Thursday 22 September 2022 12:17 PM IST

‘ഒരേ പ്രായത്തിലുള്ളവർ‌ വിവാഹിതരായാൽ അതിൽ സ്ത്രീ ആയിരിക്കും മെച്വേഡ്’: ജീവിതം എന്ന സമ്പാദ്യം: ജയസൂര്യ സകുടുംബം

Vijeesh Gopinath

Senior Sub Editor

jayasurya-Vanitha-99

ആ സീനിൽ നിന്നു തന്നെയാണ് തുടങ്ങേണ്ടത്. പൂജ്യത്തിന്റെ. വട്ടത്തിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറത്തു വന്ന് നിവർന്നു നിൽക്കാൻ തുടങ്ങിയ ദിവസം. ഈ രംഗം ഒരുപാടു തവണ കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകും. പക്ഷേ, ജയസൂര്യ എന്ന നടന്റെ യാത്രയെക്കുറിച്ച് പറയുമ്പോൾ, കരകാണാത്ത കടലിലൂടെ കപ്പലോടിച്ചു നടന്ന കാലത്തേക്കുറിച്ചു പറയുമ്പോൾ ഉറപ്പായും അ വിടെ നിന്നു തന്നെയാണ് തുടങ്ങേണ്ടത്.

20 വർഷം മുൻപ് ‘ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ’ എന്ന സിനിമയിൽ നായകനാകാൻ പോയ ദിവസം. തൃപ്പൂണിത്തുറയിൽ നിന്ന് വെളുപ്പിനെയുള്ള തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസില്‍ കയറിയത്. സിനിമയുടെ പൂജ നടക്കുന്ന ചേതന സ്റ്റുഡിയോയിലേക്ക് ഒാടിയും ന ടന്നും എത്തിയതും അകത്തേക്ക് കയറും മുന്നേ എതിർവശത്തുള്ള കുഞ്ഞു ഹോട്ടലിൽ നിന്ന് ഒരു ചായ കുടിച്ചതും...

‘‘ അവിടെ വാഷ്ബേസിനടുത്ത് ആളെ വ്യക്തമായി കാണാത്ത ഒരു കണ്ണാടിയുണ്ടായിരുന്നു. വിയർത്തു കുളിച്ചാണ് വന്നത്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനുള്ളതല്ലേ? മുഖം കഴുകി. പിന്നെ, ആരും കാണാതെ പോക്കറ്റിൽ നിന്ന് പേപ്പറിൽ പൊതിഞ്ഞു വച്ച പൗഡർ എടുത്ത് മുഖത്തിട്ടു. മങ്ങിത്തുടങ്ങിയ കണ്ണാടിയില്‍ എന്റെ മുഖം പോലും വ്യക്തമായിരുന്നില്ല.

പൂജ കഴിഞ്ഞപ്പോൾ നിർമാതാവ് പി.കെ.ആർ പിള്ള സർ ചോദിച്ചു, ‘‘ജയന്‍ എങ്ങനെയാണ് വന്നത്.’’ ബസിലാണെന്നു കേട്ടപ്പോൾ‌ അദ്ദേഹം ഒന്നു ‍ഞെട്ടി. ‘എടോ, താൻ ഈ സിനിമയിലെ നായകനാണ്. ഇനി ടാക്സിയിൽ പോയാൽ മതി...’ ദൈവാനുഗ്രഹമാകാം, പിന്നെ ലൊക്കേഷനിലേക്ക് പോയതെല്ലാം കാറുകളിലാണ്.’’ വിജയത്തിലേക്കുള്ള കപ്പലോട്ടങ്ങളെ കുറിച്ചോർക്കുമ്പോൾ ആരുടെ ക ണ്ണുകളാണ് തിളങ്ങാത്തത്.

20 വർഷത്തെ യാത്ര ഒറ്റ വാക്യത്തിൽ ഒതുക്കാമോ ?

ദൈവാധീനം, ഗുരുത്വം, ഭാഗ്യം. ആ യാത്രയെ ഇങ്ങനെ പറയാം. ഇത് മൂന്നും കൊണ്ടാണ് ഞാന്‍ നിലനിൽക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഏതെങ്കിലും ഒന്നു കുറഞ്ഞു പോയിരുന്നെങ്കിൽ ഒരുപക്ഷേ, ഇവിടം വരെ എത്തില്ല.

ഏതൊക്കെയോ ശക്തികളുടെ അനുഗ്രഹം കൊണ്ടാണ് ജീവിതം ഇങ്ങനെയൊക്കെ ആയതെന്നാണ് വിശ്വാസം. ഇതൊന്നും ഞാൻ തിരഞ്ഞെടുത്തതല്ല. അച്ഛനെയും അമ്മയെയും നമുക്ക് തിരഞ്ഞെടുക്കാൻ പറ്റില്ലല്ലോ. അവരുടെ തണലിലേക്ക് എത്തിപ്പെടുകയല്ലേ... അതുപോലെ ഈ കഥാപാത്രങ്ങളിലേക്കൊക്കെ ഞാൻ എത്തിപ്പെടുകയായിരുന്നു.

എന്റെ കഴിവു കൊണ്ടു മാത്രം എത്തിയെന്നും പറയാനാകില്ല. എനിക്ക് അഭിനയിക്കുക എന്ന ഒറ്റ കഴിവേയുള്ളൂ. ബാക്കി 99 ശതമാനവും അറിയാത്ത ജോലിയാണ്. സംവിധാനം, ക്യാമറ, എഡിറ്റിങ്.... എല്ലാം കൂടി ചേരുമ്പോഴാണല്ലോ സിനിമയുണ്ടാകുന്നത്. അത് വിജയിക്കുന്നത്.

ആ പഴയ കാലത്തെ കുറിച്ച് ഒാർക്കുമ്പോൾ ചിലപ്പോഴെങ്കിലും കണ്ണീരു പൊട്ടാറില്ലേ...

അതൊന്നുമില്ല. കുറച്ചു കഴിയുമ്പോൾ നമ്മൾ റിയാലിറ്റിയിലേക്ക് വരുമല്ലോ.

മഴവിൽ മനോരമയുടെ ബെസ്റ്റ് ആക്ടർ അവാർഡ് ലാലേട്ടനിൽ നിന്ന് വാങ്ങി ഞാൻ ഗിന്നസ് പക്രുവിന്റെ അടുത്താണ് വന്നിരുന്നത്. പക്രു എന്നോട് പറഞ്ഞു, ‘‘എടാ നീ ആ അവാർഡ് വാങ്ങുമ്പോൾ ഞാൻ പഴയ കാലം ആലോചിക്കുകയായിരുന്നു. നമ്മൾ പ്രോഗ്രാം അവതരിപ്പിക്കാൻ പോയതും ഒരേ മുറിയിൽ താമസിച്ചതും’’

പക്രുവിന്റെ കൈ പിടിച്ച് ഞാൻ പറഞ്ഞു, ‘‘അണ്ണാ, ഇവിടെ ഇരിക്കുന്നവരിൽ പലർക്കും ജയസൂര്യയേ അറിയുകയുള്ളൂ, പക്ഷേ, നിങ്ങൾക്കേ ശരിക്കുമുള്ള ആ ജയനെ ഒാർക്കാനാകൂ...’’ പല സ്ഥലത്തും പ്രോഗ്രാം ചെയ്യാൻ പോകുമ്പോൾ എനിക്കും പക്രുവിനും ഒരേ മുറിയായിരിക്കും. വർഷങ്ങളോളം ഒന്നിച്ചു താമസിച്ചിട്ടുണ്ട്. അന്നത്തെ ജയന്റെ സ്വപ്നവും സങ്കടങ്ങളുമൊക്കെ പക്രുവിനെ പോലെ അധികമാർക്കും അറിയില്ല.

സിനിമ നക്ഷത്രങ്ങളെ പോലെ അകലെ നിൽക്കുന്ന കാലം. ഒരിക്കലും അവിടെ എത്താനാകും എന്ന് പ്രതീക്ഷിച്ചിട്ടില്ല. ദൂരെ നിന്ന് പോലും താരങ്ങളെയൊന്നും കാണാൻ കഴിയാതിരുന്ന ആൾ ഇവിടെയെങ്കിലും എത്തിയെന്നു പ റയുമ്പോൾ ചെറിയ കാര്യമായല്ല കാണുന്നത്.

ചിലപ്പോഴൊക്കെ പേടി തോന്നും. ഞാനൊരു നല്ല ഉറക്കത്തിലാണെന്നും അമ്മയെങ്ങാനും വന്ന് എന്നെ വിളിച്ചെഴുന്നേൽപ്പിച്ചാൽ ഇപ്പോള്‍ കാണുന്ന സിനിമയുടെ ഈ ലോകം മാഞ്ഞു പോകുമോ എന്നും ആലോചിക്കാറുണ്ട്.

ജയസൂര്യ എന്ന വ്യക്തിക്കു വന്ന മാറ്റങ്ങളെന്തൊക്കെയാണ്? കുറച്ചു കൂടി ഗൗരവക്കാരനായോ?

ഗൗരവക്കാരനൊന്നും ആയിട്ടില്ലന്നെ. മാറ്റങ്ങളൊരുപാടു വന്നിട്ടുണ്ട്. മനഃപൂർവമായിട്ട് ഉണ്ടാക്കിയെടുത്തതുമല്ല. കുറച്ചു കൂടി ട്രാൻസ്പെരന്റ് ആയെന്ന് തോന്നാറുണ്ട്. ജീവിതത്തോട് എത്രത്തോളം സത്യസന്ധമാകാൻ പറ്റുന്നോ അത്രത്തോളം ജോലിയിലൂം സത്യസന്ധനാകാൻ പറ്റുമെന്ന് മനസ്സിലായി.

പണ്ട് ഷൂട്ടിനിടയിലും മറ്റും ഒാടി നടന്ന് തമാശകൾ പറയും. പലരെയും കളിയാക്കും. അത് കേട്ട് പലരും ചിരിക്കും. പക്ഷേ, പിന്നെയാണ് മനസ്സിലായത്. നമ്മൾ ഒരാളെ കളിയാക്കുമ്പോൾ, അയാളെ കഥാപാത്രമാക്കി തമാശകൾ പറയുമ്പോൾ അയാൾക്ക് അത് വേദനിക്കും. പത്തുപേരിൽ ഒ രാളെ കളിയാക്കുമ്പോൾ ഒൻപതു പേരും ചിരിക്കും. ആ ചിരിക്കാണ് ഞാൻ പണ്ട് വില കൽപിച്ചിരുന്നത്. പക്ഷേ, ആ ഒരാളുടെ സങ്കടം കാണാതെ പോയിട്ടുണ്ട്. ഇന്നൊരു തമാശ പറയുമ്പോൾ അത് മറ്റൊരാളെ വേദനിപ്പിക്കുന്ന രീതിയിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.

തിരിച്ചറിവ് എന്ന സാധനം ഗൂഗിളിൽ തിരഞ്ഞാൽ കിട്ടില്ലല്ലോ. അത് അനുഭവത്തിൽ നിന്ന് പഠിക്കേണ്ടതാണ്. പ ണ്ടത്തെ പോലെയല്ല, ഇന്ന് തമാശ പറയാൻ പേടിയാണ്.

പണ്ടു പറഞ്ഞ പല തമാശകളും ഇന്ന് ബോഡി ഷെയ്മി ങ് ആയി തോന്നിയിട്ടുണ്ടോ?

ബോഡി ഷെയ്മിങ്ങിന് രണ്ടു മൂന്നു വശങ്ങളുണ്ട്. പലരും അതു കാണാതെ പോകുന്നുണ്ടെന്നു മാത്രം. ആരു പറയുന്നു എന്നതും അത് എങ്ങനെ പറയുന്നു എന്നുള്ളതും നമ്മൾ അതിനെ എങ്ങനെ എടുക്കുന്നു എന്നതും കണക്കിലെടുക്കേണ്ടേ? എന്നാലല്ലേ ഇൻസൽറ്റ് ആണോ ഇൻസ്പിരേഷനാണോ എന്ന് മനസ്സിലാകുകയുള്ളൂ.

എനിക്ക് നന്നായറിയുന്ന ആൾ നീ തടിച്ചിട്ടുണ്ടെന്ന് പറയുന്നു. എന്റെ നന്മ ആഗ്രഹിച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. അപ്പോൾ തടി കുറയ്ക്കണം എന്ന ഇൻസ്പിരേഷനായി അത് മാറി.

ഇനി ഞാനൊരു മണ്ടത്തരം കാണിച്ചെന്നു കരുതുക വാട്സാപ്പിലെ ഡിപി പോലെയാണ് നമ്മുടെ മണ്ടത്തരങ്ങൾ. അത് മറ്റൊരാൾ ചൂണ്ടിക്കാണിക്കുന്നു. അപ്പോഴേ പ്രൊഫൈലിൽ പോയി നമുക്ക് അത് തിരുത്താൽ പറ്റൂ.

അഞ്ചാറു വർഷം മുൻപ് ഞങ്ങൾ‌ കൊടുത്ത പല അഭിമുഖങ്ങളും കാണുമ്പോൾ അദ്ഭുതം തോന്നും. ഇന്നായിരുന്നെങ്കിൽ പലതും വലിയ വിവാദമായേനെ. അഭിമുഖങ്ങളിൽ ഒരുമിച്ചിരുന്ന് തമാശ പറയുമ്പോൾ പറയുന്ന ആളും ഒപ്പമിരിക്കുന്നവരും ഒരേ മാനസികാവസ്ഥയിലായിരിക്കും. പറയുന്ന തമാശ ആ രീതിയിലേ അവർ എടുക്കൂ. എന്നാൽ പുറത്തിരുന്ന് ഒരാൾ അത് കേൾക്കുമ്പോൾ അയാളുടെ മാനസികാവസ്ഥ വേറെയാണ്. അയാൾക്കത് ഇഷ്ടപ്പെടണമെന്നില്ല. അയാൾ സോഷ്യൽമീഡിയയിൽ കമന്റിടുന്നു. അത് വാർത്തയാകുന്നു. വിവാദമാകുന്നു...

തമാശ പറയുന്ന രീതിയിൽ മാറ്റം വന്നിട്ടുണ്ട്. അന്നുള്ള സമൂഹമല്ല ഇന്ന്. സമൂഹത്തിന്റെ മാറ്റം എന്റെ ചിന്തകളിലും വന്നു. അന്നത്തെ പക്വതക്കുറവുകൊണ്ട് പറഞ്ഞ പല തമാശകളും ശരിയായിരുന്നില്ലെന്ന് ഇന്ന് തിരിച്ചറിയുന്നു.

20 വർഷത്തെ സിനിമാ യാത്ര. അതിലെ ഒരു ജംക്‌ഷൻ ഏതായിരിക്കും?

കലാപ്രവർത്തകരെ സംബന്ധിച്ച് ഒാരോ നിമിഷവും ഒാ രോ വഴിത്തിരിവുകളാണ്. ഓരോ കിലോമീറ്റർ കഴിയുമ്പോഴും ഒരുപാട് ജംക്‌ഷൻ ഉണ്ടാകും. ഒരേ ട്രാക്കിലൂടെ ഇങ്ങനെ പോയിക്കൊണ്ടിരുന്നാൽ‌ ബോറടിക്കില്ലേ?

ആ യാത്രയിൽ ചിലപ്പോൾ ഗിയറൊന്നു ചെയ്ഞ്ച് ചെയ്യും. റിവേഴ്സ് ഗിയറിടും. വണ്ടി നിർത്തിയിടും. എത്രയോ പ്രാവശ്യം സിനിമയിൽ നിന്ന് മാറിനിന്നിട്ടുണ്ട്. പിന്നെ, സ്ഥിരം വഴിയിലൂടെ മാത്രം പോയിട്ട് കാര്യമില്ലല്ലോ. റിസ്ക് എടുക്കും. ചീത്തവിളി കേൾ‌ക്കും. ഇതൊക്കെ എപ്പോഴും സംഭവിക്കുന്ന കാര്യമാണ്.

വണ്ടി വാങ്ങിയാൽ സുരക്ഷിതമാകുന്നത് പോർച്ചിലിടുമ്പോഴാണ്. അതുകൊണ്ട് കാര്യമില്ലല്ലോ. വ്യത്യസ്തമായ സിനിമ ചെയ്യണം എന്നാഗ്രഹമുണ്ട്. ആ ആഗ്രഹം ഇ പ്പോൾ കൂടി. അത് കൂടുമ്പോൾ സിനിമകളുടെ എണ്ണം കുറയും. ‘കത്തനാർ’ സിനിമയ്ക്ക് വേണ്ടി ഒരു വർഷമാണ് മാറ്റി വച്ചിരിക്കുന്നത്.

എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് സിനിമ ചെയ്യാൻ കഴിയില്ലല്ലോ. കുറച്ചു കഴിയുമ്പോൾ നമ്മൾ കഴിവുകൾ തിരിച്ചറിയും. ഞാനൊരു പെർഫോമറാണെന്നാണ് തിരിച്ചറിഞ്ഞത്. തീർച്ചയായും കഥയ്ക്കും പെർഫോമൻസിനും സാധ്യതയുള്ള സിനിമകളായിരിക്കും ചെയ്യുക.

സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വന്നു. എപ്പോഴെങ്കിലും നിലനിൽപിനെക്കുറിച്ച് പേടി തോന്നിയോ?

‘ദൈവമേ എനിക്ക് സിനിമ ഇല്ലാതാകുമോ’ എന്ന് ചിന്തിച്ചിട്ടേയില്ല. എന്റെ ഹൃദയം സമർപ്പിച്ചിട്ടാണ് നിൽക്കുന്നത്. എന്റേതായ വഴികളിലൂടെ സഞ്ചരിക്കുന്ന ആളാണ് ഞാൻ. മറ്റുള്ളവർ സിനിമ ചെയ്യുന്നതോ പുതിയ താരങ്ങൾ വരുന്നതോ ഒന്നും എന്നെ ബാധിക്കുന്നേയില്ല. ഈ പറയുന്നത് അഹങ്കാരമൊന്നുമല്ല. ഞാൻ സിനിമയെ ഇഷ്ടപ്പെടുന്നത് അങ്ങനെയാണ്. ‌

മലയാളത്തിൽ സിനിമ സംഭവിക്കുന്നത് വളരെ വേഗത്തിലാണ്. എഴുത്തുകാർ വന്ന് കഥ പറയുന്നു. നമ്മളെ വിശ്വസിക്കുന്ന ഒരുപാട് നിർമാതാക്കളുണ്ട്. അവരെ വിളിക്കുന്നു. സംവിധായകൻ വരുന്നു. രണ്ടോ മൂന്നോ ഫോൺകോളിൽ ഇപ്പോൾ സിനിമ സംഭവിക്കുന്നുണ്ട്.

പക്ഷേ, തട്ടിക്കൂട്ടു പരിപാടി പറ്റില്ല. മലയാളികൾ ലോക സിനിമ അത്രയേറെ കാണുന്നുണ്ട്. ഒരു സീൻ അടിച്ചു മാറ്റിയാൽ, ബിജിഎം എടുത്താൽ, ഒരു ഡയലോഗ് എടുത്താൽ അവരത് കണ്ടുപിടിക്കും.

മലയാളികളുടെ വിമർശനം കൊണ്ടാണ് ഇവിടെ ഓരോ അഭിനേതാവും മികച്ചു നിൽക്കുന്നത്. അതുകൊണ്ടാണ് മലയാളത്തിൽ നിന്ന് അന്യഭാഷയിലേക്കു പോകുന്നവർ വിജയിച്ചു വരുന്നത്. കേരളത്തിൽ കൂടി വണ്ടിയോടിച്ചാൽ ലോകത്ത് എവിടെ വേണമെങ്കിലും ഒാടിക്കാം എന്നു പറയുന്ന പോലെയാണിത്.

അടുത്ത അഞ്ചുവർഷം. എന്തെങ്കിലും പ്ലാനുണ്ടോ?

അടുത്ത നിമിഷത്തെക്കുറിച്ച് എനിക്ക് പ്ലാൻ ഇല്ല. എന്റെ ആഗ്രഹം പറയാം. ‘ബാഹുബലി’ തെലുങ്ക് സിനിമയാണെങ്കിലും അതൊരു ഇന്ത്യൻ സിനിമയാണ്. മലയാളത്തിൽ നിന്ന് അത്തരം സിനിമകൾ ഉണ്ടാകണം. അതിൽ ചിലതിൽ ഞാനുമുണ്ടാകണം. അത് വലിയ ആഗ്രഹമാണ്. ലോകം കാത്തിരിക്കുന്ന സിനിമകൾ മലയാളത്തിൽ സംഭവിക്കണം.

‘കത്തനാര്‍’ അത്തരമൊരു സിനിമയാകട്ടെ എന്നാണ് പ്രാർഥന. ഇനിയിറങ്ങാൻ പോകുന്നത് ‘ഈശോ’ ആണ്. നാദിർഷ ഇതുവരെ ചെയ്ത സിനിമയിൽ നിന്ന് വ്യത്യസ്തമായ ഒന്ന്. സുനീഷ് വാരനാട് ആണ് തിരക്കഥ.

jayasurya-vanitha

ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്താണ്?

ഒരു സംശയവുമില്ല, കുടുംബമാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്. നമ്മൾ ഏറ്റവും കൂടുതൽ ഇൻവെസ്റ്റ് ചെയ്യേണ്ടതും അവിടെയല്ലേ...

11 വർഷം മുൻപ് വനിതയുടെ കവർ പേജിൽ മുൻനിരയിലെ പല്ലില്ലാതെ ചിരിച്ചു കൊണ്ടിരുന്ന ആദി പ്ലസ് ടു കാരനായി‍. വേദ അഞ്ചാം ക്ലാസിലും.

വീട്ടില്‍ ആരാണ് വില്ലത്തരം കാണിക്കുന്നതെന്ന് ചോദിച്ചപ്പോൾ വേദ സത്യസന്ധമായി ഉത്തരം പറഞ്ഞു, ‘‘ഞാന്‍ തന്നെ... ചേട്ടൻ വെറുതെ ഇരിക്കുമ്പോള്‍ ഞാനാണ് ചെന്ന് തോണ്ടാറുള്ളത്. ചേട്ടനെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് ചോദിച്ചോണ്ടിരിക്കും.

ആദിക്ക് പൊടിമീശയൊക്കെ വന്നല്ലോ..

ജയസൂര്യ: കൗമാരത്തിലേക്ക് എത്തുമ്പോൾ മക്കൾക്ക് പ ലതരം പ്രശ്നങ്ങളുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, ആ ദിക്ക് അങ്ങനെയൊന്നുമില്ല. നമ്മൾ അവരെ കേൾക്കാൻ ഇരുന്നു കൊടുത്താൽ മതി. എന്തു കാര്യവും നമ്മളോടു പറയാനുള്ള ഇടം ഉണ്ടാക്കിക്കൊടുത്താൽ മതി.

സരിത: പണ്ടു മുതൽക്കേ അവരെ കൊണ്ട് ചെയ്യിക്കുന്നൊരു ഗെയിമുണ്ട്. നാലു പേരുടെയും പ്ലസും മൈനസും ഒാരോരുത്തരും പറയണം. പറയുന്നത് സത്യസന്ധമാകണം.

ജയസൂര്യ: ഒരിക്കൽ എന്നെക്കുറിച്ച് വേദ പറഞ്ഞ നെഗറ്റീവ് എന്റെ സ്വഭാവം തന്നെ മാറ്റി. ‘അച്ഛന്റെ കൂടെ കളിക്കാൻ വരുമ്പോൾ ഇടയ്ക്ക് ഫോൺ വരും. അച്ഛൻ പിന്നെ, കുറേനേരം കഴിഞ്ഞേ വരൂ. പിന്നെ, കളിക്കാനും സമയം കിട്ടൂല്ല.’ അവളെ അത് വേദനിപ്പിക്കുന്നുണ്ടെന്ന് മനസ്സിലായി. അതോടെ അവർക്കൊപ്പം ഇരിക്കുമ്പോൾ ഞാൻ ഫോൺ മാറ്റി വയ്ക്കുകയാണ് പതിവ്.

ഇപ്പോഴും നൈറ്റ് ഡ്രൈവ് ഉണ്ടോ?

സരിത: കല്യാണം കഴിഞ്ഞതു മുതൽ നൈറ്റ് ഡ്രൈവിന് പോകാറുണ്ട്. ജയൻ വീട്ടിലുണ്ടെങ്കിൽ ഭക്ഷണമൊക്കെ കഴിഞ്ഞ് കുറച്ചു നേരം ഞങ്ങൾ വണ്ടിയെടുത്ത് കറങ്ങും. രണ്ടു പേരുടെയും സുന്ദരമായ സമയമാണത്.

ഈ യാത്രയിൽ സംസാരിക്കുന്ന കാര്യങ്ങൾ നോക്കിയാൽ മതി ഞങ്ങൾക്കു വന്ന മാറ്റങ്ങൾ തിരിച്ചറിയാം. ചെറി യ പ്രായത്തിലേ വിവാഹം കഴിച്ചവരാണ് ഞങ്ങൾ.

ഒരേ പ്രായത്തിലുള്ളവർ‌ വിവാഹിതരായാൽ അതിൽ സ്ത്രീ ആയിരിക്കും മെച്വേഡ്. ഞങ്ങളുടെ കാര്യത്തിൽ അ ത് ശരിയാണ്. വിവാഹം കഴിഞ്ഞ നാളുകളിൽ ജയന് ഒട്ടും പക്വതയുണ്ടായിരുന്നില്ല. പല തീരുമാനങ്ങളിലും അന്ന് ആ പക്വതക്കുറവ് തോന്നിയിരുന്നു. പക്ഷേ, ഇന്ന് അങ്ങനെയല്ല. ആ മാറ്റം ജയന്റെ കരിയറിലും കാണാം.

ചില സിനിമകളെങ്കിലും ചെയ്യേണ്ടിയിരുന്നില്ലെന്ന് ഉറപ്പായും തോന്നിയിട്ടുണ്ടാകില്ലേ?

ഉറപ്പായിട്ടും തോന്നിയിട്ടുണ്ട്. ചില അബദ്ധത്തിൽ പെട്ടുപോകുന്നതാണ്. തുടങ്ങിക്കഴിഞ്ഞാൽ പിന്നെ, ആ ജോലി തീർത്തിട്ടേ വരാനാകൂ. ഇടയ്ക്കു വച്ചു തിരിച്ചു പോന്നാൽ ഒരുപാടു പേരുടെ ജോലി നഷ്ടമാകും. ആ സിനിമയിലെ നായകനാകാൻ ചെന്ന ഞാനാകും പിന്നെ, വില്ലൻ.

വൈകാരികമായി തീരുമാനമെടുക്കരുതെന്ന് തോന്നാറുണ്ട്. ഒരാളോടുള്ള ആത്മാർഥമായ ‘സ്നേഹം’ കൊണ്ടു മാത്രമല്ല ഡേറ്റ് കൊടുക്കേണ്ടത്. അയാളുടെ കഴിവിലുള്ള വിശ്വാസം കൊണ്ടു കൂടിയാകണം. അല്ലെങ്കിൽ ബന്ധം പോലും ശിഥിലമാകും.

ഇൻസൽറ്റല്ലേ ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്? ഒരു മധുരപ്രതികാരം പറയാമോ?

എന്തെല്ലാം കല്ലേറുകൾ കൊണ്ടാണ് ഇവിടെ വരെ എത്തിയത്. വേദനിപ്പിച്ചവരോ വിലകുറച്ച് കണ്ടിരുന്നവരോ ഉ ണ്ടാകാം.

അവരുടെ മുന്നിൽ ഞാനിങ്ങനെ നിൽക്കുമ്പോൾ ഞാ ൻ കൊടുക്കുന്ന മറുപടി അല്ല, പകരം കാലം കൊടുക്കുന്ന മറുപടിയായിട്ടാണ് തോന്നാറുള്ളത്. അല്ലാതെ പ്രതികാരമായിരുന്നു എന്നൊന്നും ചിന്തിക്കാനാവില്ല.

കടലു പോലെയാകണം സ്വഭാവമെന്ന് ഞാൻ തിരിച്ചറിയുന്നു. മാലിന്യങ്ങള്‍ കടലിന് എടുത്തുവയ്ക്കാനറിയില്ല. തിര അത് കരയിലെത്തിക്കും. ഇത്രയും വലിയ കടലിന് മാലിന്യങ്ങൾ താങ്ങാനാകുന്നില്ല. പിന്നെ, ഇത്രയും ചെറിയ നമ്മളെന്തിനാ നെഗറ്റീവ് ചിന്തകളും കൊണ്ടു നടക്കുന്നത്.

സിനിമയില്‍ ജയസൂര്യയ്ക്കു വന്ന മാറ്റം സരിതയുടെ ബിസിനസ്സിലും ഉണ്ടായി അല്ലേ?

സരിത: ഉറപ്പായും. ‘സരിത ജയസൂര്യ ഡിസൈനിങ് സ്റ്റുഡിയോ’ എന്ന ബ്രാൻഡ് തുടങ്ങിയതോടെ കുറച്ചു കൂടി ക്രിയേറ്റീവ് ആയി കാര്യങ്ങൾ ചെയ്യാനാകുന്നു. ആദി സ്കൂളിൽ പോയി തുടങ്ങിയ കാലത്താണ് ഞാൻ ബുട്ടീക് തുടങ്ങിയത്. അന്ന് പനമ്പിള്ളി നഗറിൽ മൂന്നോ നാലോ ബുട്ടീക് മാത്രമായിരുന്നു ഉള്ളത്. ഇന്ന് അവസ്ഥ അതല്ലല്ലോ.

ജയന്റെ ചില തീരുമാനങ്ങളും ഒരുപാടു സഹായിച്ചിട്ടുണ്ട്. കോവിഡ് ഒക്കെ വന്നപ്പോൾ ഡിജിറ്റല്‍ വിൽപനയി ലേക്ക് മാറാനുള്ള തീരുമാനമെല്ലാം ജയന്റേതായിരുന്നു. ഒാരോ ചുവടും ഓരോ പാഠമാണ്. ചിലപ്പോള്‍ അടി കിട്ടും. അതിൽ നിന്ന് പഠിച്ച് പിന്നെയും മുന്നോട്ടു പോകും.

ആദി മൂന്നു സിനിമയിൽ അഭിനയിച്ചു. നടനാകുകയാണോ സ്വപ്നം? വേദയും സിനിമയിലേക്കുണ്ടോ?

ആദി: ക്യാമറയ്ക്ക് മുന്നിലേക്കില്ല. പിന്നിൽ നിൽക്കാനാ ണ് ഇഷ്ടം. പ്ലസ് ടു കഴിഞ്ഞ് സിനിമട്ടോഗ്രഫിയുമായും സംവിധാനവുമായി ബന്ധപ്പെട്ട കോഴ്സ് എടുക്കണം.

വേദ: എനിക്ക് ഡാൻസ് ഇഷ്ടാണ്. പിന്നെ, പെയിന്റിങ് ഇഷ്ടമാണ്. പിന്നെ...

ഞാനും അഭിനയിക്കും.

വിജീഷ് ഗോപിനാഥ്

ഫോട്ടോ : ബേസിൽ പൗലോ