Saturday 07 December 2019 05:00 PM IST

‘നിറത്തിന്റെ പേരിൽ സെന്റിമെന്റ്സ് വാങ്ങാൻ ശ്രമിച്ചിട്ടില്ല, തുറന്നുപറഞ്ഞത് എന്റെ അനുഭവം’

V N Rakhi

Sub Editor

sayanora889jijj ഫോട്ടോ: ബേസിൽ പൗലോ

ജന്മനാടിനോടുള്ള സ്നേഹം വളർന്നങ്ങ് മാനം മുട്ടി. സ്നേഹം നിറഞ്ഞു നിറഞ്ഞ് ഹൃദയം പൊട്ടിപ്പോകുമെന്നായപ്പോ കണ്ണൂരിന്റെ പാട്ടുകാരി സയനോര ഒരു പാട്ടു തന്നെ അങ്ങ് എഴുതി. രസികൻ ഈണമിട്ടങ്ങ് പാടി. കേരളമൊന്നാകെ അതേറ്റുപാടി. കാസർകോട്ടുകാരും തിരോന്തരംകാരുമൊക്കെ കണ്ണൂര് ഭാഷയിൽ പാടിത്തകർത്തു. കുഞ്ഞുമക്കൾ ചോറുണ്ണാതെ വാശി പിടിച്ചാലും വികൃതി കാട്ടുമ്പോൾ അടക്കിയിരുത്താനും ഉറക്കുപാട്ടായും അമ്മമാർ ‘ബേംകീ ബൂം’ സോങ്ങിനെ കൂട്ടുപിടിച്ചു.

കണ്ണൂർ സ്നേഹം പോലെ, യുട്യൂബിൽ പാട്ടിന്റെ റീച്ചും കേറിക്കേറി മാനം മുട്ടി. ഇതിനിടെ ചിലർ സയനോരയുടെ പഴയ ഇന്റർവ്യൂസ് വെറുതെ രസത്തിന് കുത്തിപ്പൊക്കി. അതോടെ വിവാദങ്ങളും കത്തിപ്പിടിച്ചു. സംഗീതസംവിധായികയായ സന്തോഷം ഒപ്പം വിവാദങ്ങൾക്കുള്ള മറുപടിയുമായി സയനോര.

‘ബേംകി ബേംകി ബും..., കുടുക്കാച്ചി ബിരിയാണി’ പാട്ടിന്റെ കഥ?

പൊതുവെ ഇത്തിരി ഇമോഷനലാണ് ഞാൻ. കണ്ണൂര് എനിക്കൊരു വികാരം തന്നെയാണ്. കണ്ണൂരുകാര് ഭീകരന്മാരാണെന്നാണ് പലരുടെയും ധാരണ. ശരിക്കും എത്ര നിഷ്കളങ്കരായ ആളുകളാ. സ്നേഹം ഇത്തിരി കൂടുതലാണെങ്കിലേ ഉള്ളൂ. രുചിയോടുള്ള ഇഷ്ടവും അതു പോലെ തന്നെ. അതെല്ലാം ചേർന്നാണ് ‘ബേംകി ബേംകി ബും’ പാട്ട് ഉണ്ടായത്. ബേംകി  എന്നാൽ കണ്ണൂര്കാരുടെ ‘ബേം കീയ്...’ വേഗം ഇറങ്ങ് എന്നർഥം. ബൂം...എന്നാൽ ‘പോവും...’, വീണു പോകും എന്ന്. ബസ് സ്റ്റാൻഡിൽ സ്ഥിരം കേൾക്കാറുള്ളതാണ്. പാട്ടിനെ ഡിങ്ചിഫൈ ചെയ്യുക, അതായത് ഡിങ്ചിക് ഡിങ്ചിക് എന്ന താളമില്ലേ? അതാണ് ഞങ്ങളുടെ  ബാൻഡിന്റെ പേര് –ഡിങ്ചിക് നേഷൻ.

ഈ പാട്ട് ഒരു സിനിമയ്ക്ക് വേണ്ടി ചെയ്തതാണ്. അത് നടന്നില്ല.‘കുടുക്കാച്ചി ബിരിയാണി’ എന്നൊക്കെ അന്ന് ഞാനെഴുതിയതാണ്. കുടുക്ക ബിരിയാണി അതായത് കലം ബിരിയാണി ആണ് ഉദ്ദേശിച്ചത്. ഓളത്തിൽ ഇത്തിരി സ്നേഹത്തോടെ ചേർത്തതാണ് ‘ച്ചി’. സെന്റ് മൈക്കിൾസ് സ്കൂളിലെ വൈശാഖ് സുഗുണൻ സാറാണ് ബാക്കി വരികൾ എഴുതിയത്. ഇത്ര ബൂം കിട്ടും എന്ന് വിചാരിച്ചില്ല. യുട്യൂബിൽ വൈറൽ ആയതോടെ എത്ര കുട്ടികളാ എന്നെ ടാഗ് ചെയ്തത്! 15 കൊല്ലം പാടിയിട്ടും ഇപ്പോൾ തിരിച്ചറിയുന്നത് ബേംകി ബൂം... പറഞ്ഞാണ്.

സംഗീതസംവിധായികയുടെ കുപ്പായം എങ്ങനെയുണ്ട്?

‘കുട്ടൻപിള്ളയുടെ ശിവരാത്രി’യാണ് സംഗീതം ചെയ്ത ആദ്യസിനിമ. പശ്ചാത്തലസംഗീതവും ചെയ്തു. സായ ചെയ്താൽ നന്നായിരിക്കും എന്ന് ചിത്രത്തിന്റെ സംവിധായകൻ ജീൻ മാർക്കോസ് പറഞ്ഞപ്പോൾ നല്ലൊരു അവസരമല്ലേ കളയണ്ട എന്നു തോന്നി. ഇല്ലെങ്കിൽ വലിയൊരു ടേണിങ് പോയിന്റ് ഞാൻ മിസ് ചെയ്തേനെ. ‘മാംഗല്യം തന്തുനാനേനാ’ സിനിമയിൽ പാട്ടിന്റെ രണ്ട് വേർഷൻസ് ആണ് ചെയ്തത്. ഇന്ദ്രജിത്ത് നായകനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ ആണ് സംഗീതസംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ഗായിക ആയിരുന്നിട്ടും  സിനിമയുടെ  ബാക്ഗ്രൗണ്ട് സ്കോർ ഒന്നും മുൻപ് ശ്രദ്ധിച്ചിരുന്നില്ല. അതു പഠിക്കാൻ കാര്യമായ ശ്രമം തന്നെ നടത്തി. ഒരുപാട് സിനിമകൾ കണ്ടു. ജോൺസൺ മാസ്റ്ററുടെ വർക്കുകൾ പ്രത്യേകിച്ച്. സൈലൻസ് കൊണ്ടു പോലും മാസ്റ്റർ എത്ര ഗംഭീരമായി ബിജിഎം ഒരുക്കിയിരിക്കുന്നു!  

‘പവർഹൗസ്’ ആയ ഡാഡി തന്നെയാണോ ഗുരു?

ഫിലിപ്പ് ഫെർണാണ്ടസ് എന്നാണ് ഡാഡിയുടെ പേര്. ഡാഡി തന്നെയാണ് എന്റെ ആദ്യഗുരു. വെസ്റ്റേൺ മ്യൂസിക് ടീച്ചറാണ്. ‘രാഗം ’എന്ന മ്യൂസിക് സ്കൂളും മ്യൂസിക്കൽ ഷോപ്പുമുണ്ട്. കുട്ടിക്കാലം മുതലേ എന്നെയും അനിയനെയും കർണാടക സംഗീതം, വീണ, ഗിറ്റാർ, തബല, വയലിൻ, സിതാർ, ഡ്രംസ് എല്ലാം പഠിക്കാൻ നിർബന്ധിച്ച് അയയ്ക്കും. ഇല്ലെങ്കിൽ വീട്ടിൽ ജീവിക്കാൻ പറ്റില്ല. ഏഴു മണിക്ക് പ്രാക്ടീസ് തുടങ്ങിയില്ലെങ്കിൽ അടിയോട് അടി. ഞങ്ങൾ കരഞ്ഞു കരഞ്ഞ് വരിശകൾ പാടും. മമ്മി പറയും,‘കുട്ടികൾ പഠിക്കട്ടെ’ എന്ന്. ‘പാട്ട് പഠിച്ചിട്ടു മതി ബാക്കി പഠിത്തം’ എന്ന് ഡാഡി. പിന്നെ അവർ തമ്മിലാകും അടി. നല്ല രസമായിരുന്നു.

എപ്പോഴും ഇങ്ങനെ ഉറക്കെ പാടാതെ സോഫ്റ്റ് ആയൊരു സ്റ്റൈൽ ഉണ്ടാക്കിയെടുക്ക് എന്നു ഡാഡി പറയും. സിഐഎയിലെ ‘കണ്ണിൽ കണ്ണിൽ നോക്കും നേരവും’ റാണി പത്മിനിയിലെ ‘മിഴിമലരുകളു’മൊക്കെ പാടിയപ്പോഴാണ് കാര്യം മനസ്സിലായത്. ‘പറഞ്ഞതെല്ലാം കറക്ടാ ഡാഡീ’ എന്ന് ഇപ്പോൾ ഞാൻ പറയും. മടി കാണിച്ചാലും കുട്ടികളെ പ്രാക്ടീസ് െചയ്യിപ്പിച്ച്  കഴിവ് വളർത്തേണ്ടത് അച്ഛനമ്മമാരാണെന്നും ഡാ ഡി പഠിപ്പിച്ചു. അതിപ്പോൾ എന്റെ മോൾ സനയോട് പ്രയോഗിക്കുന്നുണ്ട് ഞാൻ.

കലോത്സവത്തിൽ ഉപകരണസംഗീതമത്സരങ്ങൾ വെസ്റ്റേൺ, ഈസ്റ്റേൺ എന്ന് രണ്ടു വിഭാഗമായി നടത്താനായി കുറേ വർഷം പൊരുതി വിജയിച്ച ആളാണ് എന്റെ ഡാഡി. രണ്ടും വിലയിരുത്തുന്നത് ഒരേ വിധികർത്താക്കളായിരുന്നു. അതും മാറി. ഡാ‍ഡിയുടെ അതേ മനസ്സ് തന്നെ എനിക്കും.

_BAP9475

എ.ആർ. റഹ്മാൻ പകർന്നു നൽകിയ പാഠങ്ങൾ എന്തൊക്കെയാണ്?

മഞ്ഞുപോലൊരു പെൺകുട്ടിയിലെ ‘ആം ഐ ഡ്രീമിങ്...’  വെട്ടത്തിലെ ‘ഐ ലവ് യു ഡിസംബർ...’ ഒക്കെ പാടി നിൽക്കുന്ന സമയം. സിഡി കേട്ട്  സാറിന്റെ ഓഫിസിൽ നിന്നു വിളി വന്നു.

കോഴിക്കോട് നടന്ന ജയ്ഹോ കോൺസേർട്ട് അടക്കം നാലുവർഷത്തോളം കുറേ പരിപാടികളിലും  ‘ശിവാജി’, ‘ജാനേ തൂ യാ ജാനേ നാ...’ അങ്ങനെ മൂന്നാലു സിനിമകളിലും പാടി. ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത്രയും പാഠങ്ങൾ കിട്ടി.

ശിവാജിയുടെ തെലുങ്ക് പതിപ്പിൽ പാടാൻ വിളിക്കുമ്പോൾ ദോഹയിൽ ഒരു മാസത്തെ മലയാളം ഷോയ്ക്ക് പോയിരിക്കുകയായിരുന്നു. ‘ടിക്കറ്റ് അയയ്ക്കാം, പാടിയിട്ട് തിരിച്ച് പൊയ്ക്കോളൂ’ എന്നാണ് റഹ്മാൻ സാർ പറഞ്ഞത്. പാട്ടുകാരിയുടെ ശബ്ദത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യം അത്ര വലുതാണ്.  ഓരോ സിങ്ങറെക്കുറിച്ചും  കൃത്യം ധാരണയുണ്ട് അദ്ദേഹ‌ത്തിന്. അത്രയ്ക്കാണ് ജ്ഞാനം.  ഇപ്പോഴും ടച് ഉണ്ട്. ‘കുട്ട ൻപിള്ളയുടെ ശിവരാത്രി’യിലെ പാട്ടുകൾ മിക്സ് ചെയ്തത് അദ്ദേഹത്തിന്റെ എഎം സ്റ്റുഡിയോയിലായിരുന്നു.

വേറിട്ടതാണ് സയനോരയുടെ സ്വരവും പാട്ടുകളും?

ലണ്ടനിലെ റോയൽ സ്കൂളിൽ  നിന്ന് വെസ്റ്റേൺ മ്യൂസിക്കിൽ ഫിഫ്ത്ത് ഗ്രേഡുണ്ട്. രമേഷ് നാരായൺ സാറിന്റടുത്ത് ഹിന്ദുസ്ഥാനിയും പഠിച്ചു. അതിലുമേറെ പഠിച്ചത് കർണാട്ടിക് മ്യൂസിക് ആണ്. എങ്കിലും ഞാൻ കർണാട്ടിക് പാടുന്നത് അധികമാരും കേട്ടിട്ടുണ്ടാകില്ല. മുനീശ്വരൻ കോവിലിൽ പണ്ട് കച്ചേരി ചെയ്തിട്ടുണ്ട്. ചില വേദികളിൽ ഖയാലുകൾ പാടിയിട്ടുണ്ട്. ‘മഞ്ഞുപോലൊരു പെൺകുട്ടി’യിലെ വെസ്റ്റേൺ പാട്ടുപാടി വന്ന ഞാൻ ടൈപ്പ് കാസ്റ്റഡ് ആയിപ്പോയി കുറെക്കാലം. പേരും ഇത്തിരി അടിപൊളി ആണല്ലോ. തമിഴിലും  ഫാസ്റ്റ് നമ്പറുകളാണ് കിട്ടിയത്.

ഡാഡി എപ്പോഴും പറയും നീയൊരു തികഞ്ഞ മ്യുസിഷനാണെന്ന് അംഗീകരിക്കില്ല, ഇത്രയും കാലം നിന്നെ പഠിപ്പിച്ചത് ഇതൊന്നുമല്ല എന്നൊക്കെ. കർണാടിക് ആൽബം ചെയ്യണമെന്നുണ്ട്. ഡാഡിക്ക് അതിഷ്ടമാകും.

ഒരു പ്രണയകഥ പറയാനുണ്ടെന്നു തോന്നുന്നു?

തടി കുറയ്ക്കാനായി ഒരു ദിവസം കണ്ണൂർ സിറ്റി സെന്ററിലെ എയ്റോബിക്സ് ക്ലാസിൽ ചെന്നു. സുന്ദരനായ ഇൻസ്ട്രക്ടറെ കണ്ടതും ഞാൻ ഫ്ലാറ്റ്. പിന്നെ, മുടങ്ങാതെ ജിമ്മിൽ പോകും. ഞങ്ങൾ ആദ്യം കാണുന്നത് അങ്ങനെയാണ്. വിൻസ്റ്റൺ ആഷ്‌ലി ഡിക്രൂസ് എന്നാണ് മുഴുവൻ പേര്.  

എല്ലാവരോടും ഫ്രണ്ട്‌ലി ആയ ഞാൻ ആഷിയോടും സംസാരിച്ചിരുന്നു. പ്രേമം ഒന്നും ഉണ്ടായിട്ടില്ല. ‘കല്യാണം ആലോചിക്കുന്നുണ്ട്. എനിക്ക് റൂമേഴ്സ് താൽപര്യമില്ല. ഇനി സംസാരിക്കൂല്ലട്ടോ’ എന്ന് ഒരിക്കൽ ഞാൻ പറഞ്ഞു. ‘എന്റെ വീട്ടിലേക്കു വാ, അച്ഛനോടും അമ്മയോടുമൊക്കെ സംസാരിക്ക്. ഇഷ്ടായാൽ കല്യാണം കഴിച്ചളയാം. പിന്നെ, റൂമർ വരൂല്ലല്ലോ’ എന്ന് ആഷി. അതൊരു പ്രൊപോസൽ ആയിരുന്നു. പലയിടത്തും ഞാനാണ് പ്രൊപോസ് ചെയ്തതെന്നു പറയുന്നുണ്ട്, അതു ശരിയല്ല. ഒരു മാസത്തിനുള്ളിൽ ടക്,ടക് ന്ന് കാര്യങ്ങൾ നടന്നു.  പത്ത് വർഷായി കല്യാണം കഴിഞ്ഞിട്ട്! അങ്ങനെ തോന്നുന്നേയില്ല. ബോഡി ബിൽഡിങ്, ട്രെയിനിങ് ഒക്കെയാണ് ആഷിയുടെ മനസ്സിൽ. ഇടയ്ക്ക് കളിയാക്കും ‘ഞാൻ എന്തൊരു നല്ല ഭാര്യയാ, വിശ്വസിച്ച് ഒരു ലേഡീസ് ജിം ഏൽപിച്ചിട്ടല്ലേ പോകുന്നത്’ എന്ന്.

സയനോര ഒരു മാതൃകാ അമ്മയാണോ?

കുറെ കാര്യങ്ങൾ ഒരുമിച്ചു ചെയ്യാൻ പറ്റില്ലെനിക്ക്. ആബ്സന്റ് മൈൻഡഡും ആണ്. സനയെ കൂടെക്കൊണ്ടുപോയാൽ വേറെ എന്തെങ്കിലും ശ്രദ്ധിച്ച് അവളെ മറന്നുപോകും. ആഷി പറയും, മോളെ നീ എവിടെയെങ്കിലും വിട്ടിട്ട് വര്വോ എന്നെനിക്ക് പേടിയാ എന്ന്. എന്റെ മോൾ സ്മാർട്ടാ. എന്റെയും ആഷിയുടെയും ഫോൺനമ്പറൊക്കെ പാട്ടിന്റെ രൂപത്തിൽ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. വാവയെ മമ്മ എവിടെയെങ്കിലും വിട്ടിട്ട് പോയാൽ ആരുടെയെങ്കിലും ഫോണിൽ നിന്ന് മമ്മയെ വിളിക്കണം കേട്ടോ എന്നൊക്കെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്. അമ്മ എന്ന നിലയിൽ വളരെ വലിയൊരു തോൽവിയാണെന്നു തോന്നുന്നു. എന്നാലും മാതൃത്വം ഭാരമായി തോന്നിയിട്ടില്ല.

നിറത്തിന്റെ പേരിലെ ദുരനുഭവം ചർച്ചയായി അല്ലേ?

നാലഞ്ചു വർഷം മുൻപത്തെ അഭിമുഖമാണത്. ‘ബേംകീ ബൂം...’ പാട്ട്  ഹിറ്റായ ശേഷം കുറെപ്പേർ ആ ഇന്റർവ്യൂവും കണ്ടു. ചിലർ ചോദിച്ചു എന്തിനാണിപ്പോൾ ഇതു പറഞ്ഞ് സെന്റിമെന്റ്സ് വാങ്ങുന്നത് എന്ന്. സെന്റിമെന്റ്സ് വാങ്ങാൻ ശ്രമിച്ചിട്ടില്ല, ഇപ്പോഴത് കുത്തിപ്പൊക്കിയത് ഞാൻ പറഞ്ഞിട്ടുമല്ല. പറഞ്ഞത് സത്യമാണ്. കല്യാണത്തിന്റെ സമയത്തും കേട്ടു, പെണ്ണിന് നിറം കുറവല്ലേ എന്ന ചോദ്യം.

പാട്ടുകാരിയായ ശേഷം എന്റെ സ്കൂളിൽ അതിഥിയായി പോയി. ആഷി പറഞ്ഞു പഴയ അനുഭവം പറയണം, നിന്നെപ്പോലെ എത്രയോ കുട്ടികള്‍ വിഷമിക്കുന്നുണ്ടാകും. അവർക്കു വേണ്ടി പറയണം എന്ന്. ഞാനാ സംഭവം പറഞ്ഞപ്പോൾ കുറേ അമ്മമാർ വന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു മോൾ പറഞ്ഞതെല്ലാം വളരെ ശരിയാണ് എന്ന്. ആവശ്യമില്ലാത്ത കുറെ ചിന്തകൾ സമൂഹം കുത്തിവയ്ക്കുന്നുണ്ട്. മെലിഞ്ഞ് വെളുത്താൽ സുന്ദരി തുടങ്ങി കുറേ സങ്കൽപങ്ങൾ തകർക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ധൈര്യമായി പറയും വെളുക്കേണ്ട എന്ന്. പ്രോഗ്രാം കിട്ടിയില്ലെങ്കിൽ വേണ്ട.

sayojjgffd

എന്തും തുറന്നു പറയുന്ന സ്വഭാവക്കാരിയാണോ?

ചില കാര്യങ്ങളിൽ ആ നേരത്ത് എന്തോ ഒരു എനർജി കിട്ടും. മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കില്‍ അന്നേരം തന്നെ പറയണം. ഇല്ലെങ്കിൽ പണി പാളും. തലവേദന വരും. അതിൽ പശ്ചാത്താപം ഒന്നുമില്ല. ഒരു പ്രശ്നം വരുമ്പോൾ അതിൽ ഇടപെട്ടാൽ കരിയർ എന്താകും, എങ്ങനെ ജീവിക്കും എന്ന ചോദ്യമൊന്നും  മനസ്സിൽ വരാറില്ല. പ്രതികരണങ്ങൾ കണ്ട് പലരും അങ്ങനെ ഓർമപ്പെടുത്താറുണ്ടെങ്കിൽ കൂടി. ഡാഡി പഠിപ്പിച്ചു തന്ന സംഗീതം കൊണ്ട് ജീവിക്കും. എനിക്ക് ആ ധൈര്യം  മതി.

പാട്ട് കഴിഞ്ഞുള്ള ഇഷ്ടങ്ങൾ എന്തൊക്കെയാണ്?

‘ഹേയ് ജൂഡി’ൽ തൃഷയ്ക്കു വേണ്ടിയും ‘സ്റ്റാൻഡ് അപ്പി’ൽ നിമിഷ സജയനു വേണ്ടിയും ശബ്ദം കൊടുത്തു. തൃഷയ്ക്ക് ചേരുന്ന വിധത്തിൽ, ഹൈ പിച്ച്ഡ് ശബ്ദം ആണ് ഉപയോഗിച്ചത്. ‘സയനോര തന്മയത്വത്തോടെ ചെയ്തു’ എന്ന് ഭാഗ്യലക്ഷ്മിച്ചേച്ചി പോസ്റ്റ് ഇട്ടിരുന്നു. സന്തോഷമായി.

നാടകം ഇഷ്ടമാണ്. അഭിനയിക്കാൻ വിളിച്ചപ്പോൾ പറഞ്ഞു, ‘അഭിനയിക്കാം, പക്ഷേ, തടി കുറയ്ക്കാൻ പറയരുത്’ എന്ന്. വിഷമം വരുമ്പോൾ കൂടുതൽ  ക്രിയേറ്റീവ് ആകും. ഡ യറി എഴുതും. വെറുതെ ഗിറ്റാർ വായിച്ച്  ട്യൂണുണ്ടാക്കി റെക്കോർഡ് ചെയ്തു വയ്ക്കും. സ്വന്തമായി വരികൾ എഴുതിയാണ് സിനിമയ്ക്ക് കംപോസ് ചെയ്യാറുള്ളത്. ‘ആഹാ’യിൽ ഞാനൊരു പാട്ട് എഴുതിയിട്ടുണ്ട്. കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ ‘എന്റെ ശിവനേ...’ ഞാനെഴുതിയ  ഡ മ്മി ലിറിക്സ് ആണ്. ഒടുവിൽ അതു തന്നെ സിനിമയിലെടുത്തു.

എഴുത്ത് പണ്ടേ ഉണ്ട്. കളിയാക്കരുത്... തവളയെ ആദ്യമായി ഡിസെക്റ്റ് ചെയ്തപ്പോൾ വലിയ സങ്കടം തോന്നി. അതുമൊരു ജീവനല്ലേ? ഉടനെയെഴുതി ഒരു കവിത:

‘ഓ, തവളേ, ഞാനറിയുന്നു നിന്‍ ഹൃദയനൊമ്പരം

ഇരുണ്ട ലാബിന്റെ ഉള്ളറകളിൽ...’  

തടി കുറയ്ക്കാൻ ജിം ട്രെയ്നറായ ആഷി പറയാറില്ലേ?

അടികൂടുമ്പോൾ ആഷി പറയും, ‘ നീ ഇങ്ങനെ തടിച്ചി ആയി നടന്നോ എന്നെപ്പറയിപ്പിക്കാൻ’ എന്ന്. കക്ഷി കണ്ണൂരിലെ ലീഡിങ് ജിം ഇൻസ്ട്രക്ടറാണേ... മോളുണ്ടായ ശേഷം 21 കിലോ കുറച്ചു. റബർബാൻഡ് വിട്ടപോലെ വണ്ണം തിരിച്ചു വന്നു. ഫൂഡ് ഒഴിവാക്കാനൊന്നും എനിക്ക് പറ്റില്ല. ചോറ്– മോരുകറി, പുട്ട്–മീൻകറി, ഉണക്കച്ചെമ്മീൻ ചമ്മന്തി...അങ്ങനെയുള്ള നാടൻ വിഭവങ്ങളും ചൈനീസും ഇഷ്ടമാണ്. കഴിക്കൽ മാത്രമല്ല കുക്കിങ്ങും വളരെ താൽപര്യമാണ്.

കുടുംബ ബന്ധങ്ങൾ വീക്ക്നെസ് ആണോ?

കുടുംബമാണ് എല്ലാം. അതുകഴിഞ്ഞേയുള്ളൂ പാട്ട് പോലും. അഭിപ്രായങ്ങൾ തുറന്നു പറയാനും  ശരിയെന്നു തോന്നുന്നത് ചെയ്യാനും ധൈര്യം കിട്ടിയത് വീട്ടിൽ നിന്നാണ്. ‘ജൂൺ’സിനിമയിലെ രജിഷയെപ്പോലെ, അടുത്തു പോയിരുന്ന് ഒരു പെഗ്ഗ് തര്വോ ഡാഡീ എന്നു പോലും ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാ കള്ളത്തരവും  മമ്മിയോടു പറയും. മമ്മി ബേബി ഫിലിപ്പ് ഹെഡ്മിസ്ട്രസ് ആയി റിട്ടയർ ചെയ്തു. അനിയൻ സ്വരാഗ് ദുബായിൽ ബാങ്കിലാണ്. അനിയത്തി ശ്രുതി ബെംഗളുരുവിൽ. രണ്ടുപേരും എൻജിനീയർമാർ. ‘സ്റ്റാൻഡ് അപ്’ എന്ന സിനിമയിൽ അനിയത്തി എനിക്കൊപ്പം പാടിയിട്ടുണ്ട്. ഇപ്പോഴും വീട്ടിലെ ചെറിയകുട്ടി ഞാനാണ്. അടിപിടി, വാശി, ശാഠ്യം... ഒരു മാറ്റവുമില്ല.

Tags:
  • Celebrity Interview
  • Movies