Wednesday 09 October 2019 11:29 AM IST

കടലിൽ നിന്ന് പത്തുമീറ്റർ അകലമുള്ള ക്ഷേത്ര കിണറിൽ ലഭിക്കുന്നത് തെളിഞ്ഞ ശുദ്ധജലം! ശാസ്ത്രത്തിന് അദ്ഭുതമായി കാട്ടിൽമേക്കതിൽ ഭഗവതി

V R Jyothish

Chief Sub Editor

kattoilhbvvc ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

നേരം ഇനിയും വെളുത്തിട്ടില്ല! കൊല്ലം–ആലപ്പുഴ ദേശീയപാതയിൽ ശ ങ്കരമംഗലത്ത് വലിയ തിരക്കായിരുന്നു. പടിഞ്ഞാറേക്കു പോകുന്ന ഇടുങ്ങിയ റോഡ്. അഭിലാഷങ്ങൾ മണികിലുക്കമാകുന്ന കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലേക്കുള്ളതാണ് ആ വഴി. ഇവിടെ എല്ലാ വെളുപ്പാൻകാലങ്ങളും ഇങ്ങനെയാണ്. കാട്ടിൽമേക്കതിലേക്കു പോകുന്ന ഭക്തരുടെ തിക്കും തിരക്കും.

പറഞ്ഞു കേട്ട അദ്ഭുതങ്ങളിലേക്കായിരുന്നു ആ യാത്ര! സുനാമിയുടെ രാക്ഷസത്തിരകളെ അതിജീവി ച്ച ചെറിയൊരു ക്ഷേത്രവും അതിനു ചുറ്റുമുള്ള കട ലോരവും ഇത്രയ്ക്കു പ്രശസ്തമായിട്ട് ഏതാനും വർഷങ്ങളേ ആകുന്നുള്ളു. തിരമാലകളെക്കാൾ കൂ ടുതൽ ഉച്ചത്തിൽ വിശ്വാസത്തിന്റെ മണി മുഴങ്ങുന്ന ൈദവസന്നിധി. കടലിനും കായലിനും ഇടയ്ക്കുള്ള ഇത്തിരി തുരുത്തിൽ ഭക്തരുടെ അഭിലാഷങ്ങൾക്കു സാന്ത്വനമേകുന്ന അമ്മ. കാട്ടിൽമേക്കതിൽ ഭദ്രകാളി ക്ഷേത്രത്തെ സംബന്ധിച്ച വിശേഷങ്ങളും കടലു പോലെയാണ്....

ശങ്കരമംഗലത്തു നിന്നു പടിഞ്ഞാറു പോകുന്ന റോഡ് അവസാനിക്കുന്നത് കൊട്ടാരക്കടവിലാണ്. പേരു പോലെ തന്നെ ഒരു കൊട്ടാരമുണ്ടായിരുന്നു അവിടെ. ടി. എസ് കനാൽ എന്ന് ഇപ്പോൾ വിളിപ്പേരുള്ള കായൽ ചാലിലാണ് കൊട്ടാരക്കടവ്. ഈ കടവു ക ടന്നു കയറുന്നത് വെള്ളമണൽ വിരിച്ച കടപ്പുറത്തേക്കാണ്. ക ടലിനോടു ചേർന്നാണ് മണി കിലുക്കത്തോടെ വിശ്വാസലക്ഷങ്ങളുെട ആശ്രയമായ കാട്ടിൽമേക്കതിലമ്മയുെട ശ്രീകോവിൽ.

‘എല്ലാ ദിവസവും പൊങ്കാല, എല്ലാ ദിവസവും പുതിയ ഉടയാട, എല്ലാ ദിവസവും അന്നദാനം... ഇതൊക്കെ വേറെ ഏതു ക്ഷേത്രത്തിൽ ഉണ്ടാകും’ കൊട്ടാരക്കടവിൽ നിന്നുള്ള  ജങ്കാറിലിരിക്കുമ്പോൾ ഭക്തരിൽ ആരോ പറഞ്ഞു. തെക്കൻകേരളത്തിൽ നിന്നാണു കൂടുതൽ ഭക്തരും. പിന്നെ, കന്യാകുമാരി, തിരുനെൽവേലി നാഗർകോവിൽ തുടങ്ങി തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും. ഇപ്പോൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്നു. വിദേശത്തു നിന്നും ആൾക്കാരെത്തുന്നുണ്ട്, വിശ്വാസത്തിന്റെ മണികെട്ടുവാൻ.

പതിനഞ്ചു വര്‍ഷം മുന്‍പ് ഡിസംബറിൽ താണ്ഡവമാടിയ സുനാമി പക്ഷേ, അവശേഷിപ്പിച്ച അദ്ഭുതമാണ് കാട്ടിൽമേക്കതിൽ ഭഗവതി ക്ഷേത്രം. കടലിൽ നിന്ന് പത്തുമീറ്റർ മാത്രമാണു ക്ഷേത്രത്തിലേക്കുള്ള ദൂരം. എന്നിട്ടും ആരോ തിര ഒഴിച്ചുവിടുന്നതുപോലെ തീരം സുരക്ഷിതമായപ്പോൾ വിശ്വാസികൾ അദ്ഭുതപ്പെട്ടു. സുനാമിത്തിരകൾ ഒഴിച്ചിട്ടുപോയ ഈ ക്ഷേത്ര വും പരിസരവും അങ്ങനെ വാർത്തകളിൽ നിറഞ്ഞു. ആ അദ്ഭുതത്തിനുശേഷമാണ് കടലിലെ തിരമാലകൾ പോലെ ഇവിടെ ഭക്തലക്ഷങ്ങൾ തീരമണയാൻ തുടങ്ങിയത്.

ഐതിഹ്യങ്ങൾ

IMG_0104

മനകളുടെ നാട് എന്നാണ് പന്മന പണ്ടേ അറിയപ്പെടുന്നത്. പന്മനയ്ക്കു പടിഞ്ഞാറ് കടലിനും കായലിനും മധ്യേയാണ് പൊൻമനയുടെ കിടപ്പ്. കായലിനും കടലിനും ഇടയിലായി സ്ഥിതി െചയ്യുന്ന അപൂർവം ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണിത്.

‘‘കേട്ടുകേൾവിയോ വിശ്വാസങ്ങളോ അല്ല കാട്ടിലമ്മയുെട തിരുസന്നിധിയെ ഐതിഹ്യങ്ങളുമായി അടുപ്പിക്കുന്നത്. തെളിവുകളാണ്.’’ ക്ഷേത്രകുടുംബാംഗമായ ഗോപാലകൃഷ്ണൻ ഇവിടെയുള്ള കിണറുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു. ഐതിഹ്യങ്ങളിൽ അഞ്ചു കിണറുകളെക്കുറിച്ചു പറയുന്നുണ്ട്. ആ അഞ്ചു കിണറും ഇപ്പോഴും ഇവിടെയുണ്ട്. ശാസ്ത്രത്തിനും അദ്ഭുതമാണ് ഈ കിണറുകൾ.

കടൽക്കരയിൽ നിന്നു കിലോമീറ്ററുകൾ അകലെയാണെങ്കിലും സാധാരണഗതിയിൽ വെളളത്തിൽ ഉപ്പുരസം ഉണ്ടാകാറുണ്ട്. എന്നാൽ ഇവിടുത്തെ അദ്ഭുതം കടലിൽ നിന്ന് പത്തു മീറ്റർ മാത്രം ദൂരമുള്ള കിണറിൽ നിന്നു ലഭിക്കുന്നത് ഉപ്പുരസമോ ചെളിയോ ഇല്ലാത്ത തെളിഞ്ഞ ശുദ്ധജലം. കുപ്പിയിലെടുത്താൽ മിനറൽ വാട്ടർ ആെണന്നേ തോന്നൂ.

ദിവസേന എത്തുന്ന ആയിരക്കണക്കിനു ഭക്തരുടെ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്നതും ഈ വെള്ളം തന്നെ. അ തുപോലെ ഐതിഹ്യപ്പെരുമയിൽ പലപ്പോഴും വന്നുപോകുന്നുണ്ട് മൂന്ന് കരിമ്പനകൾ. കാരണവന്മാർക്ക് ദൈവസാന്നിധ്യം ബോധ്യപ്പെടുത്തിയ ഇടങ്ങൾ. ആ മൂന്ന് കരിമ്പനകളിൽ ഒന്ന് ഇപ്പോഴുമുണ്ട് ക്ഷേത്രത്തിനടുത്ത്. മറ്റൊന്ന് ഈ അ ടുത്ത കാലത്താണ് വീണത്.

_REE9317

‘‘ചമ്പക്കുളത്ത് നിന്നു മുതലപ്പുറത്തേറിയാണ് ദേവി വന്നത് എന്ന് മറ്റൊരു വിശ്വാസമുണ്ട്.’’ ക്ഷേത്ര തന്ത്രി ഉണ്ണികൃഷ്ണൻ ശാന്തി പറയുന്നു. ‘‘കാട്ടിൽപടീറ്റ എന്ന പേരിൽ ഒരു കുടുംബം ഉണ്ടായിരുന്നു. അവരാണ് ചമ്പക്കുളത്തു നിന്ന് ദേവീചൈതന്യം ഇവിടെ എത്തിച്ചതത്രേ. ദേവീ ആദ്യം ഒരു വിളക്കു കണ്ട് തൊഴുതു എന്നും മാലയിൽ എന്നു പേരുള്ള ത റവാട്ടിലെ കെടാവിളക്കായിരുന്നു അതെന്നുമാണ് വിശ്വാസം. അതെന്തായാലും മാലയിൽ തറവാട്ടിലെ കെടാവിളക്ക് ഇന്നും അതുപോലെയുണ്ട്.

ക്ഷേത്രദർശനത്തിന് എത്തുന്നവർ ഈ കെടാവിളക്ക് കണ്ട ശേഷമാണ് ശ്രീകോവിലിലേക്കു പോകേണ്ടത്. മാത്രമല്ല, ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഏത് ആഘോഷവും തുടങ്ങുന്നത് ഇവിടത്തെ കെടാവിളക്കിനെ വലം വച്ചതിനുശേഷമാണ്.’’ ചമ്പക്കുളത്തു നിന്ന് കൊടിക്കൂറ കൊണ്ടുവന്നാണ് ഇ വിടെ ഇപ്പോഴും ഉത്സവം കൊടിയേറുന്നത്.

ക്ഷേത്ര ഐതിഹ്യങ്ങളുടെ താളിയോലകളിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ മഹാരാജാവിന്റെ പേ രുമുണ്ട്. ഒരിക്കൽ ഓടനാട് രാജാവിനെ സന്ദർശിച്ചശേഷം വ ഞ്ചിയിൽ തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മാര്‍ത്താണ്ഡവര്‍മയ്ക്ക് ഈ പ്രദേശത്തു വന്നപ്പോൾ ദേവീ ചൈതന്യം അനുഭവപ്പെട്ട് അദ്ദേഹം വഞ്ചിയിൽ നിന്നിറങ്ങി ധ്യാനനിരതനായെന്നും ഈ പ്രദേശത്ത് ഒരു ക്ഷേത്രം ഉയരുമെന്ന് പ്രവചിച്ചെന്നുമാണ് താളിയോലകൾ വ്യക്തമാക്കുന്നത്.

പിന്നീട് അദ്ദേഹം ഈ സ്ഥലത്ത് ഒരു കൊട്ടാ രം പണികഴിപ്പിച്ചു. കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഇന്നുമുണ്ട്. സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രമാണ് ഇപ്പോൾ കൊട്ടാരാവശിഷ്ടങ്ങളിൽ പ്രവർത്തിക്കുന്നത്. മാത്രമല്ല ഈ പ്രദേശം കൊട്ടാരക്കടവ് എന്ന് അറിയപ്പെടുന്നു.

ghyykkui

ഈ ഐതിഹ്യത്തിന്റെ സാംഗത്യം എന്തായാലും മാർത്താണ്ഡവർമ മഹാരാജാവിന്റെ ജലയാത്ര യാഥാർഥ്യം ത ന്നെയാണ്. കാരണം ഇന്ന് ടി.എസ്. കനാൽ (തിരുവനന്തപുരം– ഷൊർണൂർ കനാൽ) എന്ന് അറിയപ്പെടുന്ന ജലപാതയായി രുന്നു അന്ന് വിവിധ നാട്ടുരാജ്യങ്ങളായിരുന്ന കേരളത്തെ ഒന്നിപ്പിച്ചിരുന്നത്.

തിരുവനന്തപുരത്തു നിന്നു തുടങ്ങി ഷൊർണൂരിലായിരുന്നില്ല ഈ ജലപാതയുടെ അവസാനം. വടക്കോട്ട്  പിന്നെയും ജലവഴികൾ ഉണ്ടായിരുന്നു. യാത്രകള്‍ക്കു മാത്രമല്ല, ചരക്ക് ഗതാഗതത്തിനും ഉപയോഗിച്ചിരുന്നത് ഈ ജലമാര്‍ഗമാണ്.

‘‘മഹാരാജാവ് യാത്ര ചെയ്ത അതേ ജലപാതയിലൂടെ മഹാകവി കുമാരനാശാനും യാത്ര ചെയ്തിട്ടുണ്ട്. അങ്ങനെ പൊൻമന അദ്ദേഹത്തിനും ഇഷ്ടപ്പെട്ട സ്ഥലമായി. കുമാരനാശാന്റെ ഓർമയ്ക്കായി പതിറ്റാണ്ടുകൾക്കു മുൻപേ തുടങ്ങിയ വായനശാല ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.’’ ക്ഷേത്രഭരണസമിതി പ്രസിഡന്റ് സന്തോഷ് കുമാർ പറയുന്നു.

ആഗ്രഹങ്ങൾ മണികളാകുമ്പോൾ

ഇന്ത്യയിൽ തന്നെ അപൂർവം ക്ഷേത്രങ്ങളിലേ ഉള്ളൂ മണി െകട്ടുന്ന ആചാരം. ആഗ്രഹങ്ങൾ മണികിലുക്കമാകുന്ന ഈ പ്രാർഥന കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ എന്നു തുടങ്ങി എന്നതിനെ സംബന്ധിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. ക്ഷേത്രത്തിൽ വിളക്കു വച്ച് ആരാധന തുടങ്ങിയ കാലം മുതൽക്കേ മണി കെട്ടുന്ന സമ്പ്രദായം ഉണ്ടായിരുന്നു എന്നു പറയുന്നവരുണ്ട്.

mani

മൂന്നു പതിറ്റാണ്ടിനിപ്പുറമാണ് മണി കെട്ടുന്ന ചടങ്ങ് ഇ ത്രയ്ക്കും പ്രശസ്തമായത് എന്നും അനുഭവസ്ഥർ ചൂണ്ടിക്കാ ട്ടുന്നു. അതിനു കാരണമായി പറയുന്ന സംഭവമിങ്ങനെ;

ഒരിക്കൽ ക്ഷേത്രത്തിൽ വൃശ്ചിക മഹോത്സവത്തിന് കൊ ടിയേറ്റുന്നതിനിടെ കൊടിമരത്തിൽ നിന്ന് ഒരു മണി അടർന്നു താഴെ വീണു. അതുകണ്ട പൂജാരി മണിയെടുത്ത് തൊട്ടടുത്തു നിന്ന പേരാലിൽ കെട്ടി. അതിനുശേഷം പൂജാരിയുടെ  ജീവിതത്തിൽ അഭിവൃദ്ധിയുണ്ടായി. ദേവപ്രശ്നത്തിൽ പേ രാലിൽ മണി കെട്ടുന്നത് ദേവിക്ക് ഇഷ്ടപ്പെട്ട വഴിപാടാണ് എന്നു തെളിയുകയും അതിന്റെ അടിസ്ഥാനത്തിൽ ഭക്തർ മണി കെട്ടിത്തുടങ്ങിയെന്നുമാണ് ഒരു വിശ്വാസം.

‘‘കൊടിമരത്തിൽ നിന്ന് അടർന്നു വീണ മണി പേരാലിൽ കെട്ടാൻ പ്രേരിപ്പിച്ചത് ആരാണ്? കാട്ടിലമ്മയല്ലാതെ മറ്റാരുമായിരിക്കില്ല...’’ ആ അദ്ഭുതത്തിനു മുന്നിൽ കൈകൂപ്പുന്നു ക്ഷേ ത്രത്തിലെ മുഖ്യ പൂജാരി വിനോദ് ശാന്തി.

പേരാലിന്റെ  ശിഖരങ്ങളിൽ പകുതിയിലേറെയും മണി കൊ ണ്ട് നിറഞ്ഞിരിക്കുന്നു. ഒരു മാസം ശരാശരി നാലു ലക്ഷം മ ണികളാണ് കെട്ടുന്നത്. നട തുറന്നിരിക്കുമ്പോഴെല്ലാം പേരാ ലിനു ചുറ്റും ഒരുകൂട്ടം ഭക്തർ വലംവച്ചുകൊണ്ടിരിക്കുന്നു.

‘‘ഒരാള്‍ക്ക് എത്ര മണി വേണമെങ്കിലും കെട്ടാം. ഒന്നു മുത ൽ ആയിരം മണി വരെ കെട്ടുന്നവരുണ്ട്. സ്വർണമണി കെട്ടുന്നവരും ഉണ്ട്. അതെല്ലാം ഭക്തരുടെ മനസ്സിലെ സങ്കൽപം അനുസരിച്ചായിരിക്കും.

ശ്രീകോവിലിൽ പൂജിച്ചു കൊടുക്കുന്ന മണിയുമായി പേ രാലിനെ ഏഴു പ്രാവശ്യം വലം വയ്ക്കണം. അതിനുശേഷമാണ് മണി കെട്ടുന്നത്. ഒരിക്കൽ കെട്ടുന്ന മണി അഴിച്ചെടുക്കാറില്ല. ചരടു ദ്രവിച്ച് പൊട്ടി വീഴുന്ന മണികളേ എടുക്കാറുള്ളൂ. കാരണം ഓരോ മണിയും ഓരോ ആഗ്രഹമാണ്. ഓരോ പ്രാ ർഥനയാണ്.’’ ക്ഷേത്ര ഭാരവാഹിയും ഭരണസമിതി സെക്രട്ടറിയുമായ ബിജു റ്റി. പറയുന്നു.

_REE9353

ഭജനം പാർത്ത് പന്ത്രണ്ടു ദിവസം

വർഷത്തിൽ പന്ത്രണ്ടു ദിവസം കാട്ടിലമ്മയുടെ തിരുനടയിൽ കുടിലുകെട്ടി താമസിക്കാനെത്താറുണ്ട് ഭക്തജനങ്ങൾ. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ഉത്സവകാലത്താ ണ് ഈ ഭജനം പാർക്കൽ. മുൻപ് ഓല കൊണ്ടായിരുന്നു കു ടിലുകൾ കെട്ടിയിരുന്നത്. ഇപ്പോൾ സുരക്ഷ മുൻനിർത്തി സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഓല ഒ ഴിവാക്കി മറ്റു മാർഗങ്ങൾ സ്വീകരിച്ചു. വൃശ്ചികം ഒന്നിന്  ഭജനം പാർക്കാനെത്തിയാൽ പന്ത്രണ്ടു ദിവസം കഴിഞ്ഞേ ക്ഷേത്രപരിസരം വിട്ടുപോകാൻ പാടുള്ളൂ. സകുടുംബമാണ് പങ്കെടുക്കേണ്ടത്. മൂന്നു േനരവും ക്ഷേത്രദർശനം നടത്തണം.  ക്ഷേത്രത്തിൽ നിന്ന് ആഹാരം ഉണ്ടാകും.

കുടിലിനകത്ത് പുഴുക്കുകളും ഉണ്ടാക്കാം. ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി തുടങ്ങിയവയാണ് പുഴുക്കിനുള്ള ഇനങ്ങൾ. ഈ പുഴുക്ക് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പങ്കു വയ്ക്കുകയും ചെയ്യും. ഇതു പ്രസാദമായാണ് കണക്കാക്കുന്നത്.

കുടിലുകളിൽ എന്നും സന്ധ്യയ്ക്ക് നിലവിളക്കു കത്തിക്കും. കണ്ണിന് ആനന്ദമുണ്ടാക്കുന്ന കാഴ്ചയാണ് അത്. പടി  ഞ്ഞാറ് അറബിക്കടലും കിഴക്ക് െവളിച്ചത്തിന്റെ മറ്റൊരു കട ലും അങ്ങനെ അലയടിക്കും.

വൃശ്ചികം പന്ത്രണ്ടിനാണ് തിരുമുടി എഴുന്നള്ളത്ത്. അതിനുശേഷം ഭജനം പാർത്ത കുടുംബങ്ങൾക്കു മടങ്ങാം. ഉത്സവം കൊടിയേറിയാൽ തിരുമുടി പുറത്തേക്ക് എഴുന്നള്ളിക്കും. പ തിനാറു കരകൾ ചുറ്റി ഉത്സവത്തിന്റെ സമാപന ദിവസമാണ് ക്ഷേത്രത്തിൽ തിരിച്ചെത്തുന്നത്.

_REE9272

കടലിനുള്ളിലും ഒരു ക്ഷേത്രം

വനദുർഗാ സങ്കൽപത്തിൽ മേൽക്കൂരയില്ലാത്ത ശ്രീകോവിലാണ് ഇവിടെ. ദാരികന്റെ ശിരസ്സറുത്തു വരുന്ന കാളീരൂപമാ ണ് മൂലസങ്കൽപം.

ഉഗ്രശക്തിയായ ദേവിയുടെ ഊർജം ശമിപ്പിക്കാനാണ് തുറന്ന മേൽക്കൂര. കാറ്റും മഴയും വെയിലും നേരിട്ട് വിഗ്രഹശിരസ്സിലേക്ക് ആവാഹിക്കുന്നു. എന്നാൽ കാട്ടിലമ്മയുടെ മറ്റൊരു പ്രത്യേകത കടലും അമ്മയെ തണുപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. കടലിൽ ഉയരുന്ന വൻതിരമാലകൾ ശ്രീകോവിലിനുള്ളിലും എത്താറുണ്ട്. ദിവസവും കുറഞ്ഞത് ഏഴു തിരമാലകളെങ്കിലും വിഗ്രഹത്തിൽ തീർഥം തളിച്ച് മടങ്ങിപ്പോകുന്നു.

പ്രാചീന ഗ്രന്ഥമായ ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെടുന്ന ക്ഷേത്രങ്ങളിലൊന്ന് കാട്ടിൽമേക്കതിൽ ക്ഷേത്രത്തിന്റെ മൂലരൂപമായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ചിലപ്പതികാരകാലത്ത് രാജാവായിരുന്ന ചേരൻ ചെങ്കുട്ടുവൻ പണി കഴിപ്പിച്ച ക്ഷേത്രം പതിനാറാം നൂറ്റാണ്ടിലുണ്ടായ കടല്‍ക്ഷോഭത്തിൽ മുങ്ങിപ്പോയി. ചരിത്രം എന്തായാലും ഇവിടെ കടലിനടിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ സമുദ്രഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കൊത്തുപണികളോടു കൂടിയ ക്ഷേത്രഭാഗങ്ങൾ മീൻപാരു കളായി കടലിനടിയിലുണ്ട്.

‘‘കഥകളി ക്ഷേത്രചടങ്ങാകുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. വിശേഷദിവസങ്ങളിൽ ഇവിടെ അവതരിപ്പിക്കുന്ന കഥ ‘ദക്ഷയാഗ’മാണ്. ഭദ്രകാളി സങ്കൽപവുമായി ബന്ധപ്പെട്ടു കൊണ്ടാണ് ദക്ഷയാഗം കഥകളി അവതരിപ്പിക്കുന്നത്.

മേൽശാന്തിയിൽ നിന്ന് അനുഗ്രഹം വാങ്ങിയാണ് കളി അ വസാനിപ്പിക്കുന്നതും നടന്മാർ വേഷമഴിക്കുന്നതും.’’ ക്ഷേത്ര കുടുംബാംഗമായ ഓമനക്കുട്ടൻ പറയുന്നു. വാഹന പാർക്കിങ്, കടത്ത്, ഉച്ചഭക്ഷണം ഇവയെല്ലാം സൗജന്യമാണ് ഇവിടെ.

കാട്ടിലമ്മയുെട അനുഗ്രഹം വാങ്ങി, കടൽക്കര നിന്ന് അ സ്തമയവും കണ്ടു മടങ്ങുകയാണ് ഭക്തര്‍. ജങ്കാറിൽ നിൽക്കുമ്പോൾ തണുത്ത കടൽക്കാറ്റു വീശി; നേരം ഇരുളുകയായിരുന്നു. പിന്നിൽ നിന്നു ശ്രീകോവിലിലെ മണിയൊച്ച േകൾക്കാം. അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുകയാണ്; േപരാലില്‍ െകട്ടിയ ലക്ഷോപലക്ഷം മണികളും കടല്‍ക്കാറ്റില്‍ ആടി മുഴങ്ങുന്നുണ്ട്. ഭക്തരുെട പ്രാർഥനകള്‍ കാട്ടിലമ്മയോടു സ്വകാര്യമായി പറയുകയാകാം ആ മണികള്‍....

How to reach

hjuyki

േദശീയപാതയിൽ കൊല്ലത്തിനും കായംകുളത്തിനും ഇടയ്ക്കാണ് കാട്ടിൽമേക്കതിൽ ക്ഷേത്രം. തിരുവനന്തപുരം ഭാഗത്തു നിന്നു വരുന്നവർ ശങ്കരമംഗലത്തു നിന്ന് പടിഞ്ഞാറേക്കുള്ള റോഡിലൂടെയും വടക്ക് ആലപ്പുഴ ഭാഗത്തു നിന്നു വരുന്നവർ ഇടപ്പള്ളികോട്ട നിന്നു പടിഞ്ഞാറേക്കുള്ള റോഡിലൂെടയും ക്ഷേത്രത്തിലേക്കു പോകാം. രണ്ടു റോഡുകളും ടി.എസ് കനാലിലാണ് എത്തുന്നത്. അവിടെ നിന്നു ജങ്കാറിലോ വള്ളത്തിലോ ആണ് ക്ഷേത്രത്തിൽ എത്താൻ കഴിയുന്നത്. കരുനാഗപ്പള്ളിയാണ് െതാട്ടടുത്ത റെയിൽവേ സ്റ്റേഷൻ. തിരുവനന്തപുരം ഏറ്റവും അടുത്ത വിമാനത്താവളം. കൂടുതൽ വിവരങ്ങൾക്ക് : 98466 45701

Tags:
  • Vanitha Exclusive