അന്തരിച്ച നടനു മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള.
താനും സുധിയും നന്നായിട്ടു ജീവിച്ചുകൊണ്ടിരിക്കുമ്പോൾ അതിനിടയിൽ വന്നു തങ്ങളുടെ കുടുംബം തകർത്തവളാണ് രേണു എന്നും രേണുവിന്റെ അച്ഛനായ തങ്കച്ചൻ സുധിക്ക് ഒരു സമാധാനവും കൊടുക്കാതിരുന്ന വ്യക്തിയാണെന്നും സുധി മരിക്കുന്നതിന് മുൻപ് തന്നെ നേരിട്ടു കണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞെന്നും, അതിനെല്ലാം ഭർത്താവും സാക്ഷിയായിരുന്നെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ലൈവ് വിഡിയോയിൽ വീണ പറയുന്നു.
‘ഈ രേണു സുധി എന്ന വിവരം കെട്ടവൾ എന്നെ നാറ്റിച്ചു, എന്റെ പേരും വെളിയിൽ വന്നിട്ടുണ്ട്. ഇനി ഞാൻ ആയി ഒന്നും പറയാതിരുന്നിട്ടു കാര്യമില്ല. അതുകൊണ്ടാണ് ഞാനിപ്പോൾ എന്റെ ഐഡിയിൽ ലൈവ് വരുന്നത്. ഈ രേണു സുധി എന്ന വ്യക്തി ലോക ഫ്രോഡ് ആണ്. സുധി മരിക്കുന്നതിന് ഒരുവർഷം മുന്നേ സുധിയുടെ ഒരു കാര്യം സംസാരിക്കാൻ ഞാൻ രേണുവിനെ ഫെയ്സ്ബുക്കിൽ ബന്ധപ്പെട്ടു സംസാരിച്ചിട്ടുണ്ട്. സുധിയോട് അതൊന്നു പറയണം എന്ന് പറഞ്ഞു. അന്ന് വളരെ മാന്യമായിട്ടാണ് അവൾ എന്നോട് സംസാരിച്ചത്. പക്ഷേ അവൾ രണ്ടുദിവസം മുൻപ് ഒരു ഇന്റവ്യൂവിൽ പറഞ്ഞത് കണ്ടു, ഞാൻ അവൾക്ക് മെസ്സെഞ്ചറിൽ കുണുകുണാ മെസ്സേജ് അയച്ചുകൊണ്ടിരിക്കുന്നു, എന്നെക്കുറിച്ച് അവൾക്ക് ഒന്നുമേ അറിയില്ല എന്ന്. അത് പച്ചക്കള്ളമാണ്, അവൾക്ക് എന്നെ നന്നായി അറിയാം. അവൾ കള്ളംപറയാൻ വേണ്ടി മാത്രമാണ് വായ തുറക്കുന്നത്. ഇവൾ പറയുന്ന കാര്യമൊന്നും ദയവു ചെയ്ത് ആരും വിശ്വസിക്കരുത്.
അവൾക്ക് ആരോടും കടപ്പാടില്ല. ഞാൻ അവളെ കണ്ടു സംസാരിച്ചിട്ടില്ല, പക്ഷേ ഫോൺ ചെയ്തു സംസാരിച്ചിട്ടുണ്ട്. ആദ്യം മെസ്സേജ് അയച്ചു പിന്നീട് വിളിച്ചു സംസാരിച്ചു. പിന്നീട് രേണു എന്നോട് പറഞ്ഞ ഒരു കാര്യം കിച്ചു എന്നെ ആലപ്പുഴ ഒരു കല്യാണത്തിന് കണ്ടിരുന്നു, നിങ്ങൾ കുടുംബമായി എല്ലാവരും ഉള്ളതുകൊണ്ടാണ് വന്നു സംസാരിക്കാത്തത് എന്ന്. ഞാൻ ചോദിച്ചു, അവൻ കാറ്ററിങ്ങിനു പോകുന്നുണ്ടോ? പോക്കറ്റ് മണിക്ക് വേണ്ടി പോകുന്നതാണ് എന്ന് അവൾ പറഞ്ഞു. പിന്നെ അവൾ പറഞ്ഞു ഞങ്ങളുടെ ജീവിതം കിച്ചു കാരണം നശിക്കുകയാണ് , സുധിക്ക് കിച്ചുവിനോട് ആണ് സ്നേഹം, എന്നെ മൈൻഡ് ചെയ്യാറില്ല, സുധി ഫ്രീ ആകുമ്പോൾ എല്ലാം കിച്ചുവിന്റെ പിന്നാലെ ആണ് എന്നെല്ലാം പറഞ്ഞ് കിച്ചുവിനെപ്പറ്റി വളരെ മോശമായി സംസാരിച്ചു. ഇതൊന്നും ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.
ഞാൻ സുധിയുമായി ഒരുമിച്ചു ജീവിക്കുന്ന സമയത്താണ് ഈ രേണു സുധിക്കു മെസ്സേജ് അയക്കുകയും അതു ഞാൻ കാണാനിടയാവുകയും ചെയ്‌തത്. ഡിസംബർ 15നാണ് ഞാൻ ഇവരുടെ മെസ്സേജ് ആദ്യമായി പിടിക്കുന്നത്. അതിന്റെ അടുത്ത വർഷം ഞങ്ങൾ വേർപിരിഞ്ഞു. അന്നേ സുധി എന്റെ മനസ്സിൽ നിന്നും ജീവിതത്തിൽ നിന്ന് മരിച്ച ആളാണ്. ഞാൻ അവൾക്ക് കുണുകുണാ മെസ്സേജ് അയയ്ക്കുന്നു എന്ന് അവൾ പറഞ്ഞു. പക്ഷേ നിങ്ങൾ ഒന്ന് മനസ്സിലാക്കണം നന്നായി പോയിക്കൊണ്ടിരുന്ന ഒരു കുടുംബം അടിച്ചു തകർത്ത ഒരാൾക്ക് നമ്മൾ വീണ്ടും വീണ്ടും മെസ്സേജ് അയച്ചുകൊണ്ടിരിക്കുമോ.
അവിടെ നിന്ന് പോയതുകൊണ്ട് എനിക്ക് ഒരു നഷ്ടവും ഉണ്ടായില്ല, കാരണം ഞാനിപ്പോൾ നന്നായി ജീവിക്കുന്നു. അന്നെന്റെ കരിയർ വരെ മോശമായി അതെല്ലാം ഇപ്പോൾ ഞാൻ തിരിച്ചു പിടിച്ചു. അതിലൊന്നും എനിക്ക് സങ്കടമില്ല. കോടതിയിൽ വച്ച് പിരിഞ്ഞപ്പോൾ തന്നെ സുധി എനിക്ക് മരിച്ചുകഴിഞ്ഞു. ഞങ്ങൾ പിരിഞ്ഞപ്പോൾ ഇതിനെപ്പറ്റി ആരോടും സംസാരിക്കില്ല എന്നൊരു ധാരണ ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു. അത് ഞങ്ങൾ രണ്ടും പാലിച്ചിട്ടുണ്ട്. ഞാൻ ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. അവൾ പറഞ്ഞ ഒരു കാര്യമുണ്ട് ഈ പറയുന്ന സ്ത്രീക്ക് സുധിയിൽ മക്കളൊന്നും ഇല്ലല്ലോ എന്ന്, ഒരാൾ ഒരാളെ വിവാഹം കഴിക്കുന്നത് മക്കൾ ഉണ്ടാകാൻ മാത്രം ആണോ. വിവരം കെട്ട കാര്യം മാത്രമാണ് അവൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്റെ സ്ത്രീത്വത്തെ തന്നെ ചോദ്യം ചെയ്തതുകൊണ്ടാണ് ഞാൻ പൊലീസിൽ പരാതി പറഞ്ഞത്.
മരിച്ച ഒരാളെപ്പറ്റി കുറ്റം പറയാൻ എനിക്ക് താല്പര്യമില്ല. കുറെ ആളുകൾ പറയുകയുണ്ടായി കിച്ചുവിന് ഞാൻ ഭക്ഷണം കൊടുത്തിട്ടില്ല എന്നൊക്കെ. കിച്ചു എന്ന മകൻ എന്റെ കൂടെ അല്ല നിന്നത്, അവന്റെ അച്ഛന്റെ വീട്ടിലാണ് നിന്നത്. എനിക്ക് അവനെ നോക്കേണ്ട അവസരം ഉണ്ടായിട്ടില്ല. അവനെ ഇടയ്ക്ക് കാണാറും സംസാരിക്കാറുമുണ്ടായിരുന്നു. ഇപ്പോൾ ഒരുപാട് വർഷങ്ങളായി അവനെ കണ്ടിട്ട്. ഞാനും സുധിയും നല്ല തിരക്കുള്ള ആർടിസ്റ്റുകൾ ആയിരുന്നു. അതുകൊണ്ടു എനിക്ക് അവനെ ശ്രദ്ധിക്കാനുള്ള സമയം കിട്ടിയിട്ടില്ല.
മരിച്ചിട്ടും സമാധാനം കിട്ടാത്ത വ്യക്തിയാണ് സുധി ചേട്ടൻ. അദ്ദേഹത്തിന്റെ ആത്മാവിന് സ്വസ്ഥത കിട്ടട്ടെ. എന്നെ ഫീൽഡിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ആളാണ് അദ്ദേഹം. എന്റെ ഗുരുനാഥനാണ്. എന്റെ മുൻ ഭർത്താവ് എന്നതിലുപരി എന്റെ ഗുരുനാഥൻ എന്ന് പറയാനാണ് എനിക്കിഷ്ടം. സുധി ചേട്ടന് ഒരിക്കലും കൊല്ലം വിട്ടുപോകാൻ ആഗ്രഹമില്ലാത്ത ആളാണ്. പക്ഷേ അദ്ദേഹം എങ്ങനെ കോട്ടയത്ത് പോയി എന്ന് അറിയില്ല.
സുധി മരിച്ചിട്ട് ഞാൻ ആ വീട്ടിൽ കയറിയില്ല എന്ന് പറയുന്നുണ്ട്. പക്ഷേ അങ്ങനെ അല്ല, അദ്ദേഹം മരിച്ചപ്പോൾ ഞാൻ പോയി, അദ്ദേഹത്തിന്റെ ബോഡി എടുത്തപ്പോൾ തിരിച്ചു പോയി. ഒരിക്കലും അദ്ദേഹം ജീവിച്ചിരുന്നപ്പോഴോ മരിച്ചപ്പോഴോ അദ്ദേഹത്തിന്റെ പേരിൽ സെലിബ്രിറ്റി ആകാൻ ശ്രമിച്ചിട്ടില്ല. ഞാൻ പുള്ളിയെ വിറ്റു ജീവിക്കാൻ ആഗ്രഹിച്ചിട്ടില്ല’.– വീണ പറയുന്നു.