Saturday 05 November 2022 03:35 PM IST

കഥ പറയുന്ന അടുക്കളകൾ ആർട്ട് ഗാലറികളായി മാറുന്നു; പങ്കാളിത്ത കലാരൂപവുമായി താനിയ എബ്രഹാം

Shyama

Sub Editor

Taniya--who–put–out–the–fire ആരാണ് തീ കെടുത്തിയത്? ബിനാലെയ്ക്ക് വേണ്ടി അടുക്കളകൾ ആർട്ട് ഗ്യാലറി ആകുന്നു... താനിയ എബ്രഹാം

രുചിയും പുകയും ചൂടും മാത്രമല്ല, കലയും പാകപ്പെടുന്ന അടുക്കളകൾ. കഥ പറയുന്ന അടുക്കളകൾ. വരുന്ന ബിനാലെയ്ക്കു വേണ്ടി ആർട്ട് ക്യുറേറ്റർ താനിയ എബ്രഹാം ഒരുക്കുന്ന ‘ആരാണ് തീ കെടുത്തിയത്?’ (Who put the fire out) എന്ന കലാരൂപത്തിനു വേണ്ടിയാണ് അടുക്കളകൾ കഥ പറഞ്ഞു തുടങ്ങുന്നത്. കലാകാരന്മാരും വീട്ടമ്മമാരും അടുക്കളകളിൽ ഒരുക്കുന്ന ‘കലാരൂപ’ങ്ങൾ ചിത്രങ്ങളായോ, വിഡിയോ ആയോ ഷൂട്ട് ചെയ്ത് ബിനാലയിൽ പ്രദർശിപ്പിക്കുന്നതാണ് ഈ പ്രോജക്ട്. ജനങ്ഹളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള പാർട്ടിസിപ്പേറ്ററി ആർട്ട് ആയാണ് താനിയ ഈ പ്രോജക്ട് വീഭാവനം ചെയ്യുന്നത്.

മട്ടാഞ്ചേരിയിലേയും ഫോർട്ട്കൊച്ചിയിലേയും അടുക്കളകളിലൂടെ കല നമ്മോട് സംസാരിക്കുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു, ചിലപ്പോൾ ഉത്തരങ്ങളും തരുന്നു... അടുക്കളകൾ പെണ്ണിടങ്ങൾ ആയി ഇന്നും നിലനിൽക്കുന്നതിന്റെ കെട്ടുകണക്കിനു കഥകളാണ് താനിയ എബ്രഹാം ക്യുറേറ്റ് ചെയ്ത ആർട്ട് എക്സിബിഷനിലൂടെ ഓരോ അടുക്കളയും പറയുന്നത്..

‘‘ഭക്ഷണവും അതിനു പിന്നിലെ കഥകളും എപ്പോഴും ഒരു കൊളുത്ത് പോലെ എനിക്കൊപ്പമുണ്ട്. ‘ഈറ്റിങ്ങ് വിത് ഹിസ്റ്ററി’ എന്നൊരു പുസ്തകം എഴുതാനുള്ള പ്രചോദനവും ഈയൊരു കൗതുകമാണ്.’’ ആർട്ട് ക്യുറേറ്റർ താനിയ എബ്രഹാം പറഞ്ഞു. എഴുത്തും ജേണലിസവും അല്‍പം നിയമ പഠനവും ഒക്കെ പയറ്റി നോക്കിയ ശേഷമാണ് താനിയ ആർട്ട് ക്യുറേഷനിലേക്ക് തിരിയുന്നത്. (ഒരു ആർട്ട് ക്യുറേറ്ററാണ് പ്രദർശനം എങ്ങനെ വേണം എന്നും മറ്റും തീരുമാനിക്കുന്നതും അതിനായുള്ള സംഘാടനം സാധ്യമാക്കുന്നതും).

‘‘പ്രദർശനത്തിനു വേണ്ടിയുള്ള റിസേർച്ചിന്റെ ഭാഗമായി ധാരാളം വീടുകളിലും അടുക്കളകളിലും പോകേണ്ടി വന്നിരുന്നു. ഒരോ തവണ ചോദ്യങ്ങൾ ചോദിക്കുമ്പോഴും അവരുടെ മറുപടികളും അറിവുകളും അവർ പറയാതെ പറഞ്ഞതും എല്ലാം എന്റെ മനസ്സിനെ സ്പർശിച്ചു. അങ്ങനെയാണ് ഇത്തരത്തിലുള്ളൊരു ചിന്ത രൂപപ്പെട്ട് വരുന്നത്. ഒരു സ്ത്രീക്ക് അടുക്കളയുമായി വരുന്നൊരു ബന്ധം – മിക്കവാറും തന്നെ പാരമ്പര്യവുമായി ഇഴചേർന്ന് കിടക്കുന്ന ഒന്നാണ്. അമ്മയിൽ നിന്നു മകളിലേക്കും അവരുടെ മകളിലേക്കും അതിങ്ങനെ പരന്നൊഴുകുന്നു.

Babu-who–put–out–the–fire ‘ആരാണ് തീ കെടുത്തിയത്?’, ബാബു ഈശ്വർ പ്രസാദ്

ചിലയിടങ്ങളിൽ ഒരു സ്ത്രീ മറ്റെന്തിലൊക്കെ മികച്ചു നിന്നാലും അവളുടെ ഭക്ഷണമുണ്ടാക്കാനുള്ള കഴിവൊന്നു കൊണ്ട് മാത്രമാണ് പലപ്പോഴും അളക്കപ്പെടുന്നത്. മറ്റ് ചിലയിടത്ത് അടുക്കളയിലൂടെ തന്നെ തന്നെ കണ്ടെത്തുന്ന സ്ത്രീകളുമുണ്ട്. വേറൊരിടത്താകട്ടേ ഒരു സ്ത്രീ ഏറ്റവും വെറുക്കുന്ന ഇടവും അടുക്കളയാകും. ഇതിനൊക്കെ പിന്നിൽ ചില സാമൂഹിക ഘടകങ്ങളും മാറിയെന്നു കരുതിയിട്ടും മാറാതെ കിടക്കുന്ന ചിന്തകളും മാനസിക വ്യവ്യഹാരങ്ങളുമെല്ലാമാണ്. അതു കൊണ്ടാണ് അടുക്കളകൾ കഥ പറയട്ടേ എന്നു കരുതിയത്. അടുക്കളകൾ തന്നെ ഗാലറികൾ ആകട്ടേയെന്നും... അവിടെ ഒരുക്കുന്ന ആർട്ട് മാത്രമല്ല, ആ അന്തരീക്ഷം മുഴുവൻ കാഴ്ച്ചക്കാരോട് സംസാരിക്കും. ഏറ്റവും ഇഷ്ടമുള്ള വിഭവം ഉണ്ടാക്കാൻ പറയുമ്പോള്‍ അമ്മ മരിക്കും മുൻപേ ഉണ്ടാക്കിയ ഉള്ളിത്തീയലുണ്ടാക്കിയവരും അവരുടെ കഥകളുമുണ്ട്, അമ്മൂമ്മ മരിച്ച ശേഷം ഒരിക്കൽ പോലും ബേക്കിങ്ങിലേക്ക് തിരികെ പോകാൻ പറ്റാത്തവരുണ്ട്... അങ്ങനെ അടുക്കളുമായി പിണഞ്ഞു കിടക്കുന്ന മായുന്നതും നിലനിൽക്കുന്നതുമായ ഓർമകൾ പലതാണ്.

മാറുന്ന കാലത്ത് സ്ത്രീകൾ അടുക്കള മാത്രമല്ല നോക്കുന്നത്. പക്ഷേ, ഇന്ന് സംഭവിക്കുന്നത് സ്ത്രീകൾ വരുമാനത്തിനായി പുറത്തും കുടുംബം ‘നന്നായി കൊണ്ടുപോകാൻ ഉള്ള ഉത്തരവാദിത്വം’ കൊണ്ട് അടുക്കളയിലും ജോലി ചെയ്യുന്നു. ജോലികൾ കൂടുന്നു എന്നല്ലാതെ പലയിടത്തും തുല്യമായി അത് ഭാഗിക്കപ്പെടുന്നില്ല. ഒരു സ്ത്രീക്ക് പാചകം ചെയ്യാൻ താൽപര്യമുണ്ടോ എന്ന് പോലും നമ്മൾ പലപ്പോഴും ഓർക്കാറില്ല, ചിലർക്ക് അടുക്കളക്കാര്യങ്ങളല്ലാതെ മറ്റൊന്നിലേക്കും ഉള്ള അവസരങ്ങൾ പോലും കൊടുക്കാറുമില്ല. കഷ്ടപ്പെട്ട് പഠിച്ച് ഡിഗ്രി എടുത്ത എത്രയോ പേർ അടുക്കളയിൽ മാത്രമായി നിലനിന്നു പോകുന്നു... അവർ പണ്ട് മറ്റൊരു വിഷയം പഠിച്ചിരുന്നു എന്നതിന്റെ ഓർമ പോലും മാഞ്ഞു പോയിരിക്കുന്നു.... അതേക്കുറിച്ചു ചോദിക്കുമ്പോൾ ഒരു നിമിഷം നിശബ്ദരാകുന്നു. ഇത്തരം പല വേദനിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതും, മാറ്റത്തിലേക്കുള്ള വഴിതുറക്കുന്നതുമായ ധാരാളം കഥകൾ അടുക്കളകൾക്ക് പറയാനുണ്ട്.

priti-who–put–out–the–fire ആരാണ് തീ കെടുത്തിയത്, പ്രീതി വടക്കത്ത്

കിച്ചൺ തന്നെ ഗാലറിയാക്കിയാലോ... എന്നൊരു ചിന്ത വരുന്നത് 2020ലെ കോവിഡ് സമയത്താണ്. ഇപ്പോൾ നടക്കുന്ന പ്രോജക്റ്റിനെ കുറിച്ചുള്ള റിസേർച്ചുകൾ മാസങ്ങൾ മുൻപേ തുടങ്ങി. അടുക്കളകൾക്ക് നമ്മൾ കൊടുത്തിരിക്കുന്ന സ്ഥാനം പോലും പുരുഷാധിപത്യത്തിലൂന്നിയതാണ്. അതാണ് സ്ത്രീകളെ അവിടെ തളച്ചിടുന്നതും ആണുങ്ങളെ അവർക്കു ജീവിക്കാനാവശ്യമായ സുപ്രധാനമായ പാചകം എന്ന സ്കില്ലിൽ നിന്ന് അകറ്റി നിർത്തുന്നതും ഒക്കെ... ഇതിനൊക്കെ മാറ്റം വരണം. അതിന് നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ‘ആർട്ട് ഒൗട്ട് റീച്ച് സൊസൈറ്റി’ എന്നൊരു എൻജിഒ കൂടി ഞാൻ നടത്തുന്നുണ്ട്. സ്ത്രീകളുടെ ഉന്നമനവും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തലുമാണ് ലക്ഷ്യം. ഇതിൽ നിന്നുള്ള കണ്ടെത്തുലുകൾ ചിലപ്പോൾ അതിനേയും സഹായിച്ചേക്കാം. ഇതുവരെ ശ്രദ്ധിക്കപ്പെടാതെ പോയൊരു കാര്യത്തിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞേക്കും... ആർട്ട് ഒൗട്ട് റീച്ച് സൊസൈറ്റിയുടെ ഭാഗമായി തന്നെയാണ് അടുക്കള ഗാലറിയാകുന്ന ഈ പ്രോജക്റ്റ് നടത്തുന്നതും. ’’

നിങ്ങൾക്ക് പറയാം നിങ്ങളുടെ കഥകൾ പറയാം...

shugar-toungh-who–put–out–the–fire ആരാണ് തീ കെടുത്തിയത്, പഞ്ചാര നാവ്

ബാബു ഈശ്വർ പ്രസാദ്, ജസ്റ്റിൻ പൊൻമണി, ലേഖ നാരായണൻ, മൗതുഷി ചക്രബൊർത്തി, മുരളി ചീരോത്ത്, പ്രീതി വടക്കത്ത്, സഞ്ചയൻ ഘോഷ് എന്നിങ്ങനെ ആറ് ആർട്ടിസ്റ്റുകളാണ് നിലവിൽ പല അടുക്കളകളില്‍ പോയി കല കൊണ്ടുള്ള പരീക്ഷണങ്ങൾ നടത്തുന്നത്. വെറുതേ പോയി ചിത്രം വരയ്ക്കുകയോ ശിൽപം നിർമിക്കുകയോ അല്ല. ഓരോ അടുക്കളെകളേയും കുറിച്ച് പഠിച്ച്, അതെങ്ങിനെ നിലനിൽക്കുന്നു എന്നൊക്കെ മനസിലാക്കിയിട്ടാണ് സൃഷ്ടി നടത്തുന്നത്. ഇവരെ കൂടാതെ സെന്റ് തെരേസാസ് കോളജിൽ നിന്നും സേക്രഡ് ഹാർട്്സ് കോളജിൽ നിന്നുമൊക്കെയുള്ള വോളന്റിയർമാരുണ്ട്. വളരെ സപ്പോർട്ടീവായൊരു അസിസ്റ്റന്റ് ക്യൂറേറ്ററുണ്ട്. ഈ പ്രോജക്റ്റിന്റെ പ്രദർശനം ഇത്തവണത്തെ കൊച്ചി ബിനാലെയിൽ ഡിസംബറിൽ നടക്കും. 2022 ഡിസംബർ തൊട്ട് 2023 ഏപ്രിൽ വരെ മട്ടാഞ്ചേരിയിലെ ദേവസി ജോസ് ആന്റ് സൺസ് വെയർഹൗസിലാണ് A Place at the table, Where is Amma? എന്ന പ്രദർശനത്തിന്റെ ഭാഗമായി അടുക്കളകളിൽ ചെയ്ത ആർട്ട് വർക്കുകളുടെ ദൃശ്യാവിഷ്കാരം നടക്കുക. മറ്റ് പല ആർട്ടിസ്റ്റുകളും ഒപ്പം ചേരും.

ബിനാലെ കൊച്ചിയിൽ നടക്കുന്നതു കൊണ്ടാണ് ഫോർട്ട്കൊച്ചി മട്ടാഞ്ചേരി ഭാഗത്തേക്ക് തന്നെയുള്ള അടുക്കളകൾ കേന്ദ്രീകരിച്ചത്. പക്ഷേ, ഫണ്ട് കിട്ടിയാൽ ഇനിയും വിപുലമായി പല സ്ഥലങ്ങളിൽ പോയി ഇതേ പ്രോജക്റ്റ് ചെയ്യണമെന്നുണ്ട്. പ്രാദേശികമായ മാറ്റങ്ങളുണ്ടോ അതോ ദേശ വ്യത്യാസങ്ങൾക്കപ്പുറം എല്ലാ അടുക്കളകൾക്കും പറയാൻ പൊതുവായെന്തെങ്കലും ആണോ എന്നൊക്കെ നമുക്കു മനസിലാക്കാൻ സാധിക്കും.

Manju-who–put–out–the–fire ആരാണ് തീ കെടുത്തിയത്, മഞ്ജു

ഇതൊരു പാർട്ടിസിപ്പേറ്ററി ആർട്ട് കൂടിയാണ്... അതിലേക്ക് നിങ്ങൾക്കും അണിചേരാം. നിങ്ങൾ പാചകം ചെയ്യുന്നതോ അടുക്കളയിൽ ചെയ്യുന്ന കാര്യങ്ങളോ ഷൂട്ട് ചെയ്തോ ചിത്രങ്ങളെടുത്തോ അയക്കാം. മറ്റൊരാൾ ചെയ്യുന്ന കാര്യങ്ങളും ഷൂട്ട് ചെയ്ത് അയക്കാം. പറയാനുള്ള കഥകൾ എഴുത്തിലൂടെയോ ശബ്ദരേഖയായിട്ടോ ഒപ്പം ചേർക്കുകയും ചെയ്യാം. കാരണം, ഇതൊരു വ്യക്തിയുടേയോ രണ്ടു വ്യക്തിയുടേയോ മാത്രം കഥയല്ല. പലരുടേയും പല കഥകളാണ് എന്നാലോ... പലതാണെങ്കിലും അവയ്ക്കൊക്കെ എവിടെയൊക്കെയോ ഓരേ ഛായയുമുണ്ട്. നിങ്ങൾ ഒരു കഥ പറയുമ്പോൾ ഇത് എന്റെ കൂടിയാണ് എന്ന് പറയാൻ നൂറു പേർ വരും. ഒരു ആർട്ട് വർക്ക്, അതിന്റെ കഥ ചിലപ്പോൾ ആശയറ്റിരിക്കുന്ന ഒരാൾക്കുള്ള പിടിവള്ളി പോലും ആകുന്ന സാഹചര്യവും വരാം. അതുകൊണ്ട് നമുക്ക് കലയെ കെട്ടുപാടുകളില്ലാതെ അഴിച്ചു വിടാം. അത് അതിർവരമ്പുകളില്ലാതെ പറക്കട്ടേ...’’ താനിയ തന്റെ ആർട്ട് വർക്കിലേക്ക് സാധാരണ ജനങ്ങളുടെ പങ്കാളിത്തം ക്ഷണിക്കുകയാണ്.

lekha-who–put–out–the–fire ആരാണ് തീ കെടുത്തിയത്, ലേഖ

നിങ്ങൾക്കും ‘Who put the fire out’ എന്ന കലാരൂപത്തിന്റെ ഭാഗമാകാം.അടുക്കളയിൽ നിന്നുള്ള നിങ്ങളുടെ അനുഭവങ്ങൾ ചിത്രങ്ങളായോ, വിഡിയോ ആയോ, അതിന്റെ വിവരണം സഹിതം താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിലൂടെ ഗൂഗിൾ ഫോം ലിങ്കുകൾ വഴി അയയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ബിനാലെയിലെ കലാരൂപത്തിന്റെ ഭാഗമാക്കും...

https://forms.gle/91q3ub8iTq499waQ7

https://forms.gle/91q3ub8iTq499waQ7