തമിഴിലെ പ്രശസ്ത സംഗീത സംവിധായകനും നടനുമായ ജി.വി.പ്രകാശ് കുമാറും ഗായിക സൈന്ധവിയും വിവാഹമോചിതരായെന്ന വാർത്ത വലിയ ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച അഭ്യൂഹങ്ങളോടു പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജി.വി.പ്രകാശ് കുമാർ.
‘കൃത്യമായ ധാരണകളില്ലാതെ, വിശദാംശങ്ങളില്ലാതെ ചില അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് പേരുടെ മനസ്സ് വേദനിപ്പിക്കും വിധം പ്രചാരണങ്ങൾ നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണ്. സെലിബ്രിറ്റികളാണ് എന്നതുകൊണ്ട് ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്കു കടന്നു കയറുന്നതും തരം താഴ്ന്ന വിമർശനങ്ങൾ ഉന്നയിക്കുന്നതും അംഗീകരിക്കാനാവില്ല. തമിഴർ ഇത്രയധികം അധഃപതിച്ചോ? നിങ്ങളുടെ കമന്റുകൾ വ്യക്തികളുടെ മനസ്സിനെ ബാധിക്കില്ലേ? എല്ലാവരുടെയും വികാരങ്ങളെ മാനിക്കുക.
രണ്ടുപേർ പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞുവെന്നു പറഞ്ഞുകഴിഞ്ഞാൽ വീണ്ടും എന്തിനാണ് അതിലെ കാരണങ്ങൾ ചികയുന്നത്? എന്താണ് കാരണമെന്ന് ഞങ്ങളുടെ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അറിയാം. എല്ലാവരോടും കൂടിയാലോചിച്ചതിനു ശേഷമാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്കു ഞങ്ങൾ എത്തിയത്. നിങ്ങൾ ഞങ്ങളെ പ്രശസ്തരാക്കി എന്നതുകൊണ്ടോ, ഞങ്ങളോടുള്ള അമിത സ്നേഹം കൊണ്ടോ ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും അതിരറ്റ നന്ദി’.– ജി.വി സോഷ്യൽ മീഡിയയിൽ കുറിച്ചു.