പിസിഒഡി ഗർഭാശയ കാൻസർ സാധ്യത കൂട്ടുമെന്ന് വായിച്ചു. ഇതു ശരിയാണോ ?
സ്വപ്ന, നെടുങ്കണ്ടം
ശരിയാണ്. പ്രൊജസ്ട്രോണ്‍ എന്ന ഹോർമോൺ ആണ് ഗർഭാശയത്തിലെ ഉൾപാളിയെ (എൻഡോമെട്രിയം) കാൻസറിൽ നിന്നു സംരക്ഷിക്കുന്നത്. പിസിഒഡി ഉള്ളവരിൽ അണ്ഡോൽപാദനം നടക്കാത്തതു മൂലം പ്രൊജസ്ട്രോൺ അഭാവം ഉണ്ടാകും. മാത്രമല്ല, എൻഡോമെട്രിയത്തിൽ ഈസ്ട്രജന്റെ പ്രവർത്തനം മാത്രം സംഭവിക്കുന്നതിനാൽ എൻഡോമെട്രിയത്തിന് അനിയന്ത്രിതമായി കട്ടി കൂടി (എൻഡോമെട്രിയൽ ഹൈപ്പർപ്ലേസിയ) കാൻസറായി മാറാനുള്ള സാധ്യതയും വർധിക്കുന്നു.
സാധാരണയായി ആർത്തവവിരാമത്തിനു ശേഷം 60 വയസ്സിനോട് അടുപ്പിച്ചു ഗർഭാശയ കാൻസർ സാധ്യത ഉ ണ്ടാകുമ്പോൾ പിസിഒഡി ഉള്ളവർ 40 വയസ്സിനു മുൻപു തന്നെ കാൻസർ സാധ്യതയുള്ളവരാകുന്നു.
പിസിഒഡി ഉള്ളവരിലെ അമിതവണ്ണം, രക്താതിമർദം, പ്രമേഹം എന്നിവയും കാൻസർ റിസ്ക് വർധിപ്പിക്കും. അതുകൊണ്ടു രണ്ടു മാസം കൂടുമ്പോഴെങ്കിലും പിസിഒഡി രോഗികൾ മാസമുറ വരുന്നുണ്ടെന്ന് ഉറപ്പാക്കണം. ചുരുക്കം ചിലർ, പ്രത്യേകിച്ചു കുട്ടികൾ വേണ്ട എന്നു തീരുമാനിച്ചവരും പ്രസവം നിർത്തിയവരും മാസമുറ കൃത്യമല്ലെങ്കിലും സാരമില്ല എന്നു കരുതാറുണ്ട്. ഇതു ശരിയല്ല. മാസമുറ രണ്ടു മാസം വന്നില്ലെങ്കിൽ പ്രൊജസ്ട്രോൺ ഗുളികകൾ ഡോക്ടറുടെ നിർദേശത്തോടെ 10 ദിവസമെങ്കിലും കഴിച്ച് ആർത്തവം വരുത്തേണ്ടതാണ്.
കുട്ടികൾ വേണ്ട എന്നു തീരുമാനിച്ച പിസിഒഡി രോഗികൾക്ക് MIRENA (LNG -IUCD) ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കാവുന്നതാണ്. ഈ ഗർഭനിരോധന ഉപാധി ഒരു ഇൻട്രായൂട്രിൻ ഹോർമോണൽ ഡിവൈസ് കൂടിയാണ്. ചെറിയ അളവിൽ ഗർഭപാത്രത്തിലേക്കു പ്രൊജസ്ട്രോൺ ഹോർമോൺ റിലീസ് ചെയ്തു ഗർഭപാത്രത്തിനു കാൻസറിൽ നിന്നു സംരക്ഷണവും നൽകും.
പിസിഒഡി ഉള്ളവർ അൾട്രാസൗണ്ട് സ്കാൻ ചെയ്തു നോക്കുകയും എൻഡോമെട്രിയത്തിനു കട്ടി കൂടുതലുണ്ടെങ്കിൽ എൻഡോമെട്രിയം സാംപ്ലിങ് നടത്തി കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണം. ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും അമിതവണ്ണവും ജീവിതശൈലീരോഗങ്ങളും നിയന്ത്രണത്തിലാക്കാനും ശ്രദ്ധിക്കുക.
35 വയസ്സുണ്ട്. നാളുകളായി വൈറ്റ് ഡിസ്ചാർജ് ഉ ണ്ട്. പലപ്പോഴും പല രീതിയിലാണ് ഡിസ്ചാർജ്. എന്താണ് ഇങ്ങനെ? ഡോക്ടറെ കാണണോ ?
പ്രിയ, ഉഴവൂർ
വജൈനൽ ഡിസ്ചാർജ് അഥവാ വെള്ളപോക്കു സാധാരണമാണ്. ഇതു കുറഞ്ഞ അളവിൽ നിറമില്ലാത്തതോ വെള്ളനിറത്തിലോ ആണെങ്കിൽ ഭയക്കേണ്ടതില്ല.
മാസമുറ ചക്രത്തിന്റെ (Menstrual Cycle) വിവിധ ഘട്ടങ്ങളിൽ ഡിസ്ചാർജ് കൂടിയും കുറഞ്ഞും വരും. ഘടനയിലും വ്യത്യാസം വരാം. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ പ്രവർത്തനമാണ് ഇതിനു പിന്നിൽ. അണ്ഡോൽപാദന സമയത്തു നിറമില്ലാതെ നേർത്തു വലിയുന്ന തരത്തിലാകും (മുട്ടവെള്ള പോലെ) വൈറ്റ് ഡിസ്ചാർജ്. അണ്ഡോൽപാദനം കഴിയുന്നതോടെ വെള്ളനിറത്തിലാകുന്നു.
വൈറ്റ് ഡിസ്ചാർജ് പാന്റീസ് നനയ്ക്കുന്ന രീതിയിൽ അമിത അളവിൽ ഉണ്ടാവുകയോ, ഇതിനു ഗന്ധമോ, നിറവ്യത്യാസമോ ഒപ്പം ചൊറിച്ചിലോ ഉണ്ടാവുകയാണെങ്കിലോ മാത്രമേ ചികിത്സ തേടേണ്ടതുള്ളൂ.
ചാരനിറത്തിൽ ദുർഗന്ധ (Fishy odour) ത്തോടെയുള്ള ഡിസ്ചാർജിന്റെ പ്രധാന കാരണം ബാക്ടീരിയല്‍ വജൈനോസിസ് ആണ്. ഇതു സാധാരണവുമാണ്.
മഞ്ഞയോ പച്ചയോ നിറത്തിൽ പതയോടു കൂടിയ ട്രൈക്കോമോണാസ് ഇൻഫെക്‌ഷൻ, വെള്ളനിറത്തിൽ തൈരു പോലെ യോനിയിൽ പറ്റിച്ചേർന്നിരിക്കുന്ന കാൻഡിഡ ഇൻഫെക്‌ഷൻ എന്നീ പ്രശ്നങ്ങൾ കൊണ്ടാകാം.
ഇതോടൊപ്പം വേദന, ചൊറിച്ചിൽ, പുകച്ചിൽ, മൂത്രമൊഴിക്കുമ്പോൾ വേദന തുടങ്ങിയവ കൂടിയുണ്ടെങ്കിൽ ഡോക്ടറെ കാണാൻ ഒട്ടും വൈകേണ്ട. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം, ലൈംഗിക രോഗങ്ങൾ, ചില മരുന്നുകൾ, സെർവിക്കൽ ഇറോഷൻ, പോളിപ്സ് എന്നിവയും അമിതമായ വെള്ളപോക്കിനു കാരണമാകാം.
രക്തം കലർന്നുള്ള ഡിസ്ചാർജ് പ്രത്യേകിച്ചു മാസമുറ നിൽക്കാറായവരിലും നിന്നവരിലും ഉണ്ടാകുന്നതു കാൻസറിന്റെ ലക്ഷണമാകാം. ഇത്തരത്തിലുണ്ടായാൽ ഡോക്ടറെ സമീപിച്ചു പരിശോധന നടത്തണം.