മഴക്കാലമായാൽ ഈർപ്പം മൂലം ശിരോചർമത്തിൽ അഴുക്ക് അടിയാം, താരൻ ശല്യം കൂടാം. ഇവയകറ്റാൻ സ്കാൽപ് സ്ക്രബ് സഹായിക്കും. ആഴ്ചയിൽ ഒരു ദിവസം മുടി ഭാഗങ്ങളായി വകഞ്ഞു സ്ക്രബ് പുരട്ടാം. കൈ കൊണ്ടോ സ്കാൽപ് മസാജർ ഉപയോഗിച്ചോ മസാജ് ചെയ്തശേഷം കഴുകാം.
∙ ഒരു വലിയ സ്പൂൺ ബ്രൗൺ ഷുഗറിൽ ഒരു ചെറിയ സ്പൂണ്‍ ഒലിവ് ഓയിൽ ചേർത്തു യോജിപ്പിക്കുക. ഇതു ശിരോചർമത്തിൽ പുരട്ടി മസാജ് ചെയ്തശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
∙ രണ്ടു വലിയ സ്പൂൺ പഞ്ചസാരയും ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണയും ഒരു വലിയ സ്പൂൺ ഷാംപൂവും ചേർത്തു യോജിപ്പിച്ചു തലയിൽ പുരട്ടി മെല്ലേ മസാജ് ചെയ്യുക. ശേഷം കഴുകിക്കളയാം.
∙ തലയിൽ ഷാംപൂ പുരട്ടാനെടുക്കുമ്പോൾ തരിതരിപ്പുള്ള കാപ്പിപ്പൊടി കൂ ടി ചേർത്ത് ശിരോചർമത്തിൽ തേച്ചു കഴുകാം.
∙ ഒരു തണ്ടു വീതം കറിവേപ്പിലയും ആരിവേപ്പിലയും ചേർത്തരയ്ക്കുക. ഇതില്‍ പഞ്ചസാരയും ചേർത്തിളക്കി ശിരോചർമത്തിൽ പുരട്ടി മസാജ് ചെയ്തശേഷം നന്നായി കഴുകുക.
∙ കറ്റാർവാഴ ജെല്ലിലേക്ക് ഉലുവ പൊടിച്ചതു ചേർത്തു സ്കാൽപ് സ്ക്രബ് ആയി ഉപയോഗിക്കാം.
∙ ഒരു ഏത്തപ്പഴത്തിന്റെ പകുതി ഉടച്ചതിൽ ഒരു മുട്ടവെള്ള ചേർത്തു യോജിപ്പിച്ചശേഷം രണ്ടു വലിയ സ്പൂൺ പഞ്ചസാര കൂടി ചേർത്തു സ്ക്രബ് ആയി ഉപയോഗിക്കാം.