Tuesday 04 June 2019 02:46 PM IST

വവ്വാലിന്റെ ശരീരത്തിൽ പതിയിരിക്കും; രോഗം പടർത്തുന്നത് ഡ്രോപ്‌ലെറ്റുകളിലൂടെ! ‘നിപ്പ’ മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

Santhosh Sisupal

Senior Sub Editor

nipah-6667

നിപ്പ എന്തുകൊണ്ട് വീണ്ടും ഇപ്പോൾ? നമുക്കിടയിൽ? ഈ ചോദ്യങ്ങളുടെ കൃത്യമായ ഉത്തരം ദുരൂഹമാണ്. തുടർച്ചയായി രോഗം വന്ന ബംഗ്ലദേശിൽ രോഗബാധ ഏറ്റവും കൂടുതലാ‍യി കണ്ടത് ഡിസംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിലായിരുന്നു. ഈ കാലയളവിലാണ് വവ്വാലുകളുടെ  പ്രജനനം നടക്കുന്നത്. ഈ സമയത്ത് വവ്വാലിന്റെ ശരീരത്തിന്റെ പ്രതിരോധ ശക്തി കുറയുകയും വൈറസ് സജീവമാകുകയും ചെയ്യും. തുടർന്ന് ഇവയുടെ ഉമിനീർ, വിസർജ്യങ്ങൾ എന്നിവയിലൂടെ പുറത്തു വരുകയും ചെയ്യുന്നു. 

വവ്വാലുകളുടെ  ആവാസ വ്യവസ്ഥയിലേക്കു മനുഷ്യന്റെ കടന്നുകയറ്റം രോഗ സമ്പർക്കത്തിനു (Zoonotic transmission)കാരണമാകുന്നു.  കഴിഞ്ഞവർഷം കോഴിക്കോട് ഉണ്ടായ രോഗബാധയിൽ ആദ്യത്തെ രോഗിക്ക് വവ്വാലുകളിൽ നിന്നാണ് രോഗം പടർന്നതെന്നു സംശയിച്ചിരുന്നു. എന്നാൽ വവ്വാലുകളിൽ വൈറസ് സാന്നിധ്യം കാണാൻ  കഴിഞ്ഞില്ല എന്നതുകൊണ്ട് മാത്രം ഈ സിദ്ധാന്തം തള്ളിക്കളയാൻ പറ്റില്ല.

അപകടം ഡ്രോപ്‌ലെറ്റുകളിൽ

ഒരു രോഗിയുമായി അടുത്ത സമ്പർക്കം (close contact) ഉണ്ടായാൽ (അതായത് ഒരേ വീട്ടിൽ, മുറിയിൽ, ആശുപത്രിക്കിടക്കയിൽ മരണാനന്തര ചടങ്ങുകളിൽ എന്തിന് ഒരേ ഗ്രാമത്തിൽ അടുത്തുള്ളവർക്കും) നാലു മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഈ കാലയളവിനെ ഇൻകുബേഷൻ പിരീഡ് എന്നു വിളിക്കുന്നു. ഈ അവസ്ഥയിലുള്ള ഒരു രോഗി മറ്റൊരാൾക്കു രോഗം പകർത്തില്ല. 

എന്നാൽ രോഗലക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ ആ രോഗിയുടെ സാമീപ്യം രോഗപ്പകർച്ചയ്ക്ക് കാരണമാകാം.  രോഗിയുടെ എല്ലാവിധ ശരീര സ്രവങ്ങളും (രക്തം, മൂത്രം, കഫം, മലം) സമ്പർക്കത്തിലായാൽ വൈറസ് ബാധ ഉണ്ടാകുവാൻ കാരണമാകാം.  എന്നാൽ ഈ രോഗം H1N1 ഇൻഫ്ലുവൻസ പോലെ വായുവിലൂടെ പകരില്ല.  എന്നാൽ രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന കണികകളിലൂടെ (ഡ്രോപ്‌ലെറ്റ്സ്) ഒരു മീറ്റർ ദൂരം വരെ നിൽക്കുന്ന ആളുകളിലേക്കു വരെ രോഗം പടരാം. ഇതാണ് അപകടം. ഇവിടെ കൂടുതൽ പേർക്കും രോഗം പകർന്നത് ഇത്തരം ഡ്രോപ്‌ലെറ്റുകളെന്ന വായുവിൽ പടർന്ന രോഗാണുവുള്ള നീർകണങ്ങളിലൂെടയാകാം. അത്തരം സാധ്യതകളെ മനസ്സിലാക്കിയാണ് ബന്ധുക്കളെപോലും രോഗിയിൽ നിന്നും പരമാവധി അകറ്റി നിർത്തിയത്.  മാസ്ക് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി രോഗനിയന്ത്രണം  സാധ്യമായത് അതുകൊണ്ടാണ്.

ലക്ഷണം വേർതിരിച്ചറിയാൻ പ്രയാസം

നിപ്പ വൈറസ് പ്രധാനമായും മസ്തിഷ്കത്തെയും ശ്വാസകോശത്തെയുമാണ് ബാധിക്കുന്നത്. രോഗിയുടെ ഇൻകുബേഷൻ പിരീഡ് കഴിയുമ്പോൾ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ശക്തമായ പനി, തലവേദന, ഛർദി, മയക്കം, ബോധക്ഷയം, അപസ്മാരം, ശ്വാസതടസ്സം എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്.

എന്നാൽ വളരെ പെട്ടെന്നു രോഗി ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നതാണ് നിപ്പ വരുത്തുന്ന യഥാർഥ പ്രതിസന്ധി. മസ്തിഷ്കജ്വരം അല്ലെങ്കിൽ ശ്വസനത്തെ ഗുരുതരമായി ബാധിക്കുന്ന ARDS എന്ന അവസ്ഥയിലേക്ക് പോവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.  മരണശേഷം ശവശരീരം കൈകാര്യം ചെയ്യുന്നവർക്കും രോഗബാധയുടെ സാധ്യത ഉണ്ട്.

സംശയം തോന്നിയാൽ? 

ഇനി ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ തന്നെ ഉടൻ ചികിത്സകരും ബന്ധുക്കളും ജാഗരൂകരാകരണം. നിപ്പയെന്നു സംശയം തോന്നിയാൽ ചെയ്യണ്ട പല കാര്യങ്ങളുമുണ്ട്.

1. ലക്ഷണങ്ങൾ കണ്ടാൽ ആ രോഗിയുടെകൂടെ ഉള്ളവർ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം.  ആ രോഗിയുടെ എല്ലാ ശരീരസ്രവങ്ങളും വിസർജ്യങ്ങളും കൈകാര്യം ചെയ്യുമ്പോഴും ഈ ശ്രദ്ധ ആവശ്യമാണ്. 

2. രോഗിയെ പരിചരിച്ചവരുടെ വസ്ത്രങ്ങൾ സോപ്പ്/അലക്കുപൊടിയും ചൂടുവെള്ളവും ഉപയോഗിച്ചു നന്നായി കഴുകണം.  നിപ്പ വൈറസിന്റെ പുറമെയുള്ള ആവരണം സോപ്പ് പോലെയുള്ള വസ്തുക്കൾ തട്ടിയാൽ നശിച്ചു പോകും. അതിനാൽ ഈ വൈറസിനെ നിർജീവമാക്കാൻ സോപ്പുമാത്രം മതി.

3. രോഗിയുടെ ശരീരസ്രവങ്ങളോ വിസർജ്യങ്ങളോ നിലത്തു വീണിട്ടുണ്ടെങ്കിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു വൃത്തിയാക്കുക.

4. രോഗിയുടെ ഒരു മീറ്റർ ദൂരപരിധിയിൽ മാത്രമേ ശരീരസ്രവങ്ങൾകൊണ്ടുള്ള രോഗബാധ്യത പൊതുവേ ഉള്ളൂ. രോഗസംശയം ഉള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിച്ചാൽ മതി.  വഴിയിലൂടെ നടക്കുമ്പോൾ മാസ്ക് ഇട്ടു നടക്കേണ്ടതില്ല.

5. രോഗിയെ പരിചരിക്കുന്നവർ ഉപയോഗിച്ച മാസ്ക്, ഗ്ലൗസ് എന്നിവ ബയോ ഹസാർഡ് ബാഗിൽ മാത്രമേ നിക്ഷേപിക്കാവൂ.  തുടർന്ന് കൈ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം.  സോപ്പുതേച്ച് കുളിക്കുകയും വേണം. നല്ല സംരക്ഷണം തരുന്ന N95 മാസ്കുകൾ പോലും ഒരു  തവണ ആറു മണിക്കൂറിൽ കൂടുതൽ  ഉപയോഗിക്കാൻ പാടില്ല.

6. ഉപയോഗിച്ച ഗ്ലൗസ് കൊണ്ട് ശരീരത്തിന്റെ മറ്റു വശങ്ങളിൽ തൊടാതിരിക്കുക. ഉപയോഗിച്ചുകൊണ്ടിരുന്ന മാസ്കിന്റെ മുൻവശം കൈകൊണ്ടു തൊടാതിരിക്കുക.

7. രോഗിയുടെ കൂടെ നിൽക്കുന്നവർ വാച്ച്, ആഭരണങ്ങൾ, മോതിരം, മൊബൈൽഫോൺ, ഫുൾസ്ലീവ് ഷർട്ട് എന്നിവ ഉപയോഗിക്കരുത്.

8. ദൃഢമായ രോഗസംശയം ഉള്ളവരുടെയോ നിപ്പ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെയോ കൂടെ നിൽക്കുന്നവർ പ്രത്യേക സുരക്ഷാ കവചം (PPE–Personal protective equipment) ധരിക്കേണ്ടതാണ്.

രോഗനിർണയം

രോഗബാധ സംശയിക്കുന്ന ആളെ ആശുപത്രികളിൽ ഏർപ്പെടുത്തിയ ഐസൊലേഷൻ വാർഡിലോ പ്രത്യേക ഐസിയുവിലോ ആണ് കിടത്തുന്നത്.  ഇവിടെ നിന്നും രോഗിയുടെ രക്തം, മൂത്രം, തൊണ്ടയിലെ സ്രവം എന്നിവ പൂർണസുരക്ഷയോടെ ഏറ്റവും അടുത്തുള്ള വൈറോളജി സെന്ററിലേക്ക് അയക്കണം. നിപ്പ പരിശോധിച്ചറിയാനുള്ള സംവിധാനവും സുരക്ഷാസൗകര്യങ്ങളും നമുക്ക് ഏറ്റവും അടുത്ത് നിലവിൽ ലഭ്യമാക്കുന്നത് മണിപ്പാൽ വൈറോളജി സെന്ററാണ്. അവിടേക്ക് സാംപിൾ അയയ്ക്കുന്നു.

നിപ്പ RT-PCR (പോളിമറൈസ്ഡ് ചെയ്ൻ റിയാക്‌ഷൻ) എന്ന ടെസ്റ്റ് ഉപയോഗിച്ചാണ് അണുബാധ തിരിച്ചറിയുന്നത്.  12–14 മണിക്കൂറിനുള്ളിൽ ഈ ഫലം അറിയാനുള്ള സംവിധാനം നിലവിലുണ്ട്.  PCR ഫലം നെഗറ്റീവ്  ആയ രോഗികളെ രോഗലക്ഷണങ്ങൾ കുറയുന്ന മുറയ്ക്ക് മറ്റു വാർഡ്/മെഡിസിൻ ഐസിയു എന്നിവയിലേക്ക് മാറ്റുന്നു.  രോഗചികിത്സയ്ക്കു നേതൃത്വം വഹിക്കുന്നത് ജനറൽ മെഡിസിൻ വിഭാഗം ആണ്.

ചികിത്സാ സാധ്യത

നിപ്പ വൈറസ് ബാധയ്ക്കെതിരെ  ചികിത്സാ സാധ്യതയുള്ള മൂന്നു മരുന്നുകളുണ്ട്. ഒന്ന് റിബാവിറിൻ (Ribavirin) ആണ്.  മലേഷ്യയിലെ ചില പഠനങ്ങളിൽ റിബാവിറിൻ നിപ്പാരോഗികളിൽ മരണനിരക്ക് ചെറുതായി കുറയ്ക്കുന്നതാണെന്നു കണ്ടെത്തിയിട്ടുണ്ട്.  ഇതേ തുടർന്നാണ് മലേഷ്യയിൽ നിന്നും ഈ മരുന്ന് എത്തിച്ചതും കഴിഞ്ഞവർഷം നിപ്പ രോഗികളിൽ പ്രയോഗിച്ചതും. രോഗസാധ്യതയുള്ളവരിൽ മിക്കവർക്കും ഈ മരുന്നു കൊടുത്തുവെങ്കിലും രണ്ടുപേർ മാത്രമേ രോഗമുക്തി നേടിയുള്ളു. 

രണ്ടാമത്തെ മരുന്ന് ഓസ്ട്രേലിയയിൽ നിന്നുള്ള മൊണോക്ലോണൽ ആന്റിബോഡി m102..4 ആണ്. ഓസ്ട്രേലിയയിൽ ഉണ്ടായ നിപ്പ വൈറസ് കുടുംബത്തിൽപെട്ട ഹെൻഡ്ര വൈറസ് അണുബാധയ്ക്കെതിരെ അവർ സാധ്യതാപഠനം നടത്തിയ മരുന്നാണിത്.  പരീക്ഷണ മൃഗങ്ങളിൽ വൈറസ് അണുബാധയ്ക്കെതിരെ  വിജയം കണ്ട ഈ മരുന്ന് ഇന്ത്യയിൽ ലഭ്യമാണ്.  

മൂന്നാമത്തെ സാധ്യത ജപ്പാനിൽ നിന്നുള്ള RNA  വൈറസുകൾക്ക് എതിരെ പൊതുവായി കൊടുക്കുന്ന ഫാവിപ്പിറാവിർ എന്ന മരുന്നാണ്.  എലികളിൽ  നടത്തിയ പഠനങ്ങളിൽ ഈ മരുന്ന് നിപ്പ വൈറസിനെതിരെ ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഗുരുതരാവസ്ഥയിലുളള എല്ലാ രോഗികൾക്കും അണുബാധ ചികിത്സകൾ നൽകാം.

ശുചിത്വം മറക്കരുതേ...

നിപ്പ ഓർമിപ്പിക്കുന്ന ഏറ്റവും വലിയ പാഠം നമ്മുെട വ്യക്തി ശുചിത്വത്തിന്റേതു കൂടിയാണ്. നിപ്പ പോലൊരു മാരകരോഗാണു മറ്റൊരാളിലേക്കു നേരിട്ടു പകരുവാൻ രോഗി ഒന്നു തുമ്മിയാൽ മാത്രം മതിയെന്ന കാര്യം ഇപ്പോൾ നമുക്കറിയാം. അതു പോലെ പല ജലദോഷം മുതൽ മാരകമായ വൈറസ് രോഗങ്ങൾ വരെയും പകരാൻ നമ്മുെട ശുചിത്വക്കുറവ് വലിയ കാരണമാകും.

കൈ കഴുകണം: ഏറ്റവും കൂടുതൽ രോഗങ്ങൾ ഏറ്റുവാങ്ങുന്നത് കൈകളിലൂടെയാണ്. വാഹനങ്ങളുെട കൈപ്പിടിമുതൽ പൊതുവായ സ്ഥലങ്ങളിൽ സ്പർശിക്കുന്ന കൈപ്പത്തി, അറിയാതെ തന്നെ മുഖത്തു സ്പർശിക്കാനിടവന്നാലും  ആ കൈകൊണ്ടു ഭക്ഷണം കഴിക്കുമ്പോഴും എന്തെന്തു രോഗാണുക്കളാണ് പകർന്നു കിട്ടുന്നത്. അതിനാൽ ഇടയ്ക്കിടെ സോപ്പു പുരട്ടി കൈ കഴുകുക തന്നെ വേണം.

തുപ്പരുതേ: ഇടയ്ക്കിടെ പുറത്തേക്കും അലക്ഷ്യമായും തുപ്പുന്നത് തീർത്തും നിന്ദ്യമായ പെരുമാറ്റമാണ്. ഇതിലൂെട മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ചുമയും തുമ്മലും: അപ്രതീക്ഷിതമായിസംഭവിച്ചുപോകുന്ന തുമ്മൽ തടയാനാവില്ല. എന്നാൽ കുറഞ്ഞത് കൈ കൊണ്ടെങ്കിലും അതു മറച്ചു പിടിക്കണം. തുടർ‌ന്ന് തൂവാല നിർബന്ധമായും ഉപയോഗിച്ചുവേണം തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാൻ. ഇതൊരു ശുചിത്വപാഠം മാത്രമല്ല, സാമൂഹിക സേവനം കൂടിയാണെന്ന കാര്യം മറക്കാതിരിക്കുക.

എന്തുകൊണ്ട് വവ്വാൽ?

നിപ്പ വൈറസിന്റെ സ്വാഭാവിക ആവാസമാണ് (നാച്വറൽ റിസർവോയർ) ടെറോപസ് വിഭാഗത്തിൽപെട്ട വവ്വാലുകൾ. വവ്വാലിനു രോഗം വരുത്താതെ അതിന്റെ ശരീരത്തിൽ ഒളിഞ്ഞിരിക്കുകയാണ് വൈറസ് ചെയ്യുക. വവ്വാലുകളുെട പ്രതിരോധം കുറയുന്ന സമയത്തുമാത്രം വൈറസ് സജീവമാകും. അപ്പോഴും വവ്വാലിനു രോഗം വരുത്തില്ല. നിപ്പ വൈറസും വവ്വാലും ബന്ധം സ്ഥാപിച്ചതെങ്ങനെയെന്നതിന് ‘കോ എവല്യൂഷൻ’ എന്ന പരിണാമ വ്യതിയാനം മാത്രമേ ഉത്തരമായുള്ളൂ. പരസ്പരസഹകരണത്തോടെ രണ്ടു ജീവികൾക്കു പരിണാമം സംഭവിക്കുന്ന അവസ്ഥയാണിത്. ഇനിയൊരു കാലത്ത് മനുഷ്യനും നിപ്പയും കോ എവല്യൂഷൻ സംഭവിച്ചാൽ മനുഷ്യനെ രോഗം ബാധിക്കാത്ത അവസ്ഥ വരാം. 

വിവരങ്ങൾക്ക് കടപ്പാട്: കഴിഞ്ഞ വർഷം നിപ്പ പടർന്നപ്പോൾ മുൻനിരയിൽ പ്രവർത്തിച്ച, ഡോ. ശ്രീജിത് രാമസ്വാമി, ജനറൽ മെഡിസിൻ, മെഡിക്കൽ കോളജ്, കോഴിക്കോട്