രാജ്യം നിശ്ചലമായ ലോക്ഡൗൺ ദിനങ്ങളിൽ മിറിയം കോശിയുടെ ഫോണിലേക്ക് ഒരു വാട്സാപ്പ് സന്ദേശം വന്നു. ‘ഗോവയിലെ അന്യസംസ്ഥാന തൊഴിലാളികൾ ഭക്ഷണം പോലും ലഭിക്കാതെ കഷ്ടപ്പെടുന്നു. അവർ നാട്ടിലേക്ക് പോകാനാകാതെ ഗോവയിൽ കുടുങ്ങിക്കിടക്കുകയാണ്.’ ഇത്തരം മെസേജുകൾ മറ്റു ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യുകയാണ് പൊതുവേ എല്ലാവരും ചെയ്യാറുള്ളത്. എന്നാൽ മിറിയം ചിന്തിച്ചത് ‘എന്തു ചെയ്യാനാകും ?’ എന്നായിരുന്നു. ആ സന്ദേശം മാറ്റം കുറിച്ചത് മിറിയത്തിന്റെ ജീവിതത്തിൽ മാത്രമായിരുന്നില്ല. അത് ഗോവയിലെ ആയിരക്കണക്കിനു അതിഥി തൊഴിലാളികൾക്കുള്ള പ്രകാശമായി മാറി.
കാരുണ്യത്തിന്റെ കിറ്റ്
‘ഞാൻ ബിസിനസ് മാനേജ്മെന്റ് പഠിച്ച ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അലുമിനി വാട്സാപ്പ് ഗ്രൂപ്പിലാണ് മെസേജ് വരുന്നത്. അതേ സമയം ‘ഓർഗാനിക് ടീ കിട്ടുന്നില്ല’ പോലുള്ള മെസേജുകളും ഗ്രൂപ്പിൽ വരുന്നുണ്ടായിരുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വലിയ അന്തരം വിളിച്ചു പറയുന്നവയായിരുന്നു ആ സന്ദേശങ്ങൾ.
സ്വന്തം നാട്ടിൽ ജീവിക്കാൻ മാർഗമില്ലാത്തതിനാൽ നാടുവിട്ടു വന്നവരാണ് അന്യസംസ്ഥാനക്കാർ. അവർ ജോലി ചെയ്യുന്ന നാട് അവരെ ആവശ്യത്തിന് ഉപയോഗപ്പെടുത്തിയെങ്കിലും ബുദ്ധിമുട്ട് വന്നപ്പോൾ കൈവിടുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. ഇങ്ങനെ കഷ്ടം പറയുകയല്ല, നമ്മൾ പ്രവർത്തിക്കുകയല്ലേ വേണ്ടത്. ഞാൻ സുഹൃത്തുക്കളോട് ചോദിച്ചു. കുറേ പേർ ഒപ്പം കൂടാമെന്ന് ഉറപ്പു തന്നു. സുഹൃത്തുക്കൾ ആവശ്യമായ പലചരക്ക് എത്തിച്ചു. ചിലർ വൊളന്റിയർമാരെ ഏർപ്പാടാക്കി. ഗോതമ്പ് പൊടി, പയർ, പരിപ്പ് പച്ചക്കറി, ഡെറ്റോൾ സോപ്പ്, എന്നീ സാധനങ്ങൾ സംഭരിച്ചു. മിറിയം സ്വന്തം വീട് സംഭരണ കേന്ദ്രമാക്കി മാറ്റി. വൊളന്റിയർമാരുടെ സഹായത്തോടെ റീ പാക്ക് ചെയ്ത് കഷ്ടപ്പാട് നേരിടുന്ന അതിഥി തൊഴിലാളികൾക്ക് എത്തിച്ചു കൊടുത്തു തുടങ്ങി. ആ ശ്രമത്തിൽ നിന്നാണ് കോവിഡ് ഔട്ട് റീച്ച് ഗോവ എന്ന സംഘടനയുടെ പിറവി.
വളർന്നു വലുതായി കോഗ്
സഹായം വേണ്ടവർ ധാരാളമുണ്ടെന്ന് മനസിലായതോടെ ‘കോവിഡ് ഔട്ട് റീച്ച് ഗോവ’ (COG) കൂടുതൽ വൊളന്റിയർമാരെ ക്ഷണിച്ചു. പല അതിഥി തൊഴിലാളികൾക്കും ആറു മാസം മുൻപുള്ള ശമ്പളം പോലും തൊഴിലുടമകൾ കൊടുത്തിരുന്നില്ല.
‘എന്റെ അപ്പ മാത്തുക്കുട്ടി ലക്നൗവിൽ സൈക്യാട്രിക് കൗൺസലറും അമ്മ സൂസൻ കോശി അധ്യാപികയുമായിരുന്നു. നാട്ടിൽ അപ്പയുടെ സ്ഥലം കവിയൂരും അമ്മയുടെ വീട് കുണ്ടറയുമാണ്. ഞാൻ പഠിച്ചതും വളർന്നതും ലക്നൗവിലായതിനാൽ ഹിന്ദി നന്നായി അറിയാം. ഇത് തൊഴിലാളികളുമായുള്ള ആശയവിനിമയം എളുപ്പമാക്കി. സഹപാഠിയായിരുന്ന ജാക്കുമായുള്ള വിവാഹ ശേഷമാണ് ഞാൻ ഗോവയിൽ സ്ഥിരതാമസമായത്. ജാക്കിന്റെ കുടുംബ ബിസിനസ്സിൽ പ്രവർത്തിക്കുന്നതിനൊപ്പം എനിക്ക് സ്വന്തം ചിത്രങ്ങളുടെ ഗാലറിയും ഉണ്ട്.
അതിഥി തൊഴിലാളികൾക്കായി പോർട്ടൽ
നമുക്ക് ഒപ്പം ജീവിക്കുന്നവരെ കൂടി പരിഗണിക്കുമ്പോഴേ മനുഷ്യൻ എന്ന വിശേഷണം നമ്മൾ അർഹിക്കുന്നുള്ളൂ. തുടക്കം കിട്ടിയാൽ പല നല്ല കാര്യങ്ങളും എളുപ്പത്തിൽ ചെയ്യാൻ കഴിയും. കോഗിന് കിട്ടിയ സഹകരണം അത്ര വലുതായിരുന്നു. പല കമ്പനികളും സാധനങ്ങളും അവശ്യ വസ്തുക്കളും തന്നു. വിതരണത്തിനായി ‘ഡെല്ലിവറി’ എന്ന ലോജിസ്റ്റിക് കമ്പനി ട്രക്കുകൾ വിട്ടു തന്നു. വൊളന്റിയർമാരുടെ മടുപ്പില്ലാത്ത പ്രവർത്തനം ആയിരുന്നു യഥാർഥ മൂലധനം.
ഭർത്താവ് ജാക്കും പതിനാലും പന്ത്രണ്ടും വയസ്സുള്ള എ ന്റെ മക്കൾ അവ്നീതയും ആരവും എല്ലാം അവരാൽ കഴിയുന്ന വിധം ഈ പ്രവർത്തനങ്ങളിൽ എനിക്കൊപ്പം നിന്നു. ഞാൻ കോഗിന്റെ പ്രവർത്തനങ്ങളിൽ സജീവമായപ്പോൾ വീടിന്റെ ഉത്തരവാദിത്തം ജാക്ക് ഏറ്റെടുത്തു. ഇതിനകം ആറായിരത്തിലധികം പേർക്ക് സഹായം എത്തിക്കാൻ കഴിഞ്ഞു.
കോവിഡ് കാലമാണ് സേവനത്തിന് തുടക്കമിട്ടതെങ്കിലും കോവിഡ് ആവശ്യങ്ങൾ കുറഞ്ഞതോടെ പ്രവർത്തനം അവസാനിപ്പിച്ചില്ല കോഗ്. കോഗ് എന്ന ചുരുക്കപ്പേരു മാറാതെ കോവിഡ് ഔട്ട്റീച്ച് ഗോവ എന്ന പേര് 'ചെയ്ഞ്ച് ഓൺ ഗ്രൗണ്ട്സ് ' എന്നാക്കി പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി.
‘‘ആദ്യ ഘട്ടത്തിൽ ഭക്ഷണം, അവശ്യ വസ്തുക്കൾ എന്നിവ ആയിരുന്നു അവരുടെ ആവശ്യമെങ്കിൽ പിന്നീടത് തൊഴിലായി. അതിഥി തൊഴിലാളികളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് അവർക്ക് തൊഴിൽ കണ്ടെത്തിക്കൊടുക്കാൻ സഹായകമായ പോർട്ടൽ തുടങ്ങുന്നത് അതിനായാണ്. covidoutreachgoa.in എന്ന വെബ് പോർട്ടൽ വഴി അന്വേഷിച്ചാൽ അതത് ലൊക്കേഷനിലും തൊഴിലാളികളെ ലഭിക്കും. ഇതു വഴി സർക്കാർ സ ഹായങ്ങളും തൊഴിലാളികൾക്ക് എളുപ്പത്തിൽ കിട്ടാൻ തുടങ്ങിയതിന്റെ ഇരട്ടി സന്തോഷത്തിലാണ് മിറിയം കോശി.