Saturday 27 July 2019 04:46 PM IST

പ്രാണൻ നുറുങ്ങുന്ന വേദനകൾ മറക്കാൻ ഷാജിറയ്ക്ക് കൂട്ട് കവിതകൾ! വൈകല്യത്തെ മനഃക്കരുത്ത് കൊണ്ടു നേരിട്ട മൊഞ്ചത്തിപ്പെണ്ണിന്റെ കഥ

Binsha Muhammed

shajira

‘അസ്ഥി നുറുങ്ങുന്ന വേദന മറക്കാനുള്ള മാജിക്ക് പടച്ചോൻ പണ്ടേയ്ക്കു പണ്ടേ എന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്നെ കുത്തിനോവിക്കുന്നത് നിങ്ങളുടെ സഹതാപക്കണ്ണുകളാണ്. കടമ്പകൾ ഒന്നൊന്നായി എനിക്കു മുന്നിൽ വഴിമാറുമ്പോഴും താടിക്കു കയ്യും കൊടുത്തിട്ട് എന്റെ നേർക്കു പായുന്ന ദൃഷ്ടികളില്ലേ? അതാണെന്നെ അസ്വ്സഥമാക്കുന്നത്. .’ മഴയേയും മഞ്ഞുതുള്ളികളേയും സൂര്യനേയും പ്രണയിച്ച ഷാജിറ മറ്റൊരു മൺസൂണിന് കാതോർക്കുകയാണ്. അവളുടെ ഉള്ളിന്റെയുള്ളിൽ അടുത്ത കവിതയ്ക്കുള്ള നാമ്പൊരുക്കുകയായിരുന്നു പ്രകൃതി. വീൽചെയര്‍ നീക്കി നിരക്കി ഉമ്മറക്കോലായിലേക്കെത്തിയപ്പോഴും അവൾ ആദ്യം പറഞ്ഞതു തന്നെ ആവർത്തിച്ചു.

‘വൈകല്യങ്ങൾ നിങ്ങളുടെ കണ്ണിനാണ്. എന്നെ വേദനിപ്പിക്കുന്നത് വീൽചെയറിൽ ഒതുങ്ങിയ ഈ ജീവിതമല്ല. വിധിയെ തോൽപ്പിക്കാന്‍ ഞാൻ പണ്ടേക്കു പണ്ടേ പഠിച്ചിരിക്കുന്നു’.– പുഞ്ചിരിക്കു മീതേയെത്തിയ ചടുലമായ ആ നോട്ടത്തിൽ വീണ്ടും കാണാം അവളുടെ ആത്മവിശ്വാസം. ‘ഓസ്റ്റിയോ ജെനെസിസ് ഇംപെർഫെക്റ്റാ വിത്ത് മൾട്ടിപ്പിൾ ഡീഫോമിറ്റീസ്’ വേദനയുടെ ഭൂതകാലം അവളെ പിടികൂടിയിരിക്കുന്ന ഈ രോഗം പോലങ്ങനെ നീണ്ടു നിവർന്ന് കിടക്കുകയാണ്. എല്ലുകൾ നുറുങ്ങിപ്പോകുന്ന ജനിതക രോഗം. കാലുകൾക്ക് പകരം ചക്ര കസേരയിലേക്ക് അവളെ വലിച്ചെറിഞ്ഞ വേദനയെ നമുക്ക് അങ്ങനെ വിശേഷിപ്പിക്കാം.

ഷാജിറയെന്ന 23 വയസുകാരിയുടെ വേദനയുടേയും അതിജീവനത്തിന്റേയും കഥയ്ക്ക് അവളുടെയത്രയും പ്രായമുണ്ടാകും. അവളെ പൊതിഞ്ഞു പിടിച്ച ഒരു പാവം ഉപ്പയുടേയും ഉമ്മയുടേയും കഥ കൂടിയാണിത്. സർക്കാർ ജോലിയെന്ന സ്വപ്നത്തിലേക്ക് ചിറകുവിരിക്കുന്ന അതിജീവനമാണ് ഷാജിറയെ വ്യത്യസ്തയാക്കുന്നത്.

ദീനക്കാരിയല്ല ഞാൻ

എല്ലുകൾ നുറുങ്ങിപ്പോകുന്ന അസുഖമെന്ന് തിരിച്ചറിഞ്ഞ മാത്രയിൽ ജീവിതത്തിന്റെ ചാപ്റ്റർ തന്നെ ക്ലോസായിപ്പോയി എന്ന ഭാവമായിരുന്നു പലർക്കും. പെൺകുട്ടിയല്ലേ...അവളുടെ ഭാവിയെങ്ങനേ...ഉമ്മയുടേയും ഉപ്പയുടേയും കാലം കഴിഞ്ഞാൽ ആരു നോക്കും. ഇജ്ജാതി ആശങ്കകൾ. ചികിത്സാർത്ഥം ഉപ്പ എന്നേയും കൊണ്ട് പല ആശുപത്രികളും കയറിയിറങ്ങിയതാണ്. പക്ഷേ ശാശ്വതമായ പരിഹാരം ഒരു പേരുകേട്ട ആശുപത്രിക്കും നൽകാനുണ്ടായിരുന്നില്ല.

പക്ഷേ മനസാഗ്രഹിക്കുന്നിടത്തേക്ക് എന്നെക്കൊണ്ടു പോകാൻ പടച്ചവൻ ഒരാളെ ഈ ഈ ഭൂമിയിൽ ഒരാളെ പടച്ചിട്ടുണ്ടായിരുന്നു. എന്റെ ഉപ്പ ഹൈദർ! സ്കൂളിൽ പോകാനൊക്കത്തില്ല. വീട്ടിൽ തന്നെ അടങ്ങിയിരിക്കുന്നതാ നല്ലത് .. എന്നിങ്ങനെയുള്ള ഉപദേശങ്ങൾ കൂസാക്കാതെ ഉപ്പ എന്നെ വീടിനടുത്തുള്ള സ്കൂളിൽ ചേർത്തു. ആദ്യമൊക്കെ അൽപം ബുദ്ധിമുട്ടായിരുന്നു. മറ്റുള്ള കുട്ടികൾ കളിക്കാൻ ഗ്രൗണ്ടിലേക്ക് പോകുന്നതൊക്കെ കണ്ടിട്ട് വല്ലാതെ വേദനിച്ചിട്ടുണ്ട്. ദീനക്കാരി കളിക്കാനിറങ്ങി ഇനി വല്ലതും സംഭവിച്ചാലോ? സ്കൂളിലേക്ക് പോകുന്നതൊക്കെ ആദ്യം വല്യ ചടങ്ങായിരുന്നു. പിന്നെ അനിയത്തി ഷാഹിന കൂടി സ്കൂളിലേക്കെത്തിയപ്പോൾ കൂട്ടിനൊരാളായി. സ്വപ്നങ്ങൾ പതിയെ പതിയെ എനിക്കു മുന്നിൽ തെളിയുന്നത് ആ കാലം തൊട്ടാണ്.

കുത്തി നോവിക്കുന്ന നോട്ടങ്ങൾ

എന്റെ അവസ്ഥ പോലും മനസിലാക്കാതെ, ‘എന്നെ എന്തിനാ സ്കൂളിൽ വിടുന്നത്. വയ്യാത്ത കുട്ടിയെങ്കിൽ വീട്ടിലിരുത്തി കൂടെ എന്ന് ചോദിച്ചവരായിരുന്നു ഏറെയും. അവരോടൊക്കെ അസുഖം എന്റെ ശരീരത്തിനാണ് മനസിനല്ല എന്ന് മനസിലാക്കി കൊടുക്കാൻ പിന്നെയും ഏറെ സമയം വേണ്ടി വന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഞാൻ അനുഭവിച്ചു തീർത്ത വേദന എനിക്കു മാത്രമേ അറിയൂ. ചെറിയൊരു വീഴ്ച പോലും അസ്ഥി നുറുക്കുന്ന വേദനയാണ് എനിക്ക് സമ്മാനിച്ചത്. ശരീരം എവിടെയെങ്കിലും ഒന്നു ചെറുതായി പോലും തട്ടുകയോ മുട്ടുകയോ ചെയ്താൽ ഉയിരു പറിച്ചെടുക്കുന്ന വേദനയായി. പക്ഷേ അതിന്റെ പേരിൽ ജീവിതാവസാനം വരേയും കരഞ്ഞു കലങ്ങി ജീവിക്കാൻ എനിക്കു മനസില്ലായിരുന്നു. വേദന മറക്കാൻ എനിക്കു കൂട്ടുകാരായെത്തിയത് കവിതകളായിരുന്നു. ജനാലയ്ക്കരികിലിരുന്ന് ഞാൻ കണ്ട കാഴ്ചകളൊക്കെയും എനിക്കു മുന്നിൽ വരികളായി. എഴുത്തിനെ അന്തം വിട്ട് പ്രണയിച്ച എന്റെ മറ്റൊരു ഹോബി കത്തുകളായിരുന്നു. വേദന നിറഞ്ഞ സ്കൂൾ ജീവിതത്തിൽ എനിക്കരിലേക്കെത്തിയ ചങ്ങാതിമാരെ ഞാൻ കത്തിലൂടെ ബന്ധപ്പെട്ടു. വേദന മറക്കാൻ ഇതിലും വലിയ മരുന്ന് വേറെന്താണ്. ഇപ്പോൾ എഴുതിയ കവിതകളെ പുസ്തക രൂപത്തിലാക്കാനുള്ള പണിപ്പുരയിലാണ് ഞാൻ.

s1

ഉപ്പയായാണെന്റെ ചിറക്

എന്തു പേരിട്ടു വിളിക്കും ഞാനെന്റെ ഉപ്പായെ. പ്രചാദനമെന്നോ മെന്റർ എന്നോ ടീച്ചർ എന്നോ എന്തു വിളിച്ചാലും മതിയാകില്ല. ദീനക്കാരിയെന്ന പേരും തന്ന് എന്നെ വീട്ടിലിരുത്തിയില്ല ആ മനുഷ്യൻ. ഉപ്പയുടെ സ്കൂട്ടിയെന്ന ചിറകിലേറി ഞാന്‍ പോകാവുന്നിടത്തെല്ലാം പോയി. ഞാൻ പറഞ്ഞിടത്തേക്കെല്ലാം എന്റെ ഉപ്പ യാതൊരു മടിയുമില്ലാതെ ബുദ്ധിമുട്ട് സഹിച്ച് കൊണ്ടു പോയി എന്നു വേണം പറയാൻ. സ്വപ്നങ്ങൾക്ക് കുടപിടിച്ച് ഉമ്മ ഫാത്തിമയും എനിക്കൊപ്പമുണ്ട്.

സ്വപ്നം സർക്കാർ ജോലി

സുഖമില്ല എന്നതിന്റെ ആനുകൂല്യം പേറി ഞാൻ പഠനത്തിൽ ഒരിടത്തും പോലും ഉഴപ്പിയിട്ടില്ല. നന്നായി പഠിച്ചു. പത്താം ക്ലാസിൽ 85 ശതമാനത്തിലേറെ മാർക്കുണ്ടായിരുന്നു. പ്ലസ്ടുവിനും 75 ശതമാനത്തിലേറെ സ്കോർ ചെയ്തു. കൊമേഴ്സ് ആയിരുന്നു ബിരുദത്തിന് ഐച്ഛിക വിഷയം. അന്നു മുതലേ മനസിൽ കൂടു കൂട്ടിയൊരു സ്വപ്നം ഡോക്ടറാകണം എന്നതാണ്. കവിതയും കിനാവും സമം ചേർന്ന എത്രയോ നിമിഷങ്ങളിൽ ഞാൻ ഡോക്ടറായിരിക്കുന്നു. പക്ഷേ പാതിവഴിയിലെപ്പോഴോ അത് മുറിഞ്ഞു പോയി. ഇന്ന് മുന്നിലുള്ള ലക്ഷ്യം ഒരു സർക്കാര്‍ ജോലിയാണ്. അതിനായുള്ള പരിശ്രമം ഉഷാറായി നടക്കുന്നു. പറഞ്ഞതു പോലെ അതിനു കൂട്ട് എനിക്കെന്റെ ഉപ്പ തന്നെ. ഉപ്പയുടെ സ്കൂട്ടിയിലേറി പിഎസ്‍സി കോച്ചിംഗ് ക്ലാസിന് മുടങ്ങാതെ പോകുന്നു. ഇൻഷാ അല്ലാഹ്! (ദൈവം അനുഗ്രഹിച്ചാൽ) ആ സ്വപ്നത്തിലേക്ക് ഉടനെത്തും.– ഷാജിറയുടെ വാക്കുകൾക്ക് അപ്പോൾ വൈകല്യത്തിന്റെ നോവ് തീരെയുണ്ടായിരുന്നില്ല.

s3
Tags:
  • Inspirational Story