്ള് കൂട്ടി തോന്നിപ്പിക്കും. സൂക്ഷ്മതയോടെ വേണം ബാക്ക് ബ്രഷിങ് ചെയ്യാൻ. മുടി ജഡ പിടിച്ച് പൊട്ടിപ്പോകുന്ന വിധത്തിലാകാതിരിക്കാൻ ശ്രദ്ധിക്കണം. മുകളിലുള്ള മുടി പിൻ ചെയ്തു വച്ച ശേഷം അടിയിലെ മുടി ബാക്ക് ബ്രഷിങ് ചെയ്യുന്നതാണ് നല്ലത്. ബാക്ക് ബ്രഷ് ചെയ്ത മുടി ഹെയർ സെറ്റിങ് സ്പ്രേ ഉപയോഗിച്ച് സെറ്റ് ചെയ്ത ശേഷം മുകളിലെ മുടി അഴിച്ചിടാം. ഫങ്ഷൻ കഴിഞ്ഞ് മുടി മൃദുവായി ചീകി പഴപടിയാക്കുകയും വേണം.

അപ്സൈഡ് ഡൗൺ ബ്ലോ ഡ്രൈ : ബ്ലോ ഡ്രൈയിങ് മുടിയെ വോള്യൂമൈസ് ചെയ്യാൻ പ്രയോജനപ്രദമാണ്. പക്ഷേ, സാധാരണ രീതിയിലല്ല ബ്ലോ ഡ്രൈ ചെയ്യേണ്ടത്. കുനിഞ്ഞ് മുടി മുഴുവൻ മുന്നിലേക്ക് ഇട്ട ശേഷം തലയിൽ നിന്നും താഴേക്ക് ബ്ലോ ഡ്രൈ ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ മുടിയുടെ വേരുഭാഗം എതിർവശത്തേക്ക് പൊങ്ങും. ഇത് തിരികെ പഴയതുപോലെയാകാൻ സമയമെടുക്കും. അപ് സൈഡ് ഡൗൺ ആയി ബ്ലോ ഡ്രൈ ചെയ്ത ശേഷം റൗണ്ട് ബ്രഷ് ഉപയോഗിച്ചു വേണം ചീകി സെറ്റ് ചെയ്ത് ഇടാൻ. മുടി 90 % ഉണങ്ങിയ ഘട്ടത്തിലായിരിക്കും ഇത് ഏറെ പ്രയോജനപ്പെടുക.

ഉണങ്ങിയ മുടിക്ക് ഹോട്ട് റോളേർസ് : മുടി നന്നായി ഉണങ്ങിയ അവസ്ഥയിൽ വോള്യൂമൈസ് ചെയ്യാൻ നല്ലത് ഹോട്ട് റോളേഴ്സ് ആണ്. മുടി സെറ്റ് ചെയ്യുന്നതിന് 20 മിനിറ്റ് മുൻപ് ഹോട്ട് റോളേഴ്സ് ഉപയോഗിച്ച് മുടി കെട്ടി വയ്ക്കുക. അഴിച്ചിടുമ്പോൾ മുടിയുടെ ഉളള് കൂടിയതായി തോന്നും.

ബൺ കെട്ടി വയ്ക്കാം : ഫങ്ഷന് തലേ ദിവസം തലയ്ക്കു മുകളിലായി മുടി ബൺ രീതിയിൽ കെട്ടിയ ശേഷം ഉറങ്ങാം. പിറ്റേന്നു മുടിയഴിച്ചിടുമ്പോൾ മികച്ച രീതിയിൽ മുടിക്കു ബൗൺസിങ് കിട്ടും.

പിന്നിയിടാം പലതായി : മുടിയുടെ മുകൾ ഭാഗം ക്ലിപ്പ് ചെയ്തു വച്ച ശേഷം താഴ്ഭാഗം നാലോ അഞ്ചോ ലെയറായി പിന്നിയിടുക. അതിന് ശേഷം മുകൾ ഭാഗവും അത് പോലെ പിന്നിയിടുക. ഓരോ പിന്നലും അയൺ ഉപയോഗിച്ച് പ്രസ് ചെയ്ത ശേഷം അഴിച്ചിടാം. മുടിയുടെ ഉള്ള് ഇരട്ടിയായതായി തോന്നും.

ഹെയർ പാച്ചസ് : മുടി ഇടയ്ക്കിടെ കൂടുതലായി കൊഴിഞ്ഞു പോയിട്ടുള്ളവർക്ക് കുറവുള്ളയിടത്തു മാത്രം വയ്ക്കാവുന്ന ഹെയർ പാച്ചസ് ലഭിക്കും. മുടിയുടെ ക്രൗൺ ഏരിയയിൽ (തലയുടെ മുകളിൽ) മുടി കുറവുള്ളവർക്ക് ഈ മാർഗം നന്നായിരിക്കും. ക്രൗൺ ഏരിയയിൽ തീരെ ഉള്ളു കുറഞ്ഞവർക്ക് ഹെയർ എക്സ്റ്റൻഷൻസ് പ്രയോജനപ്പെടില്ല.

മുടിയുടെ ആരോഗ്യം വീണ്ടെടുക്കൂ

മുടി കൊഴിച്ചിൽ തുടങ്ങുമ്പോഴേ പരിചരണം നൽകിയാൽ മുടി വീണ്ടും കിളിർത്തു വരും. വൈകും തോറും കൊഴിഞ്ഞ മുടിയിഴകളുടെ ഫോളിക്കിൾ അടഞ്ഞുപോകുകയും പിന്നീട് അവിടെ മുടി കിളിർക്കാൻ സാധിക്കാതെ വരികയും ചെയ്യും. മുടി വളർച്ചയെ സഹായിക്കുന്ന ട്രീറ്റ്മെന്റുകുളും വീട്ടിൽ ചെയ്യേണ്ട പരിരക്ഷയും കൂടിച്ചേരുമ്പോൾ സാവധാനം മുടിയുടെ കട്ടിയും ഉള്ളും കൂടി വരും. ബ്യൂട്ടി എക്സ്പേർട് നിർദേശിക്കുന്ന ഉൽപന്നങ്ങൾ ആറ് മാസമെങ്കിലും ഉപയോഗിച്ച് നോക്കണം. മാർക്കറ്റിൽ ലഭ്യമായ ഡാൻഡ്രഫ് ഷാംപുവും മറ്റും ഉടനടി ഫലം തരുമെങ്കിലും സ്ഥിരമായി പ്രശ്നം പരിഹരിക്കാൻ ട്രീറ്റ്മെന്റ് തന്നെ വേണ്ടി വരും.

മുടിയുടെ ബോഡി ഗാർഡ്സ്

hair2

ചില പ്രകൃതി വസ്തുക്കളിലുണ്ട് മുടി വളർച്ചയ്ക്കു വേണ്ട പോഷകഗുണങ്ങൾ. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത്തരം വസ്തുക്കൾ ഉപയോഗിച്ച് മുടി പരിചരിക്കുന്നത് മുടിയുടെ ആരോഗ്യം കൂട്ടും.

മുട്ട: ഒരു മുട്ട നന്നായി അടിച്ച് പതപ്പിച്ച് തലയിൽ തേച്ച് 20 മിനിറ്റ് നേരം ഇരുന്ന ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

കറ്റാർവാഴ: കറ്റാർവാഴ ജെൽ മുടി വളർച്ചയെ സഹായിക്കും. കറ്റാർവാഴ മുറിച്ച് രണ്ടു വലിയ സ്പൂൺ ജെൽ എടുത്ത് അത് സമം എണ്ണ ചൂടാക്കി അതിൽ ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. കറ്റാർവാഴ വീട്ടിൽ ഇല്ലാത്തവർക്ക് ആലുവേര ജെൽ മാർക്കറ്റിൽ നിന്നും വാങ്ങി ഉപയോഗിക്കാം. താരൻ, ഡ്രൈ സ്കാൽപ് എന്നീ പ്രശ്നങ്ങൾക്ക് കറ്റാർവാഴ വളരെ നല്ലതാണ്.

മൈലാഞ്ചി: ഒരു പിടി മൈലാഞ്ചിയില വെള്ളത്തിലരച്ചത് പുരട്ടി മാസത്തിൽ ഒരിക്കൽ തലകഴുകുന്നത് ചർമത്തിലെ അണുബാധകൾ അകറ്റി മുടി വളരാൻ സഹായിക്കും.

ഉലുവ: അൽപം ഉലുവ തലേന്ന് വെള്ളത്തിലിട്ട് വയ്ക്കുക. പിറ്റേന്ന് നന്നായി അരച്ച് പേസ്റ്റ് ആക്കി തലയോട്ടിയിലും മുടിയിലും പുരട്ടി കുളിക്കുന്നത് താരൻ അകറ്റാൻ നല്ലതാണ്.

ഗ്രീൻ ടീ: ഗ്രീൻ ടീ ഉണ്ടാക്കി തണുപ്പിച്ച ശേഷം തലയിലും മുടിയിലും നന്നായി പുരട്ടി ഉണങ്ങാൻ അനുവദിക്കുക. അതിനു ശേഷം ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം.

ഇവ ശ്രദ്ധിക്കാം

താരൻ, ഡ്രൈ സ്കാൽപ് പോലെയുള്ള പ്രശ്നങ്ങൾ മൂലമുള്ള മുടികൊഴിച്ചിലും പോഷണക്കുറവും മലിനീകരണവും കൊണ്ടുണ്ടാകുന്ന മുടികൊഴിച്ചിലും ബ്യൂട്ടി എക്സ്പർട്ടിന് പരിഹരിക്കാൻ കഴിയും. പരിചരണം മൂലം പരിഹരിക്കപ്പെടാത്ത മുടികൊഴിച്ചിലിന് കാരണം പിരിമുറുക്കം, ഹോർമോൺ വ്യതിയാനം എന്നിവയാകാം. മുടി കൊഴിച്ചിലും കഷണ്ടിയും രണ്ടാണ്. കഷണ്ടിയിലേക്ക് മുടി കൊഴിച്ചിൽ നീങ്ങുന്നുവെങ്കിൽ തീർച്ചയായും കോസ്മറ്റോളജിസ്റ്റിനെ കാണണം. കിടക്കുമ്പോഴും മറ്റും മുടി തലയണയിൽ ഉരസി കട്ടി കുറയാനും അറ്റം പിളരാനും കൊഴിയാനും സാധ്യതയുണ്ട്. അതിനാൽ നീളം കുറച്ചു മുറിച്ച മുടിയാണെങ്കിലും കിടക്കുമ്പോൾ ഒരു ഹെയർ ബാന്റ് ഉപയോഗിച്ച് അയച്ച് കെട്ടിവയ്ക്കണം.

മുടിക്ക് കനം കുറവുള്ളവർ സ്ഥിരമായി ഡൈ ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ കൂട്ടിയേക്കാം. ഹെയർ കെയർ ട്രീറ്റ്മെന്റുകൾ ഇടയ്ക്കിടെ ചെയ്യുന്നത് ഇത്തരം മുടികൊഴിച്ചിൽ കുറയ്ക്കും. ഡൈകൾ ഒട്ടും പറ്റാത്തവർക്ക് പ്രകൃതിദത്ത ഹെയർ ഡൈ ഉപയോഗിക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ശ്വേത കുഞ്ചൻ

ഹെയർ & മേക്കപ്പ് ആർട്ടിസ്റ്റ്, ലിവ് ഇൻ മോർ സ്റ്റൈൽ പനമ്പിള്ളിനഗർ, എറണാകുളം.