ADVERTISEMENT

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നായികയായിരുന്നു മോഹിനി. കോയമ്പത്തൂരിൽ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച താരത്തിന്റെ യഥാർത്ഥ പേര് മഹാലക്ഷ്മി എന്നാണ്. സിനിമയിലെത്തിയ ശേഷം പേര് മോഹിനി എന്നാക്കി. ഇപ്പോഴിതാ, തന്റെ ജീവിതത്തിൽ നേരിട്ട ചില പ്രതിസന്ധികളെ കുറിച്ച് മോഹിനി പറഞ്ഞതാണ് വൈറലാകുന്നത്.

വിവാഹ ശേഷം ഭർത്താവിനും കുട്ടികൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിച്ചിട്ടും താൻ വിഷാദത്തിലേക്ക് പോയെന്നും ഏഴ് തവണ ആത്മഹത്യക്കു ശ്രമിച്ചുവെന്നും തമിഴ് ചാനലായ വികടന് നൽകിയ അഭിമുഖത്തിൽ മോഹിനി വെളിപ്പെടുത്തി.

‘ഒരിക്കല്‍ ഞാനൊരു ജോത്സ്യനെ കണ്ടു. അദ്ദേഹമാണ് പറയുന്നത് ആരോ എനിക്കെതിരെ കൂടോത്രം ചെയ്തതാണെന്ന്. ആദ്യം ഞാന്‍ ചിരിച്ചുതള്ളി. പിന്നെയാണ് എങ്ങനെയാണ് എനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായതെന്ന് ചിന്തിക്കുന്നത്, അപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നതും പുറത്ത് വരാന്‍ ശ്രമിക്കുന്നതും. എന്റെ ജീസസാണ് എനിക്ക് കരുത്ത് തന്നത്. ഞാന്‍ ചിന്തിച്ചതത്രയും മരണത്തെക്കുറിച്ച് മാത്രമായിരുന്നു. എല്ലാമുണ്ടായിട്ടും എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. എന്റെ ഭര്‍ത്താവിന്റെ കസിന്‍ ആയ സ്ത്രീയാണ് എനിക്ക് മേല്‍ കൂടോത്രം ചെയ്തത്. ജീസസിലുള്ള വിശ്വാസമാണ് എന്നെ രക്ഷിച്ചത്’.– മോഹിനി പറഞ്ഞു.

1987 ൽ കൂട്ടുപുഴുക്കൾ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിലെത്തിയ മോഹിനി, 1991 ൽ പുറത്തിറങ്ങിയ ഈറമാന റോജാവേ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. മോഹൻലാൽ ചിത്രം നാടോടിയിലൂടെ മലയാളത്തില്‍ അരങ്ങേറി. ശേഷം തമിഴ്, ഹിന്ദി, കന്നഡ, തെലുഗു, മലയാളം ഭാഷകളിലായി അമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു വിവാഹം. വിവാഹശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മോഹിനി 2006-ൽ ക്രിസ്തുമതം സ്വീകരിച്ചു. ശേഷം ക്രിസ്റ്റീന മോഹിനി ശ്രീനിവാസൻ എന്നു പേരും മാറ്റി. അമേരിക്കൻ വ്യവസായിയായ ഭരത് പോൾ കൃഷ്ണസ്വാമി ആണ് ഭര്‍ത്താവ്.

സിനിമയിൽ നിന്നു വിട്ടതോടെ വിഷാദത്തിലായ താരം ബൈബിള്‍ വായിച്ചുതുടങ്ങിയതോടെയാണ് ക്രൈസ്തവ വിശ്വാസത്തിൽ ആകൃഷ്ടയായതത്രേ. അനിരുദ്ധ് മൈക്കിൾ ഭരത്, അദ്വൈത് ഗബ്രിയേൽ ഭരത് എന്നിവരാണ് മക്കൾ.

ഇടയ്ക്ക് ഭരണങ്ങാനത്തെത്തി വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച മോഹിനിയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. കുടുംബത്തിനൊപ്പമായിരുന്നു നടി എത്തിയത്. ഏറെ നേരം പ്രാർഥിച്ച ശേഷമാണ് മോഹിനി മടങ്ങിയത്.

ADVERTISEMENT