മുംബൈ : ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിട. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശും ശ്ലോക മേത്തയുമായുള്ള വിവാഹനിശ്ചയം നടന്നു. ഗോവയിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ആകാശ് ശ്ലോകയുടെ കയ്യില്‍ വിവാഹ മോതിരം അണിയിച്ചു. ധിരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ സഹപാഠിയായിരുന്ന ശ്ലോകയുമായി ഏറെ കാലമായി പ്രണയത്തിലായിരുന്നു ആകാശ്. പ്രമുഖ രത്ന വ്യാപാരികളായ റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണു ശ്ലോക.
ശനിയാഴ്ച ഗോവയിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ നടത്തിയ വിരുന്നിലാണു ഒദ്യോഗികമായി വിവാഹം ഉറപ്പിച്ചത്. ഡിസംബർ ആദ്യ വാരമാകും മുംബൈ ഒബ്റോയിലെ വിവാഹാഘോഷ ചടങ്ങുകളെന്നാണു സൂചന. റിലയൻസിന്റെ ടെലികോം സംരംഭമായ ജിയോയുടെ പ്രധാന ചുമതല വഹിക്കുന്നയാളാണ് ആകാശ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ശ്ലോക റോസി ബ്ലൂ ഫൗണ്ടേഷൻ ഡയറക്ടറാണ്.
നേരത്തെ ബോളിവുഡ് നായിക കത്രീന കൈഫുമായി ആകാശ് പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ശ്ലോക മേത്ത എന്ന ധനിക കുടുംബത്തിലെ അംഗവുമായി വിവാഹമുറപ്പിച്ചതായും ഇവരുടെ വിവാഹ ക്ഷണക്കത്ത് എന്ന പേരില്‍ ഒ്നനര ലക്ഷം രൂപയിലേറെ വരുന്ന ക്ഷണക്കത്തും പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹ വാര്‍ത്തകളോട് അംബാനി കുടുംബം പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ ആകാശിന് പ്രണയമുണ്ടെന്നും തങ്ങള്‍ അതിന് എതിരല്ല എന്നും നിത അംബാനി ഒരു ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു. അന്ന് ശ്ലോകയാണോ വധു എന്നന്വേഷണം വന്നപ്പോള്‍ മാര്‍ച്ച് 24ന് വിവാഹ വാര്‍ത്തകളോട് പ്രതികരിക്കുമെന്നാണ് റിലയന്‍സ് വക്താവ് നേരത്തേ വ്യക്തമാക്കിയത്.