ADVERTISEMENT

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ കുടുംബത്തിനു കെച്ച്ഇഡിസി എന്ന കൂട്ടായ്മ നിർമിച്ചു കൊടുത്ത വീട് ചോരുന്നുവെന്ന സുധിയുടെ രേണു സുധിയുടെ ആരോപണത്തിനു മറുപടിയുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ്.

‘‘ഇനി എന്തായാലും ആർക്കും വീട്‌ നൽകാൻ ഞങ്ങളില്ല, ഇത്രയധികം സങ്കടപെട്ട മറ്റൊരു ദിനം ഇല്ല, ഒരുപാട്‌ നന്ദി രേണുവിനു ഈ ചോദ്യങ്ങൾ ചോദിപ്പിച്ചതിനും അതിനു ഇങ്ങനെ കള്ളം നിറഞ്ഞ മറുപടി നൽകി ഞങ്ങളെ സമൂഹത്തിൽ മോശക്കാരാക്കിയതിനും’’.– സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ ഫിറോസ് പറഞ്ഞു.

ADVERTISEMENT

മികച്ച കെട്ടുറപ്പില്‍ പണിത വീടാണ് അതെന്നും രേണുവിന്റെ വിഡിയോ കണ്ടപ്പോൾ വളരെയധികം വിഷമം തോന്നിയെന്നും ഫിറോസ്. ജീവിതത്തിൽ ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ലെന്നും രേണു പ‌റയുന്നത് പച്ചക്കളളമാണെന്നും ഫിറോസ് വെളിപ്പെടുത്തി.

‘‘രേണു പറയുന്നത് പച്ച കള്ളമാണ്. ആ വീട് ചോരുന്നില്ലെന്ന് നൂറ് അല്ല ഇരുന്നൂറ് ശതമാനം ഉറപ്പാണ്. ഏറ്റവും നല്ല ക്വാളിറ്റിയില്‍ നല്ല ഗുണ നിലവാരത്തില്‍ ചെയ്തുകൊടുത്ത വീടാണത്. സുധിയുടെ രണ്ട് കുഞ്ഞുങ്ങളുടെ പേരിലാണ് ആ വീട് നിർമിച്ചത്. വീടിന്റെ ഫ്രണ്ട് എലിവേഷന്‍ നോക്കി കഴിഞ്ഞാല്‍ ഒരു ബ്ലാക്ക് ലൂബേഴ്സ് വരുന്നുണ്ട്. അത് തന്നെ സൈഡിലും കൊടുത്തിട്ടുണ്ട്. ലൂബേഴ്സിന്റെ അവിടെ ഗ്യാപ്പുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ അതുവഴി വെള്ളം ചാറ്റല്‍ അടിച്ച് അകത്തേക്ക് കയറും. അത് ഞാന്‍ അംഗീകരിക്കുന്നു. അതിനെയാണ് ഇവർ മോശമായ രീതിയിൽ പറയുന്നത്. വീടിനു ഗുണനിലവാരം ഇല്ലെന്ന തരത്തലിണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്’’.– ഫിറോസ് വ്യക്തമാക്കി.

ADVERTISEMENT

ഈ വീട് നിർമാണം കഴിഞ്ഞതിനു ശേഷവും അവർക്ക് ഒരു വർക്ക് ഏരിയ കൂടി ഉണ്ടാക്കിക്കൊടുക്കണം എന്നു പറഞ്ഞ് വിളിച്ചിരുന്നു. വീട് നിർമാണം തന്നെ പൂർത്തിയാക്കിയത് ഫണ്ട് തികയാതെയാണ്. ഇനി വർക്ക് ഏരിയയ്ക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോള്‍, ‘‘ഞങ്ങള്‍ യൂട്യൂബേഴ്സിനെ വിളിച്ച്, ഇവിടെ വർക്ക് ഏരിയ ഇല്ലെന്ന് പറയും. അങ്ങനെ ആരെങ്കിലും ഉണ്ടാക്കി തന്നാല്‍ നിങ്ങള്‍ക്കാണ് അതിന്റെ നാണക്കേട്’’ എന്നായിരുന്നു ഭീഷണിയുടെ ഒരു സ്വരത്തില്‍ രേണു പ്രതികരിച്ചതെന്നും ഫിറോസ്.

‘‘ആ വീട്ടില്‍ ഒരു ക്ലോക്ക് ഫിക്സ് ചെയ്തത് താഴെ വീണാല്‍ ഉടനെ ഞങ്ങള്‍ ഇവിടുന്ന് പോയി അത് ശരിയാക്കി കൊടുക്കണം. മോട്ടോർ കത്തിയിട്ട് അതും ശരിയാക്കി കൊടുക്കാന്‍ പറഞ്ഞു. ഇതൊക്കെയാണ് അവരുടെ ആവശ്യങ്ങൾ. അതായത് ഒരു ബള്‍ബ് പോയാലോ, ഫ്യൂസ് പോയാലോ ഞങ്ങളെ വിളിക്കും. വീട് തന്നു, ഇനി അതിന്റെ മെയിന്റെയ്ന്‍സും കൂടെ ചെയ്യണമെന്ന് പറഞ്ഞാല്‍ അത് എങ്ങനെ സാധിക്കുമെന്നും ചോദിച്ചിരുന്നു. അതിനുശേഷം ഇങ്ങനെ ഒരു വിഡിയോ അവർ ഇടുമെന്നോ നമ്മളെ അവർ സമൂഹത്തില്‍ മോശക്കാരാക്കി ചിത്രീകരിക്കുമോയെന്നോ അറിയില്ലായിരുന്നു. ഇതോടു കൂടി ഈ പരിപാടി നിർത്തി. ഇനി എന്തായാലും ആർക്കും വീട്‌ നൽകാൻ ഞങ്ങളില്ല. ഇതു ഞങ്ങളുടെ അവസാന പ്രോജക്ട് ആണ്.

ADVERTISEMENT

സുധിയുടെ മൂത്ത മകനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചിരുന്നു. അവൻ അവന്റേതായ വിഷമങ്ങൾ പറഞ്ഞു. ഇതിൽ ഒരു വിവാദമുണ്ടാക്കാനോ മുതലെടുപ്പ് നടത്താനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സുധിയുടെ കുടുംബം ആ വീട്ടിൽ താമസിക്കണമെന്നാണ് ഇപ്പോഴും ഞങ്ങളുടെ ആഗ്രഹമെന്നും ഫിറോസ്.

ADVERTISEMENT