Tuesday 06 September 2022 03:36 PM IST

‘പത്തിൽ തോറ്റതോടെ നല്ല ശമ്പളം കിട്ടുന്ന ജോലി തിരഞ്ഞു; കൽപ്പണി മുതല്‍ ഓട്ടോ ഓടിക്കൽ വരെ, കാലുറച്ചത് പെയിന്റിങ്ങില്‍’

Vijeesh Gopinath

Senior Sub Editor

vanitha-kozhikkodan-chiri-story-2

‌സിനിമയിലെ കോഴിക്കോടൻ ചിരിയുടെ നാലു മുഖങ്ങൾ. ഹരീഷ് കണാരനും വിനോദ് കോവൂരും നിർമൽ പാലാഴിയും ദേവരാജനും ഒത്തു കൂടിയപ്പോള്‍...

ചിരിയുടെ വല്യ സ്പാനർ കൈയിലുള്ള നാലു കോഴിക്കാട്ടുകാർ. സ്വന്തം പേരിനു മുകളിൽ ചിരിപ്പേര് ഒട്ടിപ്പോയവർ.  മൂസാക്കയും കണാരനും കാലനും ബാബ്വേട്ടനുമൊക്കെയായി സ്റ്റേജിലും ചാനലിലും തുടങ്ങി പിന്നെ വലിയ സ്ക്രീനിലെ ചിരിക്കസേരയിൽ ഇരിപ്പുറപ്പിച്ച നാലു ‘ചങ്ങായിമാർ.’

ഒരേ സ്കൂളിലല്ല പഠിച്ചതെങ്കിലും നാലു പേർക്കും പൊതുസ്വഭാവമുണ്ടായിരുന്നു. കണക്കിനു ഫുൾമാർക്ക് വാങ്ങുന്നത് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല, പകരം, ‘ചിരിയുടെ കണക്ക്’ എങ്ങനെ ഒപ്പിക്കാമെന്നാണ് നാലുപേരും ഉറക്കമൊഴിച്ച് ആലോചിച്ചത്.

കുതിരവട്ടം പപ്പുവും മാമുക്കോയയുമൊക്കെ ചിരിയുടെ വലിയ പെരുന്നാൾ സിനിമയിൽ നടത്തിയിരുന്ന കാലം. കോഴിക്കോട്ടെ സ്കൂളുകളിൽ ചിരിയുടെ ‘സ്വരാ’ക്ഷരങ്ങൾ ഇവർ പഠിച്ചു തുടങ്ങി. നടന്മാരുടെ സ്വരം അനുകരിക്കുന്നവർക്ക് നല്ല മാർക്കറ്റ് ആയിരുന്നു അന്ന്. പിന്നെ, മോണോ‌ആക്ടും നാടകവും ‘ദേ, മാവേലി കൊമ്പത്ത്’ പോലുള്ള കസറ്റുകളിലെ സ്കിറ്റും സ്വന്തം വഴിയ്ക്കാക്കി തുടങ്ങി. ഒാർമകളുടെ സ്റ്റേജിൽ സ്പോട് ലൈറ്റ് തെളിഞ്ഞു, ഇനി ജീവിതം സംസാരിക്കട്ടെ.

അനുകരണത്തിന്റെ ആദ്യാക്ഷരം

വിനോദ് കോവൂർ : അധ്യാപകരെ അനുകരിച്ചാണ് തുടക്കം. മൂന്നിൽ പഠിക്കുമ്പോൾ‌ മാഷന്മാരുടെ ശബ്ദവും ചലനങ്ങളും അവതരിപ്പിച്ച് കയ്യടി നേടി. പരീക്ഷാ പേപ്പർ‌ കിട്ടുന്ന ദിവസമല്ല, സ്കൂൾ ഫെസ്റ്റിവൽ വരുമ്പോഴാണ് ആളുകൾ നമ്മുെട വിലയറിയുന്നത്. കണക്കിലും ഇംഗ്ലിഷിലും തോറ്റവരുടെ കൂട്ടത്തിൽ നിന്ന് എന്റെ പേര് അന്നു പക്ഷേ, മൈക്കിലൂടെ വിളിച്ചു പറയും, ലളിതഗാനത്തിനും മോണോആക്ടിനും തുടങ്ങി പല മത്സരങ്ങൾക്കും ഫസ്റ്റ് – വിനോദ്കുമാർ എം.സി എന്ന പേര് മുഴങ്ങും.

ഹരീഷ് കണാരൻ: നാലിൽ പഠിക്കുമ്പോഴൊന്നും നടന്മാരുടെ ശബ്ദമൊന്നും പിടിക്കാൻ പറ്റിയിട്ടില്ല. അവരുടെ ന ടത്തമൊക്കെ അനുകരിക്കും. കുട്ടിക്കാലം തൊട്ടേ സിനിമയ്ക്ക് പോകും.

കോഴിക്കോട് കൊറണേഷൻ തിയറ്ററിന് അടുത്തുള്ള ബാങ്കിലായിരുന്നു അച്ഛനു ജോലി. സ്കൂളിൽ നിന്നിറങ്ങി നേരെ അച്ഛനും ഞാനും കൂടി സിനിമയ്ക്ക് കയറും. ഗണപത് സ്കൂളിൽ പഠിക്കുമ്പോള്‍ സമര ദിവസങ്ങളില്‍  നേരെ തിയറ്ററിലേക്ക് നടക്കും. യൂണിഫോമിട്ട് പോയാൽ തിയറ്ററിൽ‌ കയറ്റാത്തതു കൊണ്ട് ഒരു കളർ ഷർട്ട് സ്ഥിരമായി ബാഗിലുണ്ടാകും. എന്നിട്ടും ‘ഒരു വിധത്തിലാണ്’ ഞാന്‍ എസ്എസ്എൽസി തോറ്റത്.

‌നിർമൽ പാലാഴി: ഞാനും ഹരീഷും രൂപത്തിൽ മാത്രമല്ല സാമ്യം. പത്താം ക്ലാസ്സിന്റെ കാര്യത്തിലും ഒരുപോലെയാണ്. ഞാനും പത്തിൽ തോറ്റു. പിന്നെ, നൈറ്റ് ക്ലാസ്സിൽ ചേർന്നു പത്താം ക്ലാസ് എഴുതിയെടുത്തു. രാവിലെ ജോലിക്കു പോകും. രാത്രിയിൽ പഠനം. അതായിരുന്നു രീതി.

എട്ടില്‍ പഠിക്കുമ്പോഴേ ഇഷ്ടിക കളത്തിൽ പണിക്കു പോയിട്ടുണ്ട്. കൽപ്പണി, ആശാരിപ്പണി എല്ലാം ചെയ്തിട്ടുണ്ട്. ഭാരതീയ വിദ്യാഭവൻ സ്കൂൾ കെട്ടിടം പണിയുന്ന സമയത്ത്  നാലാം നില വരെയൊക്കെ സിമന്റ് ചുമന്നു കയറ്റും. അതേ സ്കൂളിൽ അതിഥിയായി പോകാനും ദൈവം അവസരം തന്നു.

ശരിക്കും ചക്ക വീണ് മുയൽ ചത്ത പോലെയാണ് എ ന്റെ സ്റ്റേജ് പ്രവേശനം. വിനോദേട്ടന്റെ (വിനോദ് കോവൂ ർ) കൂടെ ചെറുതായി സ്റ്റേജില്‍ മുഖം കാണിച്ചു കൊണ്ട് തുടക്കം. ആയിടയ്ക്ക് സ്വർണപ്പണി ചെയ്തിരുന്നു. സ്റ്റേജിന്റെ എണ്ണം കൂടിയതോടെ ജോലിക്കു പോകുന്നതിന്‍റെ എണ്ണം കുറഞ്ഞു. ഒടുവിൽ മുതലാളി പറഞ്ഞു, ‘ഒന്നുകിൽ പണി, അല്ലെങ്കിൽ അന്റെ മിമിക്രി കോപ്രായം’. അതുകേട്ടതോെട ഞാൻ ബാഗുമെടുത്തിറങ്ങി. അന്നൊന്നും ഇതൊരു വരുമാനമാകുമെന്നോർത്തില്ല. പിന്നെ, വിനോദേട്ടന്റെ ട്രൂപ്പായ ടോം ആൻഡ് ജെറിയിൽ.

ദേവരാജന്‍: ഗണപത് സ്കൂളിൽ‌ എട്ടിൽ പഠിക്കുമ്പോഴാണ് ഹരീഷിനെ ആദ്യമായി കാണുന്നത്. വ്യാഴാഴ്ച വൈകുന്നേരം സാഹിത്യസമാജം പ്രോഗ്രാം ഉണ്ട്. ‍ആ പരിപാടിക്ക് ഞാൻ മിമിക്രി അവതരിപ്പിക്കും. അന്ന് ഒരു പയ്യൻ വന്നു കയ്യടിയും വാങ്ങി പോകുന്നു. ഞാൻ ചെന്നു പരിചയപ്പെട്ടു. ‘ഹരീഷ്’ എന്നു പറഞ്ഞ് കൈ തന്നു. അപ്പോൾ മനസ്സു പറഞ്ഞു,‘ഇതാണ് നമ്മുടെ കൂട്ടുകാരൻ.’ പിന്നെ, ഞങ്ങൾ‌ സ്കൂളിൽ‌ ഒരുമിച്ച് പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി.

താജിലേക്ക് എത്തിയ ഒാട്ടോ

ഹരീഷ് കണാരൻ: ദേവൻ (ദേവരാജൻ) പത്താം ക്ലാസ് പാസായി ഗുരുവായൂരപ്പൻ കോളജിൽ ചേർന്നു. പത്തിൽ തോറ്റതോെട ഞാൻ പെട്ടെന്ന് നല്ല ശമ്പളം കിട്ടുന്ന ജോലി തിരഞ്ഞു. കൽപ്പണി, ഒാട്ടോ ഒാടിക്കൽ, പ്രസ്സിലെ ജോലി, ബ്രോക്കർ ഒാഫിസിലെ സ്റ്റാഫ് ഇങ്ങനെ എല്ലാ ജോലിയും ചെയ്തു. കാലുറച്ചത് പെയിന്റിങ്ങിലായിരുന്നു.

ദേവന് കോളജിൽ പഠിക്കുമ്പോൾ കലോത്സവത്തിലൊക്കെ സമ്മാനം കിട്ടി. ഫോട്ടോ പത്രത്തില്‍ വന്നു. സ്റ്റേജുകൾ കിട്ടി. ഞാൻ നാട്ടിൽ ഒാരോ പണിയുമായി നടക്കുമ്പോൾ ഒരു ഫോൺ‌. മൂന്നു വീട് അപ്പുറമാണ് അന്ന് ഫോണുള്ളത്. ‘ഹരീഷിനോട് ഒന്നു വീടു വരെ  വരാൻ പറയണം’ ദേവനാണ് വിളിച്ചത്.

അങ്ങനെ വീടു തപ്പി ചെന്നപ്പോൾ ദേവനില്ല. ‘താജി’ൽ പ്രോഗ്രാമിനു പോയെന്നു പറഞ്ഞു. താജ് എ വിടെയെന്നറിയില്ല. ബസ് കയറി ‍ടൗണിലെത്തി ഒാട്ടോ പിടിച്ചു നേരേ താജിലേക്ക്. സ്റ്റാര്‍ ഹോട്ടലില്‍ ആദ്യമായി ഒാട്ടോ കയറി വരു  ന്നതു കണ്ട് ബേജാറായിട്ടാണെന്നു തോന്നുന്നു, സെക്യൂരിറ്റി പാഞ്ഞു വന്നു. കയ്യും കാലും പിടിച്ച് അകത്തു കടന്നു. ചെന്നപ്പോൾ ദേവൻ ടെൻഷനടിച്ചു നടക്കുന്നു.

അവനോടൊപ്പം സ്റ്റേജിൽ കയറേണ്ട ആൾ കൃത്യസമയത്ത് മുങ്ങി. വേറെ വഴിയില്ലാത്തതു കൊണ്ടാകാം ദേവൻ ചോദിച്ചു, ‘നമ്മൾ‌ക്ക് ചെയ്താലോ?’  ദൈവം കാത്തതാകാം. അര മണിക്കൂറു കൊണ്ടുണ്ടാക്കിയ സ്കിറ്റുകൾ ഹിറ്റായി. നല്ല കയ്യടി. അന്നു ദേവൻ കുറേ ഡേറ്റ് തന്നിട്ടു പറഞ്ഞു, ‘ഇനി നമ്മളാണ് പ്രോഗ്രാം ചെയ്യുന്നത്.’ അങ്ങനെ പിന്നെയും തട്ടിലേക്ക്. സീസണായി കഴിഞ്ഞാൽ പെയിന്റിങ് പണിക്ക് പോകാൻ പറ്റില്ല. അതോടെ സ്ഥിരം ഒാട്ടോ ഒാടിക്കലായി.    

vanitha-kozhikkodan-chiri-story-3

തനി നാടൻ തമാശകൾ

വിനോദ് കോവൂർ: കോളജില്‍ വച്ചു ത ന്നെ ഞാൻ ‘പ്രഫഷനലായി’. നാടകവും വ ൺമാൻഷോയും ഒക്കെയായി നല്ല തിരക്കോടു തിരക്ക്. കോഴിക്കോട് കേരളോത്സവം നാടകമത്സരത്തിൽ തുടർച്ചയായി നാലു വർഷം മികച്ച നടനായി. മിമിക്രിയേ പണം തരൂ. അതുകൊണ്ട് നാടകം വിട്ടു.

കോളജിലെ മോണോആക്ട് പിന്നീട് അമ്പലങ്ങളിലും പള്ളികളിലും ക്ലബ് വാർഷികങ്ങളിലും അരമണിക്കൂറുള്ള വൺമാൻഷോ ആയി. കുറേ നാള്‍ കഴിഞ്ഞപ്പോൾ  ടു മാൻ ഷോ തുടങ്ങാനുള്ള ആലോചനയായി. ടോം ആൻ‌ഡ് ജെറി എന്നായിരുന്നു ട്രൂപ്പിന്‍റെ പേര്. കൂട്ടുകാരന്‍‌ സുബൈർ ടോം ആയി. ഞാൻ ജെറിയും. അതു ഹിറ്റായി. പിന്നെ, അഞ്ചു പേരുള്ള സംഘമായി. അവിടെനിന്നു സൂപ്പർ ജോക്സിലേക്ക്. ഞാനും ദേവരാജനും കൂടി ‘നർമം’ എന്ന പ്രോഗ്രാം ദൂരദർശനിൽ തുടങ്ങി. പിന്നെ അമൃത, മഴവില്‍ മനോരമ....

നാട്ടിൻപുറം തമാശകളാണ് കോഴിക്കോടിന്റെ പ്രത്യേകത. ഏതു കുടുംബത്തിനു മുന്നിലും ധൈര്യമായി ചെയ്യാം. അതോടെ കേരളം മുഴുവനും അറിയാൻ തുടങ്ങി.  

ദേവരാജന്‍ : കോഴിക്കോടൻ ചിരിക്ക് ഒരു പ്രത്യേകതയുണ്ട്. നമുക്ക് ഒരാളെ ചിരിപ്പിക്കാൻ അതിൽ അശ്ലീലം വെൽഡ് ചെയ്തു വയ്ക്കേണ്ട ആവശ്യം ഇല്ല. അതു വിനോദ് കോവൂരിന്റെ അടുത്തു നിന്ന് പഠിച്ചതാണ്. മൂപ്പര് എപ്പോഴും പറയുന്ന കാര്യമാണത്.

ഹരീഷ് കണാരന്‍: ഞങ്ങളത്ര സംഭവമെന്നല്ല പറയുന്നത്. മുൻപും കോഴിക്കോട് ചിരിയുണ്ടാക്കിയിരുന്ന ആരുടെയും കോമഡി നമുക്കു മടുക്കുന്നില്ലല്ലോ. ഇപ്പോഴും പപ്പുവേട്ടന്റെയും മാമുക്കാന്റെയുമൊക്കെ വർഷങ്ങൾക്കു മുന്നേയുള്ള കോമഡികൾ നമ്മളെ ചിരിപ്പിക്കുന്നുണ്ട്.

ആദ്യം കോഴിക്കോടൻ കോമഡിയായിട്ട് ഇറങ്ങുമ്പോൾ‌ മറ്റു നാട്ടുകാർക്കിതു മനസ്സിലാകുമോ എന്ന പേടിയായിരുന്നു. മഴവിൽ‌ മനോരമയിൽ ‘വീ ഫോർ യു’ എന്ന ടീമു മായി എത്തുമ്പോൾ‌ അതുവരെ മലപ്പുറത്തും ചങ്ങരംകുളത്തുമൊക്കെയേ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളൂ. കൊച്ചിക്കാർക്ക് ഈ ഭാഷ മനസ്സിലാകില്ലെന്ന് കരുതി പ്രോഗ്രാമുകൾ എടുക്കാതെ ഇരുന്നിട്ടുണ്ട്. പോെരങ്കിൽ കലാഭവൻ പോലെ ധാരാളം മിമിക്രിക്കാരുമുണ്ട്.

മഴവിൽ മനോരമയിൽ രണ്ട് എപ്പിസോഡിൽ തല കാണിക്കാനാണു പോ യത്. പക്ഷേ, മൂന്നാം സമ്മാനവും കിട്ടി. ഞാൻ ബെസ്റ്റ് കൊമേഡിയനുമായി. ഇപ്പോ തിരുവനന്തപുരത്തു പോയാലും ആളുകൾ പറയും, ‘ഹരീഷ്ബായ് ഇങ്ങടെ ആ ശൈലി ഉണ്ടല്ലോ... അതാണ് പൊളി.’

ദേവരാജൻ: കോമഡി ഫെസ്റ്റിവലിന്റെ ആദ്യ സ്കിറ്റുകൾക്ക് മാർക്കിട്ട് ഉർവശിച്ചേച്ചി പറഞ്ഞു, ‘നിങ്ങളുടെ ഈ    കോഴിക്കോടൻ ശൈലി കളയരുത്.’

ഞങ്ങളെല്ലാം ആ ശൈലിയിലാണു വളർന്നത്. ഒരാളോട് ദേഷ്യപ്പെട്ട് ‘ചെലയ്ക്കാണ്ട് പോടാ...’ എന്നു പറയുന്നതിൽ പോലും ഒരു സ്നേഹമുണ്ട്. ഇവിടെ സുഖിപ്പിക്കൽ ഇല്ല. ഏതു സ്കിറ്റും ഇവിടുത്തുകാരുടെ മുന്നിൽ ടെസ്റ്റ് ചെയ്യാം. മോശമാണെങ്കിൽ മുഖത്തു നോക്കി പറയും.

ഞങ്ങൾ‌ക്കാർക്കും മിമിക്രി ഒരു തമാശക്കളി ആയിരുന്നില്ല. സിനിമയും സ്റ്റേജും കുട്ടിക്കാലം തൊട്ടേയുള്ള ആ ഗ്രഹമാണ്. കഷ്ടപ്പാടു നിറഞ്ഞ ഒരുപാട് സന്ദർഭങ്ങളുണ്ട്. ഇന്നത്തെ സന്തോഷം അതിൽ നിന്നുണ്ടായതാണ്.

പായുന്ന പട്ടി, ചൂണ്ടുവിരലിെല ചക്രം

നിർമൽ പാലാഴി : അന്നൊരു ബൈക്ക് ഉണ്ടായിരുന്നു. ഞാനും വിനോദേട്ടനും അടുത്തുള്ള പരിപാടികൾക്ക് ആ ബൈക്കിൽ പോകും. പേരാമ്പ്ര ഉള്ള്യേരി ഭാഗത്ത് എത്തുമ്പോൾ കുറേ പട്ടികളുണ്ട്. ‍ഞങ്ങളുടെ ബൈക്ക് കണ്ടാലുടന്‍ പിന്നാലെ പാഞ്ഞു വരും. കടി കിട്ടാതിരിക്കാൻ കാലും പൊക്കി പിടിച്ച് ആക്സിലേറ്റർ തിരിക്കും.

വിനോദ് കോവൂര്‍ : ദൂരെയാണു പ്രോഗ്രാമെങ്കില്‍, സംഘാടകർ പാതിരാത്രിയില്‍ ഏതെങ്കിലും ബസ് സ്റ്റാൻഡിൽ കൊണ്ടു ചെന്നു വിടും. പിന്നെ, കൊതുകിനോടു മുതൽ തെരുവുനായ്ക്കളോടു വരെ യുദ്ധമാണ്. വരുന്ന വണ്ടിക ൾക്കൊക്കെ കൈ കാണിക്കും. ചിലപ്പോള്‍ ദയ തോന്നി ലോറിക്കാര്‍ നിർത്തും.

കോഴിക്കോട്ടെയും മലപ്പുറത്തെയും കണ്ണൂരിലെയുമൊക്കെ ബസ്‍സ്റ്റാൻഡിലെ ബഞ്ചുകൾക്ക്  ഞങ്ങളെ നല്ല പരിചയമാണ്. രാത്രി തലശ്ശേരി അങ്ങാടിയിൽ‌ ഡാൻസ് കളിക്കാതെ നിൽക്കാൻ പറ്റില്ല. വെറുതെ നിന്നാൽ കൊതുക് പൊതിയും. അതുകൊണ്ട് കയ്യും കാലും തലയും എപ്പോഴും ഇളക്കിക്കൊണ്ടു നിൽ‌ക്കണം. ദൂരെ നിന്നു നോക്കിയാൽ ബ്രേക്ക് ഡാൻസ് കളിക്കുകയാണെന്നേ തോന്നൂ. ഇടയ്ക്ക് കൊതുകു തിരി കൊളുത്തി ചക്രം പോലെ കയ്യിൽ കുത്തിവയ്ക്കും.

‘മറിമായ’ത്തിൽ എത്തിയതോടെ രാശി തെളിഞ്ഞു. ഏറ്റവും വലിയ ഭാഗ്യമാണത്. ഇപ്പോൾ പതിനൊന്നു വർഷമായി മൊയ്തു ആയി ജീവിക്കുന്നു. ‘എം80 മൂസ’ വന്നതോടെ സുവർണ കാലഘട്ടമായി. അപ്പോഴേക്കും ഞങ്ങളെല്ലാം വേർ‌പിരിഞ്ഞു.

ദേവരാജൻ: ‘േപാവ്ണ്ട് ബാഗെടുത്ത്, ചായപ്പൈസ കിട്ട്വോഡോ’ എന്നുള്ള പതിവ് പരിഹാസം തീര്‍ന്നത് മഴവി ൽ മനോരമയിലെ കോമഡി ഉത്സവിൽ എത്തിയതോടെയാണ്. പ്രതിഫലം കിട്ടിത്തുടങ്ങി. ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

‘കണാരൻ സ്കിറ്റ്’ തന്നെ വലിയൊരു സംഭവമായിരുന്നു. റിഹേഴ്സൽ കഴിഞ്ഞപ്പോഴേക്കും നേരം വെളുത്തു. ഉ റക്കമില്ലാതായി കഴിയുമ്പോൾ കിളി പോവില്ലേ? ആ അവസ്ഥയായിരുന്നു. സ്കിറ്റ് ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും. ഇടയ്ക്കിടെ ഹരീഷ്  ‘അതായത്... അതായത്’ എന്നു  പറയുന്നുണ്ട്. അതു ഡയലോഗ് ഒാർത്തെടുക്കുകയാണ്. എവിടെയൊക്കെയോ കൈവിട്ട് പോയിട്ട് തിരിച്ചു പിടിച്ചു കൊണ്ടുവന്നതാണ്.

ഹരീഷ് കണാരൻ: നിർമലും വിനോദും ദേവനും കൂടി മുൻപ് കണാരന്റെ വേറൊരു വേർഷൻ ചെയ്തിരുന്നു. ആദ്യമായാണ് പ്രായമുള്ള കണാരനെ അവതരിപ്പിച്ചത്. അതു ക്ലിക് ആയി. സിനിമയില്‍ എത്തിയ കാലത്ത് ഹരീഷ് പെരുമണ്ണ എന്നാണു പേരു വച്ചിരുന്നത്. ‘മരുഭൂമിയിൽ ആന’യില്‍ അഭിനയിക്കുമ്പോള്‍ ബിജുവേട്ടന്‍ (ബിജു മേനോൻ) പറഞ്ഞു, ‘നിന്നെ ക്ലിക് ആക്കിയത് കണാരനല്ലേ. അതുകൊണ്ട് ഹരീഷ് കണാരൻ എന്നു പേരു മാറ്റിക്കോ.’ അങ്ങനെ ഞാൻ ഈ പേരിൽ വന്നു.

vanitha-kozhikkodan-chiri-story--spread-1

ചിരിക്കു മുൻപുള്ള കണ്ണീർക്കാലം  

ഹരീഷ് കണാരൻ: എനിക്ക് എസ്എസ്എൽസിക്ക് 96  മാർക്കാണ് കിട്ടിയത്. ജോലി കിട്ടാൻ പത്താം ക്ലാസ് പാസാകണമെന്നു ബന്ധുക്കൾ നിർബന്ധിച്ചപ്പോൾ ഒരു ട്യൂട്ടോറിയൽ  കോളജിൽ ചേർന്നു. അവിടെ വച്ച് ഞാൻ സന്ധ്യയെ കണ്ടു, ഇഷ്ടപ്പെട്ടു, പ്രേമിച്ചു. പിന്നെ, പത്താം ക്ലാസ് എഴുതിയില്ല. പകരം പത്തു വർഷം പ്രണയിച്ചു. അവൾ പ്രീഡിഗ്രി കഴിഞ്ഞു, ടിടിസി കഴി‍ഞ്ഞു.

എനിക്കന്നു വീടില്ല. അമ്മ മരിച്ചതോടെ അച്ഛൻ വേറെ വിവാഹം കഴിച്ചു. പിന്നീടു ഞാൻ അമ്മാവന്റെ വീട്ടിലാണു താമസിച്ചത്. അമ്മയുടെ വക സ്ഥലമുണ്ട്. അവിടെ വീടു വയ്ക്കണം. പക്ഷേ, ജോലിയോ വരുമാനമോ ഇല്ല. ഒടുവിൽ എങ്ങനെയൊക്കെയോ വീടു വച്ചു. വിവാഹം കഴിഞ്ഞു. അൺഎയ്ഡഡ് സ്കൂളിൽ സന്ധ്യയ്ക്ക് ജോലി കിട്ടി.

പച്ചക്കറിയും മീനും ഒഴിവാക്കിയാൽ പലചരക്കു കടയിൽ അന്നൊക്കെ ഞങ്ങൾക്ക് 750 രൂപയെ ആകുമായിരുന്നുള്ളൂ. അതു കൊടുത്തു കഴി‍ഞ്ഞാൽ പിന്നെ കടം ആണ്. വിവാഹം കഴിഞ്ഞ് 14 വർഷമായി. ഈ കഴിഞ്ഞ വിവാഹ വാർഷികത്തിനാണ് ഞങ്ങൾ ആദ്യമായി ഒരു കേക്ക് മുറിച്ച് ഒന്നാഘോഷിച്ചത്.

നിര്‍മൽ പാലാഴി: ബാർബർഷോപ് സ്കിറ്റിലെ ‘ന്താണ് ബാബ്വേട്ടാ’ ഡയലോഗ് ഒക്കെ വൈറലായി നിൽക്കുമ്പോഴാണ് ആദ്യമായി സിനിമയിലേക്കുള്ള അവസരം കിട്ടിയത്. ‘കുട്ടിയും കോലും’, ‘സലാല മൊബൈൽസ്’ എന്നീ സിനിമകളിലഭിനയിച്ചു. അങ്ങനെ ജീവിതം മാറിത്തുടങ്ങിയപ്പോഴാണ് ആ അപകടം. 2016 മാർച്ച് 18 ന്. തൊണ്ടയാടുള്ള ഒരു സ്റ്റുഡിയോയിൽ നിന്നു റിക്കോർ‌ഡിങ് കഴിഞ്ഞ്  പുറത്തിറങ്ങിയതാണ്. പിന്നില്‍ നിന്നു വന്ന വണ്ടിയിടിച്ചു. ശരീരം മുഴുവൻ‌ ഒടിവുകൾ. വെന്റിലേറ്ററിലായിരുന്നു. മരിച്ചു എന്നു തന്നെ കരുതിയതാണ്.

‘ബാബുവേട്ടൻ ഒാർമയായി’ എന്നൊക്കെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ വന്നു. നാട്ടിലെ സ്കൂളിലും പള്ളിയിലും അമ്പലത്തിലും കൂട്ടപ്രാർഥന നടന്നു. കടകള്‍ ദുഃഖാചരണത്തിന്റെ ഭാഗമായി അടച്ചു. കുറച്ചു പിടിപാടുള്ള ആളാണെന്ന് തോന്നിയതു കൊണ്ടാകാം പടച്ചോൻ ജീവൻ വിട്ടു തന്നു. 19 ദിവസം കഴിഞ്ഞാണ് കണ്ണു തുറന്നത്.  

മൂന്നു മാസത്തോളം ആശുപത്രിയിലും ഒന്നരവർ‌ഷത്തോളം വീട്ടിൽ വീൽ‌ചെയറിലും വാക്കറിലുമായിരുന്നു. കട്ടിലിൽ അനങ്ങാനാകാതെ കിടന്നു പഴയ സ്കിറ്റുകൾ കാണുമ്പോൾ ഇനി മറ്റൊരു ജീവിതം ഇല്ലേ എന്നു തോന്നിപ്പോയിട്ടുണ്ട്. ഒടുവിൽ നടക്കാൻ തുടങ്ങി.

വീണ്ടും സിനിമയിലേക്കുള്ള അവസരം. 30 ദിവസത്തെ ഡേറ്റ്. പക്ഷേ, എനിക്ക് ഡയലോഗ് ഒാർത്തിരിക്കാനാകുന്നില്ല. ഒടുവിൽ ക്യാമറാമാന് ദേഷ്യം വന്നു. അതോടെ 30 ദിവസത്തെ ഡേറ്റ് മൂന്നു ദിവസമായി. മറ്റൊരു സിനിമയിലേക്കുള്ള ചാന്‍സും നഷ്ടപ്പെട്ടു.

സിനിമയൊന്നുമില്ലാതെ വീട്ടിലിരുന്നു. അന്നേ പോയാ ൽ മതിയായിരുന്നെന്ന് ഭാര്യയോടു പറയുമ്പോൾ അവൾ ആശ്വസിപ്പിക്കും. ഒടുവില്‍ രണ്ടാം ജന്മം തന്നത് സിദ്ദിക് സാറാണ് (സംവിധായകൻ സിദ്ദിഖ്). അങ്ങനെ ഫുക്രിയിലൂടെ വീണ്ടും സിനിമയിലേക്ക്. ഹരീഷ് എന്നും എനിക്ക് തണലായിരുന്നു. ഏതു ലൊക്കേഷിൽ ചെന്നാലും എനിക്ക് വേണ്ടി ഒരവസരം ചോദിക്കും.

എന്റെ കല്യാണത്തിനും കൂട്ട് ഹരീഷായിരുന്നു. അഞ്ജുവിനെ ട്യൂട്ടോറിയൽ കോളജിൽ വച്ചാണ് ഞാൻ കാണുന്നത്. പ്രണയമായി. ഒരു ഘട്ടത്തിൽ റജിസ്റ്റർ വിവാഹമേ വഴിയുള്ളൂ എന്നു വന്നു. ഞാൻ അഞ്ജുവിനെ വീട്ടിൽ നിന്ന് കൊണ്ടു വന്നു. നേരെ ഹരീഷിന്റെ വീട്ടിലേക്ക്. കല്യാണം കഴിയാത്തതു െകാണ്ട് ആ ‘ആദ്യരാത്രി’ ഞാൻ ഹരീഷിന്റെ കൂടെ ഹരീഷിന്‍റെ മുറിയില്‍ കിടന്നു. അടുത്ത മുറിയിൽ ഹരീഷിന്റെ ഭാര്യ സന്ധ്യയും അഞ്ജുവും.

ദേവരാജൻ: ഒരേ നാട്ടിൽ നിന്നു വന്നവർ മാത്രമല്ല, പരസ്പരം താങ്ങായി നിന്നിട്ടുമുണ്ട് ഞങ്ങള്‍ നാലും. ഹരീഷ് ആദ്യമായി നിർമിച്ച ‘ഉല്ലാസപൂത്തിരികളെ’ന്ന സിനിമയില്‍ ഞങ്ങള്‍ ചങ്ങാതിമാരെല്ലാവരുമുണ്ടായിരുന്നു.

Tags:
  • Movies