Wednesday 24 August 2022 03:13 PM IST

‘ആറു ദിവസത്തെ ഐസിയു വാസം, കുറച്ചുകാലം ജോലി ഒന്നും ചെയ്യാനായില്ല’: പ്രതിസന്ധികൾ താണ്ടി ഉണ്ണിയുടെ തിരിച്ചുവരവ്

Roopa Thayabji

Sub Editor

Unni-Raj-vanitha

ചെറുവത്തൂരിലെ പാടവരമ്പത്തൂടെ ഉണ്ണി രാജ് നടന്നു. അങ്ങേ കണ്ടത്തിൽ പാട്ടുംപാടി കള പറിക്കുന്നവരുടെ കൂട്ടത്തി ൽ ഉണ്ണിയുടെ അമ്മ ഓമനയുമുണ്ട്. ചെറുതോട്ടിൽ നിന്ന് ചേറു കിളച്ച് വരമ്പിലേക്കിടുമ്പോൾ കലങ്ങിയൊഴുകി തെളിയുന്ന വെള്ളം പോലെയാണ് ഉണ്ണിരാജിന്റെ ജീവിതവും. കരളിന്റെ കലക്കമൊക്കെ മാറി ഇപ്പോൾ തെളിനീര് ഒഴുകി തുടങ്ങിയിരിക്കുന്നു.

‘മറിമായ’ത്തിലൂടെ കാസർകോട് ഭാഷ പറഞ്ഞ് ടിവി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഉണ്ണിരാജ് 40 സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. ഇതിനിടെ മറ്റൊരു വാർത്തയിലും ഈ കാസർകോടുകാരൻ ഇടംപിടിച്ചു, ‘ടോയ്‌ലറ്റ് ക്ലീനറുടെ താൽക്കാലിക ജോലിക്ക് അപേക്ഷിച്ചവരുടെ കൂട്ടത്തിൽ സിനിമാനടനും...’ പാടത്തു നിന്ന് ഉണ്ണി ഓർമവരമ്പത്തൂടെ നടന്നു തുടങ്ങിയപ്പോൾ മുന്നിൽ തെളിഞ്ഞത് ജീവിതം കാട്ടിയ മറിമായങ്ങൾ.

രംഗം ഒന്ന് - നാടകം (ഫ്ലാഷ്ബാക്)

ഇപ്പോൾ ഉണ്ണിരാജ് നിൽക്കുന്നത് വീടിനോടു ചേർന്നുള്ള കൊവ്വലിലെ പൊതുഗ്രൗണ്ടിലാണ്. ഇരുവശത്തുമായി അച്ഛൻ ചൂരിക്കാടൻ കണ്ണൻ നായരും അമ്മ പയ്യംവീട്ടിൽ ഓമനയമ്മയും രണ്ടു പെങ്ങന്മാരുമുണ്ട്. എൺപതുകളാണ് കാലം.

മുന്നിലെ സ്റ്റേജിൽ ഹരിശ്രീ തിയറ്റേഴ്സിന്റെ ‘മുല്ലപ്പൂക്കൾ ചുവന്നപ്പോൾ’ എന്ന നാടകം അരങ്ങു തകർക്കുന്നു. ‘‘ബുദ്ധിവികാസക്കുറവുള്ള തമ്പുരാന്റെ വേഷമാണ് രാജൻ പി. ദേവ് ചെയ്യുന്നത്. ‘ഒരു അണ തരുമോ...’ എന്നു കെഞ്ചി ചോദിക്കുന്ന ഡയലോഗ് നെഞ്ചിൽ തറച്ചു. കൺകോണിൽ തിളങ്ങിയ നീർത്തുള്ളിയുടെ നനവിലും ‍ഞാൻ പുഞ്ചിരിച്ചു. അന്നു മനസ്സിലൊരു മോഹം വിരിഞ്ഞു, നടനാകണം.’’

രംഗം രണ്ട് – ജീവിതം

കൊവ്വൽ സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് പാസായി ഉണ്ണി കുട്ടമത്ത് ഗവൺമെന്റ് ഹൈസ്കൂളിലെത്തി. ‘‘ഒൻപതാം ക്ലാസിൽ വച്ചാണ് നാടകത്തിനു തട്ടിൽ കയറിയത്, ഒന്നാം സമ്മാനവും വാങ്ങി. സബ്ജില്ല മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ ചെലവിനെല്ലാം കൂടി 25 രൂപ വേണം. അഭിനയവും കലയും സമൃദ്ധമായുള്ള കുട്ടിസംഘം. പക്ഷേ, പണം മാത്രം ആരുടെ കയ്യിലും ഇല്ല.

അടുത്ത വർഷവും അതു തന്നെ ഗതി. പത്താം ക്ലാസ്സ് പാസായപ്പോൾ വന്നു, അമ്മയുടെ പഞ്ച് ഡയലോഗ്. ‘പെങ്ങന്മാർ പഠിക്കട്ടെ, നീ പണിക്കു പോകൂ...’ അങ്ങനെ 16ാം വയസ്സിൽ ഹാർഡ്‌വെയർ കടയിലെ ജോലിക്കാരനായി. ജോലിക്കു പോകാൻ തുടങ്ങിയെങ്കിലും നാടകം വിട്ടില്ല. അമച്വറും പ്രഫഷനലുമായി അഭിനയം തുടർന്നു. കേരള സംഗീതനാടക അക്കാദമിയിൽ മൂന്നുതവണ മത്സര നാടകങ്ങളിൽ അഭിനയിച്ചു. ഒപ്പം പഠനവും കൊണ്ടു പോയി, പ്രൈവറ്റായി പ്രീഡിഗ്രിക്കു ചേർന്നു.

രംഗം മൂന്ന് – സ്കൂൾ നാടകവേദി

നാടകനടനായി നാട്ടിൽ പേരെടുത്ത കാലത്താണ് ഉണ്ണിയുടെ ജീവിതത്തിലെ രണ്ടാമത്തെ ട്വിസ്റ്റ്. 25 രൂപ ഇല്ലാത്തതു കൊണ്ട് സബ്ജില്ലയിലേക്കു മത്സരിക്കാൻ പോകാൻ പറ്റാതിരുന്ന സ്കൂളിൽ നിന്നൊരു വിളി, കുട്ടികളെ നാടകം പരിശീലിപ്പിക്കാൻ.

‘‘ആ സ്കൂൾ ടീം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനം നേടിയതിൽ പിന്നെ, തിരിഞ്ഞു നോക്കിയിട്ടില്ല.’’ സ്കൂളുകളിലെ നാടകം, മൈം പരിശീലകനായി ഉണ്ണി മാറി. ‘‘കഴിഞ്ഞ 25 വർഷത്തിനിടെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും സർവകലാശാല കലോത്സവത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടുന്നത് ഞാൻ പരിശീലിപ്പിക്കുന്ന കുട്ടികളാണ്. ഇപ്പോഴും തെക്കൻ ജില്ലക്കാർക്ക് ഞാൻ ‘മൈം ഉണ്ണി’യാണ്.

ഒരിക്കൽ ഒരു സ്കൂളിൽ നാടകം പരിശീലിപ്പിക്കാൻ ചെന്നു. കുട്ടികളോരോരുത്തരായി അവരുെട കലാമികവ് പ്രകടിപ്പിക്കുകയാണ്. ടീം പ്രഖ്യാപിക്കുന്നതിന് മുൻപ് രണ്ടു പേരെ ഒഴിവാക്കണമെന്ന് അധ്യാപകരുടെ രഹസ്യനിർദേശം കിട്ടി. മത്സരത്തിനു പോകാനുള്ള ചെലവ് കാശ് അവരുടെ കയ്യിലില്ലത്രെ. ഞാൻ ആ കുട്ടികളെ നോക്കി. പ്രതീക്ഷ തിളങ്ങുന്ന കണ്ണുകൾ. എന്റെ പ്രതിഫലത്തിൽ നിന്ന് ആ പണം കുറയ്ക്കാൻ അധ്യാപകരോട് പറഞ്ഞു. ആ രണ്ടുപേരെയും ഉൾപ്പെടുത്തി ടീം പ്രഖ്യാപിച്ചു. അവരിൽ ഞാൻ അന്ന് കണ്ടത് എന്നെത്തന്നെയാണ്.

കലോത്സവ സീസൺ കഴിഞ്ഞാൽ റോഡുപണി, പെയിന്റിങ്, കിണർകുത്തൽ ഒക്കെയാണ് ജോലി. ഇതിനിടെ ചേച്ചിക്ക് ആരോഗ്യവകുപ്പിൽ ജോലി കിട്ടി.’’

രംഗ് നാല്– മറിമായം

‘‘നേരത്തെ മുടി പറ്റെ വെട്ടിയ സ്റ്റൈൽ ആയിരുന്നു. അതു കണ്ടിട്ട് ആളുകൾക്ക് അത്ര ബഹുമാനം പോരാ എന്നു തോന്നിയിട്ടാണ് മുടി നീട്ടി വളർത്തിയത്. കലാകാരന്റെ ലുക്ക് വേണമല്ലോ. ആയിടയ്ക്കാണ് മഴവിൽ മനോരമയിലെ സുഹൃത്തായ പ്രദീപ് ‘മറിമായ’ത്തിലേക്കു വിളിച്ചത്. അപ്പോഴും ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു.

‘മറിമായ’ത്തിലെ ആദ്യ സീൻ ബസ് സ്റ്റാൻഡിൽ ചെന്നു ബസ് ഉണ്ടോ എന്ന് അന്വേഷിക്കുന്നതാണ്. ‘ബേദടുക്ക ബദിയടുക്ക്... ടിക്ക... ടുക്ക്... ഇപ്പ... ബസ്സുണ്ടാ... സ്സാറേ...’ ഡയലോഗ് കേട്ട് സംവിധായകൻ വരെ ഞെട്ടി. കാസർകോട് ഭാഷ ഹിറ്റായതോടെ ജീവിതവും മെല്ലെ മാറിത്തുടങ്ങി. പണ്ട് സ്കൂളിൽ നാടകക്യാംപിനു പോകുമ്പോൾ ക്ലാസ് റൂം തന്നെയാണ് കിടക്കാൻ നൽകിയിരുന്നത്. ‘മറിമായം’ വന്നതോടെ ഹോട്ടൽ മുറിയിലേക്ക് പ്രമോഷൻ കിട്ടി.‌

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയുടെ ഓ ഡിഷന് പോയെങ്കിലും വലിയ പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷേ, കുറച്ച് ദിവസം കഴിഞ്ഞ് ലൊക്കേഷനിലേക്ക് ചെല്ലാനുള്ള വിളി വന്നു. നാട്ടിൻപുറത്ത് മൊബൈൽ ടവർ വ രുന്ന പ്രശ്നം പറയുന്ന സീനിലാണ് അഭിനയിക്കേണ്ടത്. ‘അണ്ണാങ്കൊട്ടനും പൂമ്പാറ്റയും...’ എന്നു തുടങ്ങുന്ന ഡയലോഗ് പറഞ്ഞിട്ട് ഞാ ൻ നോക്കുമ്പോൾ സംവിധായകൻ ദിലീഷേട്ടനും ശ്രീജിത് രവി സാറുമൊക്കെ മോണിറ്ററിൽ നോക്കിയിരുന്ന് ചിരിക്കുന്നു. ‘കവി രാജേഷ് അമ്പലത്തറ’ ഹിറ്റായതോടെ സിനിമയിലും കാസർകോട് ഭാഷ എന്നെ കനിഞ്ഞനുഗ്രഹിച്ചു. പിന്നെ, അതായി തുറുപ്പുചീട്ട്.’’

രംഗം അഞ്ച് – അതെ, അഖിലേഷേട്ടനാണ്

സിനിമയിൽ പിന്നെ, ഉണ്ണിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ‘ഓപ്പറേഷൻ ജാവ’യിലും ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലും ഉണ്ണി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഡയലോഗുകൾ മീമുകളിൽ നിറഞ്ഞു. ‘അതെ, അഖിലേഷേട്ടനാണ്...’, ‘ചായേല് ഏലക്ക ഇട്ടിട്ടുണ്ടല്ലേ...’ ഓർക്കുമ്പോൾ തന്നെ ചിരി വിടർത്തുന്ന നിഷ്കളങ്ക നർമനിമിഷങ്ങൾ.

‘‘ഞാൻ, അരവിന്ദന്റെ അതിഥികൾ, കായംകുളം കൊച്ചുണ്ണി, പ്രണയമീനുകളുടെ കടൽ, കനകരാജ്... 38 സിനിമകൾ ഇതുവരെ ചെയ്തു. ‘ജയിലർ’ എന്ന സിനിമയിൽ ധ്യാ ൻ ശ്രീനിവാസനൊപ്പം മുഴുനീള വേഷമാണ്.

കൃഷിയാണ് ഞങ്ങളുടെ ജീവിതം. അച്ഛനും അമ്മയും പണ്ട് പണിക്കു പോയിരുന്ന പാടം കുറേ നാളായി തരിശ് കിടക്കുകയായിരുന്നു. അഞ്ചുവർഷം മുൻപ് ഞാൻ അതു വാങ്ങി. അമ്മയുടെ മേൽനോട്ടത്തിൽ വിത്തിറക്കി നൂറുമേനി കൊയ്തു. ഈ ഓണത്തിനു വിളവെടുക്കാനുള്ള നെല്ല് കതിരിട്ടു കഴിഞ്ഞു.’’ ഒരു കതിർ നുള്ളിയെടുത്ത് ഉണ്ണി നീട്ടി.

രംഗം ആറ് – അഭിമുഖം

‘‘അങ്ങനെ സന്തോഷകരമായി കാര്യങ്ങൾ മുന്നോട്ട് പോകുന്നതിനിടെയായിരുന്നു ആ അപകടം. ‘ജയിലറി’ന്റെ തമിഴ്നാട്ടിലെ ലൊക്കേഷനിൽ നിന്ന് തിരിച്ചെത്തി വീട്ടിലേക്കു മടങ്ങും വഴി കാൽതെറ്റി വീണു. ആറു ദിവസത്തെ ഐസിയു വാസവും അതിനുശേഷമുള്ള വിശ്രമവുമൊക്കെയായി കുറച്ചുകാലം ജോലി ഒന്നും ചെയ്യാനായില്ല. സാമ്പത്തികസ്ഥിതി പരുങ്ങലിലായതോടെ സിനിമയിലും സീരിയലിലും വീണ്ടും സജീവമാകാനുള്ള ഒരുക്കം തുടങ്ങി.

അതിനിടെയാണ് വീട്ടിലേക്ക് ആ കത്ത് വന്നത്. കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലറ്റ് ക്ലീനറുടെ ഒഴിവിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ. ആ ജോലി എനിക്കു കിട്ടി. പലരും മുഖം ചുളിച്ചു. പക്ഷേ, എനിക്കൊരു മടിയും തോന്നിയില്ല. എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. ഞാനല്ലെങ്കിൽ മറ്റൊരാൾ ആ ജോലി ചെയ്യും, പിന്നെന്താ പ്രശ്നം.’’

സ്കാവഞ്ചർ തസ്തികയിൽ ജോലി കിട്ടിയെങ്കിലും ആ റുമാസത്തേക്ക് ഉണ്ണി അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ്. കോവിഡ് കാലം കഴിഞ്ഞുള്ള കലോത്സവ സീസൺ വരുന്നു. കുട്ടികളെ പരിശീലിപ്പിക്കണം. അതു കഴിഞ്ഞിട്ടു ജോലിക്ക് കയറാമെന്നാണ് തീരുമാനം. ഉണ്ണിയുടെ എല്ലാ തീരുമാനങ്ങൾക്കും പച്ചക്കൊടി വീശി ഭാര്യ സിന്ധുവും മക്കളായ പത്താം ക്ലാസുകാരൻ ആദിത്യരാജും അഞ്ചാം ക്ലാസുകാരൻ ധൻവിരാജും ഒപ്പം നടക്കുന്നു.

രൂപാ ദയാബ്ജി

ഫോട്ടോ: അനീഷ് ഫോക്കസ്