Thursday 13 December 2018 02:23 PM IST

ചിരിക്കാൻ ഇഷ്ടമുള്ള ‘ഗൗരവക്കാരൻ’; ദിലീഷ് പോത്തനു ജീവിതത്തെക്കുറിച്ചു പറയാനുള്ളത്

Sreerekha

Senior Sub Editor

dileesh2 ഫോട്ടോ: ശ്യാം ബാബു

നിക്കരാഗ്വയിലെ പാര്‍ട്ടി സഖാവിെന കാണുമ്പോള്‍ െകാടുക്കാൻ ‘ദിസ് കൊമ്രേഡ് ഈസ് അവര്‍ കൊ മ്രേഡ്’ എന്നു കത്തെഴുതുന്ന ‘സിെഎഎ’യിലെ താടിക്കാരന്‍ പാര്‍ട്ടി സഖാവിെന നിറഞ്ഞ മനസ്സോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. അതിനു മുമ്പും പല തവണ ദിലീഷ് പോത്തന്‍ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. പാതിരാത്രി കലിതുള്ളുന്ന ഭാര്യയെ ‘ചില്‍... സാറാ... ചില്‍’ എന്നു പറഞ്ഞു സമാധാനിപ്പിക്കുന്ന ‘മഹേഷിന്‍റെ പ്രതികാര’ത്തിലെ എല്‍േദാച്ചായനും ‘സാള്‍ട്ട് ആൻഡ് പെപ്പറി’ൽ ‘വരിക്കാശേരി മന നമുക്ക് സെറ്റിട്ടാലോ?’ എന്ന ഡയലോഗടിച്ച സംവിധായകനുമെല്ലാം മനസ്സില്‍ ഇപ്പോഴുമുണ്ട്.

കാഴ്ചയിൽ മാത്രമല്ല, പേരിൽ പോലും ഗൗരവമുള്ള  ദിലീഷ് പോത്തനെന്ന ‘സീരിയസ് ലുക്കു’കാരൻ അങ്ങനെ സ്ക്രീനിൽ നിറയെ ചിരി നിറച്ചു. സംവിധായകന്റെ  കുപ്പായമിട്ടപ്പോഴും ദിലീഷ് പോത്തന്‍ പ്രതീക്ഷ തെറ്റിച്ചില്ല. ‘മഹേഷിന്റെ പ്രതികാര’ത്തിലൂടെ ദിലീഷ് പൊലിപ്പിച്ചെടുത്തത് ഇടുക്കിക്കാരുടെ ജീവിതത്തിലെ കൊച്ചു കൊച്ചു നർമ മുഹൂർത്തങ്ങളും  പൊട്ടിച്ചിരികളുമാണ്. ഇപ്പോഴിതാ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂെട പുതിയൊരു വെടിക്കെട്ടുമായി വരുന്നു.

വ്യത്യസ്തമായ പേരാണല്ലോ പുതിയ സിനിമയ്ക്കും?

 ‘മഹേഷിന്റെ പ്രതികാര’ത്തിനു ശേഷം ഞാൻ പല കഥകളും നോക്കിക്കൊണ്ടിരുന്നു. അക്കാലത്താണ് സജീവ് പാഴൂർ ഈ കഥയുടെ ത്രെഡ് പറയുന്നത്. മുമ്പൊരിക്കല്‍ ആലോചിച്ചതും മാറ്റി വച്ചതുമാണ് ഈ കഥ. വീണ്ടും കേട്ടപ്പോള്‍ രസകരമായ സ്പാർക്ക് ഉള്ളതായി തോന്നി. ആ കഥയിൽ കുറച്ച് മാറ്റങ്ങൾ വരുത്തി റീ വർക്ക് ചെയ്തു. പിന്നെ ആലോചിച്ചത് ഈ കഥയെ എങ്ങനെ എവിെട പ്ലേസ് ചെയ്യാമെന്നാണ്. ഇടുക്കിയിൽ നടക്കുന്ന കഥയായിട്ടാണ് ‘മഹേഷിന്‍റെ പ്രതികാരം’ ആലോചിച്ചത്. ‘തൊണ്ടിമുതലിന്‍റെ’ കുറേ ഭാഗം ഷൂട്ട് ചെയ്തത് വൈക്കം, ചേർത്തല ഭാഗങ്ങളില്‍ ആണെങ്കിലും പ്രധാന ഷൂട്ടിങ് കാസർകോട് ആയിരുന്നു. കാസർകോട്ടെ ഒരു പൊലീസ് സ്റ്റേഷനിലാണ് കഥ നടക്കുന്നത്.

ഇടുക്കിയുടെ ജീവിതം അടുത്തുകാട്ടിയതു പോലെ ഈ സിനിമയിൽ കാസർകോടിന്റെ ജീവിതം പറയുന്നുണ്ടോ?

ഈ സിനിമ ഒരു പ്രദേശത്തിന്റെ കഥയല്ല. ഏതു സമൂഹത്തിലും ഏതു പ്രദേശത്തും  നടക്കാവുന്ന കഥ. അത് കാസർകോട് പ്ലേസ് ചെയ്തുവെന്നേയുള്ളൂ. കാസർകോടിനെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടിയും വന്നിട്ടില്ല. സിനിമയ്ക്കു വേണ്ടി പഠിക്കേണ്ടി വന്നത് പൊലീസ് സ്റ്റേഷനിലെ ജീവിതമാണ്. ധാരാളം പൊലീസുകാരുമായി സംസാരിച്ചു, ഒരുപാട് പൊലീസ് സ്റ്റേഷനുകളിൽ പോയി, അവിടെ വരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് അടുത്തറിഞ്ഞു...

നാട്ടിൻ പുറത്തിന്റെ കഥകളോടാണോ കൂടുതലിഷ്ടം?

അങ്ങനെയൊന്നുമില്ല. നാട്ടിൻപുറത്ത് മാത്രമല്ല കഥ. മനുഷ്യരുള്ളിടത്തെല്ലാം കഥയുണ്ട്. എനിക്ക് കുറച്ചു കൂടി പരിചയമുള്ളത് നാട്ടിൻപുറത്തെ കഥകളായതിനാലാകാം ആ ഇഷ്ടം. ഞാൻ മിഡിൽ ക്ലാസ് ജീവിതത്തിൽ ഇടപഴകി വന്നയാളായതിനാൽ ഈ ജീവിതത്തെക്കുറിച്ചാണ് കൂടുതൽ ധാരണകളുള്ളത് എന്നേയുള്ളൂ. അതുകൊണ്ടാകും  ഞാൻ ചെയ്ത രണ്ടു പടങ്ങളും മിഡിൽ ക്ലാസ് ജീവിതത്തിന്റെ കഥകളായത്.

വീണ്ടും ഫഹദിനെ നായകനാക്കാൻ കാരണം?

ഇത് പതിവ് നായക –നായികാ സങ്കൽപത്തിലുള്ള സിനിമയല്ല. പ്രധാനപ്പെട്ട മൂന്ന് –നാല് കഥാപാത്രങ്ങൾക്കുള്ളിലാണീ സിനിമ. ഫഹദ്, സുരാജ്, അലൻസിയർ, നിമിഷ ഇവരാണ് ആ നാലുപേര്‍. ഒരു കാരണവശാലും ‘മഹേഷിന്റെ പ്രതികാരം’ പോലെ ഒരു സിനിമ ആകാതിരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്റെ ആദ്യ സിനിമ എന്ന മട്ടിലാണ് ഇതിനെയും സമീപിച്ചത്.

സിനിമയോടുള്ള ഇഷ്ടം കൂട്ടു വന്നത് എപ്പോഴാണ് ?

കോട്ടയം ജില്ലയിലെ കുറുപ്പുന്തറയാണ് സ്വദേശം. കുട്ടിക്കാലത്തേ വലിയ സിനിമാ പ്രേമിയായിരുന്നു. അന്നെനിക്കു നല്ല വണ്ണമുണ്ട്. (ഇന്നും ഉണ്ട്, എന്ന് അല്‍പം പതുക്കെ) അതിനാൽ സ്പോർട്സിലൊന്നും വലിയ കമ്പമില്ലായിരുന്നു. പപ്പയ്ക്ക് ഒരു കടയുണ്ടായിരുന്നു. മമ്മി സാധാ വീട്ടമ്മ. ഞാനും രണ്ട് പെങ്ങന്മാരും  വല്യമ്മച്ചിയും അടങ്ങുന്നതായിരുന്നു കുടുംബം. പപ്പ കുറേ കാലം, ഫിലിം റപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്നു. ചിലപ്പോൾ തിയറ്ററിൽ പപ്പ എന്നെയും കൊണ്ടുപോകും. അങ്ങനെ സിനിമ ഇടയ്ക്കു വച്ച് കാണുന്ന ശീലം തുടങ്ങി. പിന്നീടൊരു ദിവസം അതിന്റെ കാണാത്ത ആദ്യഭാഗം കണ്ട് ആ കഥ മനസ്സിൽ കൂട്ടി ചേർത്ത് വയ്ക്കും. പിന്നെ, രണ്ടു മണിക്കൂറുള്ള സിനിമയുടെ കഥ നാലു മണിക്കൂറെടുത്ത്  കൂട്ടുകാരോട് വിസ്തരിച്ച് പറയുന്നതും വലിയ ഇഷ്ടമായിരുന്നു. അങ്ങനെ സിനിമ എപ്പോഴോ ജീവിതത്തിലെ അടുത്ത ഇഷ്ടമായി  കൂടെക്കൂടി.

പഠനത്തിന്‍റെ അവസാനമായപ്പോഴാണ് ആ ഇഷ്ടം മോഹമായി മാറിയത്. ഡിഗ്രിക്ക് കംപ്യൂട്ടർ സയൻസ് പഠിക്കുന്ന കാലത്തു ചില ഷോർട് ഫിലിമുകൾ ചെയ്തു. ആദ്യ സിനിമ ചെയ്യുന്നതുവരെ എനിക്ക് ഒട്ടും േകാണ്‍ഫിഡന്‍സ് ഇല്ലായിരുന്നു. പക്ഷേ, എന്നെങ്കിലും സിനിമയിൽ അരക്കൈ നോക്കും എന്ന് മനസ്സിലുറപ്പിച്ചിരുന്നു. ബെംഗളൂരുവിൽ ജോലി കിട്ടി. അപ്പോഴേക്കും സിനിമ തലയിൽ കയറിക്കൂടിയിരുന്നു. ജോയ്ൻ ചെയ്ത ഉടനെ തന്നെ രാജി വച്ച് നാട്ടിലേക്ക് മുങ്ങി. അഞ്ചാറു സിനിമകളില്‍ അസോഷ്യേറ്റ് ഡയറക്ടറായി. പിന്നെയാണ് കാലടി സർവകലാശാലയിൽ എംഎ തിയറ്റർ കോഴ്സ് പഠിക്കാൻ ചേരുന്നത്. കൂട്ടുകാർ പറയും, അവിടെ പോയശേഷം തിരിച്ച് വന്നത് ‘വേറൊരു ഞാൻ’ ആണെന്ന്. അത്രയ്ക്കും  അവിടുത്തെ ജീവിതം സ്വാധീനിച്ചിരുന്നു. പിന്നെ, എംജി സർവകലാശാലയിൽ ഒന്നര വർഷം എംഫില്ലും ചെയ്തു.

തിയറ്റർ പഠിക്കാൻ പോകാനെന്തായിരുന്നു പ്രചോദനം?
അസോഷ്യേറ്റ് ഡയറക്ടറായി ആറേഴ് സിനിമകൾ െചയ്തെങ്കിലും എല്ലാം കനത്ത പരാജയവും ശ്രദ്ധ പിടിച്ചു പറ്റാത്തവയും ആയിരുന്നു. അത്ര ചില്ലറ ജോലിയൊന്നുമല്ല  ഒരു  അസോഷ്യേറ്റിന്‍റേത്. ഭയങ്കര സ്ട്രെയിൻ ആണ്. നല്ല ഡെഡിക്കേഷൻ വേണം. ഉറക്കമില്ലാതെ ഇത്ര കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും പ്രോൽസാഹനമോ സംതൃപ്തിയോ കിട്ടാതെ വരുമ്പോൾ മനസ്സ് വല്ലാതെ മടുത്ത് പോകും. പ്രതീക്ഷയോടെ കാത്തിരിക്കാൻ നല്ല പദ്ധതിയും ഇല്ല.  അങ്ങനെ മാനസ്സികമായി വല്ലാതെ ഡ്രൈ ആയ അവസ്ഥയിലെത്തിയിരുന്നു ഞാന്‍.  എല്ലാ ശ്രമങ്ങളും വിഫലമാകുന്ന പോലെ.

അതിൽ നിന്ന് മാറ്റം വേണമെന്നു തോന്നി. ഒരു കര കയറൽ, പക്ഷേ, സിനിമ വിട്ടു പോകാൻ പറ്റുന്നില്ല. അങ്ങനെ പുതുതായെന്തെങ്കിലും പഠിക്കാൻ പോകാം എന്നു തീരുമാനിച്ചു. കുേറ ആലോചനകള്‍ക്കു േശഷം എംഎ തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് കോഴ്സിനു ചേര്‍ന്നു.

ആഗ്രഹിച്ച മാറ്റം തന്നോ അവിടുത്തെ ജീവിതം?

അവിടുത്തെ അനുഭവങ്ങളെന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അത്. അവിടുത്തെ അധ്യാപകർ, കൂടെ പഠിച്ചവർ, നടീ നടന്മാരോടുള്ള ഇടപഴകല്‍. എല്ലാം. നടി സുരഭി എന്റെ ക്ലാസ്മേറ്റായിരുന്നു. അഭിനേതാക്കളെ കൊണ്ട് എങ്ങനെ അഭിനയിപ്പിച്ചെടുക്കണം എന്നതിലൊക്കെ കൂടുതൽ ഉൾക്കാഴ്ച കിട്ടി. ‘മഹേഷിന്റെ പ്രതികാരം’ കണ്ടിട്ട് ഒരുപാട് പേര്‍ പറഞ്ഞു, ‘പുതിയ അഭിനേതാക്കളെല്ലാം വളരെ നന്നായി, ആദ്യമായി അഭിനയിക്കുകയാണെന്നു തോന്നില്ല’ എന്നൊക്കെ. അതു കേൾക്കുമ്പോ വലിയ  സംതൃപ്തിയാണ്. പുതിയ സിനിമയിലും  ഉണ്ട് കുറേ പുതിയ അഭിനേതാക്കൾ. അവരെ അങ്ങനെ അഭിനയിപ്പിച്ചെടുത്തതിനു പിന്നിൽ പഠനകാലത്തെ അനുഭവ പരിചയം ഒരുപാട് സഹായിച്ചിട്ടുണ്ട്.

തിരിച്ച് വന്നയുടനെ ആഷിഖ് അബുവിന്റെ ‘22  ഫീമെയില്‍ കോട്ടയ’ത്തിൽ അസോഷ്യേറ്റ് ആയി ചേർന്നു. അതിനു മുമ്പ് ‘സാൾട്ട് ആൻഡ് പെപ്പറി’ൽ അഭിനയിക്കുന്ന സമയത്താണ് ആഷിഖ് ചേട്ടനെ പരിചയപ്പെടുന്നത്. ‘22 എഫ്. കെ.’ വലിയ വിജയമായി. പിന്നീടെനിക്ക് സ്ട്രഗിൾ ഉണ്ടായിട്ടില്ല. അതിനു മുമ്പ് വരെ ചെയ്തതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. എനിക്ക് കൂടുതൽ വിഷൻ ഉണ്ടായി. ഒരു തെളിച്ചം വന്ന പോലെ. പിന്നെയും ആറേഴ് സിനിമകളിൽ കൂടി അസോഷ്യേറ്റ് ആയി പ്രവർത്തിച്ചു, സ്വതന്ത്ര സംവിധായകനാകും മുമ്പ്.

സാൾട്ട് ആൻഡ് പെപ്പറിലെ തമാശ നിറഞ്ഞ റോളിലേക്ക് കാഴ്ചയിൽ ഗൗരവക്കാരനായ ദിലീഷിനെ വിളിച്ചത്?

സിനിമാ മോഹവുമായി നടക്കുന്ന കാലത്ത് ഞാനും ദിലീഷ് നായരും ശ്യാംപുഷ്കരനും ഒക്കെ ഒന്നിച്ച് കുറച്ച് കാലം വൈറ്റിലയിൽ ഒരു വാടക വീട്ടിൽ  താമസിച്ചിരുന്നു. അന്ന് ഞാൻ അസോഷ്യേറ്റാണ്. ഒന്നിച്ച് സിനിമ ചർച്ച ചെയ്യലും സ്വപ്നങ്ങൾ പങ്കിടലും ഒക്കെയായി ഒരു കാലം. ശ്യാം പറയും: ‘താൻ വല്ല കോമഡി പടം ഒക്കെ ചെയ്യടോ എന്ന്. തനിക്കു കോമഡി പറ്റും...’ പക്ഷേ, എനിക്ക് തമാശ പറ്റില്ലെന്നായിരുന്നു ഉറച്ച വിശ്വാസം.

dileesh1

ആ സമയത്താണ്  ദിലീഷ് നായരും ശ്യാമും  ചേർന്ന് ‘സാൾട്ട് ആൻഡ് പെപ്പർ’ എഴുതുന്നത്. പിന്നെ, ഞാൻ കാലടിയിൽ പഠിക്കാൻ പോയി. അതിനിടയിൽ ഒരു ദിവസം ശ്യാമും ദിലീഷും വിളിച്ചു ചോദിച്ചു. ‘ഞങ്ങളുടെ കഥയിൽ ഒരു സംവിധായകന്റെ റോളുണ്ട്. അഭിനയിക്കണം. താടിയൊക്കെ ഇപ്പോഴും ഉണ്ടല്ലോ...അല്ലേ..?’ ഞാനാണെങ്കിൽ ഒരു ചേഞ്ചിനു വേണ്ടി അന്നു രാവിലെ താടി വടിച്ചിരുന്നു. ‘സാരമില്ല താടി വളരുന്നതു വരെ വെയ്റ്റ് ചെയ്യാം സമയമുണ്ട്’ എന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് ആ കഥാപാത്രത്തിലേക്ക് എത്തുന്നത്.
സത്യത്തിൽ, കാലടിയിൽ പോകും മുമ്പ് ‍ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല, ‘മഹേഷിന്‍റെ പ്രതികാരം’ പോലെ ആളുകളെ ചിരിപ്പിക്കുന്ന ഒരു സിനിമ  ചെയ്യാൻ പറ്റുന്ന ആളാകും ഞാനെന്ന്. കാരണം, ഞാൻ കുറച്ചൂടെ സീരിയസ് ആയിരുന്നു. അനാവശ്യമായ ഒരു ഗൗരവം എന്നെ പിടികൂടിയിരുന്നു. എന്നെ കണ്ടാൽ ശരിക്കുള്ളതിലും കൂടുതല്‍ പ്രായം തോന്നും. കൂട്ടുകാർ  അന്നേ കളിയാക്കി പറയും, ‘ഒരു പണിയും അറിയില്ലേലും കണ്ടാലൊരു ഡയറക്ടറുടെ ലുക്കുണ്ട് അല്ലേ. ഏതെങ്കിലും പ്രൊഡ്യൂസറിനെ പറ്റിക്കാനുള്ള വകുപ്പുണ്ട്..’
ആ ലുക്ക് ആണ്  ഒടുവില്‍ രക്ഷയ്ക്ക് എത്തിയത്. പക്ഷേ. ആ കാലത്തിനു മുമ്പായിരുന്നു വിളിച്ചതെങ്കിൽ ഞാൻ ആത്മവിശ്വാസത്തോടെ അഭിനയിക്കുമായിരുന്നോ എന്ന് സംശയമാണ്. ചെയ്യുന്നതു കോമഡിയാണോ, ചെയ്താൽ നന്നാകുമോ എന്നൊന്നും എനിക്കു വലിയ ധാരണയില്ലായിരുന്നു.  

കോമഡി ചെയ്യാൻ ആത്മവിശ്വാസം കിട്ടിയതെങ്ങനെ?  

ശ്വേതയുമായി ആഹാരം കഴിക്കുന്ന സീനാണ് ആദ്യമെടുത്തത്. ഉച്ചയ്ക്ക് വയറു നിറച്ച് ഞാൻ ഭക്ഷണം കഴിച്ചിട്ട് ഇരിക്കുമ്പോഴാണ് പറയുന്നത് ഉടനെ ഈ സീനെടുക്കാൻ പോകുന്ന കാര്യം. ഭയങ്കര ഫുഡി ആയ ക്യാരക്റ്ററാണതിൽ എന്റേത്. അതിനാൽ വാരി വലിച്ച് കഴിക്കണം. അതിനിടെ കുറേ ഫുഡ് വയറ്റിലേക്കും പോകുമല്ലോ. അങ്ങനെ കഴിച്ചാൽ! ഇപ്പോ തന്നെ വയർ ഫുൾ ആണ്. എന്റെ നെഞ്ചിടിച്ചു. ഇത് അഞ്ചെട്ട് ടേക്ക് പോയാൽ പണി പാളും എന്നുറപ്പായി. ഭാഗ്യത്തിന് ആ േഷാട്ട് ഫസ്റ്റ്ടേക്കില്‍ തന്നെ ശരിയായി. അതു കഴിഞ്ഞപ്പോള്‍  എല്ലാവരും ചിരിച്ചു; കൈയ്യടിച്ചു. ആ കൈയ്യടി തന്നത് ഭീകരമായ കോൺഫിഡൻസ് ആണ്. ആ കോൺഫിഡൻസിലാണ് ‍ഞാൻ ഇപ്പോഴും അഭിനയിക്കുന്നത്.

സത്യത്തിൽ ഒരു നടനെന്ന നിലയിൽ എന്നിൽ അത്ര വിശ്വാസം എനിക്കില്ല. മഹേഷിലെ ആ റോൾ ഞാൻ ചെയ്തത് എല്ലാവർക്കും കഴിഞ്ഞ് അവസാനമാണ്.  ഞാൻ തന്നെ എന്റെ അഭിനയം വിലയിരുത്തുന്നതു സ്ട്രെയിനായിരുന്നു. അതുകൊണ്ടു തന്നെ പുതിയ സിനിമയിൽ ഞാൻ എന്നെ  അഭിനയിപ്പിച്ചിട്ടില്ല.  ‘സിഎെഎ’, ‘രക്ഷാധികാരി ബൈജു’ ഇതിലെയൊക്കെ റോളുകൾ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ് പലരും മെസേജ് അയച്ചു. പരിചയമില്ലാത്തവരും വിളിച്ച് നല്ലതു പറയുമ്പോൾ സന്തോഷമുണ്ട്.  

അഭിനയം  അങ്ങനെ  സംഭവിച്ചു പോകുന്നതാണെന്ന് എനിക്കു തോന്നുന്നു. പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോള്‍ ചിലപ്പോള്‍ ‍ഞാൻ മണിക്കൂറുകളോളം നന്നായി തമാശ പറഞ്ഞു സംസാരിക്കും. ആളുകൾ ചിരിച്ചു മറിയും. ചില സമയത്ത് അങ്ങനെ സംസാരിക്കാനേ പറ്റില്ല. അതൊക്കെ ഒാരോ സമയത്തിന്റെയും സാഹചര്യങ്ങളുടെയും കൂടിയാണ്. ഇൻസ്റ്റന്റ് ആയി ഹ്യൂമർ പറയാൻ പറ്റുന്ന ആളല്ല ഞാൻ. നടനെന്ന നിലയിൽ അങ്ങനെ ഗംഭീരമായ കരിയറൊന്നും മുന്നിൽ കാണുന്നില്ല. കിട്ടുന്ന അവസരങ്ങൾ ചെയ്യുന്നുവെന്നേയുള്ളൂ.

ജീവിതത്തിലെ പല നിമിഷങ്ങളും പകർത്തിയതു കൊണ്ടല്ലേ മഹേഷിന് ഇത്ര ഒറിജിനാലിറ്റി തോന്നിയത്?

ഒന്നും ഡിറ്റോ ആയി പകർത്തിയിട്ടില്ല. പക്ഷേ, നമ്മൾ കണ്ട പല ജീവിത മുഹൂർത്തങ്ങളും റിക്രിയേറ്റ് ചെയ്യുകയായിരുന്നു. ഭയങ്കരമായി  എല്ലാം ഭാവനയിൽ കണ്ടിട്ട് ഒരു സിനിമ ഉണ്ടാക്കാന്‍ പറ്റുന്നത്ര ക്രിയേറ്റീവ് ആണ് ഞാൻ എന്നെനിക്ക്  ഒരിക്കലും തോന്നിയിട്ടില്ല. നമ്മളും സുഹൃത്തുക്കളും കണ്ടതിൽ നിന്നോ കേട്ടതിൽ നിന്നോ അറിഞ്ഞതിൽ നിന്നോ ഒക്കെയുള്ള ക്രിയേറ്റീവ് റിക്രിയേഷൻ ആയിട്ടുള്ള നറേഷൻ... അത്രേയുള്ളു എന്‍റെ ഒാരോ സിനിമയും.

ഒരു ഉദാഹരണം പറയാം. ‘മഹേഷി’ലെ മരണവീട്ടിലെ അന്തരീക്ഷം എന്റെ വീട്ടിലെ അനുഭവങ്ങളിൽ നിന്നു പകർത്തിയതാണ്. ഒരു ദിവസം കുടുംബത്തിൽ പ്രായമായ ഒരാളിന്റെ മരണം നടന്നു. എന്റെ അനിയത്തിക്ക് അന്ന് പ്രാക്ടിക്കൽ പരീക്ഷ ആയതിനാൽ അവളെ പിന്നെയാണ് അറിയിച്ചത്. ഞാൻ അവളെയും കൂട്ടി വന്ന ഉടനെ ആകെ ശോക മൂകമായിട്ടിരിക്കുന്ന അന്തരീക്ഷത്തിൽ ആരും കേൾക്കാതെ സ്വകാര്യമായി മമ്മി അവളോട് ചോദിക്കുകയാണ്, ‘എടീ പരീക്ഷ എളുപ്പമായിരുന്നോ?’ എന്ന്. ആ ഒാർമയിൽ നിന്നാണ് സിനിമയിൽ സൗമ്യയുടെ മമ്മി, ‘നീ ഈസ്റ്റർ കഴിഞ്ഞിട്ടല്ലേ പോകത്തുള്ളൂ’ എന്നു ചോദിക്കുന്ന സീനുണ്ടായത്.

‘മഹേഷിന്റെ പ്രതികാരം’ ഇത്രയധികം അവാര്‍ഡുകള്‍ വാരിക്കൂട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

മഹേഷിന്റെ പ്രതികാരം റിലീസ് ചെയ്ത ദിവസം മനോരമ വാർത്തയിൽ ഞാൻ പറ‍ഞ്ഞു, ‘നിങ്ങളീ സിനിമ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടുവെങ്കിൽ ഒരു തവണ കൂടി കാണണം. അപ്പോ ഒരു പുതിയ സിനിമ പോല അനുഭവപ്പെടും. കൂടുതൽ ഇഷ്ടപ്പെടും.’ ആ കോൺഫിഡൻസ് ഉണ്ടായിരുന്നു. ഇത്ര വലിയ ഹിറ്റാകും എന്നൊന്നും വിചാരിച്ചിരുന്നില്ല. എങ്കിലും ഇത് ഇഷ്ടപ്പെടുന്ന കുറേ ആൾക്കാരുണ്ടാകും  എന്നറിയാമായിരുന്നു.

കൂൾ ആയ സംവിധായകനാണോ?

ഞാൻ മുമ്പ് കുറച്ചു കൂടി ദേഷ്യപ്പെടുന്ന ആളായിരുന്നു. തിയറ്റർ പഠിക്കാൻ പോകും മുമ്പ് അസോഷ്യേറ്റ് ഡയറക്ടറായിരുന്ന കാലത്തെ ‘ആദ്യ ഫേസി’ൽ ഞാൻ കുറച്ചു കൂടി ഭീകരനായിരുന്നു. ‘രണ്ടാമത്തെ  ഫേസി’ൽ ഞാനെന്ന വ്യക്തിക്ക് ഒത്തിരി മാറ്റം വന്നിട്ടുണ്ട്. ഞാനിപ്പോ കൂൾ ആയി. പിന്നെ, കല്യാണം കഴിച്ചതോടെ അൽപം കൂടി ശാന്തസ്വഭാവിയായി. എല്ലാവരും ചിൽ ആയി ജോലി ചെയ്യുന്ന, പൊതുവെ ശാന്തമായ സ്ഥലമാണെന്റെ സെറ്റ്.  ഞാൻ ഷോർട്ട് ടെംപേർഡ് ആണ്. ചിലപ്പോൾ പെട്ടെന്നെന്റെ ശബ്ദമുയരും. അതെന്നോട് അടുപ്പമുള്ളവർക്കറിയാം. ഏറ്റവും അടുത്ത ആൾക്കാർക്കാണ് എപ്പോഴും എന്നെക്കൊണ്ടുള്ള ‘ശല്യം’ കൂടുതൽ. ഭാര്യയ്ക്ക്, അച്ഛനമ്മമാര്‍ക്ക്, അടുത്ത കൂട്ടുകാർക്ക്... 

മഹേഷിനെ സൌമ്യ തേച്ചിട്ടു പോയതു പോലെ ദിലീഷിന്‍റെ ജീവിതത്തിലും.....?

‘ഇല്ലില്ല... എന്‍റേതു പക്കാ അറേഞ്ചഡ് മാര്യേജ് ആയിരുന്നു.’ ജീവിത നായികയുടെ പേരാണ്  ദിലീഷിന്റെ ആദ്യസിനിമയിലെ നായികയ്ക്കും. ദീലീഷിന്റെ ഭാര്യ ജിംസി വലിയ സിനിമാ പ്രേമിയാണ്. രണ്ടു കുട്ടികളുണ്ട്: ആഞ്ജലീന, എൽവിന്‍. ഒരു സംവിധായകനെ കല്യാണം കഴിച്ചാൽ ഒരുപാട് സിനിമകൾ കാണാമെന്നുള്ള പ്രതീക്ഷയിലാണ് അവള്‍ ഈ വിവാഹത്തിനു സമ്മതിച്ചതെന്നു തോന്നുന്നു. കല്യാണം കഴിഞ്ഞതോടെ സിനിമ കാണാൻ തന്നെ നേരം കിട്ടുന്നില്ലെന്നാണ് ഇപ്പോൾ പറയുന്നത്.  ജോലിയുടെ തിരക്ക് കാരണം  ഞാൻ ചെയ്യേണ്ട പല കാര്യങ്ങളും  ചെയ്യുന്നത്  ഭാര്യയും  അച്ഛനമ്മമാരും ആണ്. അവരുടെ ഫുള്‍ സപ്പോർട്ട് ഉള്ളതു കൊണ്ടാണ് എനിക്ക് മനസ്സമാധാനത്തോടെ ഈ രംഗത്തു നില്‍ക്കാനും ജോലി ചെയ്യാനും സാധിക്കുന്നത്. അതിന്റെ കടപ്പാട് അവരോടെനിക്കുണ്ട്.

തമാശക്കാരനായിട്ടാണല്ലോ സ്ക്രീനിൽ നിറയുന്നത്?  ജീവിതത്തിലും വലിയ ഹ്യൂമറുണ്ടോ..?

തമാശ കേൾക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ആരു തമാശ പറഞ്ഞാലും പൊട്ടിച്ചിരിക്കാറുമുണ്ട്. വലിയ നിലവാരമുള്ള കോമഡി ആവണമെന്നൊന്നുമില്ല. പക്ഷേ, ഞാന്‍ അധികം തമാശ പറയുന്ന ആളൊന്നുമല്ല. സിനിമയിൽ തമാശ ഉണ്ടാവണം എന്നു തന്നെയാണാഗ്രഹം. കഥ എവിടെയാണ് നടക്കുന്നത് എന്നതും കൂടി ആശ്രയിച്ചിരിക്കും സിനിമയിലെ തമാശ. സ്ഥലവും സാഹചര്യവും ഒക്കെ പ്രധാനമാണ്. മഹേഷിന്‍റെ പ്രതികാരത്തിലെ അതിമേനാഹരമായ േകാമഡിരംഗം നടക്കുന്നതു ഒരു മരണവീട്ടിലാണ്. ജനം മുഴുവനും ആസ്വദിച്ച മറ്റൊന്ന് ജനഗണമന കേള്‍ക്കുന്ന സീനാണ്.

dileesh3