പരസ്യമായി ജീവിതപങ്കാളിയെ തേടി നടൻ ആര്യ. തന്റെ ഫെയ്സ്ബുക് പേജിൽ ലൈവ് വിഡിയോ വഴിയാണ് താരത്തിന്റെ വിവാഹ ആലോചന. ആരാധകരെ ഞെട്ടിച്ച ആര്യ ഫെയ്സ്ബുക് ലൈവിൽ പറയുന്നതിങ്ങനെ;
"ഹായ് ഞാൻ ആര്യ. കഴിഞ്ഞ ആഴ്ച എന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഞാൻ ജിമ്മിൽ സംസാരിച്ചത് എങ്ങിനെയോ ലീക്കായിരുന്നു. ഞാനറിയാതെ എന്റെ കൂട്ടുകാർ ഒപ്പിച്ച കുസൃതിയായിരുന്നു അത്. എന്നാൽ ആ വിഡിയോയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണ്. ഞാൻ വിവാഹം കഴിക്കാനായി പെൺകുട്ടിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക ആളുകളും അവരുടെ ജീവിതപങ്കാളിയെ ജോലിസ്ഥലത്തു നിന്നോ, കൂട്ടുകാർ മുഖേനയോ, കുടുംബം മുഖേനയോ ഒക്കെ തേടിക്കൊണ്ടിരിക്കും. അല്ലെങ്കിൽ മാട്രിമോണിയൽ സൈറ്റിലൂടെ കണ്ടെത്തും.
പക്ഷെ ഞാൻ അങ്ങനെയല്ല. ഇക്കാര്യത്തിൽ എന്നെ സംബന്ധിച്ചിടത്തോളം ഡിമാന്റുകളോ കണ്ടീഷൻസോ ഒന്നുമില്ല. നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെട്ടാൽ, ഞാനൊരു നല്ല ജീവിത പങ്കാളി ആയിരിക്കും എന്ന് തോന്നിയാൽ ദയവായി ഈ നമ്പറിൽ വിളിക്കുക. നമ്പർ : 73301-73301. ഞാൻ ഇത് വെറുമൊരു തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഇതെന്റെ ജീവിതത്തെ സംബന്ധിക്കുന്ന കാര്യമാണ്. ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക. നിങ്ങളുടെ ഫോൺകോളിനായി കാത്തിരിക്കുന്നു." ആര്യ പറയുന്നു.