Friday 04 November 2022 04:31 PM IST : By Remya Binoy

തോറ്റുപോയ മനുഷ്യൻ ദൈവമായ കഥ; മനുഷ്യശരീരത്തില്‍ ഉറഞ്ഞുണരുന്ന കതിവനൂര്‍ വീരന്‍

kathivanoor-veeran-theyyam-cover കതിവനൂർ വീരൻ തെയ്യം: തോറ്റം, പയറ്റ്, തെയ്യം; Photos : Sreejith Damodaran

ഇതൊരു യാത്രയുടെ കഥ. കണ്ണൂരെ മാങ്ങാട്ടു നിന്ന് യാത്ര തിരിച്ച് കുടകിലെത്തിയ മന്നപ്പന്റെ കഥ. പടയിൽ മരിച്ച് ദൈവക്കരുവായി മലനാട്ടിലേക്ക് മടങ്ങി വന്ന കഥ

‘നാടേതുമെന്റെ നാടാണ്. കാടേതുമെന്റെ കളിവീടാണ്. കാട്ടിലും നാട്ടിലുമെന്റെ പേരുചൊല്ലി വിളിച്ചവര്‍ക്കെല്ലാം കരുമന തീര്‍ത്തു ഞാന്‍കരുണ ചെയ്യും. കന്നാലികളെയും ചെറുകിടാങ്ങളെയും ഞാന്‍ കൊണ്ടുനടന്നു രക്ഷിക്കും. കഥയെന്റതു കേള്‍പ്പവര്‍ക്കെല്ലാം ഗുണം വരുത്തി ഞാന്‍ കാത്തുകൊള്ളും.’

(ഏഴിനും മീതെ - എന്‍.പ്രഭാകരന്‍)

പേരു ചൊല്ലി വിളിച്ചവരുടെ കദനം തീര്‍ക്കുന്ന ആ ദൈവത്തെ തേടി അധികമെങ്ങും പോകേണ്ടതില്ല. ഉത്തരമലബാറിലെ കളിയാട്ടക്കാവുകളില്‍ ചെന്നാല്‍ കാണാം ദൈവമായി മാറിയ മനുഷ്യന്‍, മനുഷ്യശരീരത്തില്‍ ഉറഞ്ഞുണരുന്നത്. കതിവനൂര്‍ വീരനെന്ന മന്ദപ്പന്‍ (മന്നപ്പന്‍) തെയ്യത്തിന്റെ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമാണത്. ഒരു നാള്‍ സന്ധ്യയ്ക്കു തുടങ്ങി അതിനു രണ്ടാം നാൾ അവസാനിക്കുന്ന അനുഷ്ഠാനം. അവിടെ ന മ്മെ കാത്തിരിക്കുന്നത് മന്ദപ്പന്‍ തെയ്യം മാത്രമല്ല, കുരിക്കള്‍ തെയ്യവുമുണ്ട്.

ജീവിതം പരീക്ഷണഘട്ടത്തിലെത്തുമ്പോള്‍ മലനാട്ടുകാര്‍ ഈ ദൈവത്തെയാണു കൂട്ടുവിളിക്കുന്നത്. വിഷമകാലം കടന്നു പോകാന്‍ അവര്‍ക്ക് ദൈവം തുണയാകുന്നു. പ്രതിസന്ധികള്‍ തരണം ചെയ്ത ശേഷം അവര്‍ കളിയാട്ടം നടത്തുന്നു. ഇതില്‍ നിന്നു വ്യത്യസ്തമായി കതിവനൂര്‍ വീരനെ വച്ചാരാധിക്കുന്ന പള്ളിയറകളും കാവുകളുമുണ്ട്. അ വിടങ്ങളില്‍ എല്ലാ വര്‍ഷവും മന്ദപ്പന്‍ തെയ്യത്തിന്റെ കളിയാട്ടം നടത്താറുണ്ട്.

മകം പിറന്ന മന്നപ്പന്‍

ഇന്നത്തെ കണ്ണൂര്‍ ജില്ലയിലെ മാങ്ങാട് എന്ന സ്ഥലത്താണു മന്നപ്പന്റെ ജനനം. പരക്ക ഇല്ലത്ത് ചക്കിയമ്മയുടെയും മേത്തളി ഇല്ലത്ത് കുമരച്ചന്റെയും മകന്‍. മക്കളില്ലാതിരുന്ന ദമ്പതികള്‍ ചുഴലി ഭഗവതിയോടു പ്രാര്‍ഥിച്ചു കിട്ടിയ സ ന്താനം. മകം നാളില്‍ പിറന്നവനു മന്നപ്പന്‍ (മന്ദപ്പന്‍) എന്നു പേര്‍ചൊല്ലി വിളിച്ചു. ആഢ്യനായ അച്ഛന്റെ ഇഷ്ടപ്പടി ജീവിക്കാന്‍ മന്നപ്പന്‍ തയ്യാറായില്ല. ചെറുപ്രായം മുതല്‍ ചങ്ങാതിമാര്‍ക്കൊപ്പം ചിറ്റമ്പും ചെറുവില്ലുമെടുത്തു വേട്ടയാടിയും കാലിപ്പിള്ളേര്‍ക്കൊപ്പം കളിച്ചും നടന്ന മകനെ കുമരച്ചന്‍ പലകുറി ശാസിച്ചു. പണിയൊന്നുമെടുക്കാതെ നാടുതെണ്ടി നടന്ന മകനു കഞ്ഞീം വെള്ളോം കൊടുക്കരുതെന്ന് അച്ഛന്‍ അമ്മയോടു ചട്ടംകെട്ടി. പക്ഷേ, എല്ലാ അമ്മമാരെയും പോലെ ആ അമ്മയും അച്ഛനറിയാതെ മകനു ഭക്ഷണം വിളമ്പി. ഇതുകണ്ടു കലി മൂത്ത അച്ഛന്‍ മന്നപ്പന്റെ അമ്പും വില്ലും ചവിട്ടിയൊടിച്ചു. അതോടെ മന്നപ്പന്‍ നാടും വീടും ഉപേക്ഷിച്ച് ഏഴിനും മീതേക്കു യാത്രയായി.

ഇന്നത്തെ കര്‍ണാടകയിലെ കുടകിലേക്കായിരുന്നു യാത്ര. അവിടെ കതിവനൂര്‍ (ഇന്നത്തെ വിരാജ്‌പേട്ടയ്ക്കു സമീപമുള്ള കതനൂര്‍) നാട്ടില്‍ അമ്മാമനും കുടുംബവുമുണ്ട്. കുടകില്‍ കച്ചവടത്തിനു പോകുന്ന ചങ്ങാതിമാര്‍ക്കൊപ്പം യാത്ര ചെയ്യാനായിരുന്നു മന്നപ്പന്റെ പദ്ധതി. എന്നാല്‍, കുമരച്ചന്റെ കോപം ഭയന്ന ചങ്ങാതിമാര്‍ മന്നപ്പനെ കൂടെക്കൂട്ടാന്‍ ആഗ്രഹിച്ചില്ല. മാങ്ങാട്ടെ നെടിയ കാഞ്ഞിരക്കീഴില്‍വച്ച് മദ്യം കൊടുത്തു മന്നപ്പനെ മയക്കിക്കിടത്തിയവര്‍ സ്ഥലം വിട്ടു. ഉണര്‍ന്നപ്പോള്‍ ചങ്ങാതിമാരുടെ ചതി തിരിച്ചറിഞ്ഞ മന്നപ്പന്‍ തനിയെ യാത്രയായി. എങ്കിലും ചങ്ങാതിമാരോട് അവന്‍ പിണക്കം സൂക്ഷിച്ചില്ല. ചങ്ങാതിമാര്‍ എന്നും മന്നപ്പന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. കുടകിലെത്തിയ മന്നപ്പന്‍ മണ്ണില്‍ പൊന്നു വിളയിച്ചും കാലി മേച്ചും എള്ളാട്ടി എണ്ണയുണ്ടാക്കി വിറ്റും അമ്മാമനു തുണയായി. അമ്മാമന്റെ ഭാര്യ കതിവനൂരമ്മയ്ക്കു പെറ്റ മകന്‍ അണ്ണുക്കനെക്കാള്‍ പ്രിയങ്കരനായി മന്നപ്പന്‍. അമ്മാമന്‍ സ്വത്തു ഭാഗം ചെയ്തതു പോലും ഇരുവര്‍ക്കും ഒരു പോലെ.

കനല്‍ പോലെ ചെമ്മരത്തി

kathivanoor-veeran-theyyam-chemmarathi

ഇതിനിടെ എണ്ണ വിറ്റു വരും നാളിലൊരിക്കല്‍ വേളാര്‍കോട്ട് കൂവലിനരികെ കണ്ടുമുട്ടിയ ചെമ്മരത്തിയെ മന്നപ്പന്‍ കണ്ടു മോഹിച്ചു. തന്റേടിയും അന്യജാതി(കാവുതിയ)ക്കാരിയുമായ ചെമ്മരത്തിയെ അമ്മാമനും അമ്മായിക്കും അത്ര ബോധിച്ചില്ല. എങ്കിലും പത്തു പണവും പച്ചോടവും നല്‍കി മന്നപ്പന്‍ ചെമ്മരത്തിയെ സ്വന്തമാക്കി. ആദ്യത്തെ കളിയും ചിരിയും കഴിഞ്ഞപ്പോള്‍ കലഹം പതിവായി. തറുതല പറയുന്നതില്‍ മിടുക്കിയായിരുന്നു ചെമ്മരത്തി. എണ്ണക്കച്ചവടത്തിനു പോയി വൈകിയ മന്നപ്പന്‍ രാത്രി കുടകനൊരുത്തന്റെ എരുതാലയില്‍ പട്ടിണി കിടന്നു. നേരം പുലരാന്‍ ഏഴര നാഴികയുള്ളപ്പോള്‍ വേളാര്‍കോട്ടു വീട്ടിലെത്തി ചെമ്മരത്തിയെ വിളിച്ചെങ്കിലും അവള്‍ വാതില്‍ തുറന്നില്ല. വാതില്‍ ചവിട്ടിത്തുറന്ന് അകത്തെത്തിയ മന്നപ്പനോട് ‘ഇന്നലെ കൂടെക്കഴിഞ്ഞവളുടെ ഒപ്പം പൊയ്‌ക്കോളൂ’ എന്നു ചെമ്മരത്തി കൊള്ളിവാക്കു പറഞ്ഞു.

‘വിശന്നാല്‍ അവനു സഹിക്കില്ല. പാലു ചോദിച്ചാല്‍ പാലും ചോറു ചോദിച്ചാല്‍ ചോറും കൊടുക്കണം’ എന്ന കതിവന്നൂരമ്മയുടെ വാക്കുകള്‍ മറന്ന ചെമ്മരത്തി, പാലിനു പകരം രുധിരം വെട്ടിക്കുടിച്ചു കൊള്ളുകയെന്നും ചോറിനു പകരം തലച്ചോറുണ്ടോളൂ എന്നും മന്നപ്പനോടു പറഞ്ഞു. കോപം മൂത്ത ചെമ്മരത്തി ചാണകമെടുത്ത കൈകഴുകാതെ അരിയെടുത്തു ചോറു വച്ചു. ‘അരിവച്ചാലൊരു കറി വേണ്ടേ ചെമ്മരത്തീ’ എന്ന ചോദ്യത്തിന് ‘നിന്നെ തറിച്ചോ മുറിച്ചോ കറിവയ്‌ക്കേണ്ടത്’ എന്നു മറുചോദ്യമെറിഞ്ഞു. ഒരു പിടി ചോറെടുത്തപ്പോള്‍ മന്നപ്പന്‍ അതില്‍ കല്ലും നെല്ലും തലനാരും കണ്ടു. രണ്ടാമത്തെ ചോറുരുള വായിലെത്തും മുന്‍പ് ഒത്തനടുവെ മുറിഞ്ഞു. മൂന്നാമത്തെ ഉരുള എടുക്കുമ്പോള്‍ പടവിളി കേട്ടു.

കാലികളെയും വിളവുകളും കൊള്ളയടിക്കുന്ന മുത്താര്‍മുടി കുടകര്‍ പട കൂടി എത്തിയതായിരുന്നു. പടവിളി കേട്ടാല്‍ പിന്നെ ഊണു കഴിക്കുന്നത് ആണുങ്ങള്‍ക്കു യോഗ്യതയല്ല. ഊണു മതിയാക്കി ആയുധമെടുത്ത് ഇറങ്ങിയ മന്നപ്പനെ എതിരേറ്റത് ദുശ്ശകുനങ്ങളായിരുന്നു. ‘കുടകരുടെ പടയില്‍ കൊത്തിപ്പോട്ടെ’ എന്ന ചെമ്മരത്തിയുടെ ശാപവാക്കും പിന്നാലെയെത്തി. നട്ടുച്ചയില്‍ ഉദിച്ച നക്ഷത്രം പരാക്രമശാലിയായ മന്നപ്പന്‍ അണ്ണുക്കനെയും കൂട്ടരെയും കൂട്ടി പട നയിച്ചു. പടയില്‍ ജയിച്ച് വരുമ്പോള്‍ മന്നപ്പന്‍ കയ്യിൽ നോവറിഞ്ഞു.

kathivanoor-veeran-theyyam

തന്റെ ചെറുവിരലും പീഠമോതിരവും നഷ്ടമായിരിക്കുന്നു. അംഗവിഹീനനായി താനിനി ഇരിക്കില്ല എന്നു പറഞ്ഞ മന്നപ്പന്‍ പടക്കളത്തിലേക്കു മടങ്ങി. ആയുധങ്ങള്‍ അണ്ണുക്കനെയും കൂട്ടരെയും ഏല്‍പ്പിച്ച് ഏകാകിയായി കാട്ടുവഴിയെ നീങ്ങിയ മന്നപ്പനു നേര്‍ക്കു തോറ്റു മടങ്ങിയ കള്ളപ്പട ആര്‍ത്തലച്ചെത്തി. മന്നപ്പനെ അവര്‍ നൂറ്റെട്ടു തുണ്ടമാക്കി. ഭര്‍ത്താവിന്റെ വരവും കാത്തിരിക്കുകയായിരുന്ന ചെമ്മരത്തി ഈ സമയം ഒരു കാഴ്ച കണ്ടു. മുറ്റത്തെ കദളിവാഴക്കയ്യില്‍ മന്നപ്പന്റെ ചെറുവിരലും പീഠമോതിരവും വന്നു വീണിരിക്കുന്നു. കാര്യം തിരിഞ്ഞ ചെമ്മരത്തി ഭ്രാന്തിയെപ്പോലെ പാഞ്ഞു പടക്കളത്തിലെത്തി.

ഇതിനിടെ, അണ്ണുക്കനും കൂട്ടരും മന്നപ്പന്റെ ശരീരഭാഗങ്ങള്‍കണ്ടെത്തി ചേര്‍ത്തുവച്ചു. മന്നപ്പനായി ചിതയൊരുക്കപ്പെട്ടു. അമ്മാമനും അമ്മായിയും കൂട്ടരും വാവിട്ടുകരഞ്ഞു. ചിതയ്ക്ക് തീ കൊളുത്തിയ അണ്ണുക്കന്‍ അകം നൊന്ത് നീറി നില്‍ക്കെ ചെമ്മരത്തി ചിതയോടു ചേര്‍ന്നു നിന്നു. ചിതയില്‍ തീ പടരവെ അവള്‍ ആകാശത്തേക്കു കണ്ണുയര്‍ത്തി വിളിച്ചുപറഞ്ഞു, ‘നോക്ക്, നട്ടുച്ചയ്‌ക്കൊരു നക്ഷത്രം’. ചുറ്റും നിന്നവര്‍ ആകാശത്തേക്കു നോക്കെ ചെമ്മരത്തി ചിതയില്‍ ചാടി ജീവനൊടുക്കി. കുറ്റബോധവും തീവ്രസ്‌നേഹവുമാണ് ചെമ്മരത്തിയെ അതിനു പ്രേരിപ്പിച്ചത്.

തെയ്യത്തിന്റെ പിറവി

പുല തീര്‍ന്നു കുളിക്കാന്‍ വാന്താര്‍മുടിപ്പുഴയില്‍ ഇറങ്ങിയ അണ്ണുക്കന്‍ മീത്തലെക്കടവില്‍ കുളിക്കുന്ന മന്നപ്പനെയും ചെമ്മരത്തിയെയും കണ്ടു. മരിച്ച മന്നപ്പന്‍ അണ്ണുക്കനിലൂടെ വെളിപ്പെട്ടു. വെളിപാടു കേട്ട് നേരമ്മാമന്‍, വസുവനക്ക നലാടിയെന്ന കോലക്കാരനെ വിളിച്ചു തെയ്യം കെട്ടാന്‍ അടയാളം കൊടുത്തു. അങ്ങനെയാണു ക തിവനൂര്‍ വീരന്‍ തെയ്യത്തിന്റെ പിറവി. പിന്നീട് കണ്ണൂര്‍ ജില്ലയിലെ ആമേരിയില്‍ നിന്നു കുടകിലെത്തിയ നാലു തീയ്യ പ്രമാണികള്‍ക്കൊപ്പം മന്നപ്പന്‍ തെയ്യം മലനാട്ടിലുമെത്തി ആമേരി വീരനായി. ഇതിനിടെ മന്നപ്പനൊപ്പം ചെമ്മരത്തിക്കും തെയ്യം കെട്ടില്‍ സ്ഥാനം ലഭിച്ചു.

kathivanoor-veeran-theyyam-gurukkal-theyyam

തെയ്യക്കോലമായില്ലെങ്കിലും ചെമ്മരത്തിത്തറയിലെ നിലവിളക്കായി അവള്‍ കളിയാട്ടത്തറയില്‍ നിറഞ്ഞുനില്‍ക്കുന്നു. തന്റെ ജീവിതം പറയുന്നിടത്തെല്ലാം മന്നപ്പന്‍ എന്റെ ചെമ്മരത്തീ’യെന്ന് ആര്‍ദ്രനായി വിളിക്കുന്നുണ്ട്. നാടുവാഴിയുടെ മാറാവ്യാധി ചികിത്സിച്ചു മാറ്റിയതിന്റെ പേരില്‍ കഴുവിലേറേണ്ടി വന്ന കൂടാളിത്തറയില്‍ കുഞ്ഞിരാമനെയും മന്നപ്പന്‍ തെയ്യം കൂടെക്കൂട്ടി കുരിക്കള്‍ (ഗുരുക്കള്‍) തെയ്യമാക്കി. കതിവനൂര്‍ വീരന്‍ തെയ്യത്തിന്റെ കളിയാട്ടം നടക്കുന്നിടത്തെല്ലാം കുരിക്കള്‍ തെയ്യവുമുണ്ട്.

അടയാളം കൊടുക്കല്‍

തെയ്യം നടത്താന്‍ത തീരുമാനിച്ചാല്‍പ്പിന്നെ അടയാളം കൊടുക്കലാണ് ആദ്യ പടി. ഓരോ ദേശത്തും തെയ്യം കെട്ടുന്നതിന് കുടുംബപരമായി അവകാശമുള്ള കോലക്കാരുണ്ട്. അടയാളം ലഭിച്ചുകഴിഞ്ഞാല്‍തെയ്യം കെട്ടുന്നയാള്‍വ്രതത്തിലാകും. കാരണവന്‍മാര്‍ക്കു വീതുവച്ച്, ആചാരാനുഷ്ഠാനങ്ങളോടെയാണു തെയ്യക്കാരന്‍ കളിയാട്ടത്തിനായി പുറപ്പെടുന്നത്. ഒരു ദിവസം സന്ധ്യയ്ക്കു തുടങ്ങി പിറ്റേന്നാള്‍സന്ധ്യ വരെ നീണ്ടുനില്‍ക്കുന്നതാണു കതിവനൂര്‍ വീരന്‍ തെയ്യത്തിന്റെ ചടങ്ങുകള്‍.

തോറ്റമുണരുന്നു

ഇനി നമുക്കു കളിയാട്ടക്കാവിലേക്കു പോകാം. തോറ്റം പാട്ടാണ് ഇപ്പോൾ കേള്‍ക്കുന്നത്. തെയ്യത്തെ ദൈവക്കരുവായി ഉണര്‍ത്തുകയാണ്. തെയ്യം നടക്കുന്നതിനു രണ്ടു നാൾ ‍മുന്‍പേ സന്ധ്യയ്ക്കു കാവിലോ, കളിയാട്ടത്തറയിലോ ചെന്നാല്‍ തിടങ്ങൽ തോറ്റം കേള്‍ക്കാം. ഇതു കതിവനൂര്‍ വീരന്‍ കെട്ടുന്ന കോലക്കാരന്‍ തന്നെ ചെയ്യണമെന്നില്ല. തെയ്യം കെട്ടാന്‍ അറിയുന്ന ആര്‍ക്കും ഇതു ചെയ്യാം. പിറ്റേന്നു സന്ധ്യയോടെ വലിയ തോറ്റം തുടങ്ങുകയായി. ഇതാണ് കതിവനൂര്‍ വീരന്‍ തെയ്യത്തിന്റെ ഏറ്റവും പ്രധാന ഭാഗം. കോലക്കാരന്റെ ശരീരത്തിലേക്കു മന്നപ്പന്‍ ദൈവത്തെ തോറ്റിയുണര്‍ത്തുകയാണ്. ചുറ്റുമുള്ളവര്‍ തോറ്റം പാട്ടിലൂടെ കതിവനൂര്‍ വീരന്റെ കഥ പറയുന്നു. അരയില്‍ തൂക്കിയ മദ്ദളത്തില്‍ താളം കൊട്ടി കോലക്കാരന്‍ കൂടെയുണ്ട്. തോറ്റമുറഞ്ഞ് ശരീരത്തിലേക്കു മന്നപ്പന്‍ ദൈവം ആവേശിക്കുന്നതോടെ ചലനങ്ങള്‍ തീവ്രമാകുന്നു. പിന്നെ കോലക്കാരനില്ല, കതിവനൂര്‍ വീരന്‍ മാത്രം.

kathivanoor-veeran-theyyam-chengathi-thara

തോറ്റമുറഞ്ഞു കഴിഞ്ഞു. വീരനാണിപ്പോളവന്‍. വാളും പരിചയും ഉറുമിയും പ്രയോഗിക്കുന്നു, കളരിയഭ്യാസമുറകള്‍ പയറ്റുന്നു. വീരന്‍ അണിയറയിലേക്കു പിന്‍മാറിയശേഷം പുലര്‍ച്ചെ രണ്ടു മണിയോടെ കുരിക്കള്‍ തെയ്യത്തിന്റെ വരവായി. പിന്നെയാണു കൊടിയില തോറ്റം. ഇതോടെ മനുഷ്യനായ കോലക്കാരൻ ദൈവമായി മാറുകയാണ്. പിന്നെ കോമരം കാവിനുള്ളില്‍ നിന്നു പൂജിച്ചു കൊണ്ടു വന്ന അരിയും വെറ്റിലയും അടയ്ക്കയും മന്ത്രോച്ചാരണങ്ങളോടെ കോലക്കാരനു സമര്‍പ്പിക്കുന്നു. ഇത് അണിയറയ്ക്കുള്ളിലാണു നടക്കുന്നത്. കാവിനോടു ചേര്‍ന്നു തന്നെയാണ് മറച്ചു കെട്ടിയ അണിയറ. ഇവിടേക്കു പുറമേ നിന്നുള്ളവര്‍ക്കു പ്രവേശനമില്ല. അവിടെ ഒരു മനുഷ്യന്‍ ദൈവമാകുന്ന സൃഷ്ടികര്‍മം നടക്കുകയാണ്. അകത്തുനിന്നു ചിലമ്പിന്‍ കിലുക്കം കേള്‍ക്കയായി. പുറത്തുനിന്നു രണ്ടുപേര്‍ വരവിളി വിളിക്കുന്നു.

അകത്ത് ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ പുറത്തു വീണ്ടും തോറ്റം പാട്ടാണ്. ഇക്കുറി അണിഞ്ഞ തോറ്റമാണു പാടുന്നത്. തെയ്യക്കാരന്‍ അലങ്കാരങ്ങള്‍ അണിയുകയാണ്. തോറ്റം മനസ്സിലേക്ക് ആവാഹിച്ചു കോലക്കാരന്‍ ദൈവീകപൂര്‍ണതയിലേക്ക് എത്തുന്നു.

ചങ്ങാതിത്തറ

പുലര്‍ച്ചെ ഏതാണ്ട് അഞ്ചു മണിയായിരിക്കുന്നു. അണിയറയില്‍ നിന്ന് പുറമേക്ക് അണയുകയാണ് ആ വീരന്‍. ഇതുവരെ കണ്ട ആളല്ല. പൗരുഷത്തിന്റെ ആള്‍ രൂപം. ചെന്നിറം നിറഞ്ഞ മുടിയും ആടയാഭരണങ്ങളും. എല്ലാം പ്രകൃതിയില്‍ നിന്നു കടമെടുത്തവ തന്നെ. മുറ്റത്തു വാഴത്തട കൊണ്ട് ഒരുക്കിയ ചങ്ങാതിത്തറയില്‍പന്തങ്ങള്‍ ആളിക്കത്തുന്നു. തെയ്യം ആദ്യം ഇതിനു മുന്നിലാണ് എത്തുന്നത്. ചങ്ങാതിത്തറയിലെ പന്തങ്ങള്‍ മന്നപ്പന്റെ കൂട്ടുകാരെ പ്രതിനിധാനം ചെയ്യുന്നു. ബാല്യം മുതൽ സൗഹൃദത്തിന്റെ സത്യത്തിനായി നിലകൊണ്ട മന്നപ്പന്‍ ചങ്ങാതിമാരോടു തന്റെ ജീവിതം പങ്കുവയ്ക്കുന്നു. ഇനിയങ്ങോട്ടു തോറ്റക്കാരുടെ പിന്തുണയില്ലാതെ ദൈവം ഒറ്റയ്ക്കു തന്റെ കഥ പറയുകയാണ്. പിന്നെ നമ്മള്‍ കാണുന്നത് എന്തിനെക്കുറിച്ചും അറിവുള്ള, വീരനായ എന്നാല്‍, ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളും നേരിടുന്ന പച്ചമനുഷ്യനെയാണ്. കണ്ടീം താവളവും എന്ന ഭാഗമെത്തുമ്പോള്‍ കോലക്കാരന്റെ ഓര്‍മശക്തി നമ്മെ അതിശയിപ്പിക്കുന്നു.

kathivanoor-veeran-theyyam-blessings

മാങ്ങാട്ടെ നെടിയ കാഞ്ഞിരക്കീഴു മുതല്‍ കുടകിലെ കതിവനൂര്‍ വരെയുള്ള യാത്രയാണ് വിവരിക്കുന്നത്. പോയ വഴിയും കണ്ട കാഴ്ചകളും വഴിയിലെ ആരാധനാലയങ്ങളും തെറ്റാതെ പറഞ്ഞ് തെയ്യം മനസ്സുകൊണ്ടു കുടകിലേക്കു യാത്രയാകുകയാണ്. ആ കൂടെ നമ്മളും ഒരു യാത്രയിലാണ്. ചെമ്മരത്തിയുമായുള്ള വിവാഹത്തിന്റെ ഭാഗമെത്തുമ്പോള്‍ നാമും ആ വിവാഹഘോഷത്തിന്റെ ഭാഗമാകുന്നു. ചെമ്മരത്തിക്കു പുടവ വാങ്ങാന്‍ കാണികള്‍ പണം കാണിക്കയായി നല്‍കുന്നു. ഇനിയങ്ങോട്ടു ചങ്ങാതിത്തറ ചെമ്മരത്തിത്തറയാണ്. ചെമ്മരത്തിയും മന്നപ്പനും തമ്മിലുള്ള കലഹങ്ങളാണു പിന്നെ. ഒരു നിമിഷം നാം അമ്പരക്കും, ഇതെന്റെ വീട്ടിലും നടക്കുന്നതല്ലേ... പടവിളി കേട്ട് ഊണു മതിയാക്കി മന്നപ്പന്‍ പടക്കളത്തിലേക്കു പോകുമ്പോള്‍ കാത്തിരിക്കുന്ന ആ അനിവാര്യമായി വിധി നമ്മെ അസ്വസ്ഥരാക്കിത്തുടങ്ങും. പ്രിയപ്പെട്ട ആരോ ദുശ്ശകുനങ്ങളെ കൂസാതെ പടയ്ക്കു പോകുകയാണ്. മന്നപ്പന്റെ പടക്കളത്തിലെ വീര്യം ആരെയും അദ്ഭുതപ്പെടുത്തും. പടയില്‍ ചെറുവിരല്‍ നഷ്ടപ്പെട്ട മന്നപ്പന്‍, ചെമ്മരത്തി തന്നെ കൂവേന്‍ (അംഗവിഹീന്‍) എന്നു വിളിക്കുമെന്നു ഭയന്ന് പടയിലേക്കു തിരികെപ്പോകുമ്പോള്‍ അണ്ണുക്കനെ പോലെ പിന്‍‌വിളി വിളിക്കാന്‍ നമ്മളും മോഹിക്കും. ആ വീരന്‍ മരണം ഏറ്റുവാങ്ങുമ്പോളും മന്നപ്പന്റെ ചിതയില്‍ ചെമ്മരത്തി ഉടന്തടിയായി ചാടുമ്പോഴും വേര്‍പാടിന്റെ ചുട്ടുനീറ്റം കാണികളും അറിയുന്നു. പിന്നെ ദൈവക്കരുവായി ഉയര്‍ത്തെഴുന്നേല്‍ക്കുന്ന മന്നപ്പന്‍ പ്രതിസന്ധികളില്‍ ഉഴലുന്നവരുടെ രക്ഷകനാകുകയാണ്. വീഴ്ചകളുടെ നോവാറാത്ത എന്റെ മനസ്സ് ഈ ദൈവത്തിനു മുന്നില്‍ അര്‍പ്പിക്കട്ടെ...

ഗൃഹസന്ദര്‍ശനം

മന്നപ്പന്‍ ജീവിതത്തില്‍ എല്ലായിടത്തും വിജയിച്ചവനല്ല. സാധാരണ ദാമ്പത്യത്തിലെ എല്ലാ കല്ലുകടികളും ദാമ്പത്യത്തില്‍ അനുഭവിക്കേണ്ടി വന്നു. അച്ഛനുമായുണ്ടായ അഭിപ്രായവ്യത്യാസവും നാടു വിടലുമൊക്കെ പല കുടുംബങ്ങളിലും സംഭവിക്കുന്നതു തന്നെ. ചങ്ങാതിമാരുടെ ചതിയും അവരുടെ സ്‌നേഹവും ആവോളം അനുഭവിച്ചവന്‍. അന്യജാതിക്കാരിയെ വിവാഹം കഴിച്ചവന്‍. അന്യജാതിക്കാരനായ കുരിക്കള്‍ തെയ്യത്തിനെ സഹചാരിയാക്കിയവന്‍. അനുഭവങ്ങളുടെ ഈ സമൃദ്ധിയാണ് മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളില്‍ വേണ്ട ഉപദേശങ്ങൾ നല്‍കാന്‍ മന്നപ്പനു തുണയാകുന്നത്. തെയ്യത്തിന്റെ അവസാന ഭാഗത്താണ് ഗൃഹസന്ദര്‍ശനം. തെയ്യം കഴിപ്പിക്കുന്ന വീട്ടിലേക്ക് ആദ്യമെത്തുന്നു. ആ കുടുംബത്തില്‍ ഒാരോരുത്തര്‍ക്കും വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നു. പിണങ്ങിയവരെ പൊരുത്തപ്പെടുത്തുന്നു. അറ്റുപോയ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നു. കാഴ്ചക്കാര്‍ക്കും തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു തെയ്യത്തോടു പരിഹാരം തേടാം. എത്ര പാണ്ഡിത്യമുള്ളയാളിന്റെയും ചോദ്യങ്ങള്‍ക്ക് അവിടെ മറുപടിയുണ്ടാകും. സന്ധ്യയിരുളുകയായി. ഇനി ചെമ്മരത്തിയൂട്ടാണ്. ചടങ്ങുകള്‍ ഇവിടെ തീരുന്നു. ശാന്തി നിറഞ്ഞ മനസ്സുമായി കാണികള്‍ മടങ്ങുകയായി. തിരുമുടിയഴിച്ച കോലക്കാരന്‍ വീണ്ടും മനുഷ്യനായി മാറുകയാണ്, അടയാളം ലഭിച്ചു വീണ്ടും ദൈവമായി ഉയിര്‍ക്കാന്‍...