Saturday 08 June 2019 02:42 PM IST

‘എല്ലാ ടെൻഷനും മാറ്റി വിശ്രമിക്കാൻ സ്ത്രീകൾക്കും ആഗ്രഹമുണ്ട്; എത്ര പുരുഷന്മാർ ഇത് മനസ്സിലാക്കുന്നു?’: നന്ദിത ദാസിന്റെ തുറന്ന ചോദ്യങ്ങൾ

Syama

Sub Editor

nandhitha-das2

ഒരു വിശേഷണത്തിൽ ഒതുങ്ങുന്ന പേരല്ല നന്ദിതദാസ്. സിനിമയിലും നാടകത്തിലും ഒരുപോലെ തിളങ്ങുന്ന നടി, സംവിധായിക, സാമൂഹിക പ്രവർത്തക. അങ്ങനെ നീളുന്നു നന്ദിതദാസ്  എന്ന ബഹുമുഖ പ്രതിഭയുടെ ലോകം. പുനരധിവാസം, നാലു പെണ്ണുങ്ങൾ, കണ്ണകി എന്നീ ചിത്രങ്ങളടക്കം പത്തു ഭാഷകളിലായി 40 സിനിമകൾ. അടൂർ ഗോപാലകൃഷ്ണൻ, മൃണാൾ സെൻ, ശ്യാം  ബെനഗൽ, ദീപ മെഹ്ത, മണിരത്നം തുടങ്ങി പ്രമുഖരുടെ ചിത്രങ്ങളിൽ നേടിയ ദേശീയ രാജ്യാന്തര പുരസ്കാരങ്ങൾ. കാൻസ് ചലചിത്രമേളയിൽ രണ്ടു വട്ടം ജൂറി, ഫ്രഞ്ച് ഗവൺമെന്റിന്റെ ‘നൈറ്റ്’ പദവി,  ഇന്റർനാഷനൽ വിമൻസ്  ഫോറത്തിന്റെ ഹാൾ ഓഫ് ഫെയ്മിൽ ഇടം നേടിയ ആദ്യ  ഇന്ത്യക്കാരി, ‘ഡാർക് ഈസ് ബ്യൂട്ടിഫുൾ ’ ക്യാംപെയ്ൻ നയിച്ച ഇന്ത്യൻ നായിക. ഭയം തൊടാത്ത നിലപാടുകളിലൂടെ മുന്നോട്ട് നീങ്ങുന്ന നന്ദിത ദാസിന്റെ മനസ്സിനൊപ്പം.

പല റോളുകളിലൂടെയാണല്ലോ ജീവിതം. പിന്നിലേക്ക് ചിന്തിക്കുമ്പോൾ തോന്നുന്നത്?

അങ്ങനെയൊരു തിരിഞ്ഞു നോട്ടം നടത്താറേയില്ല. ഒന്നിനു പിറകെ ഒന്നായി പല കാര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അഭിനയിക്കേണ്ട കഥാപാത്രങ്ങൾ, സംസാരിക്കേണ്ട, എഴുതേണ്ട വിഷയങ്ങൾ, മകന്റെ കാര്യങ്ങൾ, ജീവിതം ഒരു യാത്രയാണ്. നിങ്ങൾ പുറമേ നിന്നു നോക്കുമ്പോള്‍ കാണുന്ന നന്ദിത എന്ന പബ്ലിക് ഫിഗറിന്റെ വളർച്ച അതിലെ ചെറിയൊരു അംശം മാത്രം. നമ്മുടെ ഉള്ളിലെ വ്യക്തിയുടെ വികാസം ആണ് യഥാർഥത്തിൽ ജീവിതത്തിന് അർഥം പകരുന്നത്.

എല്ലാവരുടെ ഉള്ളിലും പൊസിറ്റിവിറ്റിയും സന്തോഷവും സമാധാനവും മാത്രമല്ല നെഗറ്റിവിറ്റിയും സങ്കടങ്ങളും ദേഷ്യവും ഒക്കെയുണ്ട്. അത്  ഒാരോരുത്തരും ചാനലൈസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലാകാം.

നല്ല ‘നാളെ’യ്ക്കു വേണ്ടി ഇന്ന് നിങ്ങളെന്തു ചെയ്യുന്നുവെന്നത് പ്രധാനമാണ്. അതിന്റെ മീഡിയം സിനിമ ആകാം, ലേഖനങ്ങളോ പ്രഭാഷണങ്ങളോ ആകാം. എട്ടു വർഷത്തോളം ‘ദി വീക്’ വാരികയിൽ ‍‍ഞാൻ ലേഖനങ്ങൾ എഴുതിയിരുന്നു. ഏതു മീഡിയത്തിലൂടെയാണെങ്കിലും ആളുകളുമായി ആശയങ്ങൾ പങ്കുവയ്ക്കാൻ എനിക്കിഷ്ടമാണ്. അപ്പോഴാണ് ഞാൻ മാത്രമല്ല ഇത്തരത്തിൽ ചിന്തിക്കുന്ന മറ്റു പലരും ഒപ്പമുണ്ട് എന്ന് തിരിച്ചറിയുന്നത്.  

ഇന്ത്യൻ സ്ത്രീ നേരിടുന്ന പ്രശ്നം അവതരിപ്പിച്ച ഡോക്യുമെന്ററിക്ക് 2019ൽ ഓസ്കർ പുരസ്കാരം ലഭിച്ചപ്പോൾ?

ആർത്തവകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ച ‘പീരിയഡ്. എൻഡ് ഓഫ് സെന്റൻസ്’ എന്ന ഡോക്യുമെന്ററിക്ക് ഒാസ്കർ ലഭിച്ചപ്പോൾ സന്തോഷം തോന്നി. ഇറാനിയൻ അമേരിക്കൻ സംവിധായികയായ റയ്ക സ ഹ്താബ്ജിക്കൊപ്പം ഒരുപാട് ഇന്ത്യക്കാർ ആ ഡോക്യുമെന്ററിയിൽ പ്രവർത്തിച്ചു. ഇന്ത്യക്കാരിയായ ഗുനീത് മോംഗയാണ് നിർമാതാവ്.

ആർത്തവത്തിന്റെ പേരിൽ  പെൺകുട്ടികളെ പഠനത്തിൽ നിന്നു വരെ മാറ്റി നിർത്തുന്ന സാഹചര്യം പോലും ചിലയിടങ്ങളിലുണ്ട്. ഇവിടെ ആണും പെണ്ണും തമ്മിലല്ല മത്സരം. യുക്തിയും  പാട്രിയാർകിയും (പിതൃകേന്ദ്രീകൃത വ്യവസ്ഥ) ത മ്മിലാണ്. സ്ത്രീകൾക്കുള്ളിൽ പോലും അത് വേരുപിടിച്ചു കിടക്കുന്നുണ്ട്. ഇത്തരം അവാർഡുകൾ ഈ വിഷയത്തെ കൂടുതൽ ആളുകളിലേക്കെത്തിക്കും. ചിന്താഗതികൾ മെച്ചപ്പെടാനും സഹായിക്കും.

എന്തുകൊണ്ടാണ് ഇന്നത്തെ കാലത്തും സ്ത്രീകൾ പാട്രിയാർക്കിക്ക് അടിമപ്പെട്ടു പോകുന്നത്?

എന്റെ അമ്മയാണ് ഒമ്പതു മുതൽ അഞ്ചു വരെ  പുറത്ത് പോയി ജോലി ചെയ്തിരുന്നത്. അച്ഛനാണ് വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്. ‘റോൾ റിവേഴ്സൽ’ ചെറുപ്പം മുതൽ കണ്ടു വ ളർന്നയാളാണ് ഞാൻ. അതുകൊണ്ട് അത് നടക്കില്ല എന്നു പറയുന്നത് വിശ്വസിക്കാൻ എന്നെ സംബന്ധിച്ച് പ്രയാസമാണ്. എന്നാൽ എല്ലായിടത്തെയും സ്ഥിതി ഇതല്ല എന്നും എനിക്കറിയാം.

പലരും ചെറുപ്പം മുതലേ കണ്ടു വളരുന്നത് അത്തരം കാര്യങ്ങളാണ്. സ്കൂളിൽ പഠിപ്പിക്കുന്ന പാഠങ്ങളിൽ, കാണുന്ന ഉദാഹരണങ്ങളിൽ, കേൾക്കുന്ന കഥകളിൽ മിക്കവയും ആ ൺമേൽക്കോയ്മയെ ശരിവയ്ക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തിയവയാണ്.

സൗന്ദര്യത്തിന്റെ കാര്യം തന്നെ എടുക്കൂ ‘ഇങ്ങനെയിരുന്നാൽ മാത്രം’, ‘ഈ നിറമായാൽ മാത്രം’ ‘ഇത്ര മെലിഞ്ഞാൽ മാത്രം’ നിങ്ങൾക്ക് സൗന്ദര്യമുള്ളൂ എന്നാണ് നമ്മെ പറഞ്ഞ് പഠിപ്പിക്കുന്നത്. നമ്മുടെ നാട്ടിലെ 95 ശതമാനവും  ഇത്തരം സൗന്ദര്യനിയമങ്ങൾക്കുള്ളിൽ വരില്ല എന്നതാണ് വിരോധാഭാസം. ‘ഡാർക്ക് ഇസ് ബ്യൂട്ടിഫുൾ’ എന്ന ക്യാംപെയ്ൻ അത്തരത്തിലുള്ള പ്രവണതകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു.

തെറ്റായ വ്യവസ്ഥകളെ തിരുത്തുക എളുപ്പമല്ല, പക്ഷേ, അസാധ്യമല്ല താനും. ഈ അവസരത്തിലാണ് കലയുടെ ശ ക്തി വെളിവാകുന്നത്. കലയിലൂടെ സാധാരണക്കാരായ മനുഷ്യരുടെ ഉള്ളിലേക്ക് വലിയ ആശയങ്ങൾ എത്തിക്കാൻ സാധിക്കും.

nandhitha-das3

സംവിധായകർ ധാരാളമുള്ള ലോകത്തേക്ക് ഒരു സംവിധായിക കടന്നുചെല്ലുമ്പോൾ ?

സംവിധാനത്തിന് ആൺ–പെൺ വ്യത്യാസങ്ങളില്ല. ആണു ചെയ്താലും പെണ്ണ് ചെയ്താലും അതൊരു സൃഷ്ടിപരമായ ക്രിയയാണ്. നിങ്ങൾ ഒരു വലിയ ടീമിന് മാർഗനിർദേശം നൽകി മുന്നോട്ട് പോകുന്നു, തലയിൽ ചെറുതായി മുളപൊട്ടിയ ഒരു ഐഡിയ പതിയെ രൂപമെടുത്ത് പൂർണവളർച്ചയെത്തുന്നത് മുന്നിൽ കാണുന്നു. ആദ്യമായി സംവിധാനം ചെയ്ത ‘ഫി റാഖ്’  ആണെങ്കിലും  കഴിഞ്ഞ വർഷം ചെയ്ത ‘മൺടോ’ ആ ണെങ്കിലും എളുപ്പത്തിൽ ചെയ്തു തീർക്കാവുന്ന സിനിമക ൾ ആയിരുന്നില്ല. രണ്ടും നന്നായി ചെയ്യാൻ കഴിഞ്ഞതിനു പിന്നിൽ എന്റെ ടീം നൽകിയ സപ്പോർട്ട് പ്രധാനമാണ്.

സ്ത്രീയാണ് എന്ന ചിന്ത തീർച്ചയായും ഞാൻ ചെയ്യുന്ന പ്രവൃത്തികളെ സ്വാധീനിക്കും. ഞാനൊരു ഇന്ത്യക്കാരിയാണ് എന്നത് എന്റെ ഐഡൻന്റിറ്റിയാണ്, പാതി ഒഡിയ–പാതി ഗുജറാത്തി എന്നതും ഞാൻ വളർന്നു വന്ന സാഹചര്യങ്ങളും കുടുബവും ഒക്കെ സ്വാധീനിക്കുന്നതു പോലെ തന്നെ. ഇത്തരം പ ല ഘടകങ്ങൾ ചേർന്നതാണ് ഒരാളുടെ  വ്യക്തിത്വം.

നിങ്ങൾ എന്ന വ്യക്തിയെ നോക്കുന്നതിനു പകരം നിങ്ങൾ എന്ന ‘സ്ത്രീ’യെയാണ് പലരും കാണുന്നത്. മുൻപത്തെ അപേക്ഷിച്ച്  ഇന്നത്തെ കാലത്ത് ‘സെക്സിസം’ പ്രകടമായി കാണണമെന്നില്ല. ചില പറച്ചിലുകളിലൂടെ, പെരുമാറ്റത്തിലൂടെ വിവേചനം ഉണ്ട് താനും.  

പ്രകടമായി കാണിക്കുന്നതിന് അപ്പപ്പോൾ മറുപടി കൊടുക്കാം അങ്ങനെയല്ലാത്തതിനോ? ഒരു കാര്യം ചെയ്യാനിറങ്ങുമ്പോൾ അതിന്റെ എല്ലാ വശങ്ങളെയും കുറിച്ച് അറിവുണ്ടാകണമെന്നില്ല. അറിയാത്ത കാര്യത്തെ കുറിച്ച് ഞാൻ പലരോടും അഭിപ്രായം ചോദിക്കാറുണ്ട്. അത് പലരും കഴിവുകേടായി പ റയുന്നതും കേട്ടിണ്ടുണ്ട്. ഇക്കാര്യം തന്നെ ഒരാണ് ചെയ്താൽ അത് അയാളുടെ ‘ഓപ്പൺനെസ്സ്’ ആയി മാറും.

നിങ്ങൾ ഫെമിനിസം സംസാരിച്ചിട്ട് എന്തുകൊണ്ട് സ്ത്രീ കേന്ദ്രീകൃത സിനിമ ചെയ്യുന്നില്ല എന്ന് ചിലർ ചോദിക്കാറുണ്ട്. സ്ത്രീ കേന്ദ്രീകൃത സിനിമ ചെയ്താൽ മാത്രമേ ഒരാൾ ഫെമിനിസത്തിന്റെ സപ്പോർട്ടർ ആകൂ എന്നു പറയുന്നതിന്റെ യുക്തി എന്താണ്?

സിനിമയിലെ സ്ത്രീകളെ നിങ്ങൾ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് കാര്യം. നടന്മാരെയും നടികളെയും തുല്യരായി കാണുന്നതിലാണ് കാര്യം. ജെൻഡറിനപ്പുറം നമ്മുടെ കഴിവുകൾ നമുക്ക് വേണ്ടി സംസാരിക്കട്ടേ.

പ്രതികൂല അവസ്ഥകളിലും ശക്തമായ നിലപാടുകൾ എടുക്കാൻ എങ്ങനെ സാധിക്കുന്നു? ഭയം ഇല്ലേ?

ഭയം ഇല്ലെന്നു പറയുന്നത് തെറ്റാണ്. ഭയത്തേക്കാൾ വലുതാണ് ഞാൻ വിശ്വസിക്കുന്ന ആശയങ്ങൾ. നമ്മുടെ ആശയങ്ങളിൽ പൂർണമായി വിശ്വസിച്ചാൽ ധൈര്യം താനെ വന്നോളും. ഇപ്പോൾ കാര്യങ്ങൾ വഷളായി വരുന്നു എന്നാണ് എനിക്കു തോന്നുന്നത്. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ വെടിവച്ചിടുന്ന നാടായി ഇവിടം മാറുന്നു. കൂടാതെ സമൂഹമാധ്യമങ്ങളും 24 മണിക്കൂറുള്ള ന്യൂസ് ചാനലുകളും നല്ല കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം തന്നെ അനാവശ്യകാര്യങ്ങൾക്കും ഫോക്കസ് കൊടുക്കുന്നു. വലിയൊരു പ്രസംഗത്തിൽ നിന്ന് അല്ലെങ്കിൽ ലേഖനത്തിൽ നിന്ന് അവർ വാക്കുകൾ അടർത്തി, ചിലപ്പോൾ അത് വളച്ചൊടിച്ച് നമ്മൾ വിചാരിക്കാത്ത അർഥങ്ങൾ കൊടുത്ത് സെൻസേഷനുണ്ടാക്കുന്നു.

എനിക്ക് എട്ടു വയസ്സുള്ള മകനുണ്ട്. അവനെ ഞാൻ ഇടപെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് കളിയാക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.  2016 ൽ എനിക്കെതിരേ ട്രോളുകൾ വന്നതിനൊപ്പം മകന്റെ ചിത്രങ്ങൾ വച്ചും ട്രോളുകൾ വന്നു. ഞാൻ അതേക്കുറിച്ച് ലേഖനങ്ങളെഴുതിയിരുന്നു.

അമ്മയായതിനു ശേഷം സ്വൽപ്പം കൂടുതൽ വൾനറബിളാണ്, പ്രത്യേകിച്ചും കുട്ടിയെ ഇതിലേക്കൊക്കെ വലിച്ചിഴയ്ക്കുമ്പോൾ. എന്നു കരുതി ഞാൻ മിണ്ടാതെ ഭയന്നിരിക്കില്ല. അ താണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ കൂടിയും. പറയേണ്ട കാര്യങ്ങൾ പല മീഡിയത്തിലൂടെയും പറയുന്നുണ്ട്, അതൊ       ക്കെ ചെറിയ ചലനങ്ങൾ ചുറ്റും സൃഷ്ടിക്കുന്നുമുണ്ട്.

നല്ലൊരു നാളെ എന്നത് സ്വപ്നം കാണുന്നവർക്ക്, തന്നെ ക്കൊണ്ടാകുന്നത് അതിനായി ചെയ്യണം എന്നു കരുതുന്നവർക്ക്, ആശയങ്ങളിൽ ദൃഢവിശ്വാസമുള്ളവർക്ക് അടങ്ങിയിരിക്കാൻ പറ്റില്ല. എഴുത്ത്, പ്രസംഗം, സിനിമ... പല മാർഗങ്ങൾ അതിനായി തിരഞ്ഞെടുക്കും. വിമർശനങ്ങളും കളിയാക്കലു കളും കരിയറിന്റെ തുടക്കം മുതല്‍ നേരിടുന്ന ആളാണ് ഞാൻ.

ദീപ മേത്തയുടെ ‘ഫയർ’ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആളുകൾ പറഞ്ഞു. ‘ഓ, നിങ്ങൾ എത്ര ധൈര്യശാലിയാണ്...’ എന്നൊക്കെ. എന്റെ വീടിനു പൊലീസ് കാവലുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ഭയമുണ്ടായിരുന്നു. നീ  ഈ മേഖലയിൽ പുതിയ ആളാണ് സൂക്ഷിക്കണം എന്നൊക്കെ അവർ പറയും.

‘അപ്പോ നിങ്ങൾ എന്നെ വളർത്തിയതിൽ എന്തോ പിശക് പറ്റിയിരിക്കുന്നു, ഇനി അത് തിരുത്താൻ സാധിക്കില്ല’ എന്നു  ഞാനും പറയും. അത് കേൾക്കുമ്പോൾ അവർ രണ്ടു പേരും ചിരിക്കും. അവരാണ് സത്യത്തിനും  ആദർശങ്ങൾക്കും  വേണ്ടി നിലകൊള്ളാൻ എന്നെ പഠിപ്പിച്ചത്.

nandhitha-das4

രണ്ടാമതൊരു സിനിമ ചെയ്യുമെന്നു പോലും ചിന്തിച്ചിട്ടില്ല. നാൽപതോളം സിനിമകൾ 10 ഭാഷകളിലായി ചെയ്തിട്ടും ‘അടുത്തത്’ എന്നതിനെ പറ്റി ഞാൻ ചിന്തിക്കാറില്ല. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈയിടെ ഒരു റീമെയ്ക് സിനിമയിൽ അഭിനയിച്ചത്. എന്നാൽ ഇക്കാലത്തൊന്നും ‘അ യ്യോ ഞാൻ ഇത്ര കൊല്ലം അഭിനയിച്ചില്ലല്ലോ’ എന്ന ചിന്തയും വന്നിട്ടില്ല. അഭിനയ മോഹം കൊണ്ടു നടക്കുന്ന ആളല്ല ഞാൻ.  

തുല്യത എന്ന ആശയം, ശരിയായ അർഥത്തിൽ ആളുകൾക്ക് മനസ്സിലാക്കി കൊടുക്കാൻ എന്തു ചെയ്യണം? 

പെൺകുട്ടികളെ വളർത്തുന്നതിനൊപ്പം ശ്രമകരമാണ് ആൺകുട്ടികളെ വളർത്താനും. ആൺമേൽക്കോയ്മയും മൂല്യച്യുതിയും വേരുപിടിച്ച ഇടത്തിൽ സമൂഹത്തിനു മുതൽക്കൂട്ടായൊരു വ്യക്തിയെ വളർത്തിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. പെൺകുട്ടികൾക്ക് ധാരാളം ആത്മവിശ്വാസവും സ്വാതന്ത്ര്യവും കൊടുത്തു വളർത്തുക, ആൺകുട്ടികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരും സെൻസിറ്റീവുമായിട്ടും. എന്നാലേ തുല്യത എന്ന ആശയം അവർക്കു മനസ്സിലാകൂ.

നിങ്ങൾ മികച്ചൊരു ‘മൾട്ടിടാസ്കർ’ ആണല്ലോ എന്ന് കേ ൾക്കുന്നത് നല്ലതാണ്. എന്നാൽ ജോലി കഴിഞ്ഞു എല്ലാ ടെൻഷനും മാറ്റി വിശ്രമിക്കാൻ സ്ത്രീകൾക്കും ആഗ്രഹമുണ്ട്. എത്ര പുരുഷന്മാർ ഇത് മനസ്സിലാക്കുന്നു?

സ്ത്രീകൾ ജോലിക്കിടയിലും വീട്ടുകാര്യം ചിന്തിക്കും, കുട്ടിയെ കുറിച്ചും, ഗ്യാസ് തുറന്നിട്ട് അടച്ചോ എന്നതിനെ കുറിച്ചും, വൈദ്യുതി ബില്ലിനെ കുറിച്ചും, ചെന്നിട്ട് എന്തു പാകം ചെയ്യും എന്നതിനെ കുറിച്ചും ഒക്കെ അറിയാതെ പോലും ആലോചിക്കും. ഇത്തരം കാര്യങ്ങൾ അവരെ അലട്ടാതിരിക്കണമെങ്കിൽ പങ്കാളി കൂടി ജോലിഭാരം ഷെയർ ചെയ്യണം.

ആണും പെണ്ണും സ്വന്തം വീട്ടിൽ ഒരേപോലെ ജോലി ചെയ്യുന്ന സാഹചര്യം ഇപ്പോൾ കൂടി വരുന്നുണ്ട്, രണ്ടു വ്യക്തികൾ തമ്മിലുള്ള സൗഹൃദവും സ്നേഹവും മെച്ചപ്പെടാൻ ഇ ത് സഹായിക്കും. നല്ല മാറ്റങ്ങൾ വരട്ടെ.

nandhitha-das1