വിങ്ക് സെൻസേഷനിൽ നിന്ന് തെന്നിന്ത്യന്‍ നായികയായ പ്രിയ വാരിയർ വനിതയ്ക്കൊപ്പം...
പെട്ടെന്ന് വൈറലായ വിങ്കും പിന്നാലെ വന്ന വിവാദങ്ങളും. എങ്ങനെ പിടിച്ചു നിന്നു?
ഞാൻ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു അഡാർ ലൗവിലെ വിങ്ക് സീൻ വൈറലായത്. എല്ലാ അവസ്ഥകളിലും ഗ്രൗണ്ടഡ് ആയി നിൽക്കണം എന്നതാണ് എന്റെ പോളിസി. പെട്ടെന്നുണ്ടാകുന്ന വിജയങ്ങളിൽ പൊങ്ങിപ്പോയാൽ പിന്നാലെയുണ്ടാകുന്ന വീഴ്ചകളുടെ ആഘാതം വലുതായിരിക്കുമെന്നല്ലേ പറയുന്നത്. വിങ്ക് സെൻസേഷനിൽ മതിമറക്കാത്തതുകൊണ്ടുതന്നെ പിന്നാലെയുണ്ടായ വിവാദങ്ങളും എന്നെ തൊട്ടതേയില്ല.
അഡാർ ലൗവിൽ എന്നെ കാസ്റ്റ് ചെയ്തത് ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ്. പ്രധാന കഥാപാത്രം ചെയ്യേണ്ടിയിരുന്ന കുട്ടി പെട്ടെന്നു പിന്മാറിയതുകൊണ്ടാണ് ആ വേഷം എന്നിലേക്ക് എത്തിയത്. എന്നാൽ, വിശ്വസിച്ചയിടങ്ങളിൽ നിന്നുണ്ടായ തിരിച്ചടികൾ വേദനിപ്പിച്ചു. ഇന്നും ആ മുറിവുകൾ ഉണങ്ങിയിട്ടില്ല. അച്ഛനും അമ്മയും അടുത്ത സുഹൃത്തുക്കളുമാണ് പരീക്ഷണഘട്ടം താണ്ടാൻ സഹായിച്ചത്. വിവാദങ്ങൾ കരിയറിനെ പ്രതികൂലമായി ബാധിച്ചു. ചെറിയ റോളിലേക്ക് കാസ്റ്റ് ചെയ്യാമെന്നു കരുതുന്നവർ പോലും നെഗറ്റിവിറ്റിയുടെ പേരിൽ എന്നെ ഒഴിവാക്കി. ആരേയും തെറ്റു പറയാനാവില്ല.
ചുറ്റും നടക്കുന്ന ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ ഞാ ൻ മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു. കാഴ്ചപ്പാടുകൾക്കു വ്യക്തത കൈവന്നുവെന്നത് ബോണസാണ്. ലക്ഷ്യങ്ങളും ചിന്തകളും നല്ലതാണെങ്കിൽ ആ നന്മ നമ്മിലേക്കു തിരികെയെത്തും എന്നു ഞാനുറച്ചു വിശ്വസിക്കുന്നു.
തെറ്റിദ്ധരിക്കപ്പെടുന്നു എന്ന തോന്നലുണ്ടോ?
തീർച്ചയായും. ആദ്യ സിനിമ മുതൽ എന്നെക്കുറിച്ച് ഒരുപാടു തെറ്റിധാരണകളുണ്ട്. ആരാണ് ഇതിനൊക്കെ പിന്നിലെന്ന് അറിയില്ല. പലതും കേട്ടതായിപ്പോലും ഭാവിക്കാറില്ല. ചിലതു നമ്മുടെ കരിയറിനെ ഇല്ലാതെയാക്കുന്നു. പൊതുവേ കേട്ടുവരുന്ന കമന്റാണ് ഭയങ്കര ജാഡയാണ് എന്നുള്ളത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല. ആരോടും ഇടിച്ചു കയറി സംസാരിക്കുന്ന ആളല്ല ഞാൻ. ഒരുപക്ഷേ അതാകാം. വളരെ വലിയ തുകയാണ് പ്രതിഫലമായി വാങ്ങുക എന്നൊരു കഥ കുറച്ചധികം നാളായിട്ടുണ്ടത്രേ. പക്ഷേ ഈയടുത്താണ് അതറിയുന്നത്.
കുറച്ചുനാൾ മുൻപ് ഒരു പ്രശസ്ത മലയാളം സംവിധായകനെ എയർപോർട്ടിൽ വച്ച് കണ്ടു. സംസാരിച്ചിരിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു ‘ പ്രിയ ഇത്ര വലിയ തുകയാണല്ലേ പ്രതിഫലമായി ചോദിക്കുന്നത്’ എന്ന്. എനിക്കെന്തു പറയണമെന്നറിയില്ലായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഒരു സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്നതിനേക്കുറിച്ച് മറ്റൊരാളുമായി സംസാരിച്ചപ്പോൾ അയാൾ പറഞ്ഞത്രേ പ്രിയയുടെ പ്രതിഫലം വളരെ കൂടുതലാണെന്ന്. എന്തിനാകും അയാളങ്ങനെ പറഞ്ഞിട്ടുണ്ടാവുക? അതുകൊണ്ട് അയാൾക്ക് എന്തു നേട്ടമുണ്ടായിട്ടുണ്ടാകും? മറ്റുള്ളവരുടെ ഉള്ളിലെന്താണെന്ന് അറിയാൻ സാധിക്കില്ലല്ലോ. ആരോ കൊളുത്തിവിടുന്ന നിസാരമായൊരു കമന്റിലൂടെ എത്രയോ മനുഷ്യർക്ക് അവരുടെ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാകും.
പ്രിയ പേടിക്കുന്ന എന്തെങ്കിലുമുണ്ടോ?
ബന്ധങ്ങൾ, അടുപ്പം ഒക്കെ എനിക്കു പേടിയാണ്. കാരണം ഒരുപാട് അടുത്താൽ അവർ വിട്ടുപോകുമ്പോൾ നമുക്കു വേദനിക്കും. ആ വേദന എനിക്കു താങ്ങാൻ സാധിക്കാറില്ല. അതുകൊണ്ടുതന്നെ എന്റെ ക്ലോസ് സർക്കിളിൽ വളരെ കുറച്ചു മനുഷ്യർക്കേ സ്ഥാനമുള്ളൂ.