ADVERTISEMENT

അന്തരിച്ച നടൻ കൊല്ലം സുധിക്കു ലഭിച്ച പുരസ്കാരങ്ങളും മെമന്റോകളും ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വച്ചു എന്ന ആരോപണത്തിൽ മറുപടിയുമായി താരത്തിന്റെ ഭാര്യ രേണു സുധി.

മകൻ എടുത്തു നശിപ്പിക്കാതിരിക്കാനാണ് പുരസ്‌കാരങ്ങൾ ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വച്ചതെന്നും തന്റെ പുരസ്‌കാരങ്ങൾ മകൻ എടുത്താലും കുഴപ്പമില്ല സുധിയുടേത് നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടില്ലല്ലോ എന്നു കരുതിയാണ് നശിക്കാതിരിക്കാൻ ചാക്കിൽ സൂക്ഷിച്ചു വച്ചതെന്നും യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ രേണു പറയുന്നു.

ADVERTISEMENT

സുധിയുടെ മൂത്ത മകൻ കിച്ചു അടുത്തിടെ അനുജനെ സന്ദർശിക്കാൻ പോയപ്പോൾ എടുത്ത വിഡിയോയിലാണ് സുധിക്കു കിട്ടിയ പുരസ്‌കാരങ്ങൾ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ രീതിയിൽ കാണാനാകുന്നത്. നിരവധി ആളുകളാണ് ഇതുകണ്ട് വിമർശനവുമായി എത്തിയത്.

‘മകൻ ചെറിയ കുഞ്ഞാണ്. അവൻ സുധി ചേട്ടന്റെ അവാർഡ് ഒക്കെ എടുത്തു കളിക്കും. സുധി ചേട്ടൻ ഇത്രയും നാൾ വാങ്ങിയ അവാർഡ് അവൻ അങ്ങോട്ടും ഇങ്ങോട്ടും എടുത്ത് ഒടിച്ച് കളഞ്ഞാൽ അത് നമുക്ക് പിന്നീട് ഒരിക്കലും ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് അവാർഡുകൾ ഞാൻ എടുത്ത് സൂക്ഷിച്ച് വച്ചതാണ്. കുഞ്ഞ് കാണാതെ ചാക്കിൽ വച്ച് പാത്തു വച്ചതാണ് ഞാൻ. വീട്ടിൽ ഇപ്പോൾ ട്രോഫി വയ്ക്കാനുള്ള അത്തരം സംവിധാനങ്ങളൊന്നുമില്ല.

ADVERTISEMENT

സുധി ചേട്ടന്റേത് കട്ടിലിനടിയിലും എന്റേത് മേശപ്പുറത്തും വയ്ക്കാമെന്ന് ചിന്തിച്ച് ചെയ്തതല്ല. എന്റേത് ഞാൻ വാങ്ങിക്കൊണ്ടു വന്നപ്പോൾ മേശപ്പുറത്തോട്ട് വച്ചതാണ്. അല്ലാതെ സുധി ചേട്ടന്റെ അവാർഡ് മാത്രം എടുത്തു കളഞ്ഞതല്ല. സുധിച്ചേട്ടനെ ഞാൻ കളഞ്ഞിട്ടില്ല പിന്നെ എങ്ങനെയാണ് അവാർഡ് കളയുന്നത് ? വീട്ടിൽ ഇനി ഇതെല്ലം സൂക്ഷിച്ചു വയ്ക്കാൻ ഉള്ള സൗകര്യം ഒക്കെ ഉണ്ടാക്കണം. എന്നിട്ട് ഇതെല്ലാം അതിൽ എടുത്തു വയ്ക്കണം’’.– രേണു പറയുന്നു.

ADVERTISEMENT
ADVERTISEMENT