ADVERTISEMENT

"ഈ കൊറോണ വൈറസ് കൊണ്ട് മലയാളിക്ക് ചില ഗുണങ്ങൾ ഉണ്ടായി എന്നാണ് എനിക്കു തോന്നുന്നത്. ആൾക്കാരുടെ പേടി കുറച്ചൊക്കെ മാറി. നമുക്ക് എല്ലാത്തിനോടും പേടിയാണല്ലോ? രാഷ്ട്രീയത്തെ പേടി, മതങ്ങളെ പേടി, മതപുരോഹിതന്മാരെ പേടി, ആൾദൈവങ്ങളെ പേടി, ആശുപത്രികളെ പേടി, അവനവന്റെ ആരോഗ്യത്തെ പേടി.. എന്തിന്, അവനവനെ തന്നെ പേടി! ഇതിലൊന്നും വലിയ കാര്യമില്ലെന്നു കുറച്ചുപേർക്കെങ്കിലും ബോധ്യപ്പെട്ടു. കട്ടു മുടിച്ചിട്ടും വെട്ടിപ്പിടിച്ചിട്ടും കൊള്ളയടിച്ചിട്ടുമൊന്നും ഒരു കാര്യവുമില്ല. എല്ലാം ഒരു വൈറസിനു മുന്നിൽ തീരുന്നതേയുള്ളൂ."- കൊറോണാ കാലത്തെ ജീവിതത്തെക്കുറിച്ച് ശ്രീനിവാസൻ.

മദ്രാസിലെ സിദ്ധന്‍

ADVERTISEMENT

ഈ കൊറോണക്കാലത്ത് ഏറ്റവും സന്തോഷം നൽകിയതെന്താണ്? പല സുഹൃത്തുക്കളും ചോദിച്ചു. കേരളത്തിൽ ഇപ്പോൾ ജാതിയില്ല, മതമില്ല, മതപുരോഹിതന്മാരില്ല, ആൾദൈവങ്ങളില്ല... എന്നിട്ടും വലിയ കുഴപ്പമൊന്നുമില്ലാതെ നമ്മൾ ജീവിച്ചു പോകുന്നു. അതിനർഥം ഈ പറഞ്ഞ കാര്യങ്ങൾ ഒന്നുമില്ലെങ്കിലും മലയാളിക്ക് ജീവിച്ചു പോകാം എന്ന് തെളിഞ്ഞിരിക്കുന്നു. അതാണെനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം.

പണ്ട് ചെന്നൈയിൽ വച്ച് ഒരാളെ പരിചയപ്പെട്ടു. അദ്ദേഹം അറിയപ്പെടുന്ന ഒരു സിദ്ധന്റെ ശിഷ്യനാണ്. അദ്ദേഹത്തിന് വയറ്റിൽ കാൻസറായിരുന്നത്രെ. ചികിത്സയൊന്നും ഫലിച്ചില്ല. സിദ്ധൻ അയാളുടെ വയറിലൊന്നു തടവിയതേയുള്ളൂ കാൻസർ പമ്പകടന്നു.

ADVERTISEMENT

അപ്പോൾ ഞാനൊരു സംശയം ചോദിച്ചു. ‘ഈ മഹാസിദ്ധന്റെ പേരിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉണ്ടല്ലോ, അതെന്തിനാ? സിദ്ധൻ വഴിയരികിലിരുന്നു തടവിയാൽ പോരേ. സ്പർശ ചികിത്സ എന്നൊരു വിഭാഗം തന്നെ നമുക്ക് വളർത്തി കൊണ്ടു വരാം.’ പിന്നീട് അയാൾ എന്നോടു മിണ്ടിയിട്ടില്ല.

ഞാൻ അലോപ്പതി ചികിത്സയ്ക്ക് എതിരെ പ്രസംഗിക്കുന്നു, എന്നിട്ട് രോഗം വരുമ്പോൾ അലോപ്പതി ചികിത്സ തേടുന്നു എന്നൊരു പരാതി ഉയർന്നു കേൾക്കുന്നുണ്ട് നവമാധ്യമങ്ങളിൽ. വാസ്തവത്തിൽ ഞാൻ അലോപ്പതിക്കോ ചികിത്സയ്ക്കോ എതിരല്ല. ഈ രംഗത്തു നടക്കുന്ന തട്ടിപ്പുകളെ മാത്രമാണ് എതിര്‍ക്കുന്നത്. അതു നവമാധ്യമക്കാർക്കു മനസ്സിലാകാത്തത് എന്റെ കുറ്റമല്ല പിന്നെ നവമാധ്യമം എന്നു പറയുന്നത് ഒരു ചന്ത പോലെയാണ്. ആർക്കും എന്തും വിളിച്ചുപറയാവുന്ന സ്ഥലം. അതിൽ കൂടുതൽ പ്രാധാന്യമൊന്നും അതിനില്ല.

ADVERTISEMENT

താഴ്ന്ന ജാതിക്കാരന്‍റെ ചികിത്സ

കൊറോണക്കാലം പോലെ ഒരു രോഗകാലം ഒാർമയിലില്ല. വസൂരി പടർന്ന കാലത്തെക്കുറിച്ച് ഇന്നസെന്റ് എഴുതിയതു വായിച്ചു. വസൂരിയുടെ ഭീകരത ഞാൻ അറിഞ്ഞത് അഡ്വ. സെലുരാജ് എഴുതിയ ‘കോഴിക്കോടൻ പെരുമ’ എന്ന പുസ്തകത്തിലൂടെയാണ്. രോഗം ബാധിച്ചു മരിക്കാറായവരെ ഏതെങ്കിലും വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു  പോകുന്നതൊക്കെ ആ പുസ്തകത്തിൽ പറയുന്നുണ്ട്. രോഗത്തിന്റെ ഭീകരത മാത്രമല്ല,  ജാതിവ്യവസ്ഥയുടെ ഭീകരതയും അതിൽ വിവരിക്കുന്നു.

അന്ന് നടന്ന ഒരു സംഭവം പറയാം കോഴിക്കോട് സ ര്‍ക്കാര്‍ സർവീസിനുള്ള ഡോക്ടറായിരുന്നു കൃഷ്ണൻ. അദ്ദേഹമൊരു താഴ്ന്ന ജാതിക്കാരനാണ്. കോഴിക്കോട് നിന്ന് അദ്ദേഹത്തെ പാലക്കാട്ടേക്കു സ്ഥലംമാറ്റി. അവിടുള്ള മേൽജാതിക്കാർ കോടതിയിൽ പോയി േകസ് െകാടുത്തു, ‘താഴ്ന്നജാതിക്കാരൻ ഞങ്ങളെ പരിശോധിക്കേണ്ട...’ എന്നു പറഞ്ഞ്. അവസാനം ജഡ്ജി ചോദിച്ചു. ‘നിങ്ങൾ ആഹാരം കഴിക്കുന്ന പാത്രം ആര് ഉണ്ടാക്കിയതാണ്? നിങ്ങൾ താമസിക്കുന്ന വീട്, കിടക്കുന്ന കട്ടിൽ, ധരിക്കുന്ന വസ്ത്രം ഇതിലൊക്കെ ജാതി നോക്കാറുണ്ടോ?’ േകസ് െകാടുത്തവര്‍ക്ക് ഒന്നും പറയാനുണ്ടായില്ല.

ജഡ്ജി ആയിരുന്ന സായിപ്പാണ് ഈ മറുചോദ്യങ്ങള്‍ ഉന്നയിച്ചത്. സാമൂഹിക പ്രശ്നങ്ങളിൽ സായ്പന്മാരുടെ ഇടപെടൽ ഒരുപാട് ഗുണങ്ങൾ ചെയ്തിട്ടുണ്ട്, മലബാറിൽ പ്രത്യേകിച്ചും.

ADVERTISEMENT