ഇന്ത്യൻ സിനിമയുടെ ഗതിമാറ്റിയ ചലച്ചിത്ര വിസ്മയമാണ് ‘ബാഹുബലി’ ഒന്നും രണ്ടും ഭാഗങ്ങൾ. തെലുങ്കിൽ ഒരുങ്ങി ഇന്ത്യയൊട്ടുക്ക് വൻ വിജയമായ ചിത്രത്തിന്റെ പത്താം വാർഷികം ആഘോഷിച്ചിരിക്കുകയാണ് താരങ്ങളും അണിയറപ്രവർത്തകരും.
സംവിധായകൻ എസ്.എസ്. രാജമൗലി, നായകൻ പ്രഭാസ്, സഹതാരങ്ങളായ റാണ ദഗുബാട്ടി, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിള്‍ തുടങ്ങി സിനിമയിൽ പ്രവർത്തിച്ച ആളുകൾ പഴയ ഓർമകളുമായി ഒത്തു കൂടി. രാജമൗലിയുടെ വസതിയിലായിരുന്നു ഒത്തുകൂടൽ.
പത്താം വാർഷികത്തോടനുബന്ധിച്ച് ചിത്രം റീറിലീസിനൊരുങ്ങുന്നുണ്ട്. നേരത്തെ രണ്ടുവര്‍ഷത്തിന്റെ ഇടവേളയില്‍ (2015, 2017) രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായാണ് റീ റിലീസ് ചെയ്യുക. ‘ബാഹുബലി ദ് എപ്പിക്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലെത്തും.