ADVERTISEMENT

സുന്ദരമായ മുടി സ്വപ്നം കാണുന്നവർക്ക് അൽപം മനസു വച്ചാൽ അതു സ്വന്തമാക്കാം. മുടിക്ക് വേണ്ടത് ശരിയായ പരിചരണവും ശരിയായ ഡയറ്റും ആണ്. മൂന്ന് മുതൽ ആറു മാസക്കാലത്തെ ശ്രദ്ധയോടെയുള്ള പരിചരണവും കൃത്യമായ പോഷണം നിറഞ്ഞ ഭക്ഷണവും കൊണ്ട് മുടി സുന്ദരമാക്കി മാറ്റാൻ സാധിക്കും. യാതൊരു പരിചരണവും കിട്ടാതെ ‘ഡൾ ആൻഡ് ഡാമേജ്ഡ്’ മുടിയായി മാറിയെങ്കിൽ പോലും ശ്രദ്ധയോടെയും ചിട്ടയോടെയും ഉള്ള കൃത്യമായ പരിചരണം നൽകിയാൽ ഭംഗിയുള്ളതാക്കി മാറ്റാം. മുടി സുന്ദരമാക്കാൻ ഇനി പറയുന്ന അഞ്ചു കാര്യങ്ങൾ ചിട്ടയോടെ പാലിക്കുക.

1. തലമുടി വൃത്തിയായി സൂക്ഷിക്കുക

ADVERTISEMENT

അനുയോജ്യമായ ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് തലമുടി യഥാസമയം കഴുകി വൃത്തിയോടെ സൂക്ഷിക്കുക.

2. മുടിയുടെ പ്രശ്നങ്ങൾ അകറ്റുക

ADVERTISEMENT

താരൻ, മുടി കൊഴിച്ചിൽ, അറ്റം പൊട്ടൽ, മുടിക്കായ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ അവയെല്ലാം ചികിൽസയിലൂടെ പരിഹരിക്കുക.

3. കൃത്യമായ ഇടവേളകളിൽ ട്രിമ്മിങ് മുടക്കാതിരിക്കുക

ADVERTISEMENT

കൃത്യമായ ഇടവേളകളിൽ മുടിയുടെ അറ്റം ട്രിം ചെയ്യുക.

4. പോഷക ഗുണം നിറഞ്ഞ ഭക്ഷണം കഴിക്കുക

മുടിക്കു വേണ്ട പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക. ആവശ്യമെങ്കിൽ ഹെയർ ബൂസ്റ്റിങ് സപ്ലിമെന്റ്സ് കഴിക്കാം.

5. കെമിക്കൽ ട്രീറ്റ്മെന്റ്സ് കരുതലോടെ മാത്രം ചെയ്യുക

മുടിക്കുള്ള കെമിക്കൽ ട്രീറ്റ്മെന്റ്സ് (സ്ട്രെയ്റ്റനിങ്, കരാറ്റിൻ ട്രീറ്റ്മെന്റ്. സ്മൂത്തനിങ്, ഹെയർ കളറിങ് തുടങ്ങിയവ) ചെയ്യിക്കുന്നുണ്ടെങ്കിൽ ഏറ്റവും വൈദഗ്ധ്യമുള്ളവരെക്കൊണ്ടു മാത്രം ചെയ്യിക്കുക. ട്രീറ്റ്മെന്റിനു ശേഷം നൽകേണ്ട പരിചരണത്തിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. അമിതമായ കെമിക്കൽ ട്രീറ്റ്മെന്റ്സ് മുടിക്കു നല്ലതല്ല.

തലമുടിയുടെ പ്രശ്നങ്ങളകറ്റാം 

മുടി കൊഴിച്ചിൽ

മുടി കൊഴിച്ചിലാണ് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന സാധാരണമായ പ്രശ്നം. ഇതിനു പിന്നിലെ കാരണങ്ങൾ പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സാധാരണ മുടി കൊഴിച്ചിലിന് വീട്ടിൽ തന്നെ പരിഹാരം കാണാൻ കഴിയും.

∙ ഒരു കപ്പ് തേങ്ങാപ്പാൽ എടുക്കുക. (തേങ്ങ ചുരണ്ടിയത് പിഴിഞ്ഞ് വീട്ടിൽ തയാറാക്കിയ തേങ്ങാപ്പാൽ). ഹെയർ ബ്രഷ് ഉപയോഗിച്ച് ശിരോചർമത്തിൽ പുരട്ടുക. ടവൽ കൊണ്ട് തലമുടി പൊതിഞ്ഞ് 20 മിനിറ്റ് വച്ച ശേഷം മുടി തണുത്ത വെള്ളത്തിൽ കഴുകണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം. തേങ്ങാപ്പാലിലെ വൈറ്റമിൻ ഇയും പൊട്ടാസ്യവും മു‍ടി വളരാൻ സഹായിക്കുന്നു. മുടിയുടെ വേരു  മുതൽ അറ്റം വരെ കരുത്തുള്ളതാക്കുന്നു. മോയിസ്ചറൈസേഷൻ നൽകുന്നു.

∙ ത്രിഫലാദി തൈലം ശിരോചർമത്തിൽ പുരട്ടുന്നത് മുടി കൊഴിച്ചിൽ തടയാനും മുടി വളരാനും ഫലപ്രദമാണ്.

∙ നെല്ലിക്ക തണലിൽ ഉണക്കിയെടുത്ത് ശുദ്ധമായ വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുന്ന എണ്ണകൊണ്ട് മസാജ് ചെയ്യുന്നത് മുടി വളരാൻ ഉപകരിക്കും.

∙ അഞ്ച് ചെമ്പരത്തിയിലയും അഞ്ച് ചുവന്ന ചെമ്പരത്തിപ്പൂവും ചതച്ചെടുക്കുക. നൂറു മില്ലി ലീറ്റർ ശുദ്ധമായ വെളിച്ചെ ണ്ണയെടുത്ത് ചതച്ച മിശ്രിതം ചേർത്ത് തിളപ്പിച്ച്, തണുത്ത ശേഷം ഈ എണ്ണ അരിച്ചെടുത്ത് കുപ്പിയിലടച്ചു സൂക്ഷിക്കാം. രണ്ട് സ്പൂൺ എണ്ണ ശിരോചർമത്തിൽ പുരട്ടി 5, 10 മിനിറ്റ് നേരം നന്നായി മസാജ് ചെയ്യുക. അര മണിക്കൂറിനു ശേഷം താളിപ്പൊടിയോ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം. മുടി തഴച്ചു വളരാൻ സഹായിക്കും.

∙ വെളിച്ചെണ്ണ, കാസ്റ്റർ ഓയിൽ, വൈറ്റമിൻ ഇ ഓയിൽ എന്നിവ തുല്യ അളവിൽ മിശ്രിതമാക്കി ശിരോചർമത്തിൽ മസാജ് ചെയ്യുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കും.

മുടിയിൽ തേയ്ക്കുന്ന ഏത് എണ്ണയും മുടിയുടെ വേരുകളിലേക്ക് എത്തിയാലേ നല്ല ഫലം കിട്ടൂ. അതിനാൽ നന്നായി മസാജ് ചെയ്ത് എണ്ണ തലയോട്ടിയിൽ തേച്ചു പിടിപ്പിക്കണം.

താരൻ

എണ്ണമയമുള്ള മുടിയിലാണ് താരൻ കൂടുതലും ബാധിക്കുന്ന ത്. തലയിൽ അഴുക്കും ചെളിയും അടിയുന്നത്, ശിരോചർമത്തിന്റെ വൃത്തിയില്ലായ്മ, തലമുടിയുടെ അമിത വരൾച്ച ഇവ െകാണ്ടും താരനുണ്ടാകാം. തലയിൽ ചൊറിയുമ്പോൾ താരൻ കൂടുതൽ വ്യാപിക്കാനിടയാകുന്നു. താരൻ അകറ്റാൻ പ്രകൃതിദത്തമാർഗങ്ങൾ പരീക്ഷിക്കാം.

∙ ആര്യവേപ്പില ഒരു പിടിയെടുത്ത് നാലു കപ്പ് വെള്ളത്തി ൽ തിളപ്പിക്കുക. ഈ വെള്ളം തണുത്ത ശേഷം അരിച്ചെടു ക്കു ക. ഈ വെള്ളം കൊണ്ട് തല കഴുകുക. ആഴ്ചയിൽ മൂന്ന് ദിവസം ആവർത്തിക്കുക.

∙ രണ്ടു സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയിൽ ഒരു പകുതി ചെറുനാരങ്ങയുടെ നീര് ചാലിച്ച് ഈ മിശ്രിതം കൊണ്ട് ശിരോചർമം നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇതു ചെയ്യുക.

∙ രണ്ട് ടീസ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഒായിൽ ചെറുതായി ചൂടാക്കിയ ശേഷം ശിരോചർമത്തിൽ നന്നായി പുരട്ടി മസാജ് ചെയ്യുക. ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ െകാണ്ട് തലമുടി െപാതിഞ്ഞ് വയ്ക്കുക. 30 മിനിറ്റിനു ശേഷം ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുക,

∙ താരൻ അകറ്റാൻ ടീ ട്രീ ഒായിലും കോക്കനട്ട് ഒായിലും ഉപയോഗിച്ച് ഡീപ് കണ്ടീഷനിങ് െചയ്യാം. മൂന്ന് ടീ സ്പൂൺ ശുദ്ധമായ െവളിച്ചെണ്ണയും 5 തുള്ളി ടീ ട്രീ ഒായിലും മിശ്രിതമാക്കുക. ഇത് തലയോട്ടിലും തലമുടിയിഴകളിലും നന്നായി മസാജ് ചെയ്യാം. തലമുടി മൃദുവായി െകട്ടി വച്ച് ഈ എണ്ണ പുരട്ടി തന്നെ ഉറങ്ങാൻ കിടന്നിട്ട് പിറ്റേന്ന് ഷാംപൂവും കണ്ടീഷ നറും ഇട്ട് തലമുടി കഴുകുക. താരൻ അകറ്റാനും തലമുടി വ ളരാനും ഫലപ്രദമാണ്.

പ്രകൃതി ദത്ത മാർഗങ്ങൾ വഴി താരൻ മാറുന്നില്ലെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശ പ്രകാരം ആന്റി ഡാൻ‍ഡ്രഫ് ഷാംപൂ ഉപയോഗിക്കാം. സാലിസൈലിക് ആസിഡ് അടങ്ങിയ ഷാംപൂ താരൻ അകറ്റാൻ ഫലപ്രദമാണ്.

ഹോട്ട് ഓയിൽ മസാജ്

താരൻ അകറ്റാനും മുടിയുടെ ആരോഗ്യത്തിനും ഹോട്ട് ഓയിൽ മസാജ് വളരെ ഫലപ്രദമാണ്. വെർജിൻ കോക്കനട്ട് ഓയിൽ, ഒലിവ് ഓയിൽ, ജോജോബാ ഓയിൽ (ജോജോബാ ഓയിൽ ഫംഗസ് അകറ്റാൻ സഹായിക്കു ന്നു) അൽപം വീതം മിശ്രിതമാക്കിയെടു ക്കുക. എണ്ണ നേരിട്ടു ചൂടാക്കാതെ ചെറിയ ബൗളിലെടുത്ത് ഒരു പാത്രം വെള്ളത്തിൽ വച്ചു ചൂടാ ക്കിയെടുക്കുക. പൊള്ളുന്ന ചൂടാവരുത്. 

വിരലുകൾ എണ്ണയിൽ മുക്കി മുടിയിഴകൾ കുറച്ചായി വകഞ്ഞെടുത്ത് അവയുടെ ചുവട്ടിൽ നന്നായി മസാജ് ചെയ്യുക. ഇങ്ങനെ തല മുഴുവനും ചെയ്യുക. മുടിയിഴകളുടെ അറ്റം വരെയും എണ്ണ പുരട്ടുക. ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞെടുത്ത ടവൽ തലമുടിയിൽ പൊതിഞ്ഞ് 20 മിനിറ്റ് വയ്ക്കുക. ഇനി ഷാംപൂവിട്ട് തലമുടി വൃത്തിയായി കഴുകുക. തലമുടിക്കു വേണ്ട പ്രോട്ടീൻ നൽകാനും മോയിസ്ചറൈസേഷൻ നിലനിർത്താനും ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടുള്ള ഹോട്ട് ഓയിൽ മസാജ് സഹായിക്കും.

ADVERTISEMENT