Saturday 16 September 2023 03:10 PM IST

‘ആ നിമിഷം അച്ഛന്റെ കണ്ണുനിറഞ്ഞു, കതിർ മണ്ഡപത്തിൽ എന്നെ കാത്തിരുന്ന ആദിയുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു’

Roopa Thayabji

Sub Editor

uthara-sarath

വിവാഹത്തെ കുറിച്ചു ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ തോന്നിയത് അച്ഛൻ അമ്മയെ പ്രണയിക്കുന്നതു പോലെ എനിക്കും ഒരാളെ വേണം എന്നാണ്. അതു സാധിച്ചതിന്റെ സന്തോഷം ചെറുതൊന്നുമല്ല കേട്ടോ...’ കാതോർത്തു കേട്ടിരിക്കുന്ന ആദിത്യ മേനോന്റെ കൈയിൽ കൈചേർത്ത് ഉത്തര ശരത് സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ അവിടെ ചിരി നിറഞ്ഞു.

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകളുടെയും മേൽവിലാസം അഭിനേത്രിയെന്നും നർത്തകിയെന്നുമൊക്കെ തന്നെ. മുംബൈ മലയാളിയായ ആദിത്യ മേനോനാണ് ഇക്കഴിഞ്ഞ മാർച്ച് 18ന് ഉത്തരയെ താലിചാർത്തിയത്. ഇവരുടെ വിവാഹാഘോഷത്തെ കുറിച്ചു കേൾക്കാം.‌

പ്രണയിക്കുകയായിരുന്നൂ ഞാൻ...

‘വീട്ടുകാർ വിവാഹം ആലോചിച്ച ശേഷമാണു ഞങ്ങൾ നേരിട്ടു കണ്ടത്, പിന്നെ പ്രണയിച്ചു തുടങ്ങി. മുംൈയിലെ കെപിഎംജി ഗ്രൂപ്പിൽ സീനിയർ പദവിയുള്ള പാർട്നറാണ് ആദിത്യയുടെ അച്ഛൻ സച്ചിൻ മേനോൻ. അമ്മ അനിത മുൻപു ആർഎൻടിയിൽ സയന്റിസ്റ്റായിരുന്നു. കുടുംബം തൃശൂരാണെങ്കിലും രണ്ടു തലമുറ മുൻപേ മുംബൈയിലേക്കു താമസം മാറി. ആദിത്യയും അനിയൻ അനിരുദ്ധും ജനിച്ചതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. സിഎ വിത് എൽഎൽബി പാസ്സായ ആദിത്യ കെപിഎംജിയിലാണു ജോലി ചെയ്യുന്നത്.

എന്റെ അച്ഛനും ആദിയുടെ അച്ഛനും ഒരു പൊതുസുഹൃത്തുണ്ടായിരുന്നു. അദ്ദേഹമാണു വിവാഹാലോചന മുന്നോട്ടുവച്ചത്. സൗഹൃദവും പരിചയവും വിവാഹാലോചനയിലേക്കെത്തിയപ്പോൾ കുടുംബങ്ങളാണ് ഞങ്ങ ൾ ഒന്നിക്കണമെന്ന് കൂടുതൽ ആഗ്രഹിച്ചത്. അപ്പോഴേക്കും ഞങ്ങളും പരസ്പരം സംസാരിക്കാൻ തുടങ്ങിയിരുന്നു. ഇടയ്ക്കു കാണണമെന്നു തോന്നുമ്പോൾ വിഡിയോ കോൾ ചെയ്യും. അങ്ങനെയിരിക്കെ വീട്ടുകാരുടെ അനുവാദത്തോടെ ഞങ്ങൾ ആദ്യമായി കണ്ടു, ഫസ്റ്റ് ഡേറ്റ്.

വിഡിയോ കോളിൽ ആദിത്യ എനിക്കായി ഹിന്ദി റൊമാന്റിക് പാട്ടുകൾ പാടിത്തരും. തമ്മിൽ കാണുന്ന ദിവസം നേരിൽ പാടിത്തരാമെന്നും ഉറപ്പു പറഞ്ഞിരുന്നു. പക്ഷേ, കണ്ടുമുട്ടിയ എക്സൈറ്റ്മെന്റിൽ മറന്നു പോയി. കറക്കമൊക്കെ കഴിഞ്ഞു ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണു പാട്ടിന്റെ കാര്യം ഓർത്തത്. ‘എവിടെ എനിക്കുള്ള പാട്ട്’ എന്നു ചോദിച്ചതേ ഓർമയുള്ളൂ. കഴിക്കുന്നതു നിർത്തി ആദി പാടാൻ തുടങ്ങി. ഞെട്ടൽ സന്തോഷത്തിലേക്കു വഴിമാറിയ ആ നിമിഷമാണു തീരുമാനിച്ചത്, ഇതാണ് എന്റെയാൾ. പിന്നെ കാര്യങ്ങൾ വേഗത്തിലായി.

uthara-sarath-1

മണിമഞ്ചലേറിയെൻ അരികത്തു നീ...

ജീവിതത്തിൽ ഒരിക്കലേ വിവാഹമുള്ളൂ, അത് ഒരിക്കലും മറക്കാനാകാത്ത ആഘോഷമായി നടത്തണമെന്നു സ്വപ്നം കണ്ടു. ഹൽദി, മെഹന്ദി, സംഗീത്, വിവാഹം, റിസപ്ഷൻ... ഓരോ ചടങ്ങിനും പ്രത്യേകം തീമും രസങ്ങളും ട്വിസ്റ്റുമൊക്കെ ചേർത്തു വയ്ക്കാൻ നേരത്തേ പ്ലാൻ ചെയ്തു. ഹൽദിയുടെ ഡ്രസ് മുതൽ ഭക്ഷണം വരെ മഞ്ഞ തീമിലായിരുന്നു. മെഹന്ദി കേരളീയ രീതിയിൽ. സ്പാർക്കിൾ തീമിലാണു സംഗീത് ആഘോഷം നടത്തിയത്. ഗോൾഡ് ആൻഡ് പീകോക് തീമിലായിരുന്നു വിവാഹം.

വിവാഹവേദിയിലേക്കു പല്ലക്കിൽ കൈപിടിച്ചു കയറ്റുമ്പോൾ അച്ഛന്റെ കണ്ണു നിറഞ്ഞിരുന്നു. നെഞ്ചിടിപ്പോടെ ഞാൻ നോക്കുമ്പോൾ അങ്ങകലെ കതിർമണ്ഡപത്തിൽ എന്നെത്തന്നെ നോക്കിയിരിക്കുന്ന ആദിയുടെ ചിരിച്ച മുഖം. ആ കണ്ണുകളും നിറഞ്ഞിട്ടുണ്ട്. ഏറ്റവും സന്തോഷത്തോടെയാണു താലി ചാർത്താൻ നിന്നത്. വിവാഹമുറപ്പിക്കും മുൻപേ സംസാരിക്കാനും ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവസരം കിട്ടിയതുകൊണ്ടാകും, ലോങ് ടൈം ബോയ് ഫ്രണ്ടിനെ പോലെയാണ് ആദി.

ബാലിയിലെ ഹണിമൂണിനു ശേഷം മുംബൈയിലെത്തിയ എനിക്ക് ഹിന്ദിയുടെ ബാലപാഠങ്ങൾ പോലും അറിയില്ല. ബിസിനസ് അനലറ്റിക്സിൽ പിജി ഉണ്ടെങ്കിലും ഇപ്പോൾ ബോംബെ യൂണിവേഴ്സിറ്റിയിൽ ഭരതനാട്യത്തിൽ രണ്ടാമത്തെ പിജിക്കു ചേർന്നിരിക്കുകയാണ്. നൃത്തവും അഭിനയവും ഹിന്ദി പഠനവുമെല്ലാം ഇനി ഉഷാറാക്കണം.’