Friday 17 May 2019 05:05 PM IST

മിനിസ്ക്രീനിലെ കിളിക്കൊഞ്ചൽ മാത്രമല്ല, കരുത്തയുമാണ് ശ്രീയ; അമ്പരപ്പിക്കുന്ന മേക്ക് ഓവറിനു പിന്നിൽ

Binsha Muhammed

sreeya

ആ ഫോൺ ഇൻ പ്രോഗ്രാം പരിപാടിയുടെ ആങ്കർ അല്ലേ ഇത്. ശ്രീയ അയ്യർ...ദൈവമേ ആളാകെ മാറിപ്പോയല്ലോ...വിശ്വസിക്കാൻ പറ്റുന്നില്ല....ഒരാൾക്ക് ഇങ്ങനെ മാറാൻ പറ്റുമോ...

മിനിസ്ക്രീനിൽ കിളിക്കൊഞ്ചലുമായി പ്രത്യക്ഷപ്പെട്ടിരുന്ന ‘പെങ്കൊച്ച്’...ലൈം ലൈറ്റിൽ മിന്നിത്തിളങ്ങിയിരുന്ന സുന്ദരിപ്പെണ്ണ്...ശ്രീയ അയ്യരുടെ അ‍ഡാർ ട്രാൻസ്ഫോമേഷൻ കണ്ട് സോഷ്യൽ മീഡിയ അന്തം വിട്ടതിൽ തെറ്റു പറയാനൊക്കില്ല.

ലിപ്സ്റ്റിക്കും ഐ ലൈനറും മേക്കപ്പുമണിഞ്ഞ് ക്യാമറയ്ക്കു മുന്നിലെത്തുന്ന ആങ്കറെ വിമൺ ഫിസിക്ക് അവതാരപ്പിറവിയിൽ കണ്ട് ഞെട്ടിയെങ്കിൽ എങ്ങനെ തെറ്റു പറയാനാണ്. മസിലുരുണ്ട് നിൽക്കുന്ന ബലിഷ്ഠമായ കൈകളും...കരുത്തുറ്റ കാഫ് മസിലുകളും...വിരിഞ്ഞു നിൽക്കുന്ന ഷോൾഡറുമായി കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ് നമ്മുടെ ‘ആങ്കർ കൊച്ച്.’ തിരുവനന്തപുരത്തു നടന്ന വിമൺ ഫിസിക്ക് കോമ്പറ്റീഷനിൽ മത്സരിച്ച് ടൈറ്റിൽ വിന്നറായ ശ്രീയയുടെ ചിത്രമാണ് മേൽപ്പറഞ്ഞ കൊണ്ടുപിടിച്ച ചർച്ചകൾക്ക് ആധാരം. ഒറ്റനോട്ടത്തിൽ നുരപൊന്തുന്ന സദാചാരവും...മനസു നിറഞ്ഞ അഭിനന്ദനങ്ങളും ആ ചിത്രത്തിനു നേരെ ഒരു പോലെ പായുമ്പോഴും ശ്രീയ കൂളാണ്. കുറ്റം പറച്ചിലുകാരെ ഗെറ്റ് ഔട്ട് അടിച്ച് മനസു നിറഞ്ഞ അഭിനന്ദനങ്ങളെ ഹൃദയത്തിലേറ്റുവാങ്ങി ‘വനിത ഓൺലൈൻ’ വായനക്കാർക്ക് വേണ്ടി ശ്രീയ സംസാരിച്ചു തുടങ്ങുകയാണ്. അടച്ചിട്ട ആങ്കറിങ്ങ് മുറിയിൽ നിന്നും സ്വപ്നം കണ്ട വിമൺ ഫിസിക്കിലേക്കുള്ള പാറിപ്പറക്കൽ...

sreeya-1

നേട്ടങ്ങളുടെ മസിൽ പെരുക്കം

നെക്സ്റ്റ് ലെവൽ തിങ്കിങ്ങ്...എന്റെയീ മാറ്റത്തെ അങ്ങനെയേ പറയാനാകൂ. എന്നും ആങ്കറിങ്ങ് ചെയ്ത് എസി മുറിക്കുള്ളിൽ മാത്രം ഇരുന്നാൽ മതിയെന്നാണോ. അതിനൊപ്പം ഞാന്‍ ഹൃദയത്തോട് ചേർത്ത് വച്ച എന്റെ സ്വപ്നമാണ് വുമൺ ഫിസിക്ക്. ശരിക്കും ഇത് ബോഡി ബിൾഡിങ്ങല്ല, പലരും അങ്ങനെ തെറ്റിദ്ധരിച്ച് വച്ചിരിക്കുന്നതതാണ്. നേരത്തെ വിമൺ ഫിസിക്ക് മിസ് സൗത്ത് ഇന്ത്യ മത്സരത്തിലെ ടൈറ്റിൽ വിന്നറായിരുന്നു ഞാൻ. അവിടുന്ന് കിട്ടിയ ഊർജമാണ് ഈ മേഖലയിലെ എന്റെ മുതൽക്കൂട്ട്. തിരുവനന്തപുരത്താണ് ഫിറ്റ്നസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വുമൺ ഫിസിക്ക് കോമ്പറ്റീഷൻ നടന്നത്. അതിൽ ടൈറ്റിൽ വിന്നറാകാൻ കഴിഞ്ഞു. പിന്നാലെ സ്റ്റേറ്റ് ലെവലിൽ വെള്ളി നേടി. ദൈവാനുഗ്രഹം...പിന്നെ എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണയും. ഇനിയുമേറെ പോകാനുണ്ട്. സ്വപ്നങ്ങൾ ഇനിയും ബാക്കിയുണ്ട്.

sreeya-2

സദാചാരക്കാരെ നെവർ മൈൻഡ്

നേരത്തെ പറഞ്ഞല്ലോ വിമൺ ഫിസിക്ക് മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ വിജയിച്ചപ്പോൾ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതു കണ്ടാണ് പലരും സദാചാരവും സംസ്കാരവും പഠിപ്പിക്കാൻ വന്നത്. ‘നമ്മുടെ സംസ്കാരത്തിന് പറ്റിയതാണോടീ എന്ന് ചോദിച്ച ചേട്ടൻമാർ വരെയുണ്ട്.’

ആ അനുഭവം ഉള്ളത് കൊണ്ട് വിമൺ ഫിസിക്ക് കോമ്പറ്റീഷനിൽ വിജയിച്ചപ്പോൾ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് വിചാരിച്ചതല്ല. അതാരേയും പേടിച്ചിട്ടല്ല. ഇതെന്റെ സ്വപ്നമാണ് അതാരുടേയും സർട്ടിഫിക്കേറ്റിന് വേണ്ടിയാകരുത് എന്ന് നിർബന്ധമായിരുന്നു. അഭിപ്രായങ്ങൾ നല്ലതായാലും ചീത്തയായാലും എന്റെ ലക്ഷ്യവും സ്വപ്നവും ഒന്നും മാറാനേ പോകുന്നില്ല എന്ന ബോധ്യമുണ്ടായിരുന്നു. പക്ഷേ എന്തോ ചിലരെങ്കിലും മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. സദാചാരവും വസ്ത്രധാരണ രീതിയും പഠിപ്പിക്കൽ പുതിയ ഫൊട്ടോയ്ക്ക് കീഴെ അൽപം കുറഞ്ഞിട്ടുണ്ട്. പിന്നെ, ഞാൻ അയ്യർ ആയിപ്പോയത് ആണ് അടുത്ത പ്രോബ്ലം. അയ്യർ പെണ്ണുങ്ങൾ അന്തർജനത്തെ പോലെ അടങ്ങി ഒതുങ്ങി ഇരിക്കണമെന്നായിരിക്കും. ഞാൻ അയ്യർ ആയത് എന്റെ പ്രശ്നമാണോ..ഈ ജാതിയും മതവുമൊന്നും എന്റെ പരിഗണനയിൽ വരുന്നതേയില്ല.

sreeya-3

വീണു പോയത് ഡയറ്റിൽ

ഫിറ്റ്നസ് നമ്മുടെ വിൽ പവർ ഒന്നു കൊണ്ട് നേടിയെടുക്കാൻ സാധിക്കുന്നതാണ്. വിട്ടു വീഴ്ചയില്ലാത്ത ഡയറ്റും ഏറെക്കുറെ അങ്ങനെ തന്നെ. എന്നാൽ വീണു പോയത് ഡയറ്റിലാണ്. പ്യൂവർ വെജിറ്റേറിയനാണ് ഞാൻ. കുഞ്ഞുനാൾ മുതലേ വെജിറ്റേറിയൻ ഡയറ്റ് ഫോളോ ചെയ്യുന്നൊരാൾ ഭക്ഷണത്തിൽ നോൺ വെജ് ഉൾപ്പെടുത്തി ഡയറ്റ് പുനക്രമീകരിച്ചു എന്ന് പറഞ്ഞാലോ. ഇന്നും എനിക്കത് വിശ്വസിക്കാൻ പ്രയാസമാണ്. ഒരു പക്ഷേ ഞാൻ ഏറ്റവുമധികം ബുദ്ധിമുട്ടിയതും ഇവിടെയാണ്. കോമ്പറ്റീഷനു വേണ്ടിയുള്ള തയ്യാറെടുപ്പെല്ലാം വളരെ ചെലവേറിയതാണ്. അതിനെയെല്ലാം താണ്ടിയാണ് ഇന്നീ നേട്ടങ്ങൾ എന്ന് ആലോചിക്കുമ്പോൾ ഏറെ ചാരിതാർത്ഥ്യം. എന്റെ മെന്റർ ആനന്ദ് സേവ്യറിനോടാണ് ഇതിനെല്ലാം നന്ദി പറയേണ്ടത്. എന്നെ ഇവ്വിധം പ്രിപ്പെയർ ചെയ്യിച്ചത് അദ്ദേഹമാണ്. ക്യൂ ഫിറ്റ് എന്ന ഫിറ്റ്നസ് ടീമും ഒത്തിരി ഹെൽപ് ചെയ്തു.

sreeya-4

യെസ് ഐ ആം എ ഫിറ്റ്നസ് ഫ്രീക്ക്

എന്റെയീ പ്രൊഫഷൻ ആങ്കറിങ്ങിനെ ബാധിക്കുമോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് മറുപടി പറയേണ്ടി വരും. ആങ്കറിങ്ങിന് ഞാൻ ഓൾവേയ്സ് ഓകെ ആണ്. ഫിറ്റ്നസിനൊപ്പം ആങ്കറിങ്ങും കൊണ്ടു പോകുന്നതിൽ നോ പ്രോബ്ലം. പക്ഷേ നമ്മുടെ ശരീര ഘടന ദഹിക്കാത്ത ആൾക്കാരുമുണ്ട് ഒരിക്കല്‍ കയ്യിലെ മസിൽ എക്സ്പോസ്ഡ് ആയിരുന്നപ്പോൾ അത് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ബബ്ലി ലുക്കിൽ വന്നിരുന്നാലേ ചിലർക്ക് ദഹിക്കൂ.  മാസങ്ങൾ നീണ്ട വർക്ക് ഔട്ടിനും കഠിനാധ്വാനത്തിലും ഒടുവിലാണ് നമ്മൾ ബോഡി ബിൾഡ‍് ചെയ്യുന്നത്. അത് ക്യാമറയ്ക്കു സ്യൂട്ടാകും വിധം പാഴാക്കി കളയുക..ലൂസാക്കുക എന്ന് വച്ചാൽ ബുദ്ധിമുട്ടാണ്.

പിന്നെ രണ്ടാമത്തെ പ്രശ്നം ഈ പ്രൊഫഷനൊക്കെ തിരഞ്ഞെടുത്താൽ കൊള്ളാവുന്ന കല്യാണാലോചനകൾ വരുമോ എന്നതാണ് പലരുടേയും ചോദ്യം. നമ്മളെ പോലുള്ള ബോൾഡായ കുട്ടികളെ തെരഞ്ഞെടുക്കാനും ഇവിടെ ആൾക്കാരൊക്കെ ഉണ്ടേന്നേ...പിന്നെ ഇപ്പോ വിവാഹത്തിന് ഞാൻ പ്രാധാന്യം നൽകുന്നില്ല. വരട്ടേ...നോക്കാം...

മൈൽസ് ടു ഗോ

സ്വന്തമായി ഒരു ഫിറ്റ്നസ് സ്റ്റുഡിയോ ആണ് എന്റെ ലക്ഷ്യം. പിന്നെ സർട്ടിഫൈഡ് സൂംബ ഇൻസ്ട്രക്ടർ എന്നത് കൂടി എൻറെ പ്രൊഫഷനാണ്.വിദേശത്ത് ഈ രംഗത്ത് വലിയ സാധ്യതകളാണ് ഒളിഞ്ഞിരിക്കുന്നത് പക്ഷേ ഞാൻ ചിന്തിക്കുന്നത് തിരിച്ചാണ്. നമ്മുടെ നാട്ടിലുമുണ്ട് ഫിറ്റ്നസ് ഫ്രീക്കുകള്‍. അവരുടെ താത്പര്യമറിഞ്ഞ് നമ്മുടെ നാട്ടിൽ നിന്നു കൊണ്ട് തന്നെ ഈ മേഖലയിൽ ശോഭിക്കണം എന്നതാണ് എന്റെ സ്വപ്നം.

അച്ഛൻ ഹരിഹര അയ്യർ അമ്മ ബേബി രണ്ടു പേരും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരാണ്. ചേട്ടൻ ശ്രീകാന്ത്, ടെക്നോപാർക്കിലെ അലിയാൻസിൽ വർക് ചെയ്യുന്നു.