പല സിനിമകളിലായി പല റോളുകൾ ചെയ്ത് ആരാധകരുടെയും വിമർശകരുടേയും പ്രശംസ നേടാൻ അനശ്വര എന്ന നടിക്ക് സാധിക്കുന്നു. സിനിമാഭിനയം പോലെ തന്നെ അനശ്വരയുടെ നിലപാടുകളും വസ്ത്രങ്ങളും അതിലൂടെ ഒരു വ്യക്തിയുടെ വളർച്ചയും ഒക്കെ ചർച്ച ചെയ്യപ്പെടുന്നു. അനശ്വര അതുകൊണ്ട് എപ്പോഴും ‘നമുക്കൊപ്പമുള്ളൊരാളായി’ മാറുന്നു...
‘ഉദാഹരണം സുജാത’ മുതൽ ഇന്ന് വരെ അനശ്വര എന്ന നടിക്കും വ്യക്തിക്കും എന്തൊക്കെ മാറ്റങ്ങൾ വന്നു?
രണ്ട് രീതിയിലും ഒരുപാട് മാറ്റം വന്നിട്ടുണ്ട്. വ്യക്തിയെന്ന നിലയിൽ ആദ്യം പറയേണ്ടത് ഒരുപാട് കാര്യങ്ങൾ അൺലേൺ ചെയ്തു എന്നതാണ്. പഠിച്ചു വച്ചിരുന്നതെന്താണോ അതൊക്കെ അങ്ങനെ മാത്രമല്ല നിലനിൽക്കുന്നതെന്ന് പലരോടും ഇടപഴകിയതു വഴി മനസിലായി.
ഇപ്പോഴും ചില സമയം ഞാനൊരു നടിയാണെന്ന് വിശ്വസിക്കാൻ പറ്റാറില്ല. ഐ ആം ആൻ ആക്സിഡന്റൽ ആക്റ്റർ. മുൻകൂട്ടി തീരുമാനിച്ച് സിനിമയിൽ വന്ന ആളല്ല. നല്ല കുറേ ബന്ധങ്ങളുണ്ടായി. കുറേ സ്ഥലങ്ങൾ കണ്ടു. സ്വപ്നം കാണാത്ത എന്നാൽ സ്വപ്നതുല്യമായ കുറേ കാര്യങ്ങൾ നടന്നു. അതിൽ നിന്നൊക്കെ ഞാനെന്ന ആർട്ടിസ്റ്റ് കുറേ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്.
കഥാപാത്രത്തിനുള്ള തയാറെടുപ്പുകൾ എങ്ങനെ?
കാര്യമായി തയാറെടുത്ത് ചെയ്ത കഥാപാത്രം ‘നേരി’ലെ സാറയാണ്. സാറ എന്ന കഥാപാത്രം കാഴ്ചയില്ലാത്ത ആളാണ്. ലൈംഗികാത്രിക്രമം അതിജീവിച്ചയാളാണ്...
ബാക്കിയൊരുവിധമുള്ള കഥാപാത്രങ്ങളെ എവിടെയൊക്കെയോ എനിക്ക് അറിയാം. ഒന്നുകിൽ എന്നിലൂടെ തന്നെ അല്ലെങ്കിൽ ചുറ്റുമുള്ളവരിലൂെട. മുൻപ് ചെയ്തവയിൽ മിക്കതും സെറ്റിലെത്തി ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ പടത്തിന്റെ മീറ്ററെന്താണെന്നും കഥാപാത്രം എന്താണെന്നും മനസ്സിലാകും. സാറ അങ്ങനെയായിരുന്നില്ല, അവൾക്കായി വേറെ തന്നെ ഹോംവർക്ക് ചെയ്യേണ്ടി വന്നു. കാഴ്ചയില്ലാത്തവരുടെ സ്പർശം എങ്ങനെയാണ്. അവരുടെ ചലനങ്ങൾ എങ്ങനെയാണ്. അവരുടെ ലുക്ക് എങ്ങനെയാണ് എന്നതൊക്കെ നോക്കി പഠിച്ച് കാര്യമായി തയാറെടുത്താണ് ആ റോൾ ചെയ്തത്. അതിൽ തൃപ്തിയുമുണ്ട്. വായനയാണ് കഥാപാത്രത്തെ മനസ്സിലിട്ട് പാകപ്പെടുത്താൻ സഹായിക്കുന്നത്. കൂടാതെ കാഴ്ചയില്ലാത്തവരുടെ അഭിമുഖങ്ങൾ ധാരാളം കണ്ടു. മാനറിസങ്ങൾ നോക്കി പഠിച്ചു.
കഥാപാത്രം തിരഞ്ഞെടുക്കുന്നതിൽ ആദ്യത്തെ ഘടകം സംവിധായകൻ തന്നെയാണ്. ആദ്യം മുതലവസാനം വരെ വേണമെന്നല്ല ഒരു റോൾ ആ കഥാഗതിയെ എത്രത്തോളം സ്പർശിക്കുന്നു എന്ന് നോക്കാറുണ്ട്. കേൾക്കുമ്പോൾ കൺഫ്യൂഷൻ ഉണ്ടാക്കുന്ന തരത്തിലുള്ളവ ഇ പ്പോൾ തിരഞ്ഞെടുക്കാറില്ല.
വീട്ടുകാരുടെ പിന്തുണയെത്രത്തോളമുണ്ട്?
എന്റെ ഏറ്റവും വലിയ സപ്പോർട്ട് ചേച്ചിയാണ്. (മേക്കപ്പിനിടെ മേക്കപ് ആർട്ടിസ്റ്റ് റിസ്‌വാൻ അനശ്വരയോട് ‘ആഹാ... ഇങ്ങനൊക്കെ പറയുമല്ലേ?)
‘അവളില്ലല്ലോ അതോണ്ട് അവളെ പറ്റി നല്ലതു പറയാം’.
എന്റെ സപ്പോർട്ട് സിസ്റ്റവും വലിയ ക്രിട്ടിക്കും ചേച്ചിയാണ്. ചിലപ്പോൾ ഒരു കാര്യം ചെയ്യണ്ട എന്ന് ആരു പറഞ്ഞാലും ഞാൻ കേൾക്കില്ല പക്ഷേ, അവള് പറഞ്ഞാൽ കേൾക്കും. ഏതു പ്രശ്നം വന്നാലും അവളാണ് ഒപ്പം.
മൂന്ന് കൊല്ലം മുൻപ് സൈബർ ബുള്ളിയിങ് ഉണ്ടായപ്പോഴും അതിന് ശേഷം ആളുകൾ പലതും പറയുമ്പോഴും അതു നീ കേൾക്കണ്ട, ശ്രദ്ധിക്കണ്ട എന്നൊക്കെ പറഞ്ഞ് തൊട്ടടുത്തു നിന്നത് അവളാണ്. കുറേ പ്രശ്നങ്ങളൊക്കെ അവള് തന്നെയാണ് ഏറ്റെടുത്തതും നേരിട്ടതും. എന്നെക്കാളും കൂടുതൽ എന്റെ പേരിൽ കഷ്ടപ്പെട്ടത് അവളാണ്. അഭിമുഖമൊക്കെ കണ്ടിട്ട് അത് ശ്രദ്ധിച്ച് ഇനി പറയാനുള്ള പോയിന്റുകളൊക്കെ നോക്കി വച്ച് പറഞ്ഞ് തരും. അവളിൽ നിന്ന് കുറേ കോപ്പിയടിച്ചാണ് ഞാൻ ചിലപ്പോൾ ചില കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
ശ്യാമ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ