Friday 01 July 2022 04:00 PM IST

‘അ’ മുതൽ ‘റ’ വരെയുള്ള 51 അക്ഷരങ്ങളുടെ ദേവതകൾ; അഘോരി സന്യാസിമാരുടെ കാർമികത്വത്തിൽ മഹാകാളികായാഗം, പൗർണമിക്കാവിന്റെ വിശേഷങ്ങള്‍

V R Jyothish

Chief Sub Editor

templlakhor ഫോട്ടോ: അരുൺ സോൾ

അപൂർവമായ മഹാകാളികായാഗം നടന്ന തിരുവനന്തപുരം വെങ്ങാനൂരിലെ പൗർണമിക്കാവിലേക്ക് ഒരു യാത്ര...

യാഗം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളായി. അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിച്ച യാഗഭുമിയുടെ പുണ്യം ഇപ്പോഴും പൗർണമിക്കാവിന്റെ അന്തരീക്ഷത്തിലുണ്ട്. അപൂർവമായി മാത്രം ന ടക്കാറുള്ള മഹാകാളികായാഗത്തിനു വേദിയായത് തിരു വനന്തപുരം വെങ്ങാനൂരിലെ ചാവടിനടയിൽ സ്ഥിതി ചെയ്യുന്ന പൗർണമിക്കാവിലാണ്. അവിടെ ഇപ്പോഴും ഭക്തരുടെ ഒഴുക്ക് തുടരുന്നു. നിർദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമീപപ്രദേശം കൂടിയാണിത്.

രക്ഷയും വിദ്യയും പകരും അമ്മ

ആയ് രാജവംശത്തിന്റെ കുലദേവതയായ പഴയ പടകാളിയമ്മൻ ദേവിയാണ് പൗർണമിക്കാവിലമ്മ എന്നാണ് സങ്കൽപം. എഡി 800 –കാലത്ത് വിഴിഞ്ഞം ആസ്ഥാനമായി രാജഭരണം നടത്തിയിരുന്നത് ആയ്‌ രാജവംശമായിരുന്നു.

ബാലഭദ്ര പ്രതിഷ്ഠയാണെങ്കിലും കാളി, കരിങ്കാളി, ദുർഗ, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ പല ദേവീഭാവങ്ങളെയും പ്രതിഷ്ഠയിലേക്ക് ആവാഹിച്ചിട്ടുണ്ട്. ബാലഭദ്ര, സൗമ്യഭദ്ര, ശൂരഭദ്ര, ക്രോധഭദ്ര, സംഹാരഭദ്ര എന്നിങ്ങനെ പലവിധ കാളിസങ്കൽപമാണ് അടിസ്ഥാനം. ഒരേസമയം സംഹാരരുദ്രയും വിദ്യാദേവതയുമായിരുന്നു പടകാളിയമ്മൻ ദേവി. അതുകൊണ്ടാണ് രുദ്രപൂജയും അക്ഷരപൂജയും ഒരേസമയം ക്ഷേത്രത്തിൽ നടക്കുന്നത്. ‘അ’ മുതൽ ‘റ’ വ രെയുള്ള 51 അക്ഷരങ്ങളുടെ േദവതകളെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.  ഇന്ത്യയിൽ അക്ഷരപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ അപൂർവമാണ്. അതിലൊന്നാണ് പൗർണമിക്കാവ്. അഘോരി സന്യാസിമാരുടെ കാർമികത്വത്തിൽ ഇവിടെ നടന്ന മഹാകാളികായാഗത്തെ തുടർന്നാണ് പൗർണമിക്കാവിലേക്കുള്ള ഭക്തപ്രവാഹം ഏറിയത്. മഹാകാളികായാഗം സർവദുരിതശമനവും നാടിന് ഐശ്വര്യവും പകരുന്നതാണെന്നാണ് വിശ്വാസം. ദൈവചൈതന്യത്തിനും ഇ ത് ശക്തിയേറ്റുമത്രേ.

സമസ്തലോകത്തിനും ശാന്തിയും സമാധാനവും സ ന്തോഷവും ലഭിക്കാനും മഹാരോഗങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നു മുക്തി, പ്രകൃതിശക്തികളെ പ്രീതിപ്പെടുത്തൽ അങ്ങനെ പലവിധ പ്രാർഥനകളോടെയാണ് പൂർവികർ യാഗങ്ങൾ നടത്തിയിരുന്നത്. യാഗങ്ങളെ താന്ത്രികമെന്നും വൈദീകമെന്നും രണ്ടായി വേർതിരിച്ചിരിക്കുന്നു. പ്രകൃതിയെത്തന്നെ ശക്തിയായി ഉൾക്കൊണ്ടാണ് വൈദീകയാഗം നടക്കുന്നത്. ദേവതകളെയും ദേവൻമാരെയും മുൻനിർത്തിയാണ് താന്ത്രികയാഗം നടക്കുന്നത്. താന്ത്രികാചാര്യന്റെ നേതൃത്വത്തിൽ യാഗകുണ്ഡങ്ങളും യാഗശാലയും തയാറാക്കി വൻസന്നാഹത്തോടെയാണ് താന്ത്രികായാഗം നടക്കുന്നത്.

DSCF7566

മഹാകാളികായാഗത്തിന്റെ പുണ്യം

താന്ത്രിക യാഗത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് മഹാകാളികായാഗം. ഇതിൽ സമസ്തലോകത്തിന്റെയും അമ്മയായ പരാശക്തിയെ സർവദുഃഖഭയാപഹാരിണിയായും രോഗവിനാശകാരിണിയായും സങ്കൽപിച്ച് നടത്തുന്ന യാഗമാണിത്. ഈ ദേവി സർവകാലത്തെയും ജയിക്കാൻ കഴിവുള്ളവൾ എന്ന അർഥത്തിൽ  മഹാകാളികാ എന്ന േപരിലും അറിയപ്പെടുന്നു. ആ യാഗമാണ് മഹാകാളികായാഗം. ഇത്തരം യാഗങ്ങളുടെ ഭാഗമാകുന്നതും യാഗഭൂമിയായ ക്ഷേത്രസന്നിധികളിൽ ദർശനം നടത്തുന്നതും പുണ്യം പകരുമെന്നാണ് വിശ്വാസം.

പണ്ട് രാജഭരണകാലത്ത് മഹാകാളികായാഗങ്ങൾ നടത്തപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാഭിവൃദ്ധിയായിരുന്നു യാഗത്തിന്റെ ലക്ഷ്യം. ഹിമാലയ സാനുക്കളിലെ അഘോരി സന്യാസിമാരും കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരതത്തിലെ 51 ശക്തി പീഠങ്ങളിലെ പ്രധാന പൂജാരിമാരും ചേർന്നായിരുന്നു പൗർണമിക്കാവിലെ മഹാകാളികായാഗം നടത്തിയത്.

ഭാരതത്തിലെ അഘോരി സന്യാസിമാരിൽ പ്രമുഖനാണ് എൺപത്തേഴുകാരനായ കൈലാസപുരി സ്വാമിജി. പൗർണമിക്കാവിൽ നടന്ന യാഗത്തിലെ പ്രധാനി ഇദ്ദേഹമായിരുന്നു. ഉജ്ജയിനി മഹാകാൽ ശിവക്ഷേത്രത്തിലെയും കാശിവിശ്വനാഥ ക്ഷേത്രത്തിലെയും അഘോരിമാർക്കിടയിൽ ‘മഹാകാൽ ബാബ’ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണം മാത്രമാണ് ഇവർ കഴിക്കുന്നത്. യോഗയും ധ്യാനവും ഉപാസനയുമാണ് ഇവരുടെ ജീവിതരീതി. സന്യാസിവര്യന്മാരുടെ യതി പൂജയും പൗർണമിക്കാവിലെ യാഗസ്ഥലത്ത് ഉണ്ടായിരുന്നു.

കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ മുഖ്യതന്ത്രി ഡോ. രാമചന്ദ്ര അഡിഗ യാഗത്തിൽ മുഖ്യ കാർമികനായി. 7500 ഇഷ്ടിക കൊണ്ട് നിർമിച്ച മൂന്ന് യാഗകുണ്ഡങ്ങൾ ഉണ്ടായിരുന്നു. യാഗശാലയിലെത്തുന്ന ഭക്തനും  ദ്രവ്യസമർപണം നടത്താം എന്നതായിരുന്നു യാഗത്തിന്റെ പ്രത്യേകത. യാഗത്തോടൊപ്പം ഇവിടെ നടന്ന കാലഭൈരവഹനവും എടുത്തു പറയേണ്ടതാണ്. പതിനാറ് തലമുറകൾക്കു പിതൃമോക്ഷം കിട്ടുന്നതാണ് കാലഭൈരവഹവനം എന്നാണു സങ്കൽപം. ഇഹലോകമനുഷ്യന്റെ അശാന്തികൾക്ക് പിതൃക്കളുടെ ആത്മാവിന്റെ ഗതി ഘടകമാണ് എന്നാണു വിശ്വാസം.  

DSCF7669

പൗർണമിയിൽ തുറക്കുന്ന തിരുനട

എല്ലാ മാസവും പൗർണമി ദിവസം മാത്രമാണ് ഇവിടെ ക്ഷേത്രത്തിൽ നട തുറക്കുന്നത്. എങ്കിലും മറ്റു ദിവസങ്ങളിലും ഭക്തജനപ്രവാഹത്തിന് കുറവൊട്ടുമില്ല. േകട്ടറിഞ്ഞു വരുന്നവരാണു കൂടുതലും. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരുമുണ്ട്. ചിലർ യാഗം നടന്ന സ്ഥലത്ത് മിഴിപൂട്ടി നിന്ന് നാമം ജപിക്കുന്നു.  ഹോമകുണ്ഡത്തിലെ ചാരം നെറ്റിയിൽ തൊട്ട് മനസ്സിലേക്ക് ദേവിയുടെ അനുഗ്രഹം അണിയുന്നവരുമുണ്ട് കൂട്ടത്തിൽ.

ദ്രാവിഡപാരമ്പര്യം അനുസരിച്ചുള്ള ആരാധനാരീതിയാണ് പൗർണമിക്കാവിൽ പിന്തുടരുന്നത്. ശൈവമാണ് സമ്പ്രദായം. മാടൻ, മറുത, യക്ഷിയമ്മ, അറോല, മന്ത്രമൂർത്തി, ആൽമരം, സർപ്പക്കാവ് തുടങ്ങിയ പൂജാമൂർത്തികളാണ്. നൂറ്റിയെട്ട് മാടൻ തമ്പുരാന്മാരെയാണ് കാവൽദൈവങ്ങളായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവർക്ക് പ്രത്യേകം ആയുധപൂജയുമുണ്ട്.

36 യക്ഷിയമ്മമാരുടെ സാന്നിധ്യവും യക്ഷിയമ്മയുടെ ആറടിയോളം ഉയരമുള്ള പ്രതിഷ്ഠയുമുണ്ട്. നാഗപ്രതിഷ്ഠയുടെ കാര്യത്തിലുമുണ്ട് ഈ പ്രത്യേകത. കേരളത്തിലെ ഏറ്റവും വലിയ നാഗപ്രതിഷ്ഠകളിലൊന്നാണ് ഇവിടുത്തേത്. ആറടിയോളം ഉയരമുണ്ട്. നൂറോളം െചറുനാഗവിഗ്രഹങ്ങളുമുണ്ട്. ധനഭൈരവ പ്രതിഷ്ഠയും കുബേരപ്രതിഷ്ഠയുമുണ്ട്. ലക്ഷ്മീദേവിയുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത.

DSCF7663

‘അ’യിൽ പകർന്ന ഗുരുപ്രകാശം

കേരളത്തിൽ അക്ഷരപ്രതിഷ്ഠയുടെ അധികമാരും അറിയാത്ത മറ്റൊരു ചരിത്രമുണ്ട്. നൂറു വർഷം മുൻപ് ശ്രീനാരായണ ഗുരുദേവനാണ് അക്ഷരപ്രതിഷ്ഠ നടത്തിയത്. തിരുവനന്തപുരം ജില്ലയിലെ തന്നെ മുരുക്കുംപുഴയ്ക്ക് അടുത്തുള്ള കാളകണേ്ഠശ്വരം ക്ഷേത്രത്തിലാണ് ശ്രീനാരായണഗുരുദേവൻ ‘അ’കാര പ്രതിഷ്ഠ നടത്തിയത്,

51 അക്ഷരങ്ങളെയും 51 ദേവതമാരായി സങ്കൽപിച്ചുകൊണ്ടാണ് പൗർണമിക്കാവിൽ അക്ഷരപ്രതിഷ്ഠ നട  ത്തിയിരിക്കുന്നത്. ഓരോ പേരുകാർക്കും അവരവരുടെ പേരിന്റെ ആദ്യത്തെ അക്ഷരത്തെ സ്വയം ഉപാസിക്കാനും പൂജിക്കാനും കഴിയും. കല്ലിൽ കൊത്തിയ അക്ഷരവിഗ്രഹങ്ങൾ ശ്രീകോവിലിന്റെ ചുറ്റമ്പലത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവസംഹിതയിലും ഹരിനാമകീർത്തനത്തിലും പറയുന്ന അക്ഷരദേവതകളാണ് ഈ ആരാധന രീതിയുടെ ആധാരം. ശിവന്റെ ആരാധനാമൂർത്തി അക്ഷരങ്ങളാണെന്നും ‘അ ’ മുതൽ ‘ക്ഷ’ വരെയുള്ള അക്ഷരങ്ങളുടെ ഭജനം ദേവീദേവന്മാർ പോലും നടത്തിയിരുന്നെന്നും ശിവസംഹിതയിൽ പറയുന്നുണ്ട്.

ഹാലാസ്യശിവന്റെ പരിപൂർണ രൂപത്തിലുള്ള വിഗ്രഹമാണ് പൗർണമിക്കാവിലെ മറ്റൊരു പ്രതിഷ്ഠ.  അഞ്ചരയടി ഉയരമുണ്ട് ഹാലാസ്യ ശിവന്. ഭസ്മാഭിഷേക പ്രിയനാണ് ഭഗവാൻ. അതുപോലെ തന്നെ വിശേഷപ്പെട്ടതാണ് ഇവിടുത്തെ പഞ്ചമുഖ ഗണപതി പ്രതിഷ്ഠയും.  

രോഗശമനം, സന്താനസൗഭാഗ്യം, സാമ്പത്തികാഭിവൃദ്ധി, കുടുംബപരിപാലനം, ശാപമുക്തി, മാനസികാരോഗ്യം തുടങ്ങി  പല പ്രശ്നങ്ങൾക്കും  പരിഹാരം തേടിയുള്ള പ്രാർഥനകളുമായാണ് ഭക്തസഹസ്രങ്ങൾ പടകാളിയമ്മൻ ദേവിയുടെ മുന്നിലേക്കെത്തുന്നത്.  പ്രശ്നപരിഹാരം നിർദേശിക്കുന്നത് പൂജാരിമാരും നിർദേശിക്കപ്പെട്ട വ്യക്തികളുമാണ്.

കാലദോഷങ്ങളിൽ പെട്ട് ജീവിതത്തിന്റെ പ്രകാശം ന ഷ്ടമാകാതിരിക്കാൻ ഭക്തജനങ്ങൾ പൗർണമി ദിനത്തിൽ ദേവിയുടെ മുന്നിലേക്കെത്തുന്നു. അവർക്ക് മുന്നിൽ അഭയ വരദായിനിയായി പൗർണമിക്കാവിലമ്മ.

DSCF7560
Tags:
  • Movies