നമിത പ്രമോദിന്റെ കൊച്ചിയിലെ സമ്മർ ടൗൺ റെസ്റ്റോകഫേ മൂന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള പ്ലാനുമുണ്ട്. വനിതയുടെ സംരംഭക സ്പെഷലിന്റെ കവർ ഗേളായി ഒരുങ്ങുന്നതിനിടെ നമിത പ റഞ്ഞതു സമ്മർ ടൗണിൽ വച്ചു ഫോട്ടോ ഷൂട്ട് ചെയ്യുന്ന ത്രില്ലിനെ കുറിച്ചാണ്.
‘‘ഓരോ തവണ കഫേയിൽ വരുമ്പോഴും ഓരോ പുതിയ കാര്യമാണു പഠിക്കു ന്നത്. അതെല്ലാം സന്തോഷങ്ങളായി ജീവിതത്തിൽ ചേർത്തു വയ്ക്കും. വനിതയ്ക്കു വേണ്ടി ഇവിടെ വച്ചു കവർ ഷൂട്ട് ചെയ്യുന്നു. സ്വന്തം സ്ഥലത്തിരുന്ന് നേട്ടങ്ങളുടെ കഥ പറയുന്നു. ആ ത്രിൽ ഒന്നു വേറെ തന്നെ...’’
ക്ലിക്കുകൾ മിന്നിമായുന്നതിനിടെ കണ്ണിൽ ചിരിയൊളിപ്പിച്ചു നമിത പോസ് ചെയ്തു. പിന്നെ, സിനിമയിലും ബിസിനസിലും ബിസി ദിവസങ്ങൾ തരുന്ന സന്തോഷത്തിൽ സംസാരിച്ചു.
റെസ്റ്റോ കഫേ എന്ന ആശയം എങ്ങനെ വന്നു?
കുട്ടിക്കാലം മുതലേ നാവിൻ തുമ്പിൽ കൊതി നിറയ്ക്കുന്ന കുറേ രുചിയോർമകളുണ്ട്. അ ച്ഛൻ പ്രമോദിന്റെ സ്വന്തം നാടു കോട്ടയത്തെ കുമരകമാണ്, അമ്മ ഇന്ദുവിന്റേതു തിരുവനന്തപുരവും. 12ാം ക്ലാസ് വരെ തിരുവനന്തപുരം കാർമൽ ഗേൾസ് കോൺവന്റിലാണു ഞാൻ പഠിച്ചത്.
അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. അച്ഛൻ ഗൾഫിൽ നിന്നു വന്നപ്പോ ൾ കായംകുളത്തെ ചിറ്റയുടെ അമ്മ വീട്ടിൽ ഞങ്ങൾ പോയി. വാഴയിലയിൽ ചോ റും തോരനും ചിക്കൻ കറിയുമൊക്കെ വിളമ്പി അവർ സൽക്കരിച്ചു. ആ ഊണിന്റെ സ്വാദു മറക്കാനാകില്ല.
പൂജപ്പുര സെൻട്രൽ ജയിലിനും ഞ ങ്ങളുടെ വീടിനും ഒരേ മതിലാണ്. ജയി ൽ വളപ്പിലെ ഗണപതി ക്ഷേത്രത്തിൽ ഉ ത്സവത്തിന് അന്നദാനമുണ്ടാകും. ചൂടുചോറിനു മുകളിൽ തിളയ്ക്കുന്ന സാമ്പാറും തോരനും ചേർത്തു കഴിക്കുന്ന രുചി അപാര ഓർമയാണ്. പൂജയെടുപ്പും വലിയ ആഘോഷമാണ്. അന്നു ചേനയും മ ത്തങ്ങയുമൊക്കെയിട്ടു വലിയ കലങ്ങളിൽ ഒരു പ്രത്യേക തരം കഞ്ഞിയുണ്ടാക്കും. പനി വരുമ്പോൾ പോലും കഞ്ഞി കുടിക്കാത്ത എനിക്ക് ആ കഞ്ഞി ഓർക്കുമ്പോൾ ഇപ്പോഴും കൊതി വരും.
സിനിമയിൽ വന്ന ശേഷം അങ്ങനെ നാവിലലിഞ്ഞ രണ്ടു രുചികളുണ്ട്. ഒരിക്കൽ മണാലിയിലെ ഒരു ചെറിയ കടയി ൽ നിന്നു ഹരിയാലി കബാബ് കഴിച്ചു. ആ രുചി വേറേ ഒരിടത്തു നിന്നും കിട്ടിയിട്ടില്ല. പിന്നെയൊരിക്കൽ യുകെയിൽ വച്ച് ഇഞ്ചിലാഡ എന്ന മെക്സിക്കൻ ഡിഷ് കഴിച്ചു.
ടോർട്യ ഷീറ്റിനുള്ളിൽ ബീഫ് കീമയും വെജിറ്റബിൾസും റോൾ ചെയ്തു ടൊമാറ്റോ പ്യൂരിക്കൊപ്പം വിളമ്പുന്ന വിഭവം. ആ നോൺ വെജ് ഐറ്റം ഇപ്പോൾ സമ്മർ ടൗൺ കഫേയിലുമുണ്ട്.
പനമ്പിള്ളി നഗർ കൊച്ചിയുടെ ഫൂഡ് ഹബ് ആണ്. ആ സ്ഥലത്തു പുതിയ റെസ്റ്റോ കഫേ വരുമ്പോൾ എങ്ങനെയാകണം എന്നായിരുന്നു ആദ്യ ആലോചന. കോണ്ടിനെന്റൽ, മെക്സിക്കൻ മതി എന്നു തീരുമാനിച്ചത് അങ്ങനെയാണ്. ന്യൂയോർക്കിൽ ഷെഫ് ആയ സന്തോഷ് അങ്കിളാണ് സമ്മർ ടൗൺ കഫേയുടെ പാർട്ണർ. മെനുവും റസ്റ്റോറന്റ് മാനേജ്മെന്റുമൊക്കെ അദ്ദേഹമാണ്. ബിസിനസ് കാര്യങ്ങൾക്ക് അച്ഛനാണു മേൽനോട്ടം.
മൂന്നു വർഷത്തെ ബിസിനസ് അനുഭവങ്ങളിൽ നിന്ന് എന്തൊക്കെ പുതിയ പാഠങ്ങൾ പഠിച്ചു ?
പണം ചെലവാക്കാൻ പിശുക്കുള്ള ആളാണു ഞാനെന്ന് എല്ലാവരും പറയും. ഇപ്പോഴും പ്രൈസ് ടാഗ് നോക്കിയേ ഡ്രസ് എടുക്കാറുള്ളൂ. അച്ഛനു മുൻപു കുമരകത്തു ഹൗസ് ബോട്ടുണ്ടായിരുന്നു. എന്നോടൊപ്പം സിനിമാ ഷൂട്ടിങ്ങിനു കൂട്ടുവരാൻ തുടങ്ങിയതോടെ അതു നിർത്തേണ്ടി വന്നു. ബിസിനസിലെ ആദ്യപാഠങ്ങൾ അച്ഛനാണു പറഞ്ഞു തന്നത്. അന്നു മനസ്സിലാക്കിയ ഒരു കാര്യം പറയാം, അറിയാവുന്ന ബിസിനസ് ചെയ്യണം. അല്ലെങ്കിൽ അറിയാവുന്ന ആളു കൂടെ ഉണ്ടാകണം. ബിസിനസിനെ കുറിച്ചു നന്നായി റിസർച് ചെയ്തു മനസ്സിലാക്കണം.
മൂന്നു വർഷത്തെ അനുഭവത്തിൽ നിന്ന് ഒരു കാര്യം കൂ ടി പഠിച്ചു, ബിസിനസിൽ എല്ലാ ദിവസവും ഒരുപോലെയല്ല. ആ തിരിച്ചറിവു പ്രധാനമാണ്. ഒരു ബിസിനസ് ശരിയായി മുന്നോട്ടു പോകുന്നില്ല എന്നു തോന്നിയാൽ വീണ്ടും പണം മുടക്കാതെ അവസാനിപ്പിക്കുന്നതാണു ബുദ്ധി. വീട്ടിൽ മറ്റൊരാൾ കൂടി ബിസിനസിൽ ഉണ്ട്, അനിയത്തി അകിയ. ഇന്റർനാഷനൽ ബിസിനസിൽ പിജി കഴിഞ്ഞു യുകെയിൽ ഒരു ഗ്രീക്ക് റസ്റ്ററന്റ് ചെയിനിലാണ് അകിയ ജോലി ചെയ്യുന്നത്.
നമിതയുടെ അടുക്കള വിശേഷങ്ങൾ പറയൂ...
അമ്മ വീട്ടിൽ ഇല്ലാത്തപ്പോഴും എനിക്കു വേണ്ടി സ്പെഷ ൽ വിഭവങ്ങൾ വേണമെന്നു തോന്നുമ്പോഴുമൊക്കെയാണ് അടുക്കളയിൽ കയറാറ്. തോരനും അവിയലും സാമ്പാറുമൊക്കെയാണു മെനു. എന്തൊക്കെ പച്ചക്കറികൾ എങ്ങനെയൊക്കെ അരിയണമെന്നും എങ്ങനെ പാചകം ചെയ്യണമെന്നുമൊക്കെ വിശദമായി അമ്മ വോയ്സ് നോട്ട് അയക്കും. അങ്ങനെ കലക്ട് ചെയ്തു വച്ച ഒരു ഫോൾഡർ തന്നെയുണ്ടു ഫോണിൽ.
റെസ്റ്റോ കഫേയും ഡയറ്റും ഒന്നിച്ചു കൊണ്ടുപോകുമോ ?
ഡയറ്റ് ചെയ്യാൻ ഇഷ്ടമില്ലെങ്കിലും ഡയറ്റ് കോൺഷ്യസാണ്. ചായ കുടിക്കാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയായിരുന്നു ഒരു വർഷം മുൻപു വരെ. പക്ഷേ, വയറിനു ചില പ്രശ്നങ്ങൾ വന്നതോടെ പാലും ചായയും നിർത്തി. ഇപ്പോൾ കട്ടൻ പോലുമില്ല. വയറിനും ശരീരത്തിനും ചേരുന്ന വിഭവങ്ങളാണു മെനുവിൽ. മസാല അധികമുള്ളവ ഇല്ലേയില്ല. മീനാണു ചിക്കനേക്കാൾ ഇഷ്ടം. ചോറിനേക്കാളിഷ്ടം ഓട്സും. റോൾഡ് ഓട്സും പഴങ്ങളും
ഈത്തപ്പഴവുമൊക്കെ മിക്സിയിൽ അടിച്ചു ഷാർജ ഷേക്ക് പോലെ കുടിക്കും. പിന്നെ, ഒഴിവാക്കാനാകാത്ത വിഭവം സ്വീറ്റ് പൊട്ടറ്റോ ആണ്. ധാരാളം പച്ചക്കറികളും കഴിക്കും. രസമുള്ള ഒരു വിഭവമുണ്ട് എന്റെ അത്താഴത്തിൽ, മത്തങ്ങ സൂപ്പ്. മത്തങ്ങയും ഉള്ളിയും വെളുത്തുള്ളിയും ഉപ്പിട്ടു കുക്കറിൽ വേവിക്കും. ബ്രോക്‌ലിയോ ചിക്കനോ വേണ്ടവർക്ക് അതും ചേർക്കാം. വെന്ത ശേഷം കുറച്ചു തേങ്ങാപ്പാലു കൂടി ചേർത്താൽ ഡിന്നർ റെഡി.
ശരീരം നന്നായി നോക്കുന്ന കാര്യത്തിൽ അമ്മയും അ ച്ഛനും ഞാനും തമ്മിൽ മത്സരമുണ്ടെന്നു തന്നെ പറയാം. കുട്ടിക്കാലത്തു റോളർ സ്കേറ്റിങ് താരമായിരുന്നു അമ്മ. ജിംനാസ്റ്റിക്സും പരിശീലിച്ചിട്ടുണ്ട്. നന്നായി യോഗയും ചെയ്യും. ഇപ്പോൾ ഞങ്ങൾ ഒന്നിച്ചാണു ജിമ്മിൽ വെയ്റ്റ് ട്രെയ്നിങ്ങും ബോക്സിങ്ങും പരിശീലിക്കുന്നത്. അച്ഛനും വർക് ഔട്ട് മുടക്കാറില്ല.